ഒരു നീണ്ടരാത്രിയുടെ ഓര്‍മ

മുഖപ്രസംഗം Posted on: 25 Jun 2015


സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ഭഗമായ ആ നീണ്ടരാത്രിയുടെ, അടിയന്തരാവസ്ഥയുടെ ഓര്‍മയ്ക്ക് നാലുപതിറ്റാണ്ടു തികയുകയാണ്. ജനാധിപത്യത്തെയും പൗരാവകാശത്തെയും തടങ്കലിലാക്കിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ അധികാരമുറപ്പിക്കാന്‍വേണ്ടി നടപ്പാക്കിയ അടിയന്തരാവസ്ഥ ഇന്ത്യയെ പത്തൊമ്പതുമാസം നീണ്ട ഇരുള്‍കാലത്തിലേക്കാണു വലിച്ചെറിഞ്ഞത്. ഇന്നത്തെ തലമുറയ്ക്ക് അടിയന്തരാവസ്ഥ ഒരു ചരിത്രപാഠം മാത്രമാണെങ്കിലും ആ നരകകാലം താണ്ടിവന്നവര്‍ക്ക് അത് അങ്ങനെയായിരുന്നില്ല. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടതിനെ സംബന്ധിച്ച പുതിയ രാഷ്ട്രീയവിവേകത്തോടൊപ്പം നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ ദൗര്‍ബല്യത്തെക്കുറിച്ചുള്ള ബോധവും അടിയന്തരാവസ്ഥ നല്‍കി. സ്വേച്ഛാധിപത്യത്തിലേക്കു വഴിതെറ്റുകയും സ്വന്തം ജനതയെ പീഡിപ്പിക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ ചരിത്രത്താല്‍ വിചാരണചെയ്യപ്പെടുമെന്ന പാഠം ഇന്ത്യന്‍ രാഷ്ട്രീയമനസ്സ് തിരിച്ചറിഞ്ഞു. എതിര്‍സ്വരങ്ങളെ നിര്‍ഭയം അടിച്ചമര്‍ത്തിയുള്ള അധികാരമുറപ്പിക്കല്‍ അധികാരിക്കു താത്കാലിക ജയവും അഹംബോധതൃപ്തിയും നല്‍കുമെങ്കിലും അത് രാഷ്ട്രത്തിന്റെയും ജനായത്തത്തിന്റെയും ആണിക്കല്ലുകള്‍ തകര്‍ക്കുമെന്ന ബോധം വളരെപ്പൈട്ടന്നുതന്നെ ഇന്ത്യന്‍ ജനതയ്ക്കും രാഷ്ട്രീയസ്ഥാപനങ്ങള്‍ക്കുമുണ്ടായി. പ്രതിസന്ധിഘട്ടങ്ങള്‍ പലതുമുണ്ടായിട്ടും പില്‍ക്കാല ഭരണകൂടങ്ങളൊന്നും ആ പൂര്‍വമാതൃകയെപ്പറ്റി ആലോചിക്കുകപോലും ചെയ്യാത്തതും അതുകൊണ്ടാണ്. ഈ അര്‍ഥത്തില്‍ അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്നു വിപരീതസ്തുതിയുടെ ഭാഷയില്‍പറയാം. സ്വാതന്ത്ര്യപ്പോരാട്ടം നയിച്ച ദേശീയപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയെന്ന മഹിതപദവി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു നഷ്ടമാക്കിയ അടിയന്തരാവസ്ഥയുടെ നാല്പതാം വാര്‍ഷികം ജനാധിപത്യത്തിന്റെ നവനിര്‍മാണത്തെക്കുറിച്ചുള്ള ആലോചനകളിലേക്കുവേണം നമ്മെ നയിക്കേണ്ടത്.

ഭരണത്തിനെതിരെ ജനസമൂഹത്തിലും സ്വന്തംപാര്‍ട്ടിയിലും ഉയര്‍ന്നുവന്ന എതിര്‍പ്പുകളെ നേരിടാനും തന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതിവിധി മറികടക്കാനുമാണ് 1975 ജൂണ്‍ 25ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 'ആഭ്യന്തരമായ അസ്വാസ്ഥ്യങ്ങള്‍ ഇന്ത്യയുടെ ഭദ്രതയെ ഭീഷണിപ്പെടുത്തുന്നു' എന്ന ന്യായംപറഞ്ഞ് ഭരണഘടനയുടെ 352ാം വകുപ്പനുസരിച്ചു നടപ്പാക്കിയ അടിയന്തരാവസ്ഥ അക്ഷരാര്‍ഥത്തില്‍ പൗരാവകാശങ്ങളെല്ലാം റദ്ദാക്കി. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഭരണഘടനയെത്തന്നെ അത് അസ്ഥാനത്താക്കി. സംസ്ഥാനങ്ങളുടെ എക്‌സിക്യുട്ടീവ് അധികാരത്തില്‍പ്പോലും കേന്ദ്രഭരണകൂടത്തിന് നിയന്ത്രണംനല്‍കിയ അടിയന്തരാവസ്ഥ പത്രങ്ങള്‍ക്കു കടുത്ത സെന്‍സര്‍ഷിപ്പും ഏര്‍പ്പെടുത്തി. ഭരണഘടനയിലെ 14, 21, 22 ഖണ്ഡികകളനുസരിച്ച് അവകാശം സ്ഥാപിച്ചുകിട്ടാന്‍ കോടതിയെ സമീപിക്കാന്‍ ജനങ്ങള്‍ക്കുള്ള അവകാശംപോലും നിരോധിച്ച ഭരണകൂടം ഇന്ത്യയെ സ്വേച്ഛാധിപത്യത്തിന്റെ നീണ്ട രാത്രിയിലേക്കു വലിച്ചെറിഞ്ഞു. അന്നത്തെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ സോവിയറ്റിയൂണിയനും യൂഗോസ്‌ളാവിയയുമെല്ലാം 'നാടിന്റെ പുരോഗമനപരമായ നേട്ടങ്ങള്‍ സംരക്ഷിക്കാനും പിന്തിരിപ്പന്മാരുടെ പദ്ധതികള്‍ തകര്‍ക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള' അടിയന്തരാവസ്ഥയ്ക്കു പിന്തുണ നല്‍കുകയാണു ചെയ്തത്. ഇന്ത്യയിലെ ഇടതുപക്ഷ കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ആര്‍.എസ്.എസ്സും ഹിന്ദുത്വവാദസംഘടനകളും അടിയന്തരാവസ്ഥയെ എതിര്‍ത്തപ്പോഴും അന്നത്തെ ശീതയുദ്ധ ലോകരാഷ്ട്രീയത്തില്‍ ഇന്ദിരാഗാന്ധി പിന്തുണനേടിയെടുത്തു. ജയപ്രകാശ് നാരായണന്‍ ഉള്‍പ്പെടെയുള്ള ആരാധ്യരായ സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് നേതാക്കളെയും കോണ്‍ഗ്രസ്സിലെ എതിര്‍പക്ഷക്കാരായ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവരെയും തടവറയിലടച്ചുകൊണ്ട് ഇന്ദിര തന്റെ സര്‍വാധിപത്യം നടപ്പാക്കി. 'പോലീസ് രാജി'ലേക്ക് ഇന്ത്യയെ പരിവര്‍ത്തിപ്പിച്ച അടിയന്തരാവസ്ഥയുടെ പൊള്ളുന്ന ഓര്‍മകള്‍ കേരളത്തിനുമുണ്ട്, കക്കയംപോലുള്ള പോലീസ് ക്യാമ്പുകളുടെയും രാജന്‍, അങ്ങാടിപ്പുറം ബാലകൃഷ്ണന്‍, വര്‍ക്കല വിജയന്‍ തുടങ്ങിയവരുടെ ദുര്‍മരണങ്ങളുടെയും രൂപത്തില്‍ ഇന്ത്യയെ ഒരു പീഡാഗൃഹമാക്കി മാറ്റിയ അടിയന്തരാവസ്ഥയുടെ ഓര്‍മകള്‍ നാല്പതിനുതാഴെ പ്രായമുള്ള ഇന്നത്തെ ഇന്ത്യക്കാരുടെയും മലയാളികളുടെയും ഓര്‍മയിലില്ല.

അറിഞ്ഞുകൊണ്ടു മറക്കേണ്ടതായ ചില ദശകളും അപഹാരകാലങ്ങളുമുണ്ട് ചരിത്രത്തില്‍. അവയിലൊന്നാണ് അടിയന്തരാവസ്ഥ.
അനുഭവപാഠങ്ങളാല്‍ ശക്തിപ്പെട്ടതാണ് ഇന്ന് നമ്മുടെ ജനാധിപത്യമെങ്കിലും അടിയന്തരാവസ്ഥയുടെ ഓര്‍മ ഇന്നും നമ്മുടെ രാഷ്ട്രീയമനസ്സിനെയും ബോധത്തെയും വലയ്ക്കുന്നു. ആ ഇരുണ്ടകാലത്തിന്റെ അനുഭവങ്ങളുള്ള മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി കഴിഞ്ഞദിവസങ്ങളിലൊന്നില്‍, അടിയന്തരാവസ്ഥയുടെ സാധ്യത ഇനിയും തള്ളിക്കളയാനാവില്ലെന്നു പറഞ്ഞത് ആ രാഷ്ട്രീയകക്ഷിയുടെ നേതൃത്വത്തിലുള്ള അഭിപ്രായഭിന്നതയുടെ പ്രതിഫലനമാണെന്നു വ്യാഖ്യാനിക്കാമെങ്കിലും അതില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പുള്ളത് തള്ളിക്കളയാനാവില്ല. സര്‍വാധിപതിയെപ്പോലെ പെരുമാറുകയും നടപടികള്‍ സ്വീകരിക്കുകയുംചെയ്യുന്ന ഒരു ഭരണാധികാരിക്ക് തന്റെ ശേഷിയും സ്വാധീനതയുംകൊണ്ട് നീതിന്യായവ്യവസ്ഥയും നിയമനിര്‍മാണസഭകളും ഉള്‍പ്പെടെയുള്ളവയുടെ പിന്തുണ പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ജനാധിപത്യ ധ്വംസനം സാധ്യമാണെന്നാണ് അപ്പറഞ്ഞതിനര്‍ഥം. ശീതയുദ്ധം ഓര്‍മയായിക്കഴിഞ്ഞതും ആഗോളീകരണം പൊതുനിയമമായിത്തീര്‍ന്നു കഴിഞ്ഞിരിക്കുന്നതും സാമൂഹികമാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ പുതിയ പ്രതിരോധമാര്‍ഗങ്ങളായിത്തീര്‍ന്നിരിക്കുന്നതുമായ ഇന്ന് ആ സംഭീതിയില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല. സാങ്കേതികവിദ്യയുടെ പിന്തുണയുള്ള വിനിമയവിപ്‌ളവം ഒരുതരം നവജനാധിപത്യം സൃഷ്ടിച്ചിരിക്കുന്നതാണ് ഇക്കാലമെങ്കിലും ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത ജനങ്ങള്‍ക്കുണ്ട്, അധികാരവും മൂലധനവും കൈവശമുള്ളവര്‍ക്കും. അടിയന്തരാവസ്ഥയുടെ ചരിത്രപാഠം ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിനെപ്പറ്റിയാണ് നമ്മെ ഓര്‍മിപ്പിക്കേണ്ടത്. സാധ്യമായ ഏറ്റവും നല്ല വഴിയായ ജനാധിപത്യത്തിനേല്ക്കുന്ന ഏതു മുറിവും മനുഷ്യരാശിയുടെ സ്വാഭാവികപ്രകൃതിയായ സ്വാതന്ത്ര്യത്തിനേല്‍ക്കുന്ന മുറിവായിരിക്കും. അനധീനവും അവ്യാഹതവുമായ മനുഷ്യസ്വതന്ത്രതയെപ്പറ്റിയുള്ള ആ ചിന്തയാണ് അടിയന്തരാവസ്ഥയെന്ന ദുര്‍ഭഗകാലത്തെക്കുറിച്ചുള്ള ഓര്‍മ ഇപ്പോള്‍ നമ്മിലുണര്‍ത്തേണ്ടത്.






 

ga