എല്ലാവരുടെയും ജി.കെ

ബി. രമേഷ്‌കുമാര്‍ Posted on: 08 Mar 2015


തൊണ്ണൂറ്റിരണ്ടിലെ ഒരു സന്ധ്യ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയം ഓണക്കാലത്തെ സര്‍ക്കാരിന്റെ വിനോദസഞ്ചാര വാരാഘോഷത്തിനായി ഒരുങ്ങി നില്‍ക്കുന്നു. ഉദ്ഘാടന ചടങ്ങിനിടെ അവിടെ മറ്റൊരു വിവാദം പൊട്ടിവീണു. സദസ്സിലുണ്ടായിരുന്ന എം.എല്‍. എ.യായ ജി. കാര്‍ത്തികേയന് അര്‍ഹിക്കുന്ന സ്ഥാനം നല്‍കാതെയാണ് പരിപാടി നടത്തിയത്.

നീരസം അദ്ദേഹം ഒട്ടും ഒളിചുെവച്ചില്ല. സര്‍ക്കാരിനും മറ്റും എതിരെ ശക്തിയായി തന്നെ വിമര്‍ശനം ചൊരിഞ്ഞു. കോണ്‍ഗ്രസ്സിലെ തിരുത്തല്‍വാദം അങ്ങനെ പിറന്നെന്നാണ് ചില രാഷ്ട്രീയസൈദ്ധാന്തികന്മാര്‍ കുറിച്ചുവെച്ചത്. പക്ഷേ, അത് കാലത്തിനോടും കാര്‍ത്തികേയനോടും ചെയ്യുന്ന അനീതിയായിരിക്കും. ഉള്ളില്‍ വെന്തുകിടന്ന രോഷം പെട്ടെന്ന് തിളച്ചുമറിയുക മാത്രമാണുണ്ടായത്.

എന്തുകൊണ്ട് തിരുത്തല്‍വാദം? ഇന്ദിരാഗാന്ധിയോടും കെ. കരുണാകരനോടുമൊക്കെ അചഞ്ചലമായ കൂറാണ് രാഷ്ട്രീയജീവിതത്തില്‍ ജി.കെ. എന്നറിയപ്പെടുന്ന ജി. കാര്‍ത്തികേയന്‍ പുലര്‍ത്തിയിരുന്നത്. പക്ഷേ, എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും കാര്‍ത്തികേയന്‍ ഉള്‍പ്പെടെയുള്ളവരെ മറികടന്ന് കെ. മുരളീധരന്‍ ഗ്രൂപ്പിന്റെ തലപ്പത്തെത്തി. തങ്ങള്‍ ഗ്രൂപ്പില്‍ ഒന്നുമല്ലാതാകുന്നുവെന്ന തോന്നല്‍ കാര്‍ത്തികേയന്‍ ഉള്‍പ്പെടെയുള്ളവരില്‍ ശക്തമായി.ഇതാണ് ഒടുവില്‍ തിരുത്തല്‍വാദത്തിലേക്ക് വഴിവെച്ചത്. കരുണാകരനെ അംഗീകരിച്ചുകൊണ്ടുതന്നെ കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അവര്‍ വന്‍പരസ്യവിമര്‍ശം അഴിച്ചുവിട്ടു. ഓടിനടന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും കാര്‍ത്തികേയന്‍ തിരുത്തല്‍വാദി സമിതികള്‍ ഉണ്ടാക്കി. ഇതാണ് കാര്‍ത്തികേയന്‍. കോണ്‍ഗ്രസ്സിലെ അന്നത്തെ രീതികള്‍ ആത്മാഭിമാനത്തിന് ചേര്‍ന്നതല്ലെന്ന് വന്നപ്പോള്‍ രണ്ടിലൊന്ന് ആലോചിച്ചില്ലെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ അദ്ദേഹം കെ. കരുണാകരനോടൊപ്പം ഉറച്ചുനിന്നു. പിളര്‍ന്ന കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റ് കാര്‍ത്തികേയന്‍ തന്നെയായിരിക്കണമെന്ന് കരുണാകരന്‍ ശഠിച്ചു. ആന്റണിപക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 1978 ലും 1979 ലുമൊക്കെ അവരുടെ നില പരുങ്ങലിലായിരുന്നു. ഇതിനെ മറികടക്കാന്‍ തളരാത്ത സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം നേതൃത്വം നല്‍കിയത്. കോണ്‍ഗ്രസ്സിലെ വിരുദ്ധചേരികള്‍ ഒന്നായശേഷവും കരുണാകരപക്ഷത്ത് തന്നെയായിരുന്നു.

തിരുത്തല്‍വാദം കെട്ടടങ്ങിയെങ്കിലും അതിന്റെ മുറിവുകള്‍ നന്നായി ഉണങ്ങിയിരുന്നില്ല. ഈ കാലത്താണ് കരുണാകരനും കാര്‍ത്തികേയനും അകലുന്നത്. ആ സ്ഥിതിക്ക് പിന്നീട് കാര്യമായ മാറ്റം ഉണ്ടായതുമില്ല.ഇതിന്റെ തുടര്‍ച്ചയെന്നോണം അദ്ദേഹം എ.കെ. ആന്റണിയോട് ഏറെ അടുത്തു. പക്ഷേ, 'എ' ക്യാമ്പില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പക്ഷേ, ആന്റണി അദ്ദേഹത്തെ കൈവിട്ടില്ല.
കരുണാകരന് പകരം എ.കെ. ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ആ മന്ത്രിസഭയില്‍ കാര്‍ത്തികേയന്‍ മന്ത്രിയായത് ഇതുകൊണ്ടാണ്. തിരഞ്ഞെടുപ്പിനുശേഷം ആന്റണി വീണ്ടും മന്ത്രിയായപ്പോഴും കാര്‍ത്തികേയന്‍ മന്ത്രിസഭയിലുണ്ടായിരുന്നു. പക്ഷേ, അവിടെനിന്ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ഈ ഉപനേതാവിന് മന്ത്രസഭയില്‍ ഇടംകിട്ടാതെ പോയി.
മന്ത്രിസ്ഥാനത്തിനുള്ള 'എ', 'ഐ' വീതംവെപ്പില്‍ ഗ്രൂപ്പില്ലാത്ത കാര്‍ത്തികേയന്‍ പുറത്താകുകയായിരുന്നു. എ.കെ. ആന്റണി ഇടപെട്ടാണ് അദ്ദേഹത്തെ അന്ന് സ്പീക്കറാക്കിയത്. ഇതിന്റെയൊക്കെ ഒരു പരിഹാരക്രിയയെന്ന നിലയിലാണ് അദ്ദേഹത്തെ കെ.പി.സി. സി. പ്രസിഡന്റാക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുന്‍കൈയെടുത്തത്. പക്ഷേ, ഹൈക്കമാന്‍ഡിന്റെ നോമിനിയായി സുധീരന്‍ പ്രസിഡന്റായി. അവിടെനിന്നാണ് വീണ്ടും മന്ത്രിയാക്കാനുള്ള ആലോചനകള്‍ ശക്തമായത്. പക്ഷേ അതും നടന്നില്ല.



1
gk orma
GK ADARANJALI

 

ga