പ്രാര്‍ഥന ഫലിച്ചില്ല; ദുഃഖം ഉള്ളിലൊതുക്കി നേതാക്കളും സുഹൃത്തുക്കളും

Posted on: 08 Mar 2015


ബെംഗളൂരു: കോണ്‍ഗ്രസ്സിലെ സാംസ്‌കാരിക മുഖം കൂടിയായ കേരള നിയമസഭാസ്പീക്കര്‍ ജി. കാര്‍ത്തികേയനെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് എത്തിച്ചപ്പോള്‍ നേതാക്കളും സുഹൃത്തുക്കളും പ്രാര്‍ഥനയിലായിരുന്നു. കരളിന് അര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ നിലയിലാണ് നഗരത്തിലെ കാന്‍സര്‍ സ്‌പെഷലിസ്റ്റ് ആസ്പത്രിയായ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ (എച്ച്.സി.ജി.) ആസ്പത്രിയിലെത്തിക്കുന്നത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് 27-ന് ഓങ്കോളജി തിവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഓങ്കോളജി റേഡിയേഷന്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.എസ്. ശ്രീധറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന് പ്രതീക്ഷയുണ്ടായിരുന്നു. കരളിനോെടാപ്പം വൃക്കയുടെയും പ്രവര്‍ത്തനം തകരാറിലായതാണ് ആരോഗ്യനില സങ്കീര്‍ണമാക്കിയത്. ഉയര്‍ന്ന് അളവിലുള്ള അണുവികരണം കടത്തിവിട്ടുകൊണ്ടുള്ള ആധുനീക റേഡിയേഷന്‍ ചികിത്സ തുടരാനും കഴിഞ്ഞില്ല. അഞ്ചുദിവസം സൈബര്‍ നൈഫ് റോബോട്ടിക് റേഡിയോ തെറാപ്പി നല്‍കാമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടര്‍മാര്‍. എന്നാല്‍ രണ്ടുതവണ റേഡിയേഷന്‍ നല്‍കിയെങ്കിലും പിന്നീട് ചികിത്സയോട് ശരീരം അനുകൂലമായി പ്രതികരിച്ചില്ല. മോളിക്കുലാര്‍ അബ്‌സോര്‍മെന്റ് റീ സര്‍ക്കുലേഷന്‍ സിസ്റ്റം എന്ന കരള്‍ ഡയാലിസിസ് തുടര്‍ന്നെങ്കിലും മറ്റ് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനവും തകരാറിലാവുകയായിരുന്നു.

കാര്‍ത്തികേയന്റെ നില ഗുരുതരമായപ്പോള്‍ തന്നെ ഭാര്യ ഡോ. എം.ടി. സുലേഖയും മക്കളായ അനന്തപത്മനഭനും ശബരീനാഥും മറ്റ് ബന്ധുക്കളും ആസ്പത്രിയിലുണ്ടായിരുന്നു. ഇവരെ ആശ്വസിപ്പിക്കാനും പിന്തുണനല്‍കാനും പാര്‍ട്ടിനേതാക്കളും അല്ലാത്തവരും ആസ്പത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു. ഇതോടപ്പം നഗരത്തിലെ മലയാളിസംഘടനകളും പിന്തുണയും സഹായവുമായി ആസ്പത്രിയിലുണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായപ്പോഴും ഇടയ്ക്കിടെ കാര്‍ത്തികേയന്റെ ആരോഗ്യനിലയില്‍ നേരിയപുരോഗതി അനുഭവപ്പെട്ടിരുന്നു. അസുഖത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ എല്ലാവരും പ്രാര്‍ഥനയിലായിരുന്നു.

കാര്‍ത്തികേയനെ തിവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത് മുതല്‍ കര്‍ണാടകത്തിലേയും കേരളത്തിലേയും നേതാക്കളും പ്രവര്‍ത്തകരും ആസ്പത്രിയിലെത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യെടക്കം ഇരു സംസ്ഥാനങ്ങളിലേയും മന്ത്രിമാരും നേതാക്കളും ആസ്പത്രിയിലെത്തി. കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ ആസ്പത്രിയിലെത്തി എല്ലാസഹായങ്ങളും വാഗ്ദാനം ചെയ്തു. കാര്‍ത്തികേയന്‍ അന്തരിച്ച വാര്‍ത്ത പുറത്തുവന്നപ്പോഴും നേതാക്കളും സുഹൃത്തുക്കളും ആസ്പത്രിയിലേക്ക് ഒഴുകിയെത്തി. കര്‍ണാടക സര്‍ക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷന്‍ ബെയ്ഗ് ആസ്പത്രിയിലെത്തി മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കി. പിന്നാലെ അഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജും ആസ്പത്രിയിലെത്തി. ബെംഗളൂരു എച്ച്.എ.എല്‍. വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തില്‍ മൃതദേഹം കൊണ്ടുപോകുന്നതുവരെ കര്‍ണാടകത്തിലെ മന്ത്രിമാര്‍ ഒപ്പമുണ്ടായിരുന്നു. മന്ത്രി ഡി.കെ. ശിവകുമാറുമെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനും മറ്റ് സഹായങ്ങളും നല്‍കാന്‍ മലയാളി സംഘടനാഭാരവാഹികളും മുന്‍നിരയിലുണ്ടായിരുന്നു.

മരണവിവിരമറിഞ്ഞ് നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി മലയാളി സംഘടനാ ഭാരവാഹികളും കാര്‍ത്തികേയനെ സ്‌നേഹിക്കുന്നവരും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയതോടെ സുരക്ഷയൊരുക്കാന്‍ കൂടുതല്‍ പോലീസും സ്ഥലത്തെത്തി.

ശനിയാഴ്ച രാവിലെത്തന്നെ കാര്‍ത്തികേയന്റെ നില ഗുരുതരമാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ തന്നെ ആസ്പത്രിയിലേക്ക് ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. മന്ത്രി എം. കെ. മുനീര്‍ മരണവിവരമറിഞ്ഞയുടനെത്തന്നെ ആസ്പത്രിയിലെത്തി. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കാര്‍ത്തികേയനുമായി പ്രവര്‍ത്തിച്ച അനുഭവമാണ് പങ്കുവെച്ചത്.




1
gk orma
GK ADARANJALI

 

ga