ബ്രൂണെയിലെ ബാലന്‍; സാഹസികനായ കാമുകന്‍

Posted on: 08 Mar 2015


തിരുവനന്തപുരം: യാത്ര ഹരമായിരുന്ന ജി.കാര്‍ത്തികേയന്റെ മനസ്സില്‍ ബാല്യത്തിലെ നീണ്ട ഒരു യാത്രയും ബ്രൂണെയിലെ ജീവിതവും നിറമുള്ള ഓര്‍മകളായിരുന്നു.

കാര്‍ത്തികേയന്റെ അച്ഛന്‍ ഗോപാലപിള്ള ബ്രൂണെയിലെ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയായ ബെര്‍മ ഷെല്ലിലെ ഉദ്യോഗസ്ഥനായിരുന്നു. രണ്ടാം ക്ലാസ്സുവരെ ഇടവയില്‍ പഠിച്ചിരുന്ന കാര്‍ത്തികേയനെയും അനുജനെയും അച്ഛന്‍ അങ്ങോട്ട് വിളിപ്പിച്ചു. ചെന്നൈയില്‍ നിന്ന് ബ്രൂണെയില്‍ എത്താന്‍ അന്ന് രണ്ട് കപ്പല്‍ കയറണം. ആദ്യം സിംഗപ്പൂരിലേക്ക് മൂന്നുദിവസത്തെ യാത്ര. പിന്നെ അവിടെനിന്ന് ഒരു രാത്രികൊണ്ട് ബ്രൂണെയിലേക്കും. അനുജനും അമ്മാവനും ഒത്തായിരുന്നു ആദ്യത്തെ ആ യാത്ര. ആ കപ്പലുകളുടെ പേര് കാര്‍ത്തികേയന്‍ മറന്നിരുന്നില്ല-എസ്.എസ്.റജൂലയും സ്റ്റേറ്റ് ഓഫ് മദ്രാസും.

അവിടെ ജൂനിയര്‍ േകംബ്രിഡ്ജ് സ്‌കൂളില്‍ മൂന്നാം ക്ലാസ്സില്‍ ചേര്‍ന്നു. മൂന്നുവര്‍ഷം അവിടെ പഠിച്ചു. അപ്പോഴേക്കും നാട്ടിലേക്ക് തിരിച്ചുപോകാന്‍ അച്ഛന്‍ കൊതിച്ചു. അങ്ങനെ ആ കുടുംബം അവിടെനിന്ന് തിരിച്ചുപോന്നു. ഇടവ മുസ്ലിം സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ ചേര്‍ന്നു. പത്താം ക്ലാസ്സില്‍ ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി.

കാര്‍ത്തികേയന്‍ വായിക്കാന്‍ പഠിച്ചത് അച്ഛനില്‍ നിന്നാണ്. നല്ലൊരു വായനക്കാരനും കഥകളി ആസ്വാദകനുമായിരുന്നു അച്ഛന്‍ ഗോപാലപിള്ള. ബ്രൂണെയില്‍ താമസിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് ബാലസാഹിത്യ പുസ്തകങ്ങള്‍ മക്കള്‍ക്കായി അവിടേക്ക് വരുത്തി നല്‍കിയിരുന്നു ആ അച്ഛന്‍. നാട്ടിലെത്തിയപ്പോള്‍ അവിടത്തെ സന്‍മാര്‍ഗ പ്രദായിനി വായനശാലയിലെ സ്ഥിരം സന്ദര്‍ശകനായി കാര്‍ത്തികേയന്‍. വായനയാണ് പിന്നീട് ആ ജീവിതത്തെ നയിച്ചത്. ഐ.എ.എസുകാരനാവുക എന്ന മോഹം ജനിപ്പിച്ചതും പുസ്തകങ്ങളാണ്. .

അസമിലെ സിപ്‌സാഗറിലായി പിന്നീട് അച്ഛന്റെ ഉദ്യോഗം. പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ കാര്‍ത്തികേയനെ അച്ഛന്‍ അസമിലേക്ക് വിളിപ്പിച്ചു. അന്നവിടെ എണ്ണഖനനം തുടങ്ങുന്നതേയുള്ളൂ. അവിടെ ഒ.എന്‍.ജി.സി തുടങ്ങുന്ന ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം ജോലി ഉറപ്പ്. മകന് അവിടെ ജോലി നേടിക്കൊടുക്കാനും അതുവഴി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് രക്ഷപ്പെടുത്താനുമാണ് അച്ഛന്‍ ആഗ്രഹിച്ചത്. ചെന്നൈയില്‍ നിന്ന് സിപ്‌സാഗറിലെത്താന്‍ അഞ്ച് തീവണ്ടി മാറിക്കയറണം. ഒരാഴ്ച യാത്രചെയ്ത് കാര്‍ത്തികേയന്‍ അവിടെയെത്തി. ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പ്രവേശന പരീക്ഷയെഴുതി. എന്നാല്‍ മനസ്സുമുഴുവന്‍ നാട്ടിലായിരുന്നതിനാല്‍ കാര്‍ത്തികേയന്‍ അസമില്‍ നിന്നില്ല. ഒരാഴ്ചയ്ക്കകം മടങ്ങി. അച്ഛനത് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം അമ്മയ്ക്ക് എഴുതി; ''നിന്റെ മോന്‍ അങ്ങോട്ട് വരുന്നുണ്ട്, രാജ്യം വെട്ടിപ്പിടിക്കാന്‍.''

ജീവിതസഖിയായി മാറിയ സുലേഖയെ പ്രണയിച്ചപ്പോഴും കുടചൂടിയത് വായനയാണ്. അന്ന് കാര്‍ത്തികേയന്‍ േലാ കോളേജില്‍ പഠിക്കുന്നു. കെ.എസ്.യു പ്രസിഡന്‍റ് ആയിരുന്നപ്പോഴാണ് സുലേഖയെ പരിചയപ്പെട്ടത്. വായിക്കുന്ന പെണ്‍കുട്ടിയുമായുള്ള സൗഹൃദം പ്രണയമായി വളര്‍ന്നു. സുലേഖയ്ക്ക് മഞ്ചേരി എന്‍.എസ്.എസ്. കോളേജില്‍ അധ്യാപികയായി ജോലികിട്ടി. കാര്‍ത്തികേയന് ജോലിയില്ല. സുലേഖയുടെ വീട്ടുകാര്‍ കല്യാണാലോചന തുടങ്ങി. രാപ്പകല്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി നടക്കുന്ന കാര്‍ത്തികേയനെ സുലേഖയുടെ വീട്ടുകാര്‍ സ്വാഭാവികമായി തിരഞ്ഞെടുക്കില്ലെന്ന് ഉറപ്പായിരുന്നു. ഇനി പിടിച്ചുനില്‍ക്കാനാവില്ലെന്ന സുലേഖയുടെ കത്തുകിട്ടിയപ്പോള്‍ കാര്‍ത്തികേയന് കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല. ഒരു സുഹൃത്തുമൊത്ത് അദ്ദേഹം നേരെ മലപ്പുറത്തേക്ക് പോയി. സുലേഖയെ വിളിച്ചിറക്കി കൊണ്ടുപോന്നു. കൈയിലൊരു കാശുമില്ലാത്ത, പ്രണയം മാത്രം മുതലായുള്ള ഒരു കാമുകന്റെ സാഹസികത.

അന്ന് സുലേഖയുമായി നേരെ മുന്‍ മന്ത്രി എം.പി.ഗംഗാധരന്റെ വീട്ടിലെത്തി. അവിടെനിന്ന് ഊണുകഴിച്ചു. ഇപ്പോള്‍ സി.പി.എം. നേതാവും അന്ന് മലപ്പുറം ഡി.സി.സി. പ്രസിഡന്റുമായിരുന്ന ടി.കെ.ഹംസ കൊടുത്ത 50 രൂപയുംകൊണ്ട് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ തിരുവനന്തപുരത്തേക്ക് പോന്നു. പോത്തന്‍കോട് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. കുറച്ചുദിവസങ്ങള്‍ക്കുശേഷം തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഹാളില്‍വെച്ച് കല്യാണവും നടത്തി.

ഓര്‍ക്കാപ്പുറത്തുള്ള കല്യാണം വരുത്തിയ പ്രതിസന്ധി നിറഞ്ഞ ദിനങ്ങളായിരുന്നു പിന്നീട് കുറച്ചുകാലം. 24 മണിക്കൂറും രാഷ്ട്രീയ പ്രവര്‍ത്തനവുമായി നടന്നിരുന്ന തന്നെ നല്ലൊരു കുടുംബനാഥനും ഭര്‍ത്താവും അച്ഛനുമൊക്കെ ആയി മാറ്റിയെടുത്തതിന്റെ ക്രെഡിറ്റ് അദ്ദേഹം സുലേഖയ്ക്ക് നല്‍കി. ''ഞാനൊരു വ്യക്തിയായി രൂപപ്പെട്ടത് എന്റെ ഭാര്യയെ കണ്ടെത്തിയതോടെയാണ്''-അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. നിയമസഭയില്‍ പ്രണയം വിഷയമാകുമ്പോഴൊക്കെ സ്പീക്കറുടെ അനശ്വര പ്രണയകഥയുടെ സൂചനകള്‍ ഒളിഞ്ഞും തെളിഞ്ഞും പലരുടെയും പ്രസംഗങ്ങളില്‍ മധുരം നിറയ്ക്കുമായിരുന്നു.

കാര്‍ത്തികേയന്റെ പ്രശസ്തമായ ആ താടിക്ക് പിന്നിലുമുണ്ട് ഒരു കഥ. 1980-ല്‍ വര്‍ക്കലയില്‍ നിന്നായിരുന്നു കാര്‍ത്തിേകയന്റെ ആദ്യ അങ്കം. അന്ന് തോറ്റു. അതിനുശേഷം കവടിയാറിലെ വാടകവീട്ടില്‍ കഴിയുമ്പോള്‍ കട്ടിലിന്റെ കാലില്‍ കൈയിടിച്ചു. എല്ലു പൊട്ടി. രണ്ടുമാസം നീണ്ട ആയുര്‍വേദ ചികിത്സയ്ക്കിടെ ഷേവുചെയ്യാന്‍ ആയില്ല. ചികിത്സ കഴിഞ്ഞപ്പോള്‍ കാര്‍ത്തികേയന് ആ താടിയോട് ഇഷ്ടം തോന്നിത്തുടങ്ങി. 82-ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച താടിയുള്ള കാര്‍ത്തികേയന്‍ കെ.അനിരുദ്ധനെന്ന കരുത്തനെ തോല്‍പ്പിച്ച് വിജയരഥമേറി. അങ്ങനെ ആ താടി ഭാഗ്യചിഹ്നമായി.




1
gk orma
GK ADARANJALI

 

ga