എന്റെ മുത്തച്ഛന്‍

സബിതാ വാര്യര്‍ Posted on: 24 Jun 2015

പോലീസ് സ്റ്റേഷനില്‍ മകന് അല്ലെങ്കില്‍ അച്ഛന് അതുമല്ലെങ്കില്‍ സുഹൃത്തിന് ഏറ്റ പീഡനത്തിന്- 'ഇനി എന്തുചെയ്യണം' എന്ന ചോദ്യവുമായി മുത്തച്ഛനെ കാണാന്‍ മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പുവരെ ആളുകളെത്തി. സ്‌നേഹവും വാത്സല്യവുമൊക്കെ വാരിക്കോരി കൊടുക്കുന്നതിനേക്കാള്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഏതോ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്ന ഭാവമായിരുന്നു എപ്പോഴും മുത്തച്ഛന്. പരുക്കനായിരുന്നു മുത്തച്ഛന്‍. എന്നാല്‍ മുത്തച്ഛന്റെ ഓരോ വാക്കും കാണാനെത്തുന്നവര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നു. രാജന്റെ അച്ഛന്‍, ഈച്ചരവാരിയര്‍ എന്ന മുത്തച്ഛനെ പേരക്കുട്ടി ഓര്‍മിക്കുന്നു.

ഒരു മഴക്കാലം കൂടി വരുന്നു. മഴ മാത്രം പറഞ്ഞുതരുന്ന കഥകള്‍ കേള്‍ക്കാന്‍ ഇക്കുറി മുത്തച്ഛനില്ല. ഓര്‍ക്കുമ്പോള്‍, നഷ്ടങ്ങള്‍ക്കെല്ലാം വേനലിന്റെ പൊള്ളുന്ന ചൂടുണ്ട്. രണ്ടു വയസ്സുകാരിയായ എന്റെ മോളോട് മുത്തച്ഛനെക്കുറിച്ച് ഇപ്പോള്‍ ചോദിച്ചാല്‍, ആശുപത്രിയിലാണെന്നു പറയും. സ്‌നേഹവും വാത്സല്യവുമൊന്നും പുറത്തുകാട്ടാത്ത മുത്തച്ഛന്‍ മോളുടെ അടുത്ത് അങ്ങനെയായിരുന്നില്ല. ഐ.സി.യു.വില്‍ കിടന്ന അവസാന ദിവസങ്ങളില്‍ കൊച്ചുമോളെ കാണണമെന്നാവശ്യപ്പെട്ടിരുന്നു മുത്തച്ഛന്‍.

മുത്തച്ഛന്‍ കടുത്ത ഈശ്വരവിശ്വാസിയായിരുന്നോ എന്ന് എനിക്കറിയില്ല. യാഥാസ്ഥിതിക കുടുംബപശ്ചാത്തലത്തില്‍ ജീവിച്ച മുത്തച്ഛന് പക്ഷേ, ഒരു അവിശ്വാസിയുടെ ഭാവം ഒരിക്കലും ഉണ്ടായിരുന്നില്ല എന്നത് സത്യം. ആരുടെയും വിശ്വാസങ്ങളെ വാക്കുകൊണ്ടോ നോട്ടം കൊണ്ടോ മുറിവേല്പിക്കാനും അദ്ദേഹം മുതിര്‍ന്നിട്ടില്ല. മുത്തച്ഛനുണ്ടായിരുന്നെങ്കില്‍ ഒന്നും ബാക്കിയാക്കാന്‍ അനുവദിക്കുമായിരുന്നില്ല. ആത്മാവിന്റെ വിശപ്പുമാറ്റാന്‍, സ്‌നേഹവാത്സല്യങ്ങളുടെ ഒരുരുളച്ചോറ് മകന് ബലിയര്‍പ്പിക്കാന്‍ കഴിയാത്തതിന്റെ ദുഃഖം മുത്തച്ഛന്റെയുള്ളില്‍ അവശേഷിച്ചിരുന്നതായി ഞങ്ങള്‍ക്കറിയാം; ഒന്നും ബാക്കിയാവരുത്. മുത്തച്ഛന്റെ അടിയന്തരം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത് അതുകൊണ്ടാണ്.

രാജന്റെ പരിചിതമായ ആ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ മുത്തച്ഛന്റെ മുറിയില്‍ നിന്ന് സ്വീകരണമുറിയിലേക്ക് സ്ഥലം മാറി. വാര്‍ത്തയും ക്രിക്കറ്റും മേളവും കഥകളിയും കൊണ്ട് മുത്തച്ഛന്റെ കാഴ്ചയേയും കേള്‍വിയേയും സജീവമാക്കിയിരുന്ന ടെലിവിഷന്‍ കാഴ്ചക്കാരനില്ലാത്തതിനാല്‍ ഓഫാക്കി വെച്ചിരിക്കുകയാണ്. മുത്തച്ഛന്റെ ചാരുകസേര ഇനിയുള്ള ജീവിതത്തിലേക്ക്, ഒറ്റയ്ക്ക് കാലും നീട്ടിയിരിക്കുന്നു.

മുത്തച്ഛന്റെ കട്ടില്‍, വസ്ത്രങ്ങള്‍, മുത്തച്ഛനില്ലാത്ത ഈ മുറിയുമായി പെട്ടെന്നൊന്നും പൊരുത്തപ്പെടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എന്നാലും ഞാനും അമ്മയും എന്റെ മോളും ഇവിടെ വന്നിരിക്കും. പ്രായവും രോഗാവസ്ഥയും മുത്തച്ഛനെ അധികകാലം പിടിച്ചുനിര്‍ത്തില്ലെന്നറിയാമായിരുന്നു. എങ്കിലും വെറുതെ ആഗ്രഹിച്ചുപോവുന്നു, കുറച്ചുകാലം കൂടി മുത്തച്ഛന്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന്. അവസാന ദിവസങ്ങളിലൊന്നില്‍ ശ്വാസതടസ്സം അധികമായി മുഖത്ത് മാസ്‌ക് ധരിച്ചു കിടക്കുകയായിരുന്നു മുത്തച്ഛന്‍. ഐ.സി.യു.വില്‍ കാണാന്‍ ചെന്ന അമ്മയോട് അവ്യക്തമായ ഭാഷയില്‍ മുത്തച്ഛന്‍ ചോദിച്ചു, 'ഇനിയും നീട്ടുന്നതെന്തിനാ?' എന്ന്. എന്തിനും പരസഹായം വേണ്ടിവരുന്ന അവസ്ഥയില്‍ മടുത്തുകാണും മുത്തച്ഛന്.

ദുഃഖങ്ങളൊന്നും എന്റെ മുത്തച്ഛന്‍ ഒരിക്കലും ആരുമായും പങ്കുവെച്ചിരുന്നില്ല. മകനെ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയി ഉരുട്ടിക്കൊന്നുവെന്ന യാഥാര്‍ഥ്യം മനസ്സിലായപ്പോഴും ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും മുന്നില്‍ അദ്ദേഹം കരഞ്ഞിട്ടില്ല. എന്നാല്‍ പരുക്കനായ ഈ മുത്തച്ഛനെ, മുത്തച്ഛന്റെ ഉള്ളിലെ വേദനയെ, സ്‌നേഹത്തെ എല്ലാവരും തിരിച്ചറിഞ്ഞിരുന്നു. മകനെയും സഹോദരനെയും നഷ്ടപ്പെട്ട കുടുംബം ദുഃഖങ്ങള്‍ നല്‍കിയ ധൈര്യത്തില്‍ നിന്നാണ് പിന്നീടുള്ള ജീവിതം ഉണ്ടാക്കിയെടുത്തത്.

അമ്മമ്മയുടെ മാനസികരോഗം എന്നും ഒരു നീറ്റലായി മുത്തച്ഛന്റെ മനസ്സില്‍ അവശേഷിച്ചിരുന്നു. എറണാകുളത്തെ വീട്ടില്‍ അമ്മയുടെ അനുജത്തിയുടെ കൂടെയായിരുന്നു അമ്മമ്മ താമസിച്ചിരുന്നത്. എറണാകുളത്തെ വീട്ടിലെത്തുമ്പോഴെല്ലാം മകനെക്കുറിച്ചന്വേഷിക്കുന്ന അമ്മമ്മയോട് ഉത്തരങ്ങള്‍ പറയാന്‍ മുത്തച്ഛന്‍ നന്നേ വിഷമിച്ചിരിക്കണം. രാജന്റെ വിവാഹത്തെക്കുറിച്ച് അമ്മമ്മ എപ്പഴും പറയും. വീട്ടില്‍ വരുന്നവരോടെല്ലാം, 'രാജന്റെ വിവാഹമാണ് വരണം' എന്ന് അവസാന കാലം വരെ അവര്‍ പറഞ്ഞുകൊണ്ടിരുന്നു. തൃശ്ശൂരിലെ ശ്രീവിഹാറില്‍ കഴിഞ്ഞിരുന്ന അവസാന വര്‍ഷങ്ങള്‍ മുത്തച്ഛന് കുറച്ചൊക്കെ സമാധാനം നല്‍കിയിരുന്നതായി തോന്നിയിട്ടുണ്ട്. കേസുകളുടെ തിരക്കുകളില്‍ നിന്നെല്ലാമൊഴിഞ്ഞ് ഒരു ജീവിതം. പക്ഷേ, അപ്പോഴും എറണാകുളത്തെ 'സൗഹൃദനിലയ'ത്തില്‍ രാജനെയും കാത്തിരിക്കുന്ന അമ്മമ്മ, മുത്തച്ഛന്റെ വേദന തന്നെയായിരുന്നു. രാജന് കൊടുക്കാനായി, അമ്മമ്മ പലപ്പോഴായി കിട്ടിയിരുന്ന നാണയത്തുട്ടുകള്‍ സൂക്ഷിച്ചുവെച്ചിരുന്നു. മുത്തച്ഛന്റെ കൈയില്‍ മകന്‍ രാജന് നല്‍കാനായി തന്റെയീ ജീവിതസമ്പാദ്യം ഭദ്രമായി ഏല്പിച്ചാണ് അമ്മമ്മ കണ്ണടച്ചത്. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അവരുടെ മരണം. പ്രായം തളര്‍ത്തിയ ശബ്ദത്തിലും അവര്‍ നന്നായി പാടുമായിരുന്നു. രാജനും സംഗീതവുമായിരുന്നു അമ്മമ്മയുടെ ജീവിതം. പാടിപ്പാടിയുള്ള കാത്തിരിപ്പ്, മകന്‍ വരുമ്പോള്‍ പാടാന്‍, മകനോടൊത്ത് പാടാന്‍ ഒരുപാട് പാട്ടുകള്‍ അമ്മമ്മ മനസ്സില്‍ സൂക്ഷിച്ചു. ഈ സംഗീതലോകത്ത് അന്യനായിരുന്നു മുത്തച്ഛന്‍. യാഥാര്‍ത്ഥ്യങ്ങളുടെ കടുത്ത പ്രതലത്തിലൂടെ നടന്നതിനാലാവാം സംഗീതം ആസ്വദിക്കാന്‍ മുത്തച്ഛന് കഴിയുമായിരുന്നില്ല. ''എന്തോ സംഗീതം ആസ്വദിക്കാന്‍ എനിക്ക് തീരെ കഴിയുന്നില്ല.'' എന്ന് തന്റെ അയോഗ്യതയായി അദ്ദേഹം എപ്പോഴും പറയുകയും ചെയ്യുമായിരുന്നു. രാജന്‍ ജീവിച്ചിരുന്നപ്പോള്‍ പാടിയ, മുത്തച്ഛന്‍ കേള്‍ക്കാതെ പോയ പാട്ടുകള്‍ക്ക് വല്ലാത്ത വിഷാദച്ഛവിയാണെന്ന് മുത്തച്ഛന് തോന്നി. മരണം ഉപാസിക്കുന്ന എന്തോ ഒന്ന് മുത്തച്ഛനാ പാട്ടുകളില്‍ കണ്ടെത്തി. തനിക്കുവേണ്ടി മാത്രം മകന്‍ പാടിയില്ലെന്ന് പരിഭവിച്ചു. അവന്റെ പാട്ടുകേള്‍ക്കാന്‍ തനിക്കു സമയമുണ്ടായില്ലെന്ന് സങ്കടപ്പെട്ടു. പക്ഷേ, അവസാന കാലങ്ങളില്‍ സംഗീതം ആസ്വദിക്കാന്‍ തുടങ്ങിയിരുന്നു മുത്തച്ഛന്‍. പാട്ടുകളോട് അസാധാരണമായ ഒരു പ്രിയം. പാടുന്ന ഭാര്യയ്ക്കും പാടുന്ന മകനുമിടയില്‍ ഇപ്പോള്‍ മുത്തച്ഛന്‍ നല്ലൊരു ആസ്വാദകനായിട്ടുണ്ടാവും.

അങ്ങനെയോര്‍ക്കുമ്പോള്‍ പറയാന്‍ തോന്നുന്നു, വേദന മാത്രമല്ല, സ്‌നേഹവും വാത്സല്യവുമൊന്നും മുത്തച്ഛന്‍ പ്രകടിപ്പിച്ചിരുന്നില്ല. പക്ഷേ, എന്നും ഒരു വഴികാട്ടിയായി, കുടുംബാംഗങ്ങളുടെയും വിദ്യാര്‍ഥികളുടെയും മുന്നില്‍ അദ്ദേഹം നടന്നിരുന്നു. 84-ാം വയസ്സിലും മുത്തച്ഛനെക്കാണാന്‍ പഠിപ്പിച്ച കുട്ടികള്‍ എത്തുമായിരുന്നു. രാജന്റെ സുഹൃത്തുക്കള്‍ എത്തുമായിരുന്നു. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും എത്തുമായിരുന്നു. സംശയങ്ങളും ഉപദേശവും ചോദിച്ച് ബന്ധുക്കളും എത്തുമായിരുന്നു. പരുക്കനെങ്കിലും മുത്തച്ഛന്റെ വാക്കുകള്‍ എല്ലാവര്‍ക്കും ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നു നല്‍കിയിരുന്നു.

ഭയമില്ലാതെ ജീവിക്കാനും സത്യം അറിയാനുമുള്ള ഒരു മനുഷ്യന്റെ ജന്മാവകാശത്തിനു വേണ്ടിയുള്ള പോരാട്ട പാതയിലായിരുന്നു മുത്തച്ഛന്‍. അടിയന്തരാവസ്ഥയുടെ ഭീകരതയെയും കറപിടിച്ച രാഷ്ട്രീയ രംഗത്തെയും രാജന്‍ എന്ന പ്രതീകത്തിലൂടെ പിന്നീട് ജനിച്ച ഞങ്ങള്‍ക്കു മുന്നില്‍ അദ്ദേഹം തുറന്നുകാട്ടി. താന്‍ ജന്മം നല്‍കിയ, തനിക്കു നഷ്ടപ്പെട്ട മകനില്‍ നിന്നുമുള്‍ക്കൊണ്ട ഊര്‍ജം അവസാനം വരെ വിശ്വാസമര്‍പ്പിച്ച ജുഡീഷ്യറിക്കും ആദര്‍ശങ്ങള്‍ക്കും പ്രസ്ഥാനത്തിനും അദ്ദേഹം പകര്‍ന്നുനല്‍കി. രാജന്റെ അച്ഛന്‍, ഞങ്ങളുടെ മുത്തച്ഛന്‍ ഒരു തലമുറയ്ക്കു മുഴുവന്‍ അച്ഛനായി നിന്നു പോരാടി.

താന്‍ വിശ്വസിച്ചിരുന്ന പ്രസ്ഥാനം അപകടത്തിലേക്കാണ് പോവുന്നത് എന്ന് അവസാന ദിവസങ്ങളിലും മുത്തച്ഛന്‍ ഇടയ്ക്കിടെ പറയുമായിരുന്നു. കരുണാകരനുമായുള്ള കൂട്ടുകെട്ടിനെ, ഏതു രാഷ്ട്രീയ സാഹചര്യത്തിലായാലും അംഗീകരിക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല. തിരുവനന്തപുരം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് വേളയില്‍, കരുണാകരനുമായുണ്ടാക്കിയ നീക്കുപോക്കു ധാരണ, രാജന്റെ അച്ഛന്, എന്റെ മുത്തച്ഛന് ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല. പക്ഷേ, വാക്കുകള്‍ കൊണ്ട് ആരെയും വേദനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല മുത്തച്ഛന്‍. കരുണാകരനെപ്പോലും. എല്ലാം നേരായ വഴിയിലൂടെ, നിയമത്തിന്റെയും സത്യത്തിന്റെയും വഴിയിലൂടെ, നേരിടാനായിരുന്നു മുത്തച്ഛനിഷ്ടം. സത്യത്തിന്റെയും നിയമത്തിന്റെയും വഴിവിട്ടുള്ള ചെറുചലനംപോലും ഒരുകാര്യത്തിലും അദ്ദേഹം അനുവദിച്ചിരുന്നില്ല. അതുകൊണ്ടാവാം വി.വി. രാഘവനെതിരെ മത്സരിച്ച കരുണാകരനെ തൃശ്ശൂര്‍ക്കാര്‍ തിരഞ്ഞെടുപ്പില്‍ തോല്പിച്ചപ്പോള്‍, മുത്തച്ഛന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആ പരാജയം ആഘോഷിച്ചിരുന്നു. ഭാരത് ഹോട്ടലില്‍, നവാബ് രാജേന്ദ്രനും ഒ.എന്‍.വിയ്ക്കുമെല്ലാമൊപ്പം ഒരു മസാലദോശ കഴിച്ചുകൊണ്ടാണ്, കരുണാകരന്റെ പരാജയം മുത്തച്ഛന്‍ ആഘോഷിച്ചത്.

കഥകളിയും ക്രിക്കറ്റ്കളിയും ഒരുപോലെ ആസ്വദിച്ചിരുന്ന മുത്തച്ഛനെ പക്ഷേ, അധികമാരും അറിയാനിടയില്ല. ടി.വി.യില്‍ രാവിലെ അഞ്ച് മണിക്കുള്ള കഥകളിയോടെയായിരുന്നു മുത്തച്ഛന്റെ ദിവസങ്ങള്‍ തുടങ്ങിയിരുന്നത്. ക്രിക്കറ്റ് കളിയ്ക്കു മുന്നിലും ദിവസം മുഴുവന്‍ അദ്ദേഹം ഇരിക്കാറുണ്ട്. അടുത്തിടെ, അസുഖം കലശലായി, ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിഞ്ഞപ്പോള്‍ കാണാന്‍ചെന്ന എന്നോട്, ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന മാച്ചിന്റെ സ്‌കോറെന്തായി എന്നാണ് മുത്തച്ഛന്‍ ചോദിച്ചത്. കാഴ്ച വായനയെ തടഞ്ഞപ്പോള്‍ ടെലിവിഷനിലൂടെയായിരുന്നു മുത്തച്ഛന്‍ ലോകത്തെ അറിഞ്ഞിരുന്നത്. വാര്‍ത്ത എത്രകിട്ടിയാലും എനിക്ക് മതിയാവില്ല; വാര്‍ത്താദാഹം അത്രയ്ക്കുമുണ്ട് എന്ന് മുത്തച്ഛന്‍ എപ്പോഴും പറയുമായിരുന്നു. വാര്‍ത്താചാനലുകളുടെ വരവ് അദ്ദേഹത്തിന്റെ വാര്‍ത്താദാഹത്തെ ഏറെ ശമിപ്പിക്കുകയും ചെയ്തിരുന്നു.

സിനിമകളോട് താത്പര്യമുള്ള പ്രകൃതമായിരുന്നില്ല മുത്തച്ഛന്റേത്. മമ്മൂട്ടിയും മോഹന്‍ലാലും വെള്ളിത്തിര വാഴുന്ന കാലത്ത്, ഇവരെ കണ്ടാല്‍ തിരിച്ചറിയാത്ത മുത്തച്ഛനെ എനിക്ക് ഓര്‍മയുണ്ട്. പക്ഷേ, പിന്നീട് ആ അവസ്ഥയ്ക്ക് മാറ്റം വന്നു. ബന്ധുകൂടിയായ മഞ്ജുവാര്യരുടെ സിനിമകള്‍ ഏറെ ഇഷ്ടത്തോടെ അദ്ദേഹം കാണുമായിരുന്നു. സ്ഫടികം എന്ന, മോഹന്‍ലാല്‍ ചിത്രമാണ് മുത്തച്ഛന്‍ അവസാനമായി തിയേറ്ററില്‍പോയി കണ്ടത്. അതിലെ പുലിക്കോടന്‍ എന്ന കഥാപാത്രത്തെ കാണാന്‍ വേണ്ടിയായിരുന്നു അത്. ഒരു കൗതുകത്തിന്. പോലീസുകാര്‍ ഉരുട്ടിയും ചവുട്ടിയും കൊന്ന എന്റെ അമ്മാവന്‍; മുത്തച്ഛന്റെ മകന്‍; മരിക്കുന്നതിനു മുന്‍പ് ജീവനുവേണ്ടി യാചിച്ചതിനെക്കുറിച്ച്, കക്കയം ക്യാമ്പിലുണ്ടായിരുന്ന രാജന്റെ സുഹൃത്തുക്കള്‍ മുത്തച്ഛനോട് പറഞ്ഞിട്ടുണ്ട്. പുലിക്കോടന്‍ നാരായണനോട് മുത്തച്ഛന് പകയായിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷേ, ടെലിവിഷനിലും മറ്റും പുലിക്കോടനെ കാണുമ്പോള്‍, മീശപിരിച്ചുവെച്ച്, ഉറച്ച ശബ്ദത്തില്‍ സംസാരിക്കുന്ന പുലിക്കോടനെ കാണുമ്പോള്‍ മുത്തച്ഛന്റെയുള്ളില്‍ പക തോന്നിക്കാണണം.
സിനിമയിലെ, പുലിക്കോടന്‍ എന്ന വില്ലനെ കാണാന്‍തന്നെയാണ് അദ്ദേഹം തിയേറ്ററില്‍പോയത്. പുലിക്കോടന്‍ എന്ന പദം, വ്യക്തി, കഥാപാത്രം മുത്തച്ഛന് ഒരുപാട് നഷ്ടങ്ങള്‍ നല്‍കിയിട്ടുണ്ടല്ലോ? ജയിലില്‍-ലോക്കപ്പ് പീഡനങ്ങളുടെ പുതിയ പുതിയ കഥകള്‍ പുറത്തുവരുമ്പോഴെല്ലാം മുത്തച്ഛന്‍ കക്കയം ക്യാമ്പിനെക്കുറിച്ചും അവിടെ എരിഞ്ഞുതീര്‍ന്ന രാജനെക്കുറിച്ചും ഓര്‍ക്കും. ലോക്കപ്പിനകത്ത് എന്ത് നടക്കുന്നു എന്നത് പൊതുജനങ്ങള്‍ക്കറിയാന്‍ പോലീസ്‌സ്റ്റേഷനുകള്‍ക്കു മുന്നില്‍ ഒരു ക്ലോസ്ഡ്‌സര്‍ക്യൂട്ട് ടി.വി. സ്ഥാപിക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറയും.

പ്രേംജി എന്ന നടനേയും വ്യക്തിയേയും താത്പര്യമായിരുന്നു മുത്തച്ഛന്. ആശയപരമായ അടുപ്പം ഈ വ്യക്തികള്‍തമ്മിലുണ്ടായിരുന്നു. എന്നാല്‍ 'പിറവി' എന്ന ചലച്ചിത്രം തന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണെന്നോ തന്റെ ജീവിതത്തോട് അടുത്തുനില്‍ക്കുന്നതാണെന്നോ മുത്തച്ഛന്‍ വിശ്വസിച്ചിരുന്നില്ല. വഴിക്കണ്ണുമായി കാത്തിരിക്കുകയായിരുന്നില്ല മുത്തച്ഛന്‍. രാജന്‍ എന്ന തന്റെ മകന്‍, അടിയന്തരാവസ്ഥയുടെ ബലിയാട്, മാറിക്കൊണ്ടിരിക്കുന്ന, സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥയില്‍, ഒരു ഓര്‍മപ്പെടുത്തലായി, ഒരിക്കലും തീരാതെ വീണ്ടും വീണ്ടും നിറഞ്ഞുനില്‍ക്കണമെന്നുതന്നെയാണ് അദ്ദേഹം ആഗ്രഹിച്ചത്. അത് മുത്തച്ഛന്‍ അവസാനം വരെ നിലനിര്‍ത്തുകയും ചെയ്തു.

അടിയന്തരാവസ്ഥാ പീഡിതര്‍ എല്ലാക്കൊല്ലവും ഞങ്ങളുടെ വീടായ ശ്രീവിഹാറില്‍ ഒത്തുകൂടാറുണ്ട്. മുത്തച്ഛന്‍ പറയുമായിരുന്നു, ഇവര്‍ക്കുവേണ്ടി സംസാരിക്കാന്‍ ഞാന്‍ മാത്രമേ ഇനി ബാക്കിയുള്ളൂ എന്ന്. അതുകൊണ്ടുതന്നെ കടുത്ത അനാരോഗ്യത്തിലും ഈ കൂടിക്കാഴ്ചയും സംഭാഷണങ്ങളും മുടക്കാന്‍ അദ്ദേഹം തയ്യാറായില്ല. എല്ലാം തുറന്നുപറയുന്ന ആത്മകഥയെഴുതണമെന്ന മോഹം ബാക്കിയുണ്ടായിരുന്നു മുത്തച്ഛന്റെ മനസ്സില്‍.

ജീവിതവും സാമൂഹ്യവ്യവസ്ഥയുമായുള്ള നിരന്തര പോരാട്ടത്തിന്റെ ആത്മകഥ. സ്വയം തിരഞ്ഞെടുത്ത വഴികളിലൂടെയുള്ള ബാല്യ-യൗവന യാത്രകള്‍. മരുമക്കത്തായ വ്യവസ്ഥയില്‍ വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധിക്കാനൊന്നും ആരുമില്ലാതിരുന്ന അവസ്ഥയില്‍ ചെലവു കുറഞ്ഞ പഠനം എന്ന നിലയ്ക്കാണ് ഹിന്ദി പഠനത്തിലേക്ക് മുത്തച്ഛന്‍ തിരിയുന്നത്. ലിങ്ക്വിസ്റ്റിക്‌സില്‍ പ്രാവീണ്യം നേടി. വിവാഹത്തിനും കുട്ടികളുണ്ടായതിനും ശേഷമാണ് എം.എ. പൂര്‍ത്തിയാക്കുന്നത്. പിന്നീട് വിവിധ കോളേജുകളില്‍ അധ്യാപകനായി. വാര്യത്തെ മറ്റുകുട്ടികള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം ശരിയായ ദിശാബോധമുണ്ടാക്കിയെടുക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം മുതിര്‍ന്നില്ല.

തനി തൃശ്ശൂര്‍ക്കാരനായ അസ്സല്‍ മേളക്കമ്പക്കാരനായിരുന്നു അദ്ദേഹം. പൂരമേളം കേള്‍ക്കാന്‍ പോകാന്‍ വയ്യാതായപ്പോള്‍ കാസറ്റിലാക്കിയ മേളത്തില്‍ അദ്ദേഹം ആശ്വസിച്ചു. ശ്രീവിഹാറില്‍ പടിഞ്ഞാറെച്ചിറയുടെ പച്ചയിലേക്ക് നോക്കിയിരിക്കുമായിരുന്നു അദ്ദേഹം. നരച്ച തലമുടിയും പോരാട്ടം നിറഞ്ഞ കണ്ണുകളുമായി. രാഷ്ട്രീയവും സാഹിത്യവും ക്രിക്കറ്റും തുടങ്ങി ഏതു വിഷയത്തെക്കുറിച്ചും അദ്ദേഹം ഞങ്ങളുമായി സംസാരിക്കും. അറിയാത്ത വാക്കുകള്‍ ഡിക്ഷ്ണറി നോക്കുന്നതിനു പകരം മുത്തച്ഛനോട് ചോദിക്കുകയായിരുന്നു പതിവ്. പക്ഷേ അടുത്തകാലത്തായി വാക്കുകള്‍ ഓര്‍ത്തെടുക്കാന്‍ അദ്ദേഹം നന്നേ ബുദ്ധിമുട്ടിയിരുന്നു.

''വാര്‍ദ്ധക്യത്തില്‍ സമ്മാനമായിക്കിട്ടുന്ന അബോധാവസ്ഥയിലും കക്കയം ക്യാമ്പിനെക്കുറിച്ചുതന്നെയാണ് ഞാന്‍ പറയുക''- മുത്തച്ഛന്‍ മുമ്പൊരിക്കല്‍ ഇങ്ങനെയെഴുതിയിരുന്നു. പക്ഷേ വീട്ടില്‍, കക്കയം ക്യാമ്പും രാജനും അടിയന്തരാവസ്ഥയും ഒരിക്കലും സംസാരിക്കപ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം. ഒരേ വേദനയനുഭവിക്കുന്നവര്‍ക്കിടയില്‍ പകര്‍ന്നാട്ടത്തിന് പ്രസക്തി നഷ്ടപ്പെടുമല്ലോ. അടിയന്തരാവസ്ഥക്കുശേഷം മുത്തച്ഛന്‍ കക്കയം ക്യാമ്പ് കാണാന്‍ പോയിരുന്നു. വീട്ടിലെ മറ്റാരും കക്കയത്തോ രാജന്‍ പഠിച്ച കോഴിക്കോട് ആര്‍.ഇ.സി.യിലോ പോയിട്ടില്ല. എന്റെ അമ്മ രമാദേവിക്ക് രാജന്‍ സംഭവവുമായി ബന്ധപ്പെട്ടുവരുന്ന വാര്‍ത്തകളോ ലേഖനങ്ങളോ വായിക്കാന്‍ ഇഷ്ടമല്ല. ഓര്‍മകള്‍ക്ക്, വാര്‍ത്തകള്‍ക്ക് അത്രയും വേദനയുണ്ട് അവര്‍ക്ക്. അതൊന്നും വായിച്ച് പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിയാറില്ല.

എന്റെ അമ്മപറയും; '' നല്ല സ്‌നേഹമുള്ള കുട്ടിയായിരുന്നു രാജന്‍. എല്ലാമാസവും ഞാനവന് 100 രൂപയുടെ ഡ്രാഫ്റ്റ് അയക്കാറുണ്ടായിരുന്നു. അന്നെനിക്ക് തിരുവനന്തപുരത്താണ് ജോലി. അതിന് കൃത്യമായ മറുപടി കിട്ടണമെന്ന നിര്‍ബന്ധവും എനിക്കുണ്ടായിരുന്നു. അപ്പോഴേ എന്റെ മനസ്സില്‍ എന്തോ ഒരു പന്തികേട് തോന്നിയിരുന്നു. മാത്രമല്ല, രാജനെക്കുറിച്ചന്വേഷിക്കാന്‍ ഞാനൊരാളെ ഏര്‍പ്പാടാക്കിയിരുന്നു. അയാളെനിക്ക് വ്യക്തമായ മറുപടിയും തന്നില്ല. രാജന്‍ ടൗണിലേക്ക് പോയിരിക്കുകയായിരുന്നു. അതുകൊണ്ട് കാണാന്‍ പറ്റിയില്ല എന്ന് പറഞ്ഞു. പക്ഷേ അയാളുടെ മുഖം മാറുന്നത് ഞാന്‍ കണ്ടിരുന്നു. അന്നിതുപോലെ ഒരുപാടു മാധ്യമങ്ങളൊന്നുമില്ല. പക്ഷേ എന്തിലൊക്കെയോ രാജനെ പോലീസ് പിടിച്ചുകൊണ്ടുപോയതിനെക്കുറിച്ചൊക്കെ വന്നിരുന്നത്രെ. അതൊന്നും നമ്മള് വായിച്ചിട്ടുമില്ല. പിന്നീട് അച്ഛനെനിക്കു കത്തെഴുതി. ഞാനയച്ച ഡ്രാഫ്റ്റ് രാജന് കിട്ടി. അവന്‍ സുഖായിരിക്കുന്നു. പരീക്ഷയായതുകൊണ്ട് മറുപടിയയക്കാത്തതാണ് എന്ന് പറഞ്ഞിട്ട്'' രാജന്റെ തിരോധാനത്തെക്കുറിച്ച് ഒരുമാസത്തിലേറെക്കാലം മുത്തച്ഛന്‍ വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഈ സമയത്താണ് എന്റെ അമ്മയുടെ വിവാഹാലോചന നടക്കുന്നത്. അച്ഛനോട് പറയാന്‍ മടിക്കുന്ന പല കാര്യങ്ങളും, വരനെപറ്റിയുള്ള വിവരങ്ങള്‍ അറിയണമെന്ന ആവശ്യവും മറ്റും രാജനോടാണ് അവര്‍ എഴുതിച്ചോദിച്ചത്. എന്നാല്‍ ആ കത്തും കൈപ്പറ്റാന്‍ രാജന്‍ ആര്‍.ഇ.സി ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ല. പിന്നീട് അതും മുത്തച്ഛന്റെ കയ്യില്‍ കിട്ടിയതായി അറിഞ്ഞു. അനുജന്‍ രാജനുമായി ഏറെ അടുപ്പമുണ്ടായിരുന്നു എന്റെ അമ്മയ്ക്ക്. വീട്ടില്‍ വരുമ്പോഴെല്ലാം തമാശ പറയുകയും പാട്ടുപാടുകയും വഴക്കിടുകയും ചെയ്യുമായിരുന്ന അനുജനെ 1975 ഡിസംബറിലാണ് അമ്മ അവസാനമായി കാണുന്നത്. എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റില്‍ നിന്ന് പുലര്‍ച്ചെ, അമ്മയെ തിരുവനന്തപുരത്തേക്ക് ബസ്സുകയറ്റി വിട്ടത് രാജനാണ്. 'രാജന്റെ' ആ പേരാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായത് എന്ന് അമ്മ ഇപ്പോഴും വിശ്വസിക്കുന്നു. കായണ്ണ പോലീസ്‌സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്തവരിലെ ഏതോ ഒരു രാജനുവേണ്ടിയാണ് അനുജന്‍ രാജനെ പോലീസ് കൊണ്ടുപോയത് എന്ന് അവര്‍ക്കറിയാം. കോഴിക്കോട്ടെ ബന്ധുവീട്ടില്‍ താമസിച്ചിരുന്ന രാജന്‍ ഏതോ ഗ്രഹപ്പിഴനേരത്താണ് ആര്‍.ഇ.സിയുടെ ഹോസ്റ്റലിലേക്ക് താമസം മാറ്റിയത് എന്ന് അമ്മ ഇപ്പോഴും സങ്കടപ്പെടും. രാജന്റെ തിരോധാനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് അമ്മയുടെ വിവാഹം നടക്കുന്നത്. തീരെക്കുറച്ചാളുകള്‍ മാത്രം പങ്കെടുത്ത വിവാഹം. രാജനു സംഭവിച്ച ദുരന്തത്തെക്കുറിച്ച് അച്ഛന്റെ വീട്ടുകാരെ മാത്രമേ അന്ന് മുത്തച്ഛന്‍ അറിയിച്ചിരുന്നുള്ളൂ. സഹോദരനെവിടെയെന്നുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതിനു പകരം, രാജനെ കൊണ്ടുവരും, രാജന്‍ വേഗംവരും തുടങ്ങിയ ആശ്വാസവാക്കുകളാണ് മുത്തച്ഛന്‍ പറഞ്ഞത്.

അസുഖങ്ങള്‍ വല്ലാതെ കഷ്ടപ്പെടുത്തിയ അവസാന ദിവസങ്ങളിലൊന്നില്‍ അമ്മയോട് മുത്തച്ഛന്‍ ചോദിച്ചു: ''നിനക്ക് ഞാന്‍ എത്രകാലം ജീവിച്ചാലും പോരെ'' എന്ന്. കുടുംബാംഗങ്ങള്‍ തനിക്കുവേണ്ടി ബുദ്ധിമുട്ടുന്നത് അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അലോപ്പതി മരുന്നിനോടും ചികിത്സയോടുമുള്ള വിശ്വാസവും സ്ഥൈര്യവുമാണ്, കൈവിട്ടുപോകുമായിരുന്ന പലസന്ദര്‍ഭങ്ങളിലും അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പക്ഷേ ഇക്കുറി രക്ഷപ്പെടുമോ എന്ന സംശയചോദ്യം മുത്തച്ഛന്‍ ആശുപത്രിയില്‍ ആരോടൊക്കെയോ ചോദിച്ചിരുന്നു.

പുതിയ ഫ്ലാറ്റിലേക്ക് ഞങ്ങള്‍ താമസം മാറ്റിയിട്ട് കുറച്ചേ ആയിട്ടുള്ളൂ. ഈ ഫ്ലാറ്റിനെ മുത്തച്ഛന്‍ ഒരുപാടിഷ്ടപ്പെട്ടിരുന്നു.
''ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈ കര്‍ക്കിടകത്തില്‍ മഴ തകര്‍ത്തുപെയ്യുന്നു. പെരുമഴ ശ്രീവിഹാറിനുമുകളില്‍ പെയ്തുവീഴുമ്പോഴൊക്കെ ഞാന്‍ മോനെ ഓര്‍ക്കുന്നു. പടിവാതില്‍ അടച്ചുപൂട്ടിയാലും ആരോവന്ന് അത് തുറന്ന് പൂമുഖപ്പടിയില്‍ മുട്ടുന്നതുപോലെ. ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്''?

ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകളുടെ അവസാനം മുത്തച്ഛന്‍ ഇങ്ങനെയാണ് എഴുതിയത്. മൂന്നാം നിലയിലെ, പുതിയ ഫ്ലാറ്റിലെ മുത്തച്ഛന്റെ മുറിയിലിരുന്നാല്‍ പക്ഷേ മഴ പെയ്യുന്നതറിയില്ല. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ ഇവിടം മുത്തച്ഛന്‍ ഏറെ ഇഷ്ടപ്പെട്ടത്. '

തയ്യാറാക്കിയത്: മനില സി.മോഹന്‍
ചിത്രീകരണം: ദേവപ്രകാശ്‌



 

ga