ജി.കെ. എന്ന കുലീനത്വം

ഉമ്മന്‍ചാണ്ടി Posted on: 08 Mar 2015

കാലത്തിനുമുമ്പേ നടന്ന് അകാലത്തില്‍
പൊലിഞ്ഞ നക്ഷത്രമായിരുന്നു, എല്ലാവരും
സ്‌നേഹപൂര്‍വം ജി.കെ. എന്ന്
വിളിക്കുന്ന ജി. കാര്‍ത്തികേയന്‍


2011 ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഭൂരിപക്ഷം വെറും രണ്ട് സീറ്റ്. ഈ സര്‍ക്കാര്‍ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകുമോയെന്ന് പരക്കെ ആശങ്ക. നിയമസഭയില്‍ അഗ്‌നിപരീക്ഷ നടക്കുമെന്ന് ഉറപ്പ്. അതിനെ അതിജീവിക്കാന്‍ പറ്റുന്ന സ്പീക്കറെ വേണം. അതാരായിരിക്കണമെന്ന് യു.ഡി.എഫ്. കേന്ദ്രങ്ങള്‍ തലപുകച്ചപ്പോള്‍ ഉയര്‍ന്നുവന്ന പേരാണ് ജി. കാര്‍ത്തികേയന്‍. യഥാര്‍ഥത്തില്‍ അന്ന് അദ്ദേഹത്തെ നിര്‍ബന്ധിച്ചാണ് സ്പീക്കര്‍പദവി ഏല്പിച്ചത്.

തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അത്ഭുതസിദ്ധികള്‍ കേരളം കണ്ടത്. അഗ്‌നിസ്ഫുലിംഗങ്ങള്‍ ചിതറുന്ന നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ മുന്നില്‍നിര്‍ത്തിയാണ് സ്പീക്കര്‍മാര്‍ സംരക്ഷണക്കോട്ട കെട്ടുന്നത്. എന്നാല്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ പിന്‍വലിച്ചു. നിയമസഭാംഗങ്ങള്‍ മാത്രമുള്ള നിയമസഭയില്‍ അങ്ങനെയൊരു സംരക്ഷണസേനയുടെ ആവശ്യമില്ലെന്ന് അദ്ദേഹം വാദിച്ചപ്പോള്‍ പലരും ഞെട്ടിപ്പോയി.

1987ല്‍ എം.വി. രാഘവനെന്ന തലയെടുപ്പുള്ള നേതാവിന്റെ രക്തംവീണ സഭയാണ്. കണ്ണൂര്‍ എ.കെ.ജി. ആസ്പത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തെച്ചൊല്ലിയായിരുന്നു അത്. 1970ല്‍ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു ക്രമപ്രശ്‌നത്തില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നുപറഞ്ഞ് പ്രതിപക്ഷം സ്പീക്കറുടെ വേദിയിലേക്ക് ഇരച്ചുകയറി മൈക്ക് പിഴുതെറിയുകയും സ്പീക്കര്‍ ഡി. ദാമോദരന്‍ പോറ്റി ഓടി രക്ഷപ്പെടുകയുമായിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇങ്ങനെ പലവട്ടം രക്തംപുരണ്ടിട്ടുണ്ട്.

എന്നാല്‍, കാര്‍ത്തികേയന്റെ തീരുമാനം ശരിയാണെന്ന് കാലം തെളിയിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡുള്ളപ്പോള്‍ ശൗര്യം കാട്ടുന്നവര്‍, ജനാധിപത്യശൈലിയിലേക്ക് മാറുന്ന അത്ഭുതകരമായ കാഴ്ചയ്ക്ക് കേരളം സാക്ഷ്യംവഹിച്ചു. ഭരണപക്ഷത്തിന്റെ നിയമസഭയിലെ ആവശ്യങ്ങള്‍ നിറവേറ്റിയും പ്രതിപക്ഷത്തിന്റെ അവകാശങ്ങളും അവസരങ്ങളും അംഗീകരിച്ചുമാണ് അദ്ദേഹം സഭയെ നിയന്ത്രിച്ചത്. നേരിയ ഭൂരിപക്ഷമുള്ള സഭയെ മുന്നോട്ട് കൊണ്ടുപോകുന്നതിനിടയില്‍പ്പോലും എല്ലാവരുടെയും സ്‌നേഹവും ആദരവും അദ്ദേഹം പിടിച്ചെടുത്തു. നിഷ്പക്ഷനും നീതിമാനുമായ സ്പീക്കര്‍ എന്ന് അദ്ദേഹത്തെ സാമാജികര്‍ വിശേഷിപ്പിച്ചു.

കേരളത്തിന്റെ സ്‌നേഹവും ആദരവും നേടിയ പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. കാര്‍ത്തികേയന്‍ കെ.എസ്.യു.വില്‍ പ്രവര്‍ത്തിക്കുന്ന കാലംമുതല്‍ എനിക്ക് അടുത്തറിയാം. കേരളത്തിലെ യുവത്വത്തിന്റെ പ്രതീകമായാണ് കാര്‍ത്തികേയന്റെ വരവ്. ഏകകക്ഷിഭരണമെന്ന മുദ്രാവാക്യം ഉയര്‍ത്തി കേരളത്തിന്റെ വടക്കേയറ്റംമുതല്‍ തെക്കേയറ്റംവരെ അദ്ദേഹം നടത്തിയ യാത്ര ഏറെ വ്യത്യസ്തമായിരുന്നു. കേരളം ആ യാത്രയെ ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തു. ജി. കാര്‍ത്തികേയന്‍ എന്നും വ്യത്യസ്തനായിരുന്നു; നിലപാടുകളില്‍, കാഴ്ചപ്പാടുകളില്‍, സമീപനങ്ങളിലൊക്കെ. കുലീനനും മനുഷ്യസ്‌നേഹിയുമായിരുന്നു. കലയോടും സാഹിത്യത്തോടും പ്രത്യേക പ്രതിപത്തി. തുറന്ന സമീപനം.

മികച്ച നിയമസഭാംഗം, ഭരണാധികാരി, സ്പീക്കര്‍ തുടങ്ങി പ്രവര്‍ത്തനമണ്ഡലങ്ങളിലെല്ലാം തിളങ്ങി. 1982ല്‍ അദ്ദേഹം നിയമസഭാംഗമായി വന്നപ്പോഴാണ് കൂടുതല്‍ അടുത്ത് ഇടപഴകിയത്. ആറുതവണ അദ്ദേഹം ജനപ്രതിനിധിയായത് ജനങ്ങളോട് ചേര്‍ന്നുനിന്നതുകൊണ്ടാണ്. ഇതില്‍ അഞ്ചെണ്ണം തുടര്‍ച്ചയായ ജയമാണ്. തിരുവനന്തപുരം ജില്ലയില്‍നിന്ന് കാര്‍ത്തികേയനല്ലാതെ മറ്റാരും ഇങ്ങനെയൊരു വിജയം കൈവരിച്ചിട്ടില്ല.

ഒരു മാസംമുമ്പ്, കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ മാസം അഞ്ചിന് അരുവിക്കര മണ്ഡലത്തിലെ വെള്ളനാട്ടില്‍ കാര്‍ത്തികേയനോടൊപ്പം ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ എനിക്ക് സാധിച്ചു. വിദേശചികിത്സ കഴിഞ്ഞ് അദ്ദേഹം മടങ്ങിവന്നതേയുള്ളൂ. പരിപാടിക്ക് എന്നെ ക്ഷണിച്ചപ്പോള്‍, ആരോഗ്യമൊക്കെ എങ്ങനെയുണ്ടെന്ന് ഞാന്‍ തിരക്കി. ഒരു കുഴപ്പവുമില്ലെന്നായിരുന്നു മറുപടി. വെള്ളനാടിന്റെ വികസനം സംബന്ധിച്ച ഗംഭീര പരിപാടിയായിരുന്നു അത്. വികാരനിര്‍ഭരമായി അദ്ദേഹം പ്രസംഗിച്ചു. അന്നവിടെ കൂടിയ ജനാവലിയില്‍ ആരും അതൊരു വിടവാങ്ങല്‍ പ്രസംഗമാണെന്ന് ധരിച്ചുകാണില്ല.

വൈദ്യുതി, ഭക്ഷ്യം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളില്‍ അദ്ദേഹം മികവ് തെളിയിച്ചു. 2006 മുതല്‍ 2011 വരെ ഞാന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പ്രതിപക്ഷ ഉപനേതാവായിരുന്ന അദ്ദേഹം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തുപകരാന്‍ അദ്ദേഹത്തിന് സാധിച്ചു. അപരിഹാര്യമായ നഷ്ടമാണ് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്.

കാലത്തിനുമുമ്പേ നടന്ന് അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രമായിരുന്നു, എല്ലാവരും സ്‌നേഹപൂര്‍വം ജി.കെ. എന്ന് വിളിക്കുന്ന ജി.കാര്‍ത്തികേയന്‍.




1
gk orma
GK ADARANJALI

 

ga