തിരുവനന്തപുരം: ജനലക്ഷങ്ങളുടെ ആദരവും സ്‌നേഹവും നേടി അവരുടെ വിങ്ങുന്ന മനസ്സുകള്‍ക്കുമുന്നിലൂടെ ജി.കാര്‍ത്തികേയന്‍ അന്ത്യയാത്രയായി. കേരളരാഷ്ട്രീയത്തില്‍ പകരംവെയ്ക്കാനില്ലാത്ത ഒരു നല്ല മനുഷ്യന്‍കൂടി അരങ്ങൊഴിഞ്ഞു. ഞായറാഴ്ച വൈകുന്നേരം ഏഴരയോടെ തൈക്കാട് ശാന്തികവാടത്തില്‍ ആയിരങ്ങളുടെ നിറമിഴികള്‍ക്കുമുന്നില്‍ മക്കളായ അനന്തപദ്മനാഭനും ശബരിനാഥനുമാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്.
കരളിലെ അര്‍ബുദം കീഴടക്കിയ സ്പീക്കര്‍ ജി.കാര്‍ത്തികേയനെ അവസാനമായൊന്നു കാണാന്‍ ശനിയാഴ്ച വൈകുന്നേരംമുതല്‍ ആയിരങ്ങളാണ് ഔദ്യോഗിക വസതിയിലെത്തിയത്. രാവ് പകലാക്കി പ്രിയപ്പെട്ട നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയവരില്‍ എല്ലാ രാഷ്ട്രീയകക്ഷികളിലെ പ്രവര്‍ത്തകരും രാഷ്ട്രീയമില്ലാത്തവരും സാംസ്‌കാരിക, കലാപ്രവര്‍ത്തകരും സാധാരണക്കാരും അങ്ങനെ എല്ലാവരുമുണ്ടായിരുന്നു. വിങ്ങിപ്പൊട്ടുന്ന ഭാര്യ എം.ടി.സുലേഖയ്ക്കും മക്കള്‍ക്കും മുന്നില്‍ അവര്‍ വാക്കുകളില്ലാതെ നിന്നു.
ഞായറാഴ്ച രാവിലെ ഒമ്പതിന് അദ്ദേഹത്തിന്റെ ഭൗതിക ശരീരം പ്രത്യേകവാഹനത്തില്‍ നിയമസഭാ മന്ദിരത്തിലെ മെമ്പേഴ്‌സ് ലോഞ്ചിലേക്ക് കൊണ്ടുവന്നു. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ ഏറ്റുവാങ്ങി. മൂന്നുപതിറ്റാണ്ടോളം നിയമസഭയില്‍ ജനങ്ങളെ പ്രതിനിധാനംചെയ്ത കാര്‍ത്തികേയന് വികാരനിര്‍ഭരമായ അന്ത്യാഞ്ജലിയാണ് നിയമസഭ നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, എം.എല്‍.എ.മാര്‍, മുന്‍ സ്പീക്കര്‍മാര്‍, നിയമസഭാ ജീവനക്കാര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡ് അവസാന സല്യൂട്ട് നല്‍കി.
പത്തുമണിയോടെ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ കൊണ്ടുവന്ന ഭൗതികശരീരത്തില്‍ ഗവര്‍ണര്‍ പി.സദാശിവവും ഭാര്യ സരസ്വതി സദാശിവവും അന്ത്യാഞ്ജലിയര്‍പ്പിച്ചു. പിന്നെ, കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക്. അവിടെ ആയിരങ്ങളാണ് കാത്തിരുന്നത്. അവിടെവെച്ച് എ.കെ.ആന്റണി, വി.എം.സുധീരന്‍, വീരപ്പമൊയ്‌ലി, രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന് ഭൗതികശരീരത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. തിരക്ക് കാരണം അവിടെ ഒട്ടേറെപ്പേര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കഴിഞ്ഞതുമില്ല.
12 മണിക്ക് കാര്‍ത്തികേയന്റെ മണ്ഡലമായ അരുവിക്കരയിലേക്ക് വിലാപയാത്ര നീങ്ങി. അവിടത്തെ നാട്ടുവഴികളില്‍ ആയിരങ്ങള്‍ പ്രിയനേതാവിനെ കാത്തുനിന്നു. ആര്യനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ഭൗതികശരീരം എത്തിച്ചപ്പോള്‍ നാടിന്റെ വിലാപം മുഴുവന്‍ അവിടേക്ക് ഒഴുകിയെത്തി. വിലാപയാത്ര വൈകുന്നേരം നാലുമണിയോടെ കാര്‍ത്തികേയന്റെ സ്വന്തം വീടായ ശാസ്തമംഗലത്തെ 'അഭയ'ത്തിലെത്തി.
പ്രിയപ്പെട്ടവരുടെ പിന്‍വിളികള്‍ കടന്ന് അവിടെനിന്ന് ആറുമണിയോടെ ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ചു. രാഷ്ട്രീയകേരളത്തിന്റെ നിറഞ്ഞ സാന്നിധ്യം കാത്തിരിക്കുന്നുണ്ടായിരുന്നു. എ.െഎ.സി.സി.യെ പ്രതിനിധാനംചെയ്ത് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അന്ത്യോപചാരം അര്‍പ്പിച്ചു.
പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു അന്ത്യകര്‍മങ്ങള്‍. പോലീസിന്റെ ആചാരവെടി മുഴങ്ങിയപ്പോള്‍ കേരളം കാര്‍ത്തികേയന് ഔപചാരികമായി വിടനല്‍കി. സന്ധ്യക്ക് ആ ചിതയെരിയുമ്പോള്‍ ഓര്‍മകളുടെ വിങ്ങലില്‍ ഒരുപാട് മനസ്സുകളും എരിയുകയായിരുന്നു.
നിയമസഭ തിങ്കളാഴ്ച രാവിലെ ഒമ്പതിന് കാര്‍ത്തികേയന് ചരമോപചാരം അര്‍പ്പിച്ച് പിരിയും. മൂന്നുമണിക്ക് നിയമസഭയുടെ മെമ്പേഴ്‌സ് ലോഞ്ചില്‍ അനുശോചനയോഗം ചേരും. യോഗത്തില്‍ മുന്‍ നിയമസഭാംഗങ്ങളും പങ്കെടുക്കും.