ഒരു ജീവിതകാലം മുഴുവന്‍ അറിയാനുള്ള അവകാശത്തിനുവേണ്ടി പൊരുതിയ കേരളത്തിന്റെ ക്ഷുഭിതയൗവനങ്ങളുടെ മുഴുവന്‍ അച്ഛനായ
ഈച്ചരവാര്യരെക്കുറിച്ച്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2006 ഏപ്രിലില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം.
ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ ഒരു കിരാതവാഴ്ചയുടെ ഓര്‍മയെ സമൂഹമനസ്സില്‍ ലൈവായി നിലനിര്‍ത്തിയതിനു കാലം ഈച്ചരവാര്യരോട് കടപ്പെട്ടരിക്കുന്നു. അസാധാരണമായ തന്റെ ആത്മശേഷിയെ അവസാനകാലംവരെ ഈച്ചരവാര്യര്‍ ആര്‍ക്കു മുന്നിലും അടിയറവെച്ചില്ല. ജീവിതം ഈച്ചരവാര്യര്‍ക്ക് ഒരു പ്രച്ഛന്നവേഷമായിരുന്നില്ല. രാഷ്ട്രീയത്തിലെ പ്രച്ഛന്നവേഷധാരികള്‍ സ്വന്തം ഓര്‍മകളില്‍നിന്നു തുടച്ചുകളയാനാഗ്രഹിച്ച ഒരു പേരാണ് ഈച്ചരവാര്യരുടേത്. എന്നാല്‍, രാകി രാകി മൂര്‍ച്ചവെപ്പിച്ച ഓര്‍മവാള്‍ അരയില്‍ത്തിരുകിവെച്ച് ഒരു കാവല്‍ക്കാരനെപ്പോലെ അദ്ദേഹം നമുക്കിടയില്‍ നിലകൊണ്ടു. ഇടതുപക്ഷംപോലും രാഷ്ട്രീയത്തെ സാഹചര്യങ്ങളുടെ കലയാക്കിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ വാര്‍ധക്യത്തിലും ഈച്ചരവാര്യര്‍ ആ വാളെടുത്തുവീശി. ഒരുപക്ഷേ, കരുണാകരനും സി.പി.എമ്മും കൈകോര്‍ക്കാന്‍ ശ്രമിച്ച രാഷ്ട്രീയസഖ്യത്തിന്റെ പുകമറയ്ക്കിടയിലാണ് അരയിലെ വാള്‍ ഈച്ചരവാര്യര്‍ അവസാനമായി എടുത്തുവീശിയത്. അദ്ദേഹം നേരിട്ട അവസാനത്തെ അഗ്‌നിപരീക്ഷണം ഇതായിരുന്നു.
ഈച്ചരവാര്യര്‍ എന്ന ഇതിഹാസ മനുഷ്യന്റെ അവസാനത്തെ ദീര്‍ഘസംഭാഷണം മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. ആ സംഭാഷണത്തിന്റെ ഓര്‍മയാണ് ഈ കുറിപ്പ്. ഈച്ചരവാര്യര്‍ നേരിട്ട അവസാനത്തെ അഗ്‌നിപരീക്ഷണത്തിന്റെ തുടക്കത്തിലായിരുന്നു ആ സന്ദര്‍ശനം.
തൃശ്ശൂര്‍ റെയില്‍വെസ്റ്റേഷനില്‍ വണ്ടിയിറങ്ങി, തിരുവമ്പാടി റോഡിലേക്ക് ഓട്ടോയില്‍ക്കയറി. അല്‍പ്പം കറുത്ത മുന്തിരി കൈയില്‍ കരുതിയിരുന്നു.
പുല്ലാട് റോഡ് എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തി ഒരു വഴിപോക്കനോടു ചോദിച്ചു:
''പ്രൊഫ. ഈച്ചരവാര്യരുടെ വീട്?'
അയാള്‍ ആ പേരു കേട്ടിരുന്നില്ല.
ഓട്ടോ കുറേക്കൂടി മുന്നോട്ടുപോയി. ഒരു ഹൗസിങ് കോളണിയുടെ മുന്നിലെത്തി. അവിടെ ഒരു വീടിന്റെ മുന്നില്‍ അലക്കുവസ്ത്രം ഉണക്കാനിട്ടുനില്‍ക്കുന്ന സ്ത്രീയോടു ഞാന്‍ ചോദിച്ചു:
''പ്രൊഫ. ഈച്ചരവാര്യരുടെ വീട്?''
ആ സ്ത്രീയും ആ പേരു കേട്ടിരുന്നില്ല. നിങ്ങള്‍ക്ക് വഴി മാറിപ്പോയോ എന്നായിരുന്നു മറുചോദ്യം. ഈച്ചരവാര്യരുടെ മകള്‍ മേല്‍വിലാസം ഫോണിലൂടെ ശരിക്കും പറഞ്ഞതാണല്ലോ. കടലാസ്തുണ്ട് ഒന്നുകൂടി നോക്കി. ഇല്ല, വഴിതെറ്റിയിട്ടില്ല. കുറച്ചുകൂടി പോകാം.
ഓട്ടോവിലേക്ക് വീണ്ടും കയറവേ, വീടിന്റെ ഗ്രില്‍ തുറന്ന് ഒരു പെണ്‍കുട്ടി വന്നു.
''ആരാ അമ്മേ?''
''അത് ഏതോ ഒരു ഈച്ചരവാര്യരെ ചോദിച്ച്...''
''അയ്യോ, അമ്മേ അത് നമ്മുടെ രാജന്റെ അച്ഛനല്ലേ?''
പെണ്‍കുട്ടി അമ്മയെ തിരുത്തി.
ആ മറുപടിയിലെ 'നമ്മുടെ രാജന്റെ അച്ഛന്‍' എന്ന വാക്കില്‍ മനസ്സു പിടിച്ചുനിന്നു.
ഈച്ചാവാര്യരുടെ അഡ്രസ്‌കുറിച്ച കടലാസ്തുണ്ട് പെണ്‍കുട്ടിക്കു നല്‍കി.
'തിരുവമ്പാടി ക്ഷേത്രത്തിനടുത്തായിരിക്കാം വീട്. ഇതിലെഴുതിയ റോഡ് ഇതുതന്നെ.'
|
|
വിചാരണവേളയില്‍ ജയറാം പടിക്കല്‍, പുലിക്കോടന്‍ നാരായണന്‍ |
പെണ്‍കുട്ടിയോടു യാത്രപറഞ്ഞ് ഓട്ടോയില്‍ കയറുമ്പോള്‍ പെണ്‍കുട്ടി ചോദിച്ചു:
''രാജന്റെ അച്ഛനെ കാണാന്‍ ഞാനും വരട്ടെ?''
അപരിചിതയായ ആ പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റാന്‍ തോന്നിയില്ല. ഓട്ടോ മുന്നോട്ടുപോയി അടഞ്ഞുകിടന്ന റെയില്‍വേഗേറ്റിനു മുന്നില്‍ നിന്നു. അവിടെ മരച്ചുവട്ടില്‍ നില്‍ക്കുകയായിരുന്ന, അല്പം മദ്യപിച്ചിട്ടുണ്ടെന്നു തോന്നുന്ന ഒരു മധ്യവയസ്‌കനോട് ചോദിച്ചു: ''പ്രൊഫ. ഈച്ചരവാര്യരുടെ വീട്?''
''രാജന്റെ അച്ഛന്‍?''
''അതെ.''
അയാള്‍ ഓട്ടോഡ്രൈവര്‍ക്ക് വഴി പറഞ്ഞുകൊടുത്തു. ഓട്ടോ ഡ്രൈവറോട് തിരിച്ചൊരു ചോദ്യവും:
''നിങ്ങള് തൃശ്ശൂര്‍കാരനല്ലേ? ന്ന്ട്ടും രാജന്റെ അച്ഛന്റെ വീടറിയില്ലേ. കഷ്ടാണേയ്...''
ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തു.
''അയാള്‍ കുടിച്ചിട്ടുണ്ട്.അതാ...'' ഡ്രൈവര്‍ ഞങ്ങളോടു പറഞ്ഞു.
ഒടുവില്‍ ഈച്ചരവാര്യരുടെ വീടായ 'ശ്രേയസ്സി'നു മുന്നില്‍ ഓട്ടോ നിന്നു. മകള്‍ അകത്തെമുറിയിലേക്ക് ഞങ്ങളെ കൊണ്ടുപോയി. അവിടെ ഈച്ചരവാരാ്യര്‍ ഒരു സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കണ്ടപ്പോള്‍ ഒന്നെണീറ്റുനില്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ, അവശതകൊണ്ടു കഴിഞ്ഞില്ല. ടെലിവിഷന്‍ ഓഫ് ചെയ്തു.
ഈച്ചരവാര്യര്‍ ഇരിക്കുന്നതിന്റെ തൊട്ടടുത്ത ചുവരില്‍ രാജന്റെ ഒരു ഫോട്ടോ തൂക്കിയിട്ടുണ്ട്. ചിരപരിചിതമായ ആ മുഖം. അപ്പോള്‍ ആ പെണ്‍കുട്ടി പറഞ്ഞത് ഓര്‍മ വന്നു: 'നമ്മുടെ രാജന്‍.'
രാജന്റെ അച്ഛനിതാ മുന്നിലിരിക്കുന്നു. തുടര്‍ന്ന് ആ സംഭാഷണം നടന്നു. (മാതൃഭൂമി പുസ്തകം 83, ലക്കം 15).
അവസാനത്തെ ചോദ്യം ഇങ്ങനെയായിരുന്നു:
ഈ ജീവിതകാലം മുഴുവന്‍ ഒരു ഒറ്റയാള്‍പ്പോരാട്ടമാണ് അങ്ങ് നയിച്ചത്. ആയുഷ്‌കാലമത്രയും നിറഞ്ഞുനിന്ന ഈ സമരപാഠങ്ങളില്‍നിന്ന് എന്താണ് മനസ്സിലായത്?
ഈച്ചരവാര്യര്‍ പറഞ്ഞു: ''കേരളത്തില്‍ ലോക്കപ്പ് മരണങ്ങള്‍ക്കു യാതൊരു ക്ഷാമവുമില്ല. ധാരാളം നടക്കുന്നുണ്ട്. കുറേ പീഡനങ്ങളും നടക്കുന്നുണ്ട്. എന്നാല്‍, ഈ ലോക്കപ്പ് മരണങ്ങളുടെയൊക്കെ ഒരു വിവരം ബന്ധുക്കള്‍ക്കോ പിതാക്കള്‍ക്കോ പിന്നീട് കിട്ടാറുണ്ട്. കുറച്ചുകാലത്തേക്ക് അവര്‍ക്ക് വിഷമമുണ്ടാവും. പിന്നീടതു മറക്കും. എന്നാല്‍, എന്റെ കേസ്സില്‍ അതല്ല സംഭവിച്ചത്. പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയിട്ടും പിന്നീടൊരു വിവരവും എന്നെ അറിയിച്ചില്ല. മനുഷ്യാവകാശധ്വംസനം ഇത്രയും ക്രൂരമായ രീതിയില്‍ വേറെയില്ല. 'അറിയാനുള്ള അവകാശം' പാര്‍ലമെന്റില്‍ ഒരു ബില്ലായി പാസ്സായിട്ടുണ്ട്. അറിയാനുള്ള അവകാശത്തിനുവേണ്ടിയാണ് എന്റെ ജീവിതം മുഴുവന്‍ ഞാന്‍ പോരാടിയത്....''
ഈച്ചരവാര്യര്‍ ചരിത്രത്തിന്റെ കടവുകടന്ന് പോകുമ്പോഴും രാജന്റെ മരണം വലിയൊരു പ്രഹേളികയായി അങ്ങനെത്തന്നെ നിലനില്‍ക്കുന്നു. എഴുപതുകളില്‍ എരിഞ്ഞുതീര്‍ന്ന ക്ഷുഭിതയൗവനങ്ങളുടെ മുഴുവന്‍ അച്ഛനായിരുന്നു, ഈ മനുഷ്യന്‍;
നമ്മുടെ രാജന്റെ അച്ഛന്‍. '