
2013 ജനവരിയിലെ നിയമസഭാ സമ്മേളനത്തിനിടെ ഒരു സംഭവമുണ്ടായി. സഭാമന്ദിരത്തിലെ കാന്റീനില്‍ പത്രക്കാര്‍ തങ്ങള്‍ക്കൊപ്പം ഇരിക്കുന്നത് പ്രമാണിമാരായ ചില എം.എല്‍.എ മാര്‍ക്ക് സഹിച്ചില്ല. അവരുടെ നിര്‍ദേശ പ്രകാരം കാന്റീനിനുള്ളില്‍ പത്രക്കാരെയും എം.എല്‍.എമാരെയും വേര്‍തിരിച്ച് അലുമിനിയം പാനലില്‍ മതിലുയര്‍ന്നു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തില്‍ എം.എല്‍.എ മാരും പത്രക്കാരും വളരെ അടുത്തടുത്താണ് സമ്മേളന ഹാളില്‍ പോലും ഇരുന്നിരുന്നത്. കാലം മാറിയപ്പോള്‍ പത്രക്കാര്‍ക്കുണ്ടായ ഈ ഭ്രഷ്ട് സഹിക്കാവുന്നതായിരുന്നില്ല. ഈ മതില്‍ കെട്ടലിനെ അതിരൂക്ഷമായി വിമര്‍ശിച്ച് 'പത്മതീര്‍ഥക്കരയില്‍' എഴുതി- 'ചൈനയിലെ വന്‍മതിലും കേരളനിയമസഭയും' എന്ന തലക്കെട്ടില്‍.
വാര്‍ത്തവന്ന ദിവസം രാവിലെതന്നെ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ വിളിച്ചു. അന്നുതന്നെ മതില്‍ പൊളിച്ചുനീക്കി. അതാണ് കാര്‍ത്തികേയന്‍. തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ അത് തിരുത്താനുള്ള മഹാമനസ്‌കത കാട്ടിയിരുന്ന അപൂര്‍വം രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം.
അമേരിക്കയില്‍നിന്ന് ചികിത്സ കഴിഞ്ഞെത്തിയപ്പോഴും അദ്ദേഹത്തെ കണ്ടിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ദൃഢനിശ്ചയമാണ് അന്ന് ആ മുഖത്ത് കണ്ടത്.
വായനപോലെ സിനിമയും അദ്ദേഹത്തിന് ഭ്രാന്തായിരുന്നു. തമിഴ്, ഹിന്ദി സിനിമകളും മലയാളം പോലെ പ്രിയങ്കരം. ചെറുപ്പത്തില്‍ ഒരുദിവസം മോണിങ് ഷോയും മാറ്റിനിയും കണ്ടുനടന്ന ദിവസങ്ങളെപ്പറ്റി ആവേശത്തോടെ എന്നോട് പറഞ്ഞിട്ടുണ്ട്.
അഭിപ്രായങ്ങള്‍ മുഖംനോക്കാതെ വെട്ടിത്തുറന്ന് പറഞ്ഞിരുന്ന കാര്‍ത്തികേയന് ആരോടും ശത്രുതയില്ലായിരുന്നു. കൃത്യനിഷ്ഠ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഏത് തിരക്കിനിടയിലും ഗൃഹനാഥന്റെ കടമ വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം നിര്‍വഹിച്ചു. പാരമ്പര്യ രാഷ്ട്രീയത്തിന്റെ ഗുണഭോക്താവല്ലാത്ത കാര്‍ത്തികേയന്‍ കഠിനാദ്ധ്വാനത്തിലൂടെയാണ് വളര്‍ന്നത്. പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ക്കുവേണ്ടി വാദിച്ച് അന്നത്തെ യുവാക്കളുടെ ആരാധനാപാത്രമായ അദ്ദേഹം പിന്നീട് വിവേകവും പക്വതയും പ്രദര്‍ശിപ്പിച്ച് കേരള രാഷ്ട്രീയത്തിലെ അന്തസ്സുള്ള വ്യക്തിത്വമായി മാറി.
മുഖ്യമന്ത്രിയായിരുന്ന ആര്‍.ശങ്കറാണ് തന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ചെറുപ്പംമുതല്‍ പ്രഗത്ഭരുമായുള്ള ബന്ധമാണ് കാര്‍ത്തികേയന്റെ രാഷ്ട്രീയജീവിതത്തെ തിളക്കമുള്ളതാക്കിയത്. രാഷ്ട്രീയ പ്രതിയോഗികളോട് എക്കാലത്തും അദ്ദേഹം ആദരവോടെയാണ് പെരുമാറിയിട്ടുള്ളത്.
കെ.കരുണാകരനാണ് കാര്‍ത്തികേയനെ കൈപിടിച്ച് ഉയര്‍ത്തിയതെങ്കിലും എ.കെ.ആന്റണിയാണ് നിര്‍ണായക ഘട്ടങ്ങളില്‍ കൈകൊടുത്തത്. കാര്‍ത്തികേയന്‍ ആരുടെയും തണലില്‍ ഒതുങ്ങിനില്‍ക്കാന്‍ തയ്യാറായിരുന്നില്ല.
ഈ നേതാക്കള്‍ക്കെല്ലാം ഒരു ഘട്ടത്തില്‍ കാര്‍ത്തികേയനെ വേണമായിരുന്നു എന്നതാണ് സത്യം. അതുകൊണ്ടാവണം കരുണാകരനും ആന്റണിയുമായുമൊക്കെ ആത്മബന്ധമുണ്ടായത്. കേരളത്തിലെ മുഖ്യമന്ത്രിക്കസേരയില്‍ കാര്‍ത്തികേയന്‍ വന്നാലും അത്ഭുതപ്പെടാനില്ലെന്ന് കരുതിയ ഒരു കാലമുണ്ടായിരുന്നു. ഒരു കാര്യം ഉറപ്പ്. കാര്‍ത്തികേയന് നാട്യങ്ങളേ ഉണ്ടായിരുന്നില്ല. പച്ചയായ ആ മനസ്സായിരുന്നു ആ മനുഷ്യന്റെ തലയെടുപ്പ്.