
1978, ജി.കാര്‍ത്തികേയന്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്ന കാലം. തിരുവനന്തപുരം ആയുര്‍വേദ കോളേജിനടുത്ത് സലാം ലോഡ്ജിലായിരുന്നു ഞങ്ങളുടെ താമസം. ഞങ്ങളെന്നാല്‍ ഞാന്‍, ജി.കെ., പന്തളം സുധാകരന്‍, ഹിദൂര്‍ മുഹമ്മദ്.... അങ്ങനെ ഇരുപതോളം പേര്‍.
രാത്രി പത്രംവിരിച്ച് ഞങ്ങള്‍ തറയില്‍ കിടന്നുറങ്ങി. ചിലപ്പോള്‍ ഒരുമിച്ച് സിനിമയ്ക്കുപോയി. പലപ്പോഴും പട്ടിണിയായിരുന്നു. ആ ബന്ധം ശക്തമായി നീണ്ടു.
ഒരു ജ്യേഷ്ഠസഹോദരനെപ്പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയിരുന്നത്. കരള്‍രോഗചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകുംമുമ്പ് അദ്ദേഹം പറഞ്ഞു, ''താന്‍ കൂടെയുണ്ടാകണം.'' കണ്ണു നിറഞ്ഞുപോയ നിമിഷമായിരുന്നു അത്. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തില്‍ ജ്യേഷ്ഠന്‍ അനുജനോട് പറയുന്നതുപോലെയാണ് തോന്നിയത്.
രാഷ്ട്രീയജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. തിരുത്തല്‍വാദമെന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയനീക്കത്തിന്റെ കാലത്ത് ഒരേ മനസ്സും ശരീരവുമായി ഞങ്ങള്‍ മുന്നോട്ടുപോയി. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഞങ്ങള്‍ ഇന്ദിരാഗാന്ധിയോടൊപ്പം നിന്നു. അക്കാലത്ത് വിലയേറിയ ഉപദേശങ്ങളാണ് അദ്ദേഹം എനിക്ക് നല്‍കിയത്. ലീഡര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനൊരുങ്ങിയ കാലത്തും ഞാന്‍ അദ്ദേഹത്തിന്റെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ക്കായി കാതോര്‍ത്തുനിന്നു. ഞങ്ങള്‍ രണ്ടുപേരുടെയും രാഷ്ട്രീയജീവിതത്തിലെ ഒരു നിര്‍ണായകഘട്ടമായിരുന്നു അത്. ആ വൈതരണിയെ എങ്ങനെ തരണം ചെയ്തു എന്നുചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ ജി.കാര്‍ത്തികേയന്റെ പിന്തുണ.
മൂന്നുദിവസംമുമ്പ് െബംഗളൂരുവിലെ ആസ്പത്രിയില്‍ അവസാനമായി ഞാനദ്ദേഹത്തെ കണ്ടു. കണ്ണുതുറന്ന് എന്റെ നേരേ നോക്കാന്‍മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. ക്ഷീണിതനായിരുന്നു. പക്ഷേ, എന്റെ സാന്നിധ്യം അദ്ദേഹം ആഗ്രഹിച്ചിരുന്നതുപോലെ തോന്നി.
കരള്‍ മാറ്റിെവക്കുന്ന ശസ്ത്രക്രിയയ്ക്ക് തയ്യാറായിരുന്നെങ്കില്‍ ഈ അതുല്യനായ നേതാവിനെ ഇത്രപെട്ടെന്ന് നമുക്ക് നഷ്ടപ്പെടില്ലായിരുന്നു. പക്ഷേ, അദ്ദേഹം അതിന് സമ്മതംമൂളിയില്ല. ഒരൊറ്റപ്പെടലാണ് അദ്ദേഹം കടന്നുപോകുമ്പോള്‍ അനുഭവപ്പെടുന്നത്. പകരംവെക്കാനില്ലാത്ത മഹാസാന്നിധ്യം. ആദരാഞ്ജലികള്‍....