അടിയന്തരാവസ്ഥയോട് പൊരുതിയ കുഞ്ഞിപ്പിള്ളയമ്മ@103

എം.ജി.സുബിന്‍ Posted on: 25 Jun 2015

ജനാധിപത്യ സംരക്ഷണ സംഗമത്തില്‍ കുഞ്ഞിപ്പിള്ളയമ്മയെ ആദരിച്ചപ്പോള്‍. അടിയന്തരാവസ്ഥയില്‍ പങ്കെടുത്ത സീതാലക്ഷ്മി, കത്തിച്ച് നിലവിളക്ക് നല്‍കുന്നു. സംഗമം ജനറല്‍ സെക്രട്ടറി ഇ.എന്‍.നന്ദകുമാര്‍ സമീപം
അടിയന്തരാവസ്ഥയെ എതിര്‍ത്ത് കുന്നത്തേരി സ്വദേശിനി കുഞ്ഞിപ്പിള്ളയമ്മ പ്രത്യക്ഷ സമരത്തിനിറങ്ങുമ്പോള്‍ വയസ്സ് 63. ഒരു വട്ടമല്ല, രണ്ടുതവണ ഇവര്‍ സമരത്തെ മുന്നില്‍ നിന്ന് നയിച്ചു. ഈ കാര്യങ്ങള്‍ ഇന്ന് ചോദിക്കുമ്പോള്‍ കുഞ്ഞിപ്പിള്ളയമ്മ ചിരിക്കും. അടിയന്തരാവസ്ഥയുടെ ചൂടും ചൂരുമൊന്നും ഇന്ന് കുഞ്ഞിപ്പിള്ളയമ്മയുടെ ഓര്‍മകളില്‍ അധികമില്ല. പ്രായാധിക്യം ഓര്‍മകളെ തടവറയിലാക്കിയിരിക്കുന്നു.

ജയപ്രകാശ് നാരായണന്റെ ലോകസംഘ് രക്ഷാ സമിതിയുടെ നേതൃത്വത്തിലാണ് രാജ്യമൊട്ടാകെ അടിയന്തരാവസ്ഥയ്‌ക്കെതിരെ ആഹ്വാനമുണ്ടായത്. വ്യവസായ മേഖലയായ ആലുവയിലും ഏലൂരിലും സ്ത്രീകളെ മുന്‍നിര്‍ത്തി സമര പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന ആശയവും ഉദിച്ചു. 14 പേരുടെ ഒരു ബാച്ച് ഇതിനായി രൂപം കൊടുത്തു. ആ ബാച്ചിലെ ഏറ്റവും പ്രായമുള്ള സ്ത്രീയായിരുന്നു കുഞ്ഞിപ്പിള്ളയമ്മ. ഭര്‍ത്താവ് കൃഷ്ണന്‍കുട്ടി കുഞ്ഞിപ്പിള്ളയമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഭാരതീയ ജനസംഘത്തിന്റെ മഹിളാ വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റായിരുന്ന സീതാലക്ഷ്മി തോട്ടയ്ക്കാട്ടുകരയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.

ആലുവയിലെ സമരത്തെ തുടര്‍ന്ന് പോലീസിന്റെ മര്‍ദനമേല്‍ക്കേണ്ടി വന്നു സീതാലക്ഷ്മിയുടെ സംഘത്തിന്. എന്നാല്‍ ഇതില്‍ നിന്ന് പിന്തിരിയാതെ രണ്ടാമതും സമരവുമായി ഇതേ സംഘം രംഗത്തെത്തുകയായിരുന്നു. ഇത്തവണയും പോലീസ് സമരക്കാരെ തടയുകയും ഓടിക്കുകയും ചെയ്തു.

അടിയന്തരാവസ്ഥയുടെ നാല്പത് വര്‍ഷങ്ങള്‍ ആചരിക്കുമ്പോള്‍ ആര്‍.എസ്.എസ്സിന്റെ ജനാധിപത്യ സംരക്ഷണ സംഗമത്തിന്റെ ഭാഗമായി കുഞ്ഞിപ്പിള്ളയമ്മയെ ആദരിച്ചു. ആര്‍.എസ്.എസ്. പ്രാന്ത് സംഘ് ചാലക് പി.ഇ.ബി. മേനോന്‍ ഉദ്ഘാടനം ചെയ്തു. സീതാലക്ഷ്മി തോട്ടയ്ക്കാട്ടുകര തെളിച്ചുവെച്ച നിലവിളക്ക് നല്‍കി. സംഗമം ജനറല്‍ സെക്രട്ടറി ഇ.എന്‍. നന്ദകുമാര്‍, പി.ജി. അരവിന്ദാക്ഷന്‍, ആര്‍. രവീന്ദ്രന്‍, എം.എന്‍. ഗോപി, കെ.ജി. ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.



 

ga