സ്‌നേഹം നല്‍കി ആര്യനാട് വിടചൊല്ലി..

Posted on: 09 Mar 2015



ഇനിയൊരിക്കലും ആ സ്‌നേഹവും കരുതലും തിരിച്ചുകിട്ടില്ലെന്ന് അറിഞ്ഞുകൊണ്ട് ആര്യനാട് ആ മഹാദേഹത്തിന് വിടചൊല്ലി. തേങ്ങലുകള്‍ വീര്‍പ്പുമുട്ടലിലൊതുക്കി അവസാനമായി ഒരു നോക്കുകാണാന്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ തങ്ങളുടെ അമരക്കാരന് നന്ദിയോടെ യാത്രാമൊഴി ചൊല്ലി.

കാല്‍ നൂറ്റാണ്ട് കാലത്തോളം തന്റെ പൊതുജീവിതത്തിന്റെ മേല്‍വിലാസമായിരുന്ന ആര്യനാടിന്റെ മണ്ണിലേയ്ക്ക് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര എത്തിയത് ആയിരങ്ങളെ കരയിപ്പിച്ചു കൊണ്ടാണ്. സമയം ഉച്ചയ്ക്ക് 1.45. കാത്തുനിന്ന ജനക്കൂട്ടത്തിന് മുന്നിലൂടെ അരുവിക്കരയുടെ അമരക്കാരന്റെ ശരീരവും വഹിച്ചുള്ള വിലാപയാത്ര എത്തി. ആര്യനാട് എച്ച്.എസ്. സ്‌കൂള്‍ പരിസരത്ത് തടിച്ചുകൂടിയ ആയിരങ്ങളുടെ ഇടയില്‍ തികഞ്ഞ നിശബ്ദത പടര്‍ന്നു. മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍ തുടങ്ങിയവര്‍ നടന്നുവന്നു. പിന്നാലെ പുഷ്പാലംകൃതമായ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌കൂള്‍ കവാടത്തിലെത്തി. ജി.കെ.യുടെ ഭൗതികശരീരം സൂക്ഷിച്ച പേടകം ആയിരങ്ങളുടെ ഇടയിലൂടെ അദ്ദേഹത്തിനായി ഒരുക്കിയ പന്തലിലേയ്ക്ക് കൊണ്ടുപോയി. ജി.കെ.യെന്ന ജനപ്രതിനിധിക്കായി ഒട്ടേറെ തവണ പല പരിപാടികള്‍ക്കും വേദിയൊരുക്കിയ ആര്യനാട് സ്‌കൂള്‍ അങ്കണമാണ് അദ്ദേഹത്തിന്റെ അന്ത്യയാത്രയ്ക്കും വേദിയായത്.

അദ്ദേഹത്തെ ഒരുനോക്കുകാണാന്‍ ആര്യനാട് സ്‌കൂള്‍ പരിസരത്ത് രാവിലെ ഒന്‍പത് മണിമുതല്‍ കാത്തുനിന്നവരുടെ നിര ഏകദേശം അരകിലോമീറ്റര്‍ കടന്നിരുന്നു. പൊരിവെയിലത്ത് മണിക്കൂറുകള്‍ കാത്തുനിന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ജനനായകന് യാത്രാമൊഴി ചൊല്ലി. ആര്യനാടെന്ന മലയോര മണ്ഡലത്തെ ആധുനികതയുടെ പച്ചപ്പിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുന്നതിനോടൊപ്പം ജി.കാര്‍ത്തികേയനെന്ന നേതാവും പടവുകള്‍ കയറുകയായിരുന്നു. ജീവിതസായാഹ്നം െചലവഴിക്കണമെന്ന് അഗാധമായി ആഗ്രഹിച്ച ആര്യനാടിന്റെ മണ്ണില്‍ അദ്ദേഹത്തിന് യാത്രാമൊഴി ചൊല്ലാന്‍ നാട് അക്ഷരാര്‍ഥത്തില്‍ ഒഴുകിയെത്തി.

മൂന്നുമണിയായതോടെ പോലീസിന്റെ ആചാരസല്യൂട്ട് കഴിഞ്ഞ് മടക്കയാത്ര. കുറ്റിച്ചല്‍, കാട്ടാക്കട വഴി വിലാപസന്ദേശം നല്‍കി ആ വാഹനം കടന്നുപോയി. ഇന്നലെവരെ വിളിപ്പുറത്തകലെയുണ്ടായിരുന്ന തങ്ങളുടെ കാരണവര്‍, ജ്യേഷ്ഠന്‍, മകന്‍, പ്രിയപ്പെട്ടവന്‍, സുഹൃത്ത് ഇനിയൊരിക്കലും മണ്ഡലാതിര്‍ത്തി കടന്നുവരില്ലെന്ന തിരിച്ചറിവോടെ ജനം അദ്ദേഹത്തെ യാത്രയാക്കി.



1
gk orma
GK ADARANJALI

 

ga