കെ.എസ്.യു.വില്‍ തിരഞ്ഞെടുപ്പ് നടത്താനാവാത്ത കാലം. ഒന്നുകില്‍ തര്‍ക്കം, അല്ലെങ്കില്‍ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍. വര്‍ഷങ്ങളോളം നോമിനേറ്റഡ് കമ്മിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. ആര് ജയിച്ചാലും തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി കെ.എസ്.യു.വിന് ഉണ്ടാകണമെന്ന് ഞാന്‍ കാര്‍ത്തികേയനോട് പറഞ്ഞു. ആ ചുമതല അദ്ദേഹത്തെ ഏല്പിച്ചു.
കോണ്‍ഗ്രസ്സില്‍ അന്ന് കാറ്റും കോളും സംഘര്‍ഷവുമുള്ള കാലമാണ്. പക്ഷേ, നിശ്ചയദാര്‍ഢ്യത്തോടെ കാര്‍ത്തികേയന്‍ അതിനെയൊക്കെ അതിജീവിച്ചു. കെ.സി. വേണുഗോപാല്‍ കെ.എസ്.യു. പ്രസിഡന്റായി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.
എനിക്ക് വലിയ കരുത്തായിരുന്നു കാര്‍ത്തികേയന്‍. ഞാന്‍ കെ.പി.സി.സി. പ്രസിഡന്റായിരിക്കുമ്പോള്‍ അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. കെ.പി.സി.സി.യില്‍ എനിക്ക് ഏറ്റവും ശക്തിപകര്‍ന്നുനല്‍കിയ സഹപ്രവര്‍ത്തകനായിരുന്നു.
രണ്ടുതവണ അദ്ദേഹം എനിക്കൊപ്പം മന്ത്രിസഭയിലുണ്ടായിരുന്നു. രണ്ടുതവണയും അദ്ദേഹം നല്ല മന്ത്രിയായിരുന്നു. വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ കാര്‍ത്തികേയന്‍ അന്ന് നടത്തിയ ശ്രമങ്ങളുെട ഫലമാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.
ഞങ്ങള്‍ തമ്മിലുള്ള ബന്ധം വളരെ വര്‍ഷങ്ങള്‍ നീണ്ടതാണ്. അദ്ദേഹം കെ.എസ്.യു.വിന്റെ പ്രവര്‍ത്തകനായിരുന്ന കാലംമുതല്‍ ഈ ബന്ധമുണ്ട്.
അഹോരാത്രം ഊണും ഉറക്കവും ഉപേക്ഷിച്ച് അദ്ദേഹം ഓടിനടന്നു. കെ.എസ്.യു.വും യൂത്ത് കോണ്‍ഗ്രസ്സും സംഘടിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇതിലൂടെ ചെറുപ്പക്കാരുടെ ഒരു നീണ്ടനിര കോണ്‍ഗ്രസ്സിലേക്ക് വന്നു. കാര്‍ത്തികേയന്റെ പ്രത്യേകമായ ശ്രമത്തിലും പ്രോത്സാഹനത്തിലും വളര്‍ന്ന ഡസന്‍ കണക്കിന് ചെറുപ്പക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കേരളത്തിലുടനീളമുണ്ട്.
അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്കും പ്രത്യേകതയുണ്ടായിരുന്നു. അട്ടഹാസങ്ങളായിരുന്നില്ല അത്. ഒരു പ്രത്യേക ശൈലിയിലായിരുന്നു പ്രസംഗങ്ങള്‍. പ്രതിപക്ഷത്തായിരുന്നപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ അംഗങ്ങളും ആ പ്രസംഗം നിശ്ശബ്ദരായി കേട്ടുകൊണ്ടിരിക്കും. ഇടയ്ക്കിടെ ഭരണപക്ഷത്തിന് 'ഷോക്ക്' കൊടുക്കും. എന്നാല്‍, ഭരണകക്ഷി അംഗങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല.
സ്പീക്കറെന്നനിലയില്‍ നിയമസഭയില്‍ അദ്ദേഹം ഒട്ടേറെ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി. സഭ ഏറ്റവും സംഘര്‍ഷത്തിലൂടെ കടന്നുപോയ കാലത്താണ് അദ്ദേഹം ആ ചുമതല നിര്‍വഹിച്ചിരുന്നത്. പക്ഷേ, ആ ഘട്ടത്തിലും സംഘര്‍ഷങ്ങളെ ശമിപ്പിക്കാനും പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്ത് സഭയെ മുന്നോട്ട് കൊണ്ടുപോകാനും ശ്രമിച്ചു.
ലോകത്ത് എവിടെക്കൊണ്ടുപോയി ചികിത്സിച്ചും ആ ജീവന്‍ രക്ഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും സര്‍ക്കാറും ആത്മാര്‍ഥമായി ശ്രമിച്ചു. പക്ഷേ, അവസാനം നമ്മുടെയെല്ലാം മനസ്സില്‍ ആഴമേറിയ മുറിവേല്‍പ്പിച്ച് ആ പ്രിയസുഹൃത്ത് നമ്മില്‍നിന്ന് വിട്ടുപോയിരിക്കുന്നു. ഭാര്യ സുലേഖയെയും മക്കളെയും ബന്ധുക്കളെയും അഗാധമായ അനുശോചനം അറിയിക്കുന്നു.