പ്രണാമം ..പ്രിയ ജി.കെ.

Posted on: 08 Mar 2015


തിരുവനന്തപുരം: അനന്തപുരിയുടെ സ്വന്തം ജി.കെ.ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ശനിയാഴ്ച വൈകീട്ട് 5.38 ന്‌ െബംഗളൂരുവില്‍നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിച്ച മൃതദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രത്യേകം തയ്യാറാക്കിയ കെ.എസ്.ആര്‍.ടി.സി. ബസില്‍ വിമാനത്താവളത്തിന് പുറത്തെത്തിച്ച മൃതദേഹത്തിന് പോലീസ് ഔദ്യോഗിക ബഹുമതി നല്‍കി. തുടര്‍ന്ന് വന്‍ ജനാവലിയുടെ അകമ്പടിയോടെ വിലാപയാത്രയായാണ് ഔദ്യോഗിക വസതിയായ 'നീതി'യില്‍ എത്തിച്ചത്.

അന്തിമോപചാരമര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകളാണ് വിമാനത്താവളത്തിന് പുറത്തും പാതയോരങ്ങളിലും കാത്തുനിന്നത്. തിരക്ക് കാരണം ഒരുമണിക്കൂറിലേറെ സമയമെടുത്താണ് മൃതദേഹം വിമാനത്താവളത്തില്‍ നിന്ന് നിയമസഭാവളപ്പിലെ വസതിയിലെത്തിക്കാനായത്. കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരനും മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.എസ്.ശിവകുമാറും അടക്കമുള്ളവര്‍ മൃതദേഹവുമായെത്തിയ ബസില്‍ത്തന്നെ ഉണ്ടായിരുന്നു.

ഔദ്യോഗിക വസതിയിലും നിയമസഭാ വളപ്പിലുമായി രാവിലെ മുതല്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും നിയമസഭാ ജീവനക്കാരും മാധ്യമപ്രവര്‍ത്തകരും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മൃതദേഹം വാഹനത്തില്‍ നിന്ന് പുറത്തേക്കെടുത്തപ്പോള്‍ പ്രിയനേതാവിന് അന്തിമാഭിവാദ്യമര്‍പ്പിച്ച് അണികള്‍ മുദ്രാവാക്യം മുഴക്കി. വീടിനുള്ളിലേക്ക് മൃതശരീരം കൊണ്ടുവന്നതോടെ പലരും വിതുമ്പി. തങ്ങളുടെ പ്രിയ ജി.കെ.യെ ഒരുനോക്കുകാണാന്‍ ജനം തിക്കിത്തിരക്കി. ഔദ്യോഗികവസതിയിലേക്കുള്ള പാത ഞായറാഴ്ച പുലര്‍ച്ച വരെയും ജനനിബിഡമായിരുന്നു. ബെംഗളൂരുവില്‍ നിന്ന് മൃതദേഹം എത്തിച്ച വിമാനത്തില്‍ കാര്‍ത്തികേയന്റെ ഭാര്യ ഡോ. സുലേഖയും മക്കളും അടുത്ത ബന്ധുവും ഉണ്ടായിരുന്നു. ഇവരെ പ്രത്യേക വാഹനത്തിലാണ് വീട്ടിലെത്തിച്ചത്. െബംഗളൂരുവില്‍ നിന്ന് മറ്റൊരുവിമാനത്തില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, എം.കെ.മുനീര്‍, വി.ഡി.സതീശന്‍ എം.എല്‍.എ., കെ.സുധാകരന്‍ എന്നിവര്‍ നേരത്തെ വിമാനത്താവളത്തിലെത്തി.
മൃതദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍വകലാശാലാ യൂണിയനില്‍ സഹപ്രവര്‍ത്തകരായിരുന്ന നീലലോഹിതദാസന്‍നാടാര്‍, ജമീലാ പ്രകാശം എന്നിവരും എത്തിയിരുന്നു.

ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ.ജോസഫ്, കെ.സി.ജോസഫ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, ഷിബു ബേബിജോണ്‍, എം.പി. മാരായ ശശിതരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി.വേണുഗോപാല്‍, കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്‍, മുഖ്യമന്ത്രിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍, എം.എല്‍.എ.മാര്‍, ഡി.ജി.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പുറമേ മന്ത്രിമാരായ കെ.ബാബു, സി.എന്‍.ബാലകൃഷ്ണന്‍, എം.പി.മാരായ വയലാര്‍ രവി, പി.കെ.ശ്രീമതി, മേയര്‍ കെ.ചന്ദ്രിക, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാബാവ, സ്വാമി പ്രകാശാനന്ദ, ഋതംബരാനന്ദ, സൂക്ഷ്മാനന്ദ, കെ.പി.സി.സി. മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള തുടങ്ങിയവരും ഔദ്യോഗിക വസതിയില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.

ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാറിന് വേണ്ടി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി പുഷ്പചക്രം അര്‍പ്പിച്ചു.




1
gk orma
GK ADARANJALI

 

ga