എല്ലാവരോടും കുശലം പറഞ്ഞ് കയര്‍ക്കുന്നവരോടും സൗമ്യനായ്...

Posted on: 08 Mar 2015

തിരുവനന്തപുരം: ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തിന് കാര്‍ത്തികേയന്‍ ഇവിടെയുണ്ടായിരുന്നു; നിയമസഭാമന്ദിരത്തില്‍. പുഷ്പാര്‍ച്ചനയ്ക്കുശേഷം ജീവനക്കാരോടെല്ലാം കുശലം പറഞ്ഞ്് ചിരിച്ചുകൊണ്ട്. അതാണ് അദ്ദേഹത്തിന്റെ രീതി. ഔദ്യോഗികതലങ്ങളുടെ വലിപ്പചെറുപ്പങ്ങളിലൂടെയല്ല കാര്‍ത്തികേയന്‍ സംസാരിച്ചത്. ഉന്നതമായ ജനാധിപത്യബോധത്തിലൂടെയായിരുന്നു.

ജീവനക്കാരോട് സൗമ്യതയോടെമാത്രം അദ്ദേഹം ഇടപെട്ടു. കാര്‍ക്കശ്യഭാവവുമായി അദ്ദേഹം ഓഫീസിലെത്തിയിരുന്നില്ല. പകരം എല്ലാവരുമായും കുശലാന്വേഷണം നടത്തി പ്രസന്നമായ ഭാവത്തോടെ അദ്ദേഹം പ്രശ്‌നങ്ങളെ സമീപീച്ചു. ''സാര്‍ ദേഷ്യപ്പെടില്ല. ദേഷ്യപ്പെട്ടാലും പെട്ടെന്ന് തണുക്കും. ദേഷ്യപ്പെട്ടാല്‍ സാറിന് തന്നെ മനസ്സില്‍ അത് വിഷമമാകും.''- സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ. രാജേന്ദ്രന്‍ പറയുന്നു.

ജനാധിപത്യമൂല്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കാര്‍ത്തികേയന്‍ നല്‍കിയിരുന്നു. അതിന്റെ പ്രകടോദാഹരണമാണ് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കാര്‍ക്കശ്യങ്ങള്‍ക്ക് അദ്ദേഹം വരുത്തിയ അയവ്. സ്പീക്കറുടെ സൈന്യമായാണ് വാച്ച് ആന്‍ഡ് വാര്‍ഡ് അറിയപ്പെട്ടിരുന്നത്. മുന്‍ഗാമികളൊന്നും സ്വീകരിക്കാത്ത വേറിട്ട ഇത്തരം മൃദുനയങ്ങളും ഭാഷയുമാണ് കാര്‍ത്തികേയന്റെ സ്വത്വവും.

വായനയും സഹൃദയത്വവുമായിരുന്നു കാര്‍ത്തികേയന്റെ സ്വഭാവസവിശേഷത. നിയമസഭയുടെ പ്രവര്‍ത്തനരീതികളിലും ഈ സഹൃദയത്വം വേണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷ പുലര്‍ത്തി. നിയമനിര്‍മാണസഭയില്‍ പ്രതിപക്ഷബഹുമാനത്തിന് പ്രാധാന്യം ലഭിച്ചതും അതുകൊണ്ട് തന്നെ. നിയമസഭാമന്ദിരത്തില്‍ ഗാന്ധിസ്മൃതി ലൈബ്രറി, മഴവെള്ള സംഭരണി തുടങ്ങി എന്തുതന്നെ നോക്കിയാലും അതില്‍ കാര്‍ത്തികേയന്റെ സ്പര്‍ശം കാണാം. വികസനത്തില്‍ പോലും സര്‍ഗാത്മകമായ ഇടപെടല്‍ സാധ്യമാക്കി അദ്ദേഹം.

രോഗബാധിതനായശേഷം കഴിഞ്ഞ രണ്ടുനിയമസഭാ സമ്മേളനങ്ങളിലായി അദ്ദേഹം നിയമസഭയിലെത്തിയിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഇവിടത്തെ ജീവനക്കാര്‍ അറിയുന്നുണ്ട്. അദ്ദേഹം ഇവിടെയില്ല എന്ന ബോധത്തിലേക്ക്്് നിയമസഭാമന്ദിരവും ഓഫീസും ഇതുവരെ എത്തിയിട്ടുമില്ല.

നിയമസഭയില്‍ നടന്നുവരുന്ന പ്രഗല്ഭരുടെ പ്രഭാഷണപരമ്പരകളില്‍ ഫിബ്രവരി 23ന് നടക്കേണ്ടിയിരുന്നത് മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റേതായിരുന്നു. ആ പരിപാടിക്കായി സ്പീക്കറുടെ ഓഫീസ് ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും രോഗത്തിന്റെ പിടിയിലായിക്കഴിഞ്ഞിരുന്നു അദ്ദേഹം. ഒടുവില്‍ കലാമിനോട് ക്ഷമ ചോദിച്ചുകൊണ്ട് ആ പരിപാടി മാറ്റിവെച്ചു.
മറുപടിക്കത്തില്‍ കലാം ഇങ്ങനെ പറഞ്ഞു: ദു:ഖമുണ്ട്, കാര്‍ത്തികേയന്‍ അസുഖംമാറി സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു ...




1
gk orma
GK ADARANJALI

 

ga