കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ജി.കെ എന്നാണ് ജി.കാര്‍ത്തികേയന് വിളിപ്പേര്. ഗ്രൂപ്പില്ലാതെ നിലനില്‍പ്പില്ലാത്ത കോണ്‍ഗ്രസില്‍ ഐയിലും തിരുത്തലിലും എയിലുമൊക്കെ ജി.കെയുടെ പേരുണ്ടായിരുന്നു. എന്നാല്‍ ആ ഗ്രൂപ്പ് മാറ്റങ്ങളൊന്നും ഒന്നും വെട്ടിപ്പിടിക്കാനോ ഏതെങ്കിലും സ്ഥാനമാനങ്ങള്‍ക്കോ വേണ്ടിയായിരുന്നില്ല. കരുണാകരപക്ഷവും ആന്റണിപക്ഷവുമായി കോണ്‍ഗ്രസ് രണ്ട് ചേരിയായി കോണ്‍ഗ്രസ് നിലനിന്ന കാലത്ത് രൂപംകൊണ്ട തിരുത്തല്‍വാദത്തിന്റെ മുന്നണിപോരാളിയായി ജി.കെ.
ഒടുവില്‍ തിരുത്തല്‍വാദം മൂന്നാം ഗ്രൂപ്പായി പരിണമിച്ചതോടെ കുറച്ചുകാലം ആന്റണിപക്ഷത്തോട് ചേര്‍ന്ന് ആ പേര് കേട്ടു. ക്രമേണ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് ഗ്രൂപ്പില്ലാത്ത ചുരുക്കം നേതാക്കളുടെ കൂട്ടത്തിലായി ജി.കെയും. ഏത് കാര്യത്തിലും ഉറച്ചനിലപാടുണ്ടായിരുന്ന കോണ്‍ഗ്രസിലെ ആദര്‍ശമുഖങ്ങളില്‍ ഒരാളായിരുന്നു കാര്‍ത്തികേയന്‍. ആന്റണി പക്ഷത്തല്ലാവരെ പൊതുവേ ആദര്‍വാദികളായി കണക്കാക്കാത്ത കാലമാണ് കൂടി ഓര്‍ക്കുക. പക്ഷേ ജി.കെ എന്തുകൊണ്ടും ആ വിശേഷണത്തിന് അര്‍ഹനാണ്.
ചെറുപ്പംമുതലെ വായന ഇഷ്ടപ്പെട്ടിരുന്ന കാര്‍ത്തികേയന്‍ ആഗ്രഹിച്ചത് ഐ.എ.എസുകാരനാകാണ്. അന്ന് എസ്.എസ്.എല്‍ ഒന്നാം ക്ലാസില്‍ പാസായി ഐ.എ.എസുകാരനാകാന്‍ ആഗ്രഹിച്ച് തന്നെയാണ് കൊല്ലം എസ്.എന്‍ കോളജില്‍ അദ്ദേഹം പ്രീഡിഗ്രിക്ക് ചേര്‍ന്നത്. എന്നാല്‍ ഒരു നിയോഗം പോലെ ചില സ്‌നേഹ നിര്‍ബന്ധങ്ങളുടെ ഭാഗമായി പ്രീഡിഗ്രി വിഭാഗത്തിന്റെ ചെയര്‍മാനായി മത്സരിച്ചു, ജയിച്ചു. അതോടെ രാഷ്ട്രീയത്തിലേക്കുള്ള വഴിയേ നടന്നുതുടങ്ങി. ബിരുദ പഠനകാലത്തോടെ രാഷ്ട്രീയത്തില്‍ വേരുറച്ചു.. മൂന്നു തവണയും എസ്.എന്‍ കോളജില്‍ ചെയര്‍മാനായി. കെ.എസ്.യുവിന്റെ സംസ്ഥാന നേതൃനിരയിലേക്ക് വളര്‍ന്നു. തിരുവഞ്ചൂര്‍, എം.എംഹസ്സന്‍, പി.സി ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം അറിയപ്പെടുന്ന പേരുകാരനായി. വൈകാതെ കെ.എസ്.യു പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അങ്ങനെ ഒന്നൊന്നായി പദവികള്‍ തേടിയെത്തി.
ചെയര്‍മാന്‍ സ്ഥാനവും അട്ടിമറിയും
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അട്ടിമറികളില്‍ നിന്നും ചരടുവലികളിലില്‍ നിന്നും ഒഴിയാന്‍ ജി.കെയ്ക്കുമായില്ല. രാഷ്ട്രീയ യാത്രയില്‍ കേരള സര്‍വകലാശാല ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ടത് അങ്ങനെയൊരു അവസാന നിമിഷത്തെ അട്ടിമറിയിലാണ്. അന്ന് എം.ജി യൂണിവേഴ്‌സിറ്റിയില്ല. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള കോളജുകള്‍ കേരള സര്‍വകലാശാലയ്ക്ക് കീഴിലാണ്. കോട്ടയത്ത് ചേര്‍ന്ന കെ.എസ്.യു യോഗം കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് കാര്‍ത്തികേയന്റെ പേര് നിര്‍ദേശിച്ചു. പിറ്റേ ദിവസം വാര്‍ത്തയും വന്നു. എന്നാല്‍ അന്ന് കെ.എസ്.യു.വിന്റെ അവസാനവാക്കായ വയലാര്‍ രവി ഡല്‍ഹിയില്‍ നിന്നെത്തി ഏവരേയും അമ്പരപ്പിച്ചുകൊണ്ട് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ നീലലോഹിതദാസിനെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ആ പാരയുടെ ആഴവും അത് ഏത് ചേരിയില്‍ നിന്നെന്നോ ഒന്നും ജി.കെ അന്വേഷിച്ചില്ല. ആ നീലന്‍ പിന്നെ കോണ്‍ഗ്രസ് വിട്ടു. ജി.കെ മരിക്കും വരെയും കോണ്‍ഗ്രസുകാരനായി തന്നെയാണ് ജീവിച്ചത്.
1978 ല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പ്. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമടങ്ങുന്ന യുവനിര കൂട്ടത്തോടെ കോണ്‍ഗ്രസ് വിട്ടു. കരുണാകരനൊപ്പം ഇന്ദിരാ കോണ്‍ഗ്രസില്‍ ജി.കെ ഉറച്ചുനിന്നു. അതോടെ ജി.കെയുടെ വളര്‍ച്ചയുടെ വേഗം കൂടി. ദേശീയതലത്തില്‍ ഇന്ദിരയ്ക്കും രാജീവിനും നേരിട്ട് പരിചയമുള്ള അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു അക്കാലത്ത് ജി.കെ.
അവിടെ നിന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി, തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സിയുടെ ഏക വൈസ് പ്രസിഡന്റ് പദം വരെ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കെ.പി.സി.സി പ്രസിഡന്റ് പദവി ഒഴികെ എല്ലാ പാര്‍ട്ടി പദവിയും അലങ്കരിച്ചു. ഒരു വര്‍ഷം മുമ്പ് ഐയും എയും സംയുക്തമായി കാര്‍ത്തികേയനെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കാന്‍ ആവശ്യപ്പെട്ടതും കേരള രാഷ്ട്രീയം കണ്ടതാണ്. രാഹുല്‍ഗാന്ധി നേരിട്ട് വി.എം സുധീരനെ അധ്യക്ഷനാക്കിയപ്പോള്‍ ആദ്യം അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ഓടിയെത്തിയതും ജി.കെയായിരുന്നു.
ഇതിനും ഒരു പിന്നാമ്പുറ കഥയുണ്ട്. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നിരുന്ന കാലം. എ.കെ ആന്റണിക്കെതിരെ പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥി ജി.കെ ആകുമെന്ന് ചില കോണുകളില്‍ നിന്ന് സൂചനകള്‍ വന്നസമയം. എന്നാല്‍ തന്ത്രശാലിയായ കരുണാകരന്‍ ആന്റണി പക്ഷത്ത് നിന്ന് സാക്ഷാല്‍ വയലാര്‍ രവിയെ പിടിച്ച് ആന്റണിക്കെതിരെ നിര്‍ത്തിയത് കേരളരാഷ്ട്രീയത്തിലെ ഏറ്റവും വലിയ കരുനീക്കമായിരുന്നു. എന്നിട്ടും ആ വയലാര്‍ രവിക്ക് വേണ്ടി ജി.കെ അരയും തലയും മുറുക്കി ഇറങ്ങി. അന്ന് കൈവിട്ട പി.സി.സി അധ്യക്ഷ സ്ഥാനം ഐയും എയും ചേര്‍ന്ന് ആവശ്യപ്പെട്ടിട്ട് പോലും മരിക്കുംവരെയും ജി.കെയ്ക്ക് വന്ന് ചേര്‍ന്നില്ല.
പ്രണയം, വിളിച്ചിറക്കി പെണ്ണുകെട്ടല്‍
കെ.എസ്.യു പ്രസിഡന്റായിരിക്കെയാണ് പിന്നീട് സഹധര്‍മ്മിണിയായ സുലേഖയെ ജി.കെ ആദ്യമായി കാണുന്നത്. വായനയും പുസ്തകവും ഇടംപിടിച്ച അവരുടെ സംഭാഷണങ്ങള്‍ പ്രണയമായി വളര്‍ന്നു. പഠനത്തിന് ശേഷം സുലേഖയ്ക്ക് മഞ്ചേരി എന്‍.എസ്.എസ് കോളജില്‍ ജോലികിട്ടി. ശമ്പളം കിട്ടിത്തുടങ്ങിയില്ല. വീട്ടുകാര്‍ വേറെ വിവാഹം ഉറപ്പിക്കുന്ന ഘട്ടമെത്തി. അവര്‍ ജി.കെയെ വിവരം അറിയിച്ചു. ജി.കെ നയം വ്യക്തമാക്കി. സിനിമസ്റ്റൈലില്‍ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തെത്തി സുലേഖയെ വിളിച്ചിറക്കി കൂടെക്കൂട്ടി. നയം വ്യക്തമാക്കുന്നു എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം കാര്‍ത്തികേയനല്ലേ എന്ന് ചോദിച്ചവരോട് സുലേഖ പറഞ്ഞത്, ആ കഥാപാത്രത്തിന്റെ പോക്കറ്റിലന്ന് പത്തോ പതിനൊന്നോ രൂപയില്ലായിരുന്നോ. ഇവിടെ പത്തുപൈസ പോക്കറ്റിലില്ലാതെയാണ് വിളിച്ചിറക്കാന്‍ വന്നതെന്ന്. എം.പി ഗംഗാധരന്റെ വീട്ടില്‍ നിന്ന് ഉച്ചഭക്ഷണവും കഴിഞ്ഞ് മലപ്പുറം ഡി.സി.സി പ്രസിഡന്റ് ഹംസ(ഇപ്പോള്‍ ഇടതുപക്ഷത്തുള്ള ടി.കെ.ഹംസ) കൊടുത്ത 50 രൂപയുമായി കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഇരുവരും തിരുവനന്തപുരത്തേക്ക്. കരുണാകരന്റെ ആശിര്‍വാദത്തോടെ തിരുവനന്തപുരത്ത് വിവാഹച്ചടങ്ങ്. സുലേഖ ജി.കെയുടെ ഭാര്യായി.

യൂത്ത് കോണ്‍ഗ്രസുകാരനായി 1980 ല്‍ നിയമസഭയിലേക്ക് കന്നിയങ്കം. വിജയസാധ്യത തീരെയില്ലാത്ത വര്‍ക്കലയാണ് തിരഞ്ഞെടുത്തത്. അവിടെ വേണ്ട എന്ന് ലീഡര്‍ പറഞ്ഞിട്ടും വഴങ്ങിയില്ല. യുവത്വത്തിന്റെ ആത്മവിശ്വാസം കൈമുതലാക്കി മത്സരിച്ചു. മുന്‍തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7000 വോട്ട് കൂടുതല്‍ നേടിയെങ്കിലും 7261 വോട്ടിന് വര്‍ക്കല രാധാകൃഷ്ണനോട് തോറ്റു.
തിരുത്തല്‍വാദത്തിന്റെ പിറവി
അപകടത്തില്‍ മാരകമായി പരിക്കേറ്റ് കരുണാകരന്‍ രക്ഷപ്പെടുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കാലം. അന്ന് നിയമസഭാ കക്ഷി ഉപനേതാവ് ഉമ്മന്‍ ചാണ്ടിയാണ്. ഗ്രൂപ്പ് പോരിന് ശമനമില്ലാത്ത കാലം. കരുണാകരന് പകരക്കാരനെ കണ്ടെത്തേണ്ടി വന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് നറുക്ക് വീഴും. അതിനെ വെട്ടാന്‍ ഐക്കാരില്‍ ചിലര്‍ സി.വി പദ്മരാജന്‍ അടക്കമുള്ളവരുടെ പേര് മുന്നോട്ട് വക്കുന്നു. അതിന് പിന്നിലെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചവരില്‍ ജി.കെയും ഉണ്ടായിരുന്നു. ഐക്കാരന് പകരം ഒരു എക്കാരന്റെ വഴിയടക്കുക എന്നതായിരുന്നു ഈ നിക്കത്തിന്റെ പിന്നില്‍. എന്നാല്‍ കരുണാകരന്‍ തിരിച്ചെത്തിയപ്പോള്‍ കാര്‍ത്തികേയനും ചെന്നിത്തലയും കെ.സി വേണുഗോപാലും അടക്കുന്ന നേതാക്കള്‍ക്കെതിരെ ലീഡര്‍ക്ക് ഫീഡിങ് കിട്ടി. അതോടെ ലീഡര്‍ക്ക് അവര്‍ അനഭിമതരായി. ഐയിലും എയിലുമില്ലാത്ത സ്ഥിതി. അങ്ങനെ അവര്‍ തിരുത്തല്‍വാദികളായി. പുതിയ മുന്നേറ്റത്തിന്റെ ആവേശം കെട്ടപ്പോള്‍ രമേശും കെ.സി വേണുഗോപാലും മൂന്നാം ഗ്രൂപ്പുകാരായി.
താടിക്ക് പിന്നിലെ കഥ
വര്‍ക്കലയില്‍ കന്നിയങ്കം തോറ്റ് കവടിയാറില്‍ വാടക വീട്ടില്‍ താമസം. കട്ടിലിന്റെ കാലില്‍ കൈയിടിച്ചു. ഒടിവുണ്ടെന്ന് അറിയാന്‍ വൈകി. ആയുര്‍വേദ ചികിത്സ. രണ്ട് മാസം നീണ്ട ചികിത്സ. ആ രണ്ടുമാസവും ഷേവ് ചെയ്യാന്‍ പറ്റിയില്ല. അങ്ങനെ താടി വളര്‍ന്നു. ചികിത്സകഴിഞ്ഞു. ഷേവ് ചെയ്യാന്‍ സോപ്പെടുത്ത് പതപ്പിച്ചു. റെയ്‌സര്‍ താടിവരെയെത്തി. പെട്ടെന്ന് തോന്നി. രണ്ട് മാസം ഇങ്ങനെയിരുന്നു ഇനിയെന്തിനാണ് എടുക്കുന്നത്. 80 ലെ തിരഞ്ഞെടുപ്പ് പോസ്റ്ററില്‍ താടിയില്ലാത്ത ജി.കെ ആയിരുന്നെങ്കില്‍ 82 ലെ ഇലക്ഷനില്‍ താടിയുമായിട്ടാണ് തിരുവനന്തപുരം നോര്‍ത്തില്‍ മത്സരിച്ചത്. എന്‍.അനിരുദ്ധനെന്ന കരുത്തനെ അട്ടിമറിച്ചുകൊണ്ട് ആദ്യമായി നിയമസഭയിലെത്തി. ഏതായാലും ആ താടി ജി.കെയുടെ മുഖത്ത് നിന്ന് പിന്നീട് മാഞ്ഞിട്ടില്ല. 87 ല്‍ തിരുവനന്തപുരം നോര്‍ത്തില്‍ വീണ്ടും എം.വിജയകുമാറിനോട് തോറ്റു.
പിന്നെ തട്ടകം ആര്യനാട്ടേക്ക് മാറ്റി. പിന്നെ നാല് തവണ തുടര്‍ച്ചയായി ആര്യനാട്ട് നിന്ന് സഭയിലെത്തി. 2011 ല്‍ ചെറിയമാറ്റങ്ങളുമായി ആര്യനാട് മാറി അരുവിക്കരയായപ്പോഴും ജനത്തിന്റെ വിശ്വാസം കുറഞ്ഞില്ല. കരുണാകരന്‍ മന്ത്രിസഭയുടെ തുടര്‍ച്ചയായി 1995 ല്‍ ആന്റണി മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയാകുന്നത്. വൈദ്യുതി വകുപ്പാണ് കൈകാര്യം ചെയ്തത്. 2001 ല്‍ വീണ്ടും ആന്റണി മന്ത്രിസഭയില്‍ അംഗമായി. രണ്ടാം തവണ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്. 2011 ല്‍ ഗ്രൂപ്പ് വീതം വെപ്പില്‍ മന്ത്രിസ്ഥാനം കിട്ടാതെ പോയ ജി.കെക്ക് ആന്റണി ഇടപെട്ടാണ് സ്പീക്കര്‍ സ്ഥാനം വാങ്ങിക്കൊടുത്തതെന്നാണ് പറഞ്ഞുകേട്ടത്. ഏതായാലും നൂല്‍പ്പാലത്തിലൂടെ നാല് വര്‍ഷം കടന്നുപോയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നതില്‍ സ്പീക്കറായ ജി.കെയുടെ പങ്ക് ചെറുതല്ല. എം.എല്‍.എ ഹോസ്റ്റലില്‍ ഒരു പ്രതി താമസിച്ചുവെന്ന ആരോപണം വന്നപ്പോഴും കര്‍ക്കശക്കാരനായ കാര്‍ത്തികേയനെ കേരളം കണ്ടു. അര്‍ബുദം പിടിമുറുക്കിയിരുന്നില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ പുന:സംഘടനയില്‍ ഒരുപക്ഷേ മന്ത്രിയായേനെ. ജി.കെയ്ക്കായി ഉദ്ദേശിച്ച പുന:സംഘടന ഏതായാലും നടന്നതേയില്ല. നിയമസഭയക്കുള്ളില്‍ വച്ച് സ്പീക്കര്‍ സ്ഥാനത്ത് നിന്നുള്ള രാജി കണ്ട കേരള രാഷ്ട്രീയത്തിന് പത്രസമ്മേളനം നടത്തി സ്പീക്കര്‍ സ്ഥാനം ഒഴിയുകയാനുള്ള സന്നദ്ധത പ്രഖ്യാപിച്ച ആദ്യ ആളും കാര്‍ത്തികേയനായിരുന്നു. ആ പ്രഖ്യാപനം വന്ന് ആറ് മാസങ്ങള്‍ക്കിപ്പുറവും പാര്‍ട്ടിയും അത് അംഗീകരിച്ചില്ല. സ്പീക്കര്‍ പദവിയിലിരിക്കെ തന്നെ കാര്‍ത്തികേയന്‍ വിടപറയുന്നു. ജി.കെയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പൊളിറ്റിക്കല്‍ ആനിമലിന്റെ വിയോഗം.