തിരുവനന്തപുരം/ബെംഗളൂരു: കേരളരാഷ്ട്രീയത്തിലെ അഭിജാത സാന്നിധ്യമായിരുന്ന ജി.കാര്‍ത്തികേയന്‍ (66) ഇനി ഓര്‍മ. നിയമസഭാസ്പീക്കറും മുന്‍ മന്ത്രിയുമായ അദ്ദേഹം ബെംഗളൂരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ ആശുപത്രിയിലാണ് അന്തരിച്ചത്. ശവസംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 6.30ന് ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.
കരളില്‍ അര്‍ബുദം ബാധിച്ച് രണ്ടാഴ്ചയിലേറെയായി ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു കാര്‍ത്തികേയന്‍. ശനിയാഴ്ച രാവിലെ 10.35നാണ് അദ്ദേഹത്തിന്റെ ജീവന്‍ പൊലിഞ്ഞത്. അപ്പോള്‍ ഭാര്യ എം.ടി.സുലേഖയും മക്കളായ അനന്തപദ്മനാഭനും ശബരീനാഥനും അടുത്തുണ്ടായിരുന്നു.
മൃതദേഹം വൈകുന്നേരം അഞ്ചരയോടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ചേര്‍ന്ന് ഏറ്റുവാങ്ങി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വിലാപയാത്രയായി നിയമസഭാ കോംപ്ലക്‌സിലെ ഔദ്യോഗികവസതിയായ 'നീതി'യില്‍ എത്തിച്ച മൃതദേഹത്തില്‍ ഒട്ടേറെപ്പേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ടിറങ്ങിയാണ് തിരക്ക് നിയന്ത്രിച്ചത്.
ഞായറാഴ്ച രാവിലെ ഒമ്പതിന് നിയമസഭാ മന്ദിരത്തിലും 10ന് കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനിലും 11ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. 12ന് അദ്ദേഹത്തിന്റെ മണ്ഡലമായ അരുവിക്കരയിലെ ആര്യനാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് കൊണ്ടുപോകും. അവിടെനിന്ന് നാലിന് ശാസ്തമംഗലത്തെ വസതിയായ 'അഭയ'ത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ക്കായി എത്തിക്കും. ആറിന് ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും.
ജി.കെ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന കാര്‍ത്തികേയന്‍ ആറുതവണ എം.എല്‍.എ.യും രണ്ടുവട്ടം മന്ത്രിയുമായി. 13-ാം കേരള നിയമസഭയുടെ സ്പീക്കറായി 2011 ജൂണ്‍ രണ്ടിനാണ് ചുമതലയേറ്റത്. കക്ഷിരാഷ്ട്രീയത്തിന്റെ വേലിക്കെട്ടിനപ്പുറത്ത് സാമൂഹികവും സാംസ്‌കാരികവുമായ ഇടപെടലുകള്‍ നടത്തിയ ജി.കെ. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ധൈഷണികമുഖം കൂടിയായിരുന്നു.
1949 ജനവരി 20ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല കണ്ണംബയിലാണ് ജനനം. അച്ഛന്‍ പരേതനായ എന്‍.പി.ഗോപാലപിള്ള. അമ്മ പരേതയായ എല്‍.വനജാക്ഷിയമ്മ.
കൊല്ലം എസ്.എന്‍.കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെ.എസ്.യു.വിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. വര്‍ക്കല എസ്.എന്‍.കോളേജിലായിരുന്നു ബിരുദപഠനം. അന്ന് കേരള സര്‍വകലാശാല യൂണിയന്‍ ഭാരവാഹിയായി. 1978 ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിന്നു. എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിലെ പ്രബലവിഭാഗം ഇന്ദിരാഗാന്ധിക്കെതിരെ നിലകൊണ്ടപ്പോള്‍ കോണ്‍ഗ്രസ് (ഐ) വിഭാഗത്തെ ശക്തിപ്പെടുത്തുന്നതില്‍ കെ.കരുണാകരന്റെ പക്ഷത്തുനിന്ന കാര്‍ത്തികേയന്‍ നിര്‍ണായക പങ്കുവഹിച്ചു.
കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. ദീര്‍ഘകാലം കോണ്‍ഗ്രസ്സിന്റെ നിയമസഭാകക്ഷി ഉപനേതാവായിരുന്നു.
1980ല്‍ വര്‍ക്കലയില്‍ നിന്നുള്ള ആദ്യമത്സരത്തില്‍ തോറ്റു. 1982 ല്‍ തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് ജയിച്ചു. 1987ല്‍ നോര്‍ത്തില്‍ തോറ്റു. 1991, 1996, 2001, 2006 എന്നീ വര്‍ഷങ്ങളില്‍ ആര്യനാട്ട് നിന്ന് ജയിച്ചു. 2011ല്‍ ഈ മണ്ഡലം അരുവിക്കരയായി മാറിയപ്പോള്‍ അവിടെനിന്നും കാര്‍ത്തികേയന്‍ തന്നെ ജയിച്ചു. 1995-96ല്‍ വൈദ്യുതിമന്ത്രിയായി. 2001-2004ല്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ദേവസ്വം, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു.
കോണ്‍ഗ്രസ്സില്‍ നിര്‍ണായകമായ ചില ഉള്‍പാര്‍ട്ടി പരിവര്‍ത്തന ശ്രമങ്ങളുടെ ബുദ്ധികേന്ദ്രമായിരുന്നു ജി.കാര്‍ത്തികേയന്‍. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ ഏകകക്ഷി ഭരണത്തിന് വേണ്ടി വാദിച്ച അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏകാധിപത്യശൈലിക്കും സ്വജനപക്ഷപാതത്തിനും എതിരെയുയര്‍ന്ന 'തിരുത്തല്‍വാദ'ത്തിന്റെയും തലച്ചോറായി. അതോടെ കെ.കരുണാകരനുമായി അകന്നു. പിന്നീട് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്നുമാറി വേറിട്ട നിലപാടുകള്‍ സ്വീകരിച്ച കാര്‍ത്തികേയന്‍ കേരളരാഷ്ട്രീയത്തിലെ ശ്രദ്ധേയ വ്യക്തിത്വമായി.
നിയമസഭയ്ക്ക് ആധുനികവും ജനകീയവുമായ മുഖം നല്‍കുന്നതിന് ഒട്ടേറെ പരിഷ്‌കാരങ്ങള്‍ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ നടന്നു. സ്പീക്കറായി തുടരവേ സക്രിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ആ പദവി ഒഴിയാനുള്ള തന്റെ ആഗ്രഹം കഴിഞ്ഞവര്‍ഷം ജൂലായില്‍ അദ്ദേഹം പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ആലോചനകളുടെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രഖ്യാപനം.
എന്നാല്‍ സ്പീക്കര്‍ സ്ഥാനത്തുനിന്ന് മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. നേരത്തേ ബാധിച്ചിരുന്ന അര്‍ബുദം അപ്പോഴേക്കും അദ്ദേഹത്തെ തളര്‍ത്തി. തുടര്‍ന്ന് അമേരിക്കയിലെ മയോ ക്ലിനിക്കില്‍ വിദഗ്ദ്ധ ചികിത്സ തേടി. തിരുവനന്തപുരത്ത് തിരിച്ചെത്തിയശേഷം പൊതുചടങ്ങുകളില്‍ പങ്കെടുക്കാനും തുടങ്ങിയിരുന്നു. എന്നാല്‍ വീണ്ടും രോഗം വഷളായി. ഫിബ്രവരി 19ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധിക അളവില്‍ അണുവികിരണം കടത്തിവിട്ടുള്ള റോബോട്ടിക് സൈബര്‍ നൈഫ് തെറാപ്പി പരീക്ഷിച്ചെങ്കിലും ശരീരം ദുര്‍ബലമായതിനാല്‍ ചികിത്സ തുടരാനായില്ല.
ഭാര്യ ഡോ.എം.ടി.സുലേഖ സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറാണ്. മക്കള്‍: അനന്തപദ്മനാഭന്‍ (ആര്‍ടെക്), ശബരീനാഥന്‍ (ടാറ്റാ ട്രസ്റ്റ്, മുംബൈ) മരുമകള്‍: വിഷ്ണുപ്രിയ. മുപ്പത്തിയഞ്ച് ദിവസം പ്രായമുള്ള ആദിത്യനാണ് പേരക്കുട്ടി.
മരണവിവരമറിഞ്ഞ് കേരളത്തില്‍നിന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീര്‍, കോണ്‍ഗ്രസ് നേതാക്കളായ എം.എം.ഹസ്സന്‍, തമ്പാനൂര്‍ രവി, കെ.സുധാകരന്‍, എം.എല്‍.എമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.എം.ഷാജി, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ബെംഗളൂരുവില്‍ എത്തി. കര്‍ണാടക മന്ത്രിമാരായ കെ.ജെ.ജോര്‍ജ്, റോഷന്‍ ബെയ്ഗ്, ഡി.കെ.ശിവകുമാര്‍, എന്‍.എ. ഹാസിസ് എം.എല്‍.എ. എന്നിവരും ആദരാഞ്ജലിയര്‍പ്പിച്ചു.