ഈച്ചരവാരിയര്‍ മാഷ്‌ക്ക്..- കെ.ജി.എസ് എഴുതിയ കവിത

കെ. ജി. ശങ്കരപ്പിള്ള Posted on: 24 Jun 2015

കഠ്മണ്ഡു ഒരു കടലോര നഗരമാവുമോ?
(ഈച്ചരവാരിയര്‍ മാഷ്‌ക്ക്)

1978
1978-ലെ ദില്ലി വെള്ളപ്പൊക്കം
എപ്പൊക്കണ്ടാലും
അതേപ്പറ്റിയേ പറയാനുള്ളൂ കേദാര്‍നാഥിന്;
ഗുണ്ടാക്കൂട്ടംപോലെ
വീട്ടിലേക്ക് പാഞ്ഞ്‌കേറി വെള്ളം
ചുവര് വീഴ്ത്തി
വീഴാത്ത ചുവരില്‍ ദുഷെ്ടഴുതി
കൊള്ളയടിച്ച് മുക്കിക്കൊന്ന്
വിളയാടി,
തെമ്മാടി.

ഒഴുകിപ്പോയീ കൃഷ്ണാ
മക്കളും പാട്ടും
സ്വപ്നവും ധൈര്യവും.

കള്ളന്മാര്‍ക്കും മുതലകള്‍ക്കും
വഴി തെറ്റിയില്ല

ഉറങ്ങിയില്ലാരും
ഒരു ചില്ലയിലും
ഒരു കൂട്ടിലും
നീതിദേവത ഇരമ്പം കേട്ടു,
ഉറക്കം തുടര്‍ന്നു.

കാണാതായവരുടെ വീടുകളില്‍
കണ്ണുകള്‍ ഉരുകിയിറ്റു.

കൊണ്ടുവരൂ വേഗം
പറന്ന് പോകാത്ത കരിയില

കണ്ടോ എന്റെ കുട്ടിയെ?
ഒരച്ഛന്‍

ചെന്ന് മുട്ടിയ വാതിലോരോന്നും
ഗര്‍വ്വോടെ എന്റെ ചെകിടത്തടഞ്ഞു
വഴിയിലൊറ്റയ്ക്കായ എന്നെ
ചെന്നായ്ക്കള്‍ വളഞ്ഞു
രക്തത്തിലെ
ഭയന്ന പട ചിതറിപ്പോയി
എതിരിട്ട പട കൂട്ട് നിന്നു

ചെന്നായ്ക്കളേ
കണ്ടോ എന്റെ കുട്ടിയെ?

മിണ്ടിയില്ലാരും
ഇരുട്ടിലൊരാള്‍ വിളിച്ചെന്ന് തോന്നി.
കാത്തിരിപ്പ് അടയാളങ്ങള്‍ നെയ്യും
മഴയിലാരോ നില്‍ക്കുന്നെന്നു തോന്നി
ഏത് കണ്ണീരിലും കാണാം മറ്റൊരു മുഖം

കൊടികള്‍, കോട്ടകള്‍
മരിച്ചുപോയവര്‍ രാക്കിളികള്‍
'എന്തെന്തെന്നന്വേഷിച്ചു.'1

വെള്ളായിയപ്പാ മതിലകത്ത്
കഴുകുകളെ കൂട്ടിയിട്ട ശവങ്ങള്‍ക്കിടയില്‍
പ്രളയമേ ഏതെങ്കിലുമൊരൊഴുക്കില്‍?
കണ്ടോ എന്റെ കുട്ടിയെ?

എന്റെ ലോകാവസാനമായെന്ന് തോന്നി

'പാടുന്ന ചില കുട്ടികളെക്കണ്ടു, മലയരികില്‍
പിന്നെ ഞാന്‍ രണ്ട് രാവും പകലുമൊഴുകി...'
പുഴ പറഞ്ഞു

ഒഴുക്കിനെതിരേ ഞാനായുമ്പോള്‍
താഴേക്ക് താഴേക്കാരോ
തൊഴിച്ചാഴ്ത്തി
മരണമേ
കണ്ടോ എന്റെ കുട്ടിയെ?

എന്നെ ഏല്പിച്ചിരുന്നോ നീ,
നോക്കാന്‍?

പേടിപ്പിച്ചോടിക്കാന്‍ നോക്കി മൃത്യു.
പേടിക്കാതങ്ങനെ നിന്നു ഞാനും.
നരിയായും പുലിയായും വന്നു മൃത്യു
തരികെന്റെ കുഞ്ഞിനെ എന്ന് ഞാനും2

ഈശ്വരാ
കുതിരുന്ന മണ്ണാങ്കട്ടയാക്കി നീ
അച്ഛന്റെ നെഞ്ച്
തോരുന്നുമില്ല മഴ
പറന്ന് പോയി കുടകളും ഹെലികോപ്റ്ററും
പ്രധാനമന്ത്രിയും കാമറകളും
ഇരുട്ടില്‍ നിന്ന്
മഴ നനയുകയാണെന്റെ കുട്ടി
തരൂ വേഗം
ഗോവര്‍ദ്ധനത്തെയും പാര്‍ലമെന്റിനെയും കാള്‍
വലിയൊരു കുട

ആയുസ്സിന്റെ അതിര്
സുധീര്‍ധറിന്റെ കാര്‍ട്ടൂണില്‍


കാണാതാകലിന്റെ
ഭയക്കയത്തില്‍ നിന്നിത്തിരി ദൂരെ
ഞാനെന്റെ അനിയന്‍ താമസിക്കുന്ന
ലക്ഷ്മീബായി നഗറിലെ സി-90-ല്‍
അവന്‍ അതിരാവിലെ ആര്‍.കെ. പുരത്ത്
ബി.എസ്.എഫിലെ
തോമസിനെക്കാണാന്‍ പോയി

'ഇവിടെയായിരുന്നു ദില്ലി മൃഗശാല' എന്നറിയിക്കുന്നു,
വെള്ളത്തിന് മീതെ ഉയര്‍ന്ന ജിറാഫിന്റെ ആയുസ്സ്:
'ഹിന്ദുസ്ഥാന്‍ ടൈംസി'ല്‍
സുധീര്‍ ധറിന്റെ കാര്‍ട്ടൂണില്‍
നാലു നാള്‍ കഴിഞ്ഞ് സുധീര്‍ ധറിന്
'ഇവിടം ദില്ലിയായിരുന്നു' എന്ന് വെള്ളത്തിന് മീതെ
കുത്തബ്മിനാര്‍ വരയ്‌ക്കേണ്ടി വരുമോ?
നാല്പത് നാള്‍ കഴിഞ്ഞ്
'ഇതിന് തെക്ക് ഇന്ത്യയായിരുന്നു' എന്ന് കാഞ്ചന്‍ ജംഗ?
അങ്ങനെയങ്ങനെ വരുമോ?
കഠ്മണ്ഡു ഒരു കടലോര നഗരമാവുന്ന
നീതിയുടെ സമതലമാവുന്ന കാലം?
സ്വേച്ഛാധിപതിയുടെ പെരുംവീഴ്ച?

ഒടുവില്‍
'ഇവിടെപ്പണ്ട് ലോകമുണ്ടായിരുന്നു' എന്ന്
പെട്ടകത്തിന്റെ കൊടിമരത്തില്‍
ദൈവത്തിന്റെ കാര്‍ട്ടൂണ്‍

അതിരുകളേക്കാള്‍ അസ്ഥിരമെന്തുണ്ട്
വരകളേ, കരകളേ
കൊടികളേ,
തോമസേ?

അനിയന്‍ വന്നു ''തോമസില്ല,
ഓള്‍ഡെല്ലിയില്‍ രാപകല്‍ ഡ്യൂട്ടി.''

ജീവന്റെയും മരണത്തിന്റെയും അതിരുകളില്‍
ഒരു കാവല്‍ നന്ന് തോമസേ
എപ്പോഴും എപ്പോഴും

അയഞ്ഞ കുപ്പായങ്ങള്‍
പൊതുമുറ്റത്ത്

ആര്‍പ്പുവിളിപോലെ ഒരു കുഞ്ഞ്‌വെയില്‍
ഫ്ലാറ്റുകളുടെ പൊതുമുറ്റത്ത്
വെയില്‍ കായാന്‍ പുറത്തിറങ്ങിയവരില്‍
വെയിലിനോട് ഉറക്കെച്ചിരിച്ചത്
അടിയന്തരാവസ്ഥ നാട് നീങ്ങീട്ട് മാത്രം.
തിഹാര്‍ ജെയിലീന്നെത്തിയ
പാവം ഭട്‌നാഗറും
ഉണങ്ങാന്‍ വന്ന തുണികളും മാത്രം.
കാണാതായവന്റെ ഉടുപ്പ് വെയിലില്‍
സവാരികള്‍ സ്വപ്നം കാണുന്നു
ഈറന്‍ കണ്‍പോളകളില്‍ നിന്നെന്നപോലെ
അവരില്‍ നിന്നിറ്റ് വീണുകൊണ്ടിരുന്നു
തുള്ളി തുള്ളിയായി ഇന്നലെകള്‍.

''കേലവാലാ.'' ''ദൂധ്‌വാലാ'' വിളികള്‍ വന്നു
അവര്‍ അവരെത്തന്നെ വിളിച്ചുകൊണ്ടിരുന്നു
അവര്‍ തന്നെ വന്ന്‌കൊണ്ടുമിരുന്നു.
പുതുരുചികള്‍ക്കും
നഗറുകള്‍ക്കും വഴിപ്പേരുകള്‍ക്കും മുമ്പ് മുതല്‍
ഹരിയാനയിലെ ഗ്രാമങ്ങളില്‍ നിന്ന്
പഴഞ്ചന്‍ സൈക്കിള്‍ ചവിട്ടി എന്നും വരുന്ന
അയഞ്ഞ കുപ്പായക്കാരായ പൊടിക്കാറ്റുകള്‍.

കയ്പന്‍ വേപ്പിന്റെ നിഴലിലേക്ക്
തട്ടുവണ്ടിയുരുട്ടി ''ഇസ്തിരിവാലാ'' വന്നു
ശ്രീനാരായണന്റെ ഛായ പക്ഷേ,
മുഷിഞ്ഞ് ചുളിഞ്ഞ ഒരു ജീര്‍ണവസ്ത്രം
യമുന എവിടംവരെ ഉയര്‍ന്നെത്തിയാല്‍
ചുളിവുകളുടെ ഈ മലിനഗോപുരം വെള്ളം കാണും?
വിശപ്പിന്റെ ആന്ധി എത്രനാള്‍ വീശാതിരുന്നാല്‍
ഈ ജന്മത്തിന്റെ മരുച്ചുളിവുകള്‍ മായും?

ഈ ഫക്കീര്‍ സ്വപ്നം കാണാനിടയില്ല നീതി
ഇസ്തിരിയിട്ട് നിവര്‍ത്താം
ഈ കടലിന്റെ ചുളിവുകളെന്ന്.


1, 2: ഇടശ്ശേരിയോട് മാപ്പ്‌



 

ga