തിരുവനന്തപുരം: നേരിയ ഭൂരിപക്ഷത്തിന് അധികാരമേറിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ രക്ഷിക്കാന്‍ ജി.കാര്‍ത്തികേയന്‍ നേരിട്ട മാനസ്സിക സംഘര്‍ഷമായിരിക്കാം സ്പീക്കര്‍ സ്ഥാനത്ത് അദ്ദേഹം നേരിട്ട വലിയ വെല്ലുവിളി.
ധനവിനിയോഗബില്ലിന്റെ ചര്‍ച്ചയായിരുന്നു വേദി. സാധാരണ ഇതിന് പ്രതിപക്ഷം വോട്ടിങ് ചോദിക്കാറില്ല. ഈ പ്രതീക്ഷയില്‍ ഭരണപക്ഷത്ത് ഒരാലസ്യം. വര്‍ക്കല കഹാര്‍ മെഡിക്കല്‍ കോളേജില്‍ എന്തോ അത്യാവശ്യത്തിന് പോയി. കെ. അച്യുതന്‍ ഉച്ചഭക്ഷണത്തിന് പുറത്തേക്ക് പോയി. മറ്റ് ചിലര്‍ അത്യാവശ്യകാരണങ്ങളാല്‍ നിയമസഭാകക്ഷി നേതൃത്വത്തിന്റെ സമ്മതത്തോടെ സഭയില്‍ വന്നിട്ടുമില്ല.
പ്രതിപക്ഷത്തും എല്ലാ അംഗങ്ങളുമില്ല. എന്നാല്‍ മറുപടി പറയുമ്പോള്‍ പ്രതിപക്ഷം തലയെണ്ണി നോക്കി. ഭരണപക്ഷത്ത് തങ്ങളെക്കാള്‍ രണ്ടുപേര്‍ കുറവ്. മന്ത്രി കെ.എം.മാണി ഭരണപക്ഷത്തെ കുറവ് തിരിച്ചറിഞ്ഞില്ല. നേരത്തെ വിശദമായി സംസാരിച്ചതിനാല്‍ താന്‍ കൂടുതലൊന്നും പറയുന്നില്ലെന്ന് വ്യക്തമാക്കി പ്രസംഗം അവസാനിപ്പിക്കാന്‍ പോകുകയാണ്. അപകടം മനസ്സിലാക്കിയ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പ്രസംഗം നിര്‍ത്തണ്ട, തുടരട്ടെയെന്ന് സ്വകാര്യം പറഞ്ഞു. പക്ഷേ മൈക്കിലൂടെ അതെല്ലാവരും കേട്ടു.
അതോടെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ഇരിക്കാന്‍പോയ മന്ത്രി മാണി വീണ്ടുമെഴുന്നേറ്റ് പ്രസംഗം തുടങ്ങി. പ്രതിപക്ഷം ബഹളത്തിലേക്ക് നീങ്ങി. സാങ്കേതികമായി മന്ത്രിയുടെ പ്രസംഗം കഴിയാതെ വോട്ടെടുപ്പ് അനുവദിക്കാന്‍ സ്പീക്കര്‍ക്ക് ആകില്ല. എന്നാല്‍ ഇവിടെ സമയം കളയാനായി മന്ത്രി പ്രസംഗം നീട്ടുകയാണ്. നിയമസഭാകക്ഷി സെക്രട്ടറി ബെന്നി ബഹനാന്‍ ഫോണുമായി പുറത്തേക്ക് പാഞ്ഞ് പുറത്തുപോയവരെ വിളിച്ചുവരുത്തി.
ഈ അഞ്ചാറ് മിനിട്ട് കാര്‍ത്തികേയന്‍ താടിക്ക് കൈയും കൊടുത്ത് നിസ്സഹായനായി അധ്യക്ഷപദത്തിലിരുന്നു. ഭരണപക്ഷത്ത് ആളെണ്ണം തികഞ്ഞപ്പോള്‍ വോട്ടെടുപ്പ് അനുവദിച്ചു. ഒരാള്‍ രണ്ട് വോട്ട് ചെയ്‌തെന്നും പറഞ്ഞായി അപ്പോള്‍ ബഹളം. നടപടികള്‍ റെക്കോഡ് ചെയ്തത് പ്രതിപക്ഷത്തെക്കൂടി കാണിച്ച് അദ്ദേഹം തന്റെ നിഷ്പക്ഷത തെളിയിച്ചു.
പിന്നീടൊരിക്കല്‍ ഈ സംഭവത്തെക്കുറിച്ച് കാര്‍ത്തികേയനോട് ചോദിച്ചു. ''പാര്‍ട്ടിയല്ലെ എന്നെ എല്ലാമാക്കിയത്. പാര്‍ട്ടിയുടെ സര്‍ക്കാരിനെ ബലികഴിച്ച് ഒരു കാര്യം എനിക്ക് ചെയ്യാനാകുമോ?'' പരമാവധി നിഷ്പക്ഷനായി പ്രവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിന്റെ കാര്യങ്ങള്‍ നടത്തിക്കൊടുക്കുകയെന്നതും സ്പീക്കറുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് നിയമസഭയിലും കാര്‍ത്തികേയന്‍ ഇടയ്ക്കിടെ ഉരുവിടാറുള്ള വാചകമാണ്. ഒരിക്കല്‍ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ ഒച്ചയെടുത്തു. ഭരണപക്ഷത്തെ സ്പീക്കര്‍ തുണയ്ക്കുന്നുവെന്നായിരുന്നു കുറ്റപ്പെടുത്തല്‍. ''നിങ്ങള്‍ ബഹളംെവച്ച് എന്നെ ഒരു വശത്തേക്കാക്കരുത്''- അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയില്‍ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിന് സ്പീക്കറായ ആളാണ് കാര്‍ത്തികേയന്‍. എതിര്‍ സ്ഥാനാര്‍ഥി എ.കെ.ബാലനെക്കാള്‍ നാല് വോട്ട് മാത്രംകൂടുതല്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രതിപക്ഷ ബഹുമാനം ആര്‍ജിച്ച സഭാധ്യക്ഷന്മാരില്‍ മുമ്പനുമാണ് കാര്‍ത്തികേയന്‍. വോട്ടിങ് കഴിഞ്ഞ് അംഗങ്ങളോടൊത്തുള്ള ഒരിടവേളയില്‍ അത്യാവശ്യം ഹസ്തരേഖാശാസ്ത്രം അറിയാമെന്ന് നടിക്കുന്ന ബാലന്‍ കാര്‍ത്തികേയന്റെ കരം കവര്‍ന്നു. പ്രവചനം തുടങ്ങി. അംഗങ്ങള്‍ ചുറ്റും ചേര്‍ന്നു. കാര്‍ത്തികേയന്‍ ഇതിനെക്കാള്‍ വലിയ പദവിയിലേക്ക് പോകുമെന്നായിരുന്നു ബാലന്റെ പ്രവചനം.
നിയമസഭയെ ഹരിതാഭമാക്കാനുള്ള നടപടി അദ്ദേഹം ആദ്യംതന്നെ എടുത്തതായി സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി കെ. മോഹനകുമാര്‍ പറയുന്നു. ആദ്യംതന്നെ മഴവെള്ള സംഭരണി നിര്‍മിച്ചു. നിയമസഭയുടെ 125-ാം വാര്‍ഷികം പ്രമാണിച്ച് 125 മരങ്ങള്‍ ആ വളപ്പില്‍ നട്ടു. അതില്‍ അശോകം മുതല്‍ ശിംശിപാ വൃക്ഷതൈ വരെ ഉള്‍പ്പെട്ടു. നിയമസഭാ മ്യൂസിയം നവീകരിച്ചപ്പോള്‍ അതില്‍ ഗാന്ധിജിയുടെ പ്രത്യേക വിഭാഗം വേണമെന്നത് കാര്‍ത്തികേയന്റെ നിര്‍ബന്ധമായിരുന്നു.
നിയമസഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ ബില്‍ ഒരംഗം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചതിന് റൂളിങ് നടത്തിയ സ്പീക്കര്‍ തന്നെ എം.എല്‍.എ.മാര്‍ക്ക് ഐപാഡും ലാപ്‌ടോപ്പും നല്‍കി തന്റെ നിലപാട് വ്യക്തമാക്കി.
കെ.പി.സി.സി. പ്രസിഡന്റ് ഒഴികെ കോണ്‍ഗ്രസ്സില്‍ ഒരുവിധപ്പെട്ട പദവികളിലെല്ലാം കാര്‍ത്തികേയനെത്തി. എന്നാല്‍ അപ്രതീക്ഷിതമായി ചില സ്ഥാനങ്ങളില്‍നിന്ന് വെട്ടിമാറ്റപ്പെട്ട അവസരങ്ങളും അദ്ദേഹത്തിനുണ്ടായി. നിലവിലുള്ള മന്ത്രിസഭയില്‍ കാര്‍ത്തികേയന്‍ അംഗമാകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് ആ മുന്നണിക്ക് ഭരണം ലഭിക്കുമ്പോള്‍ മന്ത്രിയല്ലാതെ വരില്ലല്ലോ. എന്നാല്‍ മന്ത്രിസ്ഥാനങ്ങള്‍ എ, ഐ വിഭാഗങ്ങള്‍ക്കായി വീതം െവച്ചപ്പോള്‍ കാര്‍ത്തികേയന്‍ തഴയപ്പെട്ടു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയോട് ഒരു തരത്തിലുള്ള നീരസവും അദ്ദേഹം പ്രകടിപ്പിച്ചില്ല. സ്പീക്കറായശേഷം ഉമ്മന്‍ ചാണ്ടിയും രമേശും കാര്‍ത്തികേയനുമായി മാനസ്സികമായി കൂടുതല്‍ അടുക്കുകയായിരുന്നു. ഇരുവരും യോജിച്ച് കാര്‍ത്തികേയനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുക വരെയുണ്ടായി.
തന്നെക്കാള്‍ ജൂനിയറായ രമേശ് ചെന്നിത്തലയും പന്തളം സുധാകരനും കരുണാകരന്‍ മന്ത്രിസഭയില്‍ അംഗങ്ങളാകുന്നതും കാര്‍ത്തികേയന്‍ കണ്ടതാണ്. അതിലും പരിഭവം പറഞ്ഞുനടന്നില്ല. കെ.എസ്.യു. കാലത്തും സമാന അനുഭവം ഉണ്ടായി. കേരള സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കാര്‍ത്തികേയന്റെ പേര് നിര്‍ദേശിക്കപ്പെട്ടതായിരുന്നു. എന്നാല്‍ അവസാനം നീലലോഹിതദാസന്‍ നാടാര്‍ക്കാണ് നറുക്ക് വീണത്.
എന്നാല്‍ ഇത്തരമനുഭവങ്ങളൊന്നും കാര്‍ത്തികേയനില്‍ പ്രതികാരബുദ്ധി ഉണര്‍ത്തിയില്ല. ഉമ്മന്‍ ചാണ്ടി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം വിട്ട് മന്ത്രിയാകുമെന്നും വാര്‍ത്ത പരന്ന കാലം. രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ സ്പീക്കര്‍സ്ഥാനം രാജിവെയ്ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. രോഗവും മറ്റൊരു പ്രേരണയാകാം. നേരിട്ട് കണ്ടപ്പോള്‍ കാര്‍ത്തികേയന്‍ പറഞ്ഞു. ''മന്ത്രിയാകാനില്ല. ഒരില പൊഴിയുന്ന ശബ്ദം പോലുമില്ലാതെ ഞാന്‍ രാജിവെയ്ക്കാം.'' സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കാര്‍ത്തികേയന്‍ നടത്തിയ പത്രസമ്മേളനത്തില്‍ അതെന്തിനാണെന്ന ചോദ്യങ്ങള്‍ തുരതുരാ ഉയര്‍ന്നു. ''ഞാനൊരു പൊളിറ്റിക്കല്‍ ആനിമലാണ്'' എന്ന് താത്വികമായായിരുന്നു മറുപടി.