ഓര്‍മയായത് കുന്നന്താനത്തിന്റെ മരുമകന്‍

Posted on: 08 Mar 2015


മല്ലപ്പള്ളി:
കേരളരാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വത്തിനുടമയായ ജി.കാര്‍ത്തികേയനും പത്തനംതിട്ട ജില്ലയും തമ്മില്‍ പ്രത്യേകബന്ധമുണ്ട്. ഇവിടത്തെ കുന്നന്താനം കൃഷ്ണനിവാസില്‍ ജി.കെ.പണിക്കരുടെയും പി.കെ.തങ്കമ്മയുടെയും മകള്‍ സുലേഖ 1979 ജൂലായ് 7ന് ജി.കെ.യുടെ വധുവായി.

നല്ലപാതിയുടെ നാടിനോടും നാട്ടുകാരോടും അദ്ദേഹം പ്രത്യേകവാത്സല്യം കാട്ടിയിരുന്നു. ആ ജനകീയാഭിമുഖ്യം മാറ്റുതെളിയിച്ച നിരവധി അവസരങ്ങള്‍ ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു.

മാവേലിസ്റ്റോര്‍ അനുവദിക്കുന്ന കാര്യത്തില്‍ വിവാദം ഉയര്‍ന്നപ്പോള്‍ എഴുമറ്റൂര്‍ പഞ്ചായത്തില്‍ അദ്ദേഹം രണ്ടു സ്ഥാപനം അനുവദിച്ചത് മുന്‍ എം.എല്‍.എ. ജോസഫ് എം. പുതുശേരി അനുസ്മരിച്ചു. അന്നുവരെയുള്ള ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു ഈ നടപടി. വാളക്കുഴിയിലും എഴുമറ്റൂരിലും സ്റ്റോറുകള്‍ തുടങ്ങാന്‍ അനുമതി കിട്ടിയത് കാര്‍ത്തികേയന്റെ ഉറച്ച തീരുമാനംകാരണമായിരുന്നു.

ഇലാസ്റ്റിക്കില്‍ തൂങ്ങി തടവുകാരന്‍ മരിച്ചപ്പോള്‍ പോലീസ്സ്‌റ്റേഷനിലേക്ക് നാട്ടുകാര്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനംചെയ്യാന്‍ കാര്‍ത്തികേയന്‍ എത്തിയ കാര്യം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുകോശി പോള്‍ ഓര്‍മിക്കുന്നു. 2014 ജനവരി 13ന് മല്ലപ്പള്ളി ഫെസ്റ്റ് സന്ദര്‍ശിച്ചതാണ് അദ്ദേഹത്തിന്റെ ഇവിടത്തെ അവസാനചടങ്ങ്.

ശതാബ്ദിനിറവിലെത്തിയ മുന്‍ എം.എല്‍.എ. റോസമ്മ പുന്നൂസിനെ നേരില്‍ക്കണ്ട് ആശംസയറിയിക്കാന്‍ അദ്ദേഹം കുന്നന്താനത്ത് വന്നിരുന്നു. പിന്നീട് അവരുടെ അന്ത്യയാത്രയിലും പങ്കെടുത്തു.

മല്ലപ്പള്ളി ഇലക്ട്രിക്കല്‍ മേജര്‍ സെക്ഷന്‍ സബ്‌സ്റ്റേഷനില്‍ നടത്തിയ ചടങ്ങില്‍ കാര്‍ത്തികേയന്‍ പങ്കെടുത്തിരുന്നു. നിരവധി വികസനപദ്ധതികള്‍ പ്രഖ്യാപിക്കുകയുംചെയ്തു. തിരുത്തല്‍വാദരാഷ്ട്രീയകാലയളവിനു മുമ്പേ കാര്‍ത്തികേയന്റെ അനുയായിയും ഭാര്യ സുലേഖയുടെ ബന്ധുവുമായ കുന്നന്താനം പാലാഴിയില്‍ സുരേഷ്ബാബു ഓര്‍മിച്ചു.

1976ലെ കേരള സര്‍വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കാര്‍ത്തികേയന്‍ വിജയിക്കുമ്പോള്‍ ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജില്‍നിന്നുള്ള കൗണ്‍സിലറായി അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനും സുരേഷിനായി. അന്ന് രമേശ് ചെന്നിത്തലയായിരുന്നു ചങ്ങനാശ്ശേരി കോളേജ് യൂണിയന്‍ ചെയര്‍മാന്‍.

സംസ്ഥാനമന്ത്രിസഭയില്‍ അംഗമായപ്പോള്‍ ആദ്യം ലഭിച്ച ശന്പളവുമായി കാര്‍ത്തികേയന്‍ ആദ്യമെത്തിയത് കുന്നന്താനം പ്രത്യാശാഭവനിലേക്കായിരുന്നു. തുക സംഭാവനചെയ്ത് അവിടത്തെ അനാഥര്‍ക്കൊപ്പം ഭക്ഷണം കഴിച്ചാണ് അദ്ദേഹം അന്നു മടങ്ങിയത്.

സ്‌കൂളവധിക്കാലത്ത് മക്കളെ ഇരുവരെയും കുന്നന്താനത്തെ വീട്ടിലേക്കയച്ച് നാടുമായുള്ള ബന്ധം മുറിയാതെ ശ്രദ്ധിച്ചിരുന്നു. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കാലശേഷമാണ് ഈ പതിവു മുടങ്ങിയത്.



1
gk orma
GK ADARANJALI

 

ga