
തിരുവനന്തപുരം: ''ചിലരൊക്കെ കരുതുന്നത് ഞാനങ്ങ് പോകുമെന്നാണ്''. അമേരിക്കയില്‍ ചികിത്സ കഴിഞ്ഞെത്തിയ കാര്‍ത്തികേയന്‍ സ്വന്തം മരണത്തെക്കുറിച്ച് പറഞ്ഞുചിരിച്ചതാണ് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്റെ ഓര്‍മയില്‍.
അമേരിക്കയില്‍ നിന്നെത്തിയ കാര്‍ത്തികേയനെ സന്ദര്‍ശിക്കാന്‍ അടുപ്പമുള്ളവര്‍ക്ക് മാത്രമായിരുന്നു അനുമതി. ഒരു സന്ധ്യയ്ക്ക് അസുഖവിവരം അന്വേഷിച്ചെത്തിയപ്പോഴായിരുന്നു കാര്‍ത്തികേയന്റെ കമന്റ്.
''ആയുസ്സ് നമ്മുടെ കൈയിലല്ലല്ലോ'' എന്ന് താന്‍ ആശ്വാസവാക്ക് പറഞ്ഞെങ്കിലും വേദന അറിയിക്കാതെ ഒപ്പമുള്ളവരെ ചിരിപ്പിക്കുകയായിരുന്നു കാര്‍ത്തികേയന്റെ ലക്ഷ്യമെന്ന് ശക്തന്‍ പറഞ്ഞു. രോഗം മറന്ന് കാര്‍ത്തികേയന്‍ പിന്നീട് പൊതുവേദികളിലെത്തുകയും ചെയ്തു.
നിയമസഭയില്‍ സ്വകാര്യബില്ലുകള്‍ അവതരിപ്പിക്കുന്ന വെള്ളിയാഴ്ച പലരും ഒപ്പിട്ടശേഷം മുങ്ങുന്നത് പതിവാണ്. പിരിയാറാകുമ്പോഴേക്കും വിരലിലെണ്ണാവുന്നവര്‍ മാത്രമാകും സഭയിലുണ്ടാവുക. പക്ഷേ കാര്‍ത്തികേയന്‍ പ്രതിപക്ഷ ഉപനേതാവായിരുന്ന കാലത്ത് വെള്ളിയാഴ്ച രാവിലെ തന്നെ വിളിക്കും. പിരിയുംവരെ സഭയിലുണ്ടാകണമെന്നായിരിക്കും കാര്‍ത്തികേയാജ്ഞ. അക്കാലത്ത് പിരിയുംവരെ സഭയില്‍ തുടരുന്ന സുഹൃത്തുക്കളായി തങ്ങള്‍ ഇരുവരുമുണ്ടായിരുന്നു.
കാട്ടാക്കടയും അരുവിക്കരയും തൊട്ടുരുമ്മിക്കിടക്കുന്ന മണ്ഡലങ്ങളാണ്. വര്‍ഷങ്ങളായി ഇവിടത്തെ എം.എല്‍. എ.മാര്‍ തമ്മിലും അതിരുകളില്ല. കാട്ടാക്കട താലൂക്ക് രൂപവത്കരണം മുതല്‍ ഇരുമണ്ഡലങ്ങളെയും തൊടുന്ന റോഡുകള്‍ വരെ ഈ സൗഹൃദം കൈമുതലാക്കി.
പരിപാടികള്‍ക്ക് ക്ഷണിച്ചാല്‍ വരാന്‍ പറ്റുമെങ്കില്‍ മാത്രം ഏല്‍ക്കും. ഏറ്റാല്‍ കൃത്യസമയത്ത് വരും. കാര്‍ത്തികേയനെ തന്റെ മണ്ഡലത്തിലെ പദ്ധതികള്‍ പലതും ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചതിന് പിന്നില്‍ സൗഹൃദത്തിനൊപ്പം ആ കൃത്യതാബോധവും കാരണമായിരുന്നുവെന്ന് ശക്തന്‍ പറഞ്ഞു.
1982 -ല്‍ ഒന്നിച്ചാണ് തങ്ങള്‍ നിയമസഭയിലെത്തുന്നത്. 15 വര്‍ഷം അടുത്തടുത്ത മണ്ഡലങ്ങളില്‍നിന്ന് വിജയിച്ചെത്തിയതോടെ ആത്മബന്ധം വികസനകാര്യങ്ങളിലേക്കും വളര്‍ന്നു. ഇടക്കാലത്ത് അടുത്തടുത്ത ഫ്ലൂറ്റുകളിലും താമസിച്ചത് കുടുംബങ്ങളെയും കൂട്ടിയിണക്കിയിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.