
കേരളീയ പൊതുസമൂഹം(Civil Society) പ്രതികരണക്ഷമതയറ്റ് ഇന്ന് മരണാസന്നമായിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യപാദത്തിലുണ്ടായ മതനവീകരണപ്രസ്ഥാനങ്ങളുടെയും അധഃസ്ഥിത വിമോചനപ്രസ്ഥാനങ്ങളുടെയും പൈതൃകം അവകാശപ്പെടുന്ന ഒരു പുതിയ വരേണ്യവര്‍ഗം ലോകചരിത്രത്തില്‍ എന്നുമുണ്ടായിട്ടുള്ളതുപോലെ ആ പ്രസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട സാധാരണക്കാരെ വഞ്ചിച്ച് ഒരു രാഷ്ട്രീയാധീശസമൂഹ(Political Society)മായി സംഘടിച്ച് അധികാരം പങ്കിടുകയാണ് ഇന്ന്. വര്‍ഗ-ജാതി-മത നവോത്ഥാനപ്രസ്ഥാനങ്ങള്‍ ക്ഷീണിച്ച് സങ്കുചിതസ്വത്വങ്ങളെ പുണരുന്നവയോ അവയെ അനുകൂലമായി തരപ്പെടുത്തിയെടുക്കുന്നവയോ ആയിരിക്കുന്നു. ഭൂപ്രഭുക്കളും പരിമിത ബൂര്‍ഷ്വാസിയും തീര്‍ത്ത ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ തൊഴിലാളിവര്‍ഗം ഇന്ന് തൊഴില്‍സദാചാരത്തിന്റെയും വികസനത്തിന്റെ അടിത്തറയുടെയും പരിസ്ഥിതിയുടെയും ഒരു വര്‍ഗം എന്ന നിലയിലുള്ള സ്വന്തം നിലനില്പിന്റെതന്നെയും ശവക്കുഴികള്‍ തോണ്ടിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ഓരോ തൊഴില്‍മേഖലയ്ക്കും ആത്മഹത്യയ്ക്കുളള സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത് തൊഴിലാളിവര്‍ഗപാര്‍ട്ടി രംഗത്തുനിന്ന് നിഷ്‌ക്രമിക്കുന്നു. കാഡര്‍ പാര്‍ട്ടി ചുമട്ടുതൊഴിലാളികളുടെയും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെയും യൂണിവേഴ്‌സിറ്റി അധ്യാപകരുടെയും കോക്കസ് പാര്‍ട്ടി ആയിരിക്കുന്നു. ഇവരെല്ലാം അനുശീലിക്കുന്ന ഒരു ബാന്‍ഡിറ്റ് സോഷ്യലിസത്തിന്റെ മൂല്യങ്ങളാണ് ഇന്ന് വര്‍ഗമൂല്യങ്ങള്‍ക്കു പകരമായുള്ളത്.
ഇന്ത്യയിലെ മറ്റിടങ്ങളിലെന്നപോലെ കേരളത്തിലും ജാതിയുടെ അവമതി പേറിക്കൊണ്ടാണ് മനുഷ്യാധ്വാനമാവശ്യമുള്ള ജോലികള്‍ മിക്കതും നിലനിന്നിരുന്നത്. പുരോഗമനപ്രസ്ഥാനങ്ങള്‍ ഫ്യൂഡലിസത്തിന്റെ കോട്ടകള്‍ തച്ചുടയ്ക്കുകയും സാര്‍വത്രികവിദ്യാഭ്യാസം നിലവില്‍ വരികയും ചെയ്തതോടെ ജാതിയുടെ അപകര്‍ഷം പേറുന്ന തൊഴിലുകള്‍ പുതിയ തലമുറ വലിച്ചെറിഞ്ഞു. സാങ്കേതികവികാസംകൊണ്ട് ചില തൊഴില്‍മേഖലകളില്‍ മനുഷ്യാധ്വാനം ഗണ്യമായി ആവശ്യമില്ലാതായി. എങ്കിലും മറ്റു മേഖലകളില്‍ വേണ്ടത്ര തൊഴിലാളികള്‍ ഇല്ലാത്ത അവസ്ഥയായി. മറ്റു നവീനരാജ്യങ്ങളിലെന്നതുപോലെ, തൊഴിലിന്റെ അന്തസ്സില്‍ ഊന്നിയ എല്ലാ വിഭാഗങ്ങളിലുംപെടുന്നവര്‍ എല്ലാ ജോലികളും ചെയ്യുക എന്ന ആദര്‍ശം സ്വീകരിക്കാന്‍ ആരും തയ്യാറായില്ല. അങ്ങനെ വിമോചിതനും വിദ്യാസമ്പന്നനുമായ കീഴ്ജാതിക്കാരനും പഴയ തൊഴിലുടമയായ മേല്‍ജാതിക്കാരനും കായികാധ്വാനം അന്യമായി. 'കേരള മോഡല്‍' ചില ഗുണഫലങ്ങള്‍ ചെയ്തു എങ്കിലും ഒരു സമൂഹത്തെ ക്രിയാത്മകമായി ഒരുക്കി എടുക്കുന്നതില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളും ബൂര്‍ഷ്വാ പാര്‍ട്ടികളും പരാജയപ്പെട്ടു.
എഴുപതുകളുടെയാദ്യം ഗുരുതരമായ ഒരു പ്രതിസന്ധിയിലേക്ക് ഈ അവസ്ഥ കേരളത്തെ കൊണ്ടെത്തിക്കുമായിരുന്നു. നിലനില്ക്കാനുള്ള ഒരു സമൂഹത്തിന്റെ ചോദന ആ പ്രതിസന്ധിയെ അന്ന് നിര്‍ധാരണം ചെയ്യുമായിരുന്നു. നവോത്ഥാനത്തിന്റെ നിയോഗം അങ്ങനെ പൂര്‍ത്തീകരിക്കപ്പെടുമായിരുന്നു. എന്നാല്‍, എഴുപതുകളുടെ പകുതിയോടെ ഇവിടേക്ക് ഒഴുകിയെത്തിയ ഗള്‍ഫ് പണം ഇതെല്ലാം അട്ടിമറിച്ചു. അത് കൂലിക്കൊത്ത അധ്വാനം എല്ലാവര്‍ക്കും അനാവശ്യമാക്കി. ഈ കണക്കറ്റ പണം നമ്മുടെ സംസ്ഥാനത്തെ അനാശാസ്യമായ ഒരു കളിക്കളമാക്കി. ഭിഷഗ്വരനും വക്കീലും കരാറുകാരനും വണിക്കും ചുമട്ടുകാരനും നിര്‍മാണത്തൊഴിലാളിയും നികുതിയുദ്യോഗസ്ഥനും വാഹനവകുപ്പുദ്യോഗസ്ഥനും ബാങ്കുകാരനും സിനിമാക്കാരനും മദ്യവില്പനക്കാരനും അധ്യാപകനും കവിയും ശമ്പളമായും കിമ്പളമായും റോയല്‍റ്റിയായും അവാര്‍ഡായും കൂലിയായും വിലയായും കവര്‍ച്ചദ്രവ്യമായും പരസ്പരം പണം കൊടുത്തും പിടിച്ചുപറിച്ചും കളിക്കുന്ന ഒരു കളിക്കളം. ഇത് നമ്മുടെ രാഷ്ട്രീയസാംസ്‌കാരിക ജീവിതങ്ങളെ കൂടുതല്‍ അഴിമതി നിറഞ്ഞതാക്കി. സ്വാഭാവികമായും സമൂഹത്തിന് ഒന്നും കൊടുക്കാത്ത, എല്ലാം കൈക്കലാക്കാന്‍ പരാശ്രിതത്വത്തോടെ കാത്തിരിക്കുന്ന പറ്റിത്തീനികളുടെ ഒരു കൂട്ടമായിത്തീര്‍ന്ന നമുക്ക് എന്ത് ആത്മാഭിമാനമാണ് ബാക്കിയുണ്ടാവുക? ആത്മാഭിമാനമില്ലാത്തവര്‍ക്ക് എന്ത് പ്രതികരണക്ഷമതയാണുണ്ടാവുക? തങ്ങളുടെ വിചിത്രമായ ചെയ്തികള്‍മൂലം ഒരു സാമൂഹികഗ്രൂപ്പും അനുകമ്പാര്‍ഹമായി ഇന്ന് കേരളത്തിലില്ല എന്നു തോന്നും. ഒഴിവാക്കാവുന്നത്, ജീവിതത്തിന്റെ അപമാനവീകൃതമായ ഓരങ്ങളില്‍ താമസിക്കുന്ന ആദിവാസികളെയും മദ്യപരോഗികളായ ഗൃഹനാഥന്മാരുടെ ആശ്രിതരായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും മാത്രം.
മാറുമറയ്ക്കല്‍സമരവും മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും എല്ലാം ബ്രിട്ടീഷുകാരോടോ മഹാരാജാവിനോടോ ഉള്ള ഭരണീയരുടെ അര്‍ഥനകളായിരുന്നു എങ്കിലും അവ ഉണരാന്‍ തുടങ്ങിയ ഒരു പൊതുസമൂഹത്തിന്റെ നിലവിളികളായിരുന്നു. നിവര്‍ത്തനപ്രക്ഷോഭം, മലബാര്‍കലാപം, ഈഴവ ശിവപ്രതിഷ്ഠ, ഉത്തരവാദിത്തപ്രക്ഷോഭണം, മലബാറിലെയും തിരുവിതാംകൂറിലെയും കാര്‍ഷികകലാപങ്ങള്‍, പ്രജാമണ്ഡലം പ്രക്ഷോഭങ്ങള്‍, പാലിയം സത്യാഗ്രഹം എന്നിങ്ങനെയുള്ള സുദീര്‍ഘവും പടിപടിയായുള്ളതുമായ പ്രസ്ഥാനങ്ങള്‍ ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ സ്വാതന്ത്ര്യകാംക്ഷയെ വിളിച്ചുപറയുന്നവയായിരുന്നു. ആ നിലവിളികള്‍ ഭൗതികശക്തികളായിത്തീര്‍ന്ന് നമ്മുടെ സമൂഹത്തെ മാറ്റി. ഏകദേശം ഒന്നര നൂറ്റാണ്ടുകാലം പ്രതിപദം മുന്നോട്ടു നീങ്ങിയ കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തിന്റെ തിരിഞ്ഞുനടത്തത്തിന്റേതാണ് എന്നാല്‍, ഈ ഘട്ടം.
ജനങ്ങളാണ് ചരിത്രനിര്‍മാതാക്കളെങ്കില്‍ ബഹുവിധ സാഹചര്യങ്ങള്‍കൊണ്ട് ദുഷിച്ച ഒരു ജനത എന്തുതരം ചരിത്രമാണ് സൃഷ്ടിക്കുക? ഭൂവുടമകള്‍ക്കെതിരായും തൊഴിലുടമകള്‍ക്കെതിരായും കോണ്‍ഗ്രസ്സിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായുമുള്ള ഇഞ്ചിഞ്ചായ പോരാട്ടങ്ങളിലൂടെയാണ് നമ്മുടെ പൊതുസമൂഹം സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം സ്വയം സാക്ഷാത്ക്കരിച്ചത്. എന്നാല്‍, അറുപതുകളില്‍ ജനജീവിതത്തിലെ മൂല്യച്യുതിയും ലോകത്തി നു മുഴുവന്‍ മാതൃകയാകുമായിരുന്ന ഒരു ജനാധിപത്യവിപ്ലവം പൂര്‍ത്തീകരിക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയസാംസ്‌കാരിക നേതൃത്വം പ്രകടിപ്പിച്ച ഇച്ഛാശക്തിയില്ലായ്മയും പരസ്പരം സ്വാധീനിച്ച് ഒരു ദൂഷിതവലയമായി ഇന്നത്തെ അവസ്ഥയിലേക്ക് വളരുകയായിരുന്നു. അമ്പത്തേഴിലെ മന്ത്രിസഭ നടപ്പിലാക്കിയ പുരോഗമനാത്മക നടപടികള്‍ക്ക് പ്രതിലോമശക്തികളില്‍നിന്ന് നേരിട്ട പ്രതിരോധവും ജാതിമതശക്തികള്‍ക്ക് ജനങ്ങളിലുണ്ടായിരുന്ന പ്രഭാവവും ഇടതുപക്ഷകക്ഷികളെ ഒരു പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ചു. 'നമുക്കവനെ തോല്പിക്കാന്‍ ആവില്ലെങ്കില്‍ അവനോടൊത്ത് ചേരുക' എന്ന ക്ലാസിക്കല്‍ യുദ്ധതന്ത്രമാണ് ഒടുവില്‍ കമ്യൂണിസ്റ്റുകള്‍ സ്വീകരിച്ചത്. ക്രമേണ ഭരണാധികാരം കൈവരിക്കാനും ഭരണസമാധാനം നിലനിര്‍ത്താനും കഴിയണമെങ്കില്‍, ഏതു വ്യവസ്ഥയ്‌ക്കെതിരായാണോ പ്രക്ഷോഭമുണ്ടാക്കിയത്, ആ വ്യവസ്ഥയെത്തന്നെ മറ്റൊരു രൂപത്തില്‍ നിയമവത്കരിക്കുകയും ശാശ്വതവത്കരിക്കുകയുമാണ് വേണ്ടത് എന്ന പരിഹാസ്യമായ പതനത്തിലേക്ക് അവര്‍ എത്തുകയായിരുന്നു. തന്മൂലം നിര്‍ണായകഘട്ടങ്ങളില്‍ എല്ലാ ഭിന്നതകളും മാറ്റിവെച്ച് പരസ്പരസഹായം നല്കുന്ന രാഷ്ട്രീയക്കാര്‍, ബ്യൂറോക്രാറ്റുകള്‍, പോലീസുദ്യോഗസ്ഥര്‍, മാധ്യമപ്രമുഖര്‍, മദ്യവ്യാപാരികള്‍, കരാറുകാര്‍, മതനേതാക്കള്‍, ബുദ്ധിജീവികള്‍ എന്നിവരുടെതായ ഒരു രാഷ്ട്രീയാധീശസമൂഹം (ജീഹശശേരമഹ ടീരശല്യേ) സ്ഥാപിതമാകുകയും ദശകങ്ങളിലൂടെ ശക്തിപ്രാപിക്കുകയും ചെയ്തു.
എന്നാല്‍ അന്നുപോലും മുഴുവന്‍ കേരളത്തിന്റെയും ആശീര്‍വാദത്തോടെയല്ല ഈ ചൂഷകസംവിധാനം വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സംവിധാനത്തിന്റെ ഭയാനകസാധ്യതകളെ അതിന്റെ മുളയില്‍ത്തന്നെ പുരോഗാമികളായ സി.ജെ. തോമസും എം. ഗോവിന്ദനും മറ്റും ചൂണ്ടിക്കാണിച്ചിരുന്നു. യാഥാസ്ഥിതികനായിരുന്ന മാരാര്‍ അതിനെ പരിഹസിച്ചു. ക്രാന്തദര്‍ശിയായിരുന്ന വൈലോപ്പിള്ളി നെടുവീര്‍പ്പിട്ടു.
നമ്മുടെ ആധുനികതാസാഹിത്യംതന്നെ ഇത്തരം ഒരു അവസ്ഥയുടെ പരോക്ഷമായ വിലയിരുത്തലായിരുന്നു. ഉദാഹരണത്തിന് തന്റെ കൃത്രിമമായ ആധ്യാത്മികഭാഷയുടെ സ്വരസത്തില്‍ മുങ്ങിത്താഴുന്നതിനു മുന്‍പ് രചിക്കപ്പെട്ട ധര്‍മപുരാണം എന്ന കൃതിയിലൂടെ ഒ.വി. വിജയന്‍ തന്റെ സര്‍ഗാത്മകതയുടെയും വിമര്‍ശനശക്തിയുടെയും പാരമ്യത്തിലെത്തി. ചാത്തന്‍സ് എന്ന കഥാപാത്രത്തിലൂടെ നമ്മെ മുഴുവന്‍ ബാധിക്കാനിരുന്ന ഒരു ദുരവസ്ഥയുടെ ബീജരൂപത്തെ വി.കെ.എന്നും എടുത്തുകാട്ടി.
മാര്‍ക്‌സിസത്തിന്റെ അവസാനകൈ എന്നതിനെക്കാള്‍ കേരളത്തിലെ നക്‌സലിസം ഈ കപട ജനാധിപത്യരാഷ്ട്രീയത്തിനെതിരായുള്ള ഒരു കലാപമായിരുന്നു. അതിന്റെ രണ്ടാം ഘട്ടത്തില്‍ അത് കെ. വേണുവിന്റെ നേതൃത്വത്തിലുള്ള ഒരു സാഹിത്യസംഘമായിത്തീര്‍ന്നു എന്നതുപോലും എനിക്ക് അപകര്‍ഷകമായി തോന്നുന്നില്ല. അവരുടെ ജനകീയവിചാരണയിലും മറ്റും ഉള്‍പ്പെട്ടിരുന്ന വിജിലന്റിസം ഒരു പ്രസ്ഥാനമായി വളരാന്‍ വേണ്ട ധാര്‍മികസാഹചര്യവും വളര്‍ത്താനുതകുന്ന നേതൃത്വപരമായ കേന്ദ്രീകൃത ഇച്ഛാശക്തിയും ഉണ്ടായിരുന്നുവെങ്കില്‍ അത് പിന്നീട് തഴച്ചുവളര്‍ന്ന് രാഷ്ട്രീയാധീശസമൂഹത്തിനു ഭീഷണിയാകുമായിരുന്നു.
ആദര്‍ശരഹിതമായ ഒരു രാഷ്ട്രീയസമൂഹമായി ഒത്തുകൂടിയ പാര്‍ട്ടികളിലെല്ലാംതന്നെ നിശ്ശബ്ദരാക്കപ്പെട്ട ആദര്‍ശവാന്മാരായ ഗാന്ധിയന്മാരും സോഷ്യലിസ്റ്റുകളും അപ്പോഴും ബാക്കിനിന്നിരുന്നു. അറുപതുകളിലും എഴുപതുകളിലും പോലും പത്രധര്‍മം എന്തെന്ന് സൂക്ഷ്മമായറിയുന്ന പത്രപ്രവര്‍ത്തകരും ധാരാളമുണ്ടായിരുന്നു.
നക്‌സലൈറ്റുകളെക്കൂടാതെ എണ്‍പതുകളില്‍ അഴീക്കോടിന്റെയും മറ്റും നേതൃത്വത്തിലുള്ള നവഭാരതവേദി, സുഗതകുമാരിയുടെയും മറ്റും നേതൃത്വത്തിലുള്ള പരിസ്ഥിതി ഗ്രൂപ്പുകള്‍, ജീവകാരുണ്യസംരംഭങ്ങള്‍, ഫാ. കോച്ചേരിയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളിസംഘങ്ങള്‍, അജിതയുടെയും സാറാ ജോസഫിന്റെയും മറ്റും നേതൃത്വത്തിലുള്ള ഫെമിനിസ്റ്റ് സംഘങ്ങള്‍, 'പകുതി വെന്തതെങ്കിലും' തൃശൂരിലെ 'പാഠഭേദം' സംരംഭങ്ങള്‍ എന്നിവയെല്ലാം പരിമിതമായെങ്കിലും സമൂഹത്തിന്റെ അപ്പോഴും നശിക്കാത്ത ജീവന്റെ സൂചകങ്ങളായി നിലനിന്നിരുന്നു. എന്നാല്‍, സമൂഹത്തിലെ പ്രതിലോമശക്തികളെ ജയിക്കുക ദുഷ്‌കരമാണെന്ന് അറുപതുകളില്‍ ഇടതുപക്ഷകക്ഷികള്‍ നേടിയ അതേ തിരിച്ചറിവില്‍ത്തന്നെ എണ്‍പതുകളവസാനമാകുമ്പോഴേക്കും നമ്മുടെ പ്രമുഖ ബുദ്ധിജീവികളും എഴുത്തുകാരും എത്തിച്ചേര്‍ന്നു. അവരുടെ മുന്‍പില്‍ തിരഞ്ഞെടുക്കാന്‍ രണ്ടു കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ ധാര്‍മികമായി ഉദാസീനരായ ജനങ്ങളാല്‍ അവഗണിക്കപ്പെട്ട് ബധിരമായ ഭരണകൂടത്തോട് ന്യായം പറഞ്ഞ് ഒട്ടും ആശാവഹമല്ലാത്ത രാഷ്ട്രീയസാമൂഹിക പ്രക്രിയകളെ വെറുതേ രേഖപ്പെടുത്തിക്കൊണ്ടിരിക്കുക, അല്ലെങ്കില്‍ അപ്പോഴേക്കും സജ്ജമായിക്കഴിഞ്ഞിരുന്ന രാഷ്ട്രീയാധീശസമൂഹത്തില്‍ അതു നല്കുന്ന എല്ലാ ബഹുമതികളും സുഖങ്ങളും സ്വീകരിച്ച് അംഗമാകുക. നമ്മുടെ ബുദ്ധിജീവികള്‍ രണ്ടാമത്തെ മാര്‍ഗമാണ് സ്വീകരിച്ചത്. രാഷ്ട്രീയാധീശ സമൂഹത്തിലേക്കുള്ള ബുദ്ധിജീവികളുടെ-പ്രത്യേകിച്ച് പഴയ ആന്റി കമ്യൂണിസ്റ്റുകളുടെ നിരങ്കുശമായ കുത്തിയൊഴുക്ക് നമ്മുടെ സാംസ്‌കാരികമണ്ഡലത്തില്‍ നിലനിന്നിരുന്ന വകതിരിവിന്റെയും പ്രാഥമിക മൂല്യബോധത്തിന്റെയും അടയാളങ്ങള്‍കൂടി ബാക്കിവെക്കാതെയാണ് സംഭവിച്ചിരിക്കുന്നത്.
രാഷ്ട്രീയക്കാരന്റെ വര്‍ഗത്തോട് സഹകരിക്കാനുള്ള എഴുത്തുകാരന്റെയും ബുദ്ധിജീവിയുടെയും വ്യഗ്രത രാഷ്ട്രീയലാഭം ലാക്കാക്കിയുള്ള ബൃഹത്തായ ഒരു ആളുചേര്‍ക്കലിനു വഴിയൊരുക്കിയിരിക്കുന്നു. സമൂഹത്തിലെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുവേണ്ടിയുള്ള ഒരു ഭരണമായിത്തീരുകവഴി ഇടതുപക്ഷകക്ഷികള്‍ക്കു സംഭവിച്ച വിശ്വാസ്യതാലോപം ഈ ബുദ്ധിജീവികളുടെ പ്രാമാണികതകൊണ്ടും വിശ്വസനീയതകൊണ്ടും ജനപ്രിയതകൊണ്ടും ആകാവുന്നത്ര പരിഹരിക്കാമെന്നതായിരുന്നു പാര്‍ട്ടികളുടെ ഉന്നം.
പ്രതികരണക്ഷമമല്ലാത്ത ഒരു സമൂഹത്തില്‍ എഴുത്തുകാരന്റെ മൗനത്തിനുപോലും സാധൂകരണമുണ്ട്. രസികനില്ലെങ്കില്‍ സംഗീതജ്ഞനെന്ത് അസ്തിത്വമുണ്ട്? എന്നാല്‍, നമ്മുടെ പരിസ്ഥിതിവാദികളും ഗാന്ധിയന്‍ സോഷ്യലിസ്റ്റുകളും സ്ത്രീവാദികളും രാഷ്ട്രീയാധീശസമൂഹത്തിലേക്ക് കടന്നുവന്നത് തങ്ങളുടെ പതിവ് പദാവലികള്‍ ഉപേക്ഷിക്കാതെയാണ്. അത് സദാചാരപരമായി മാത്രമല്ല, സൗന്ദര്യാത്മകമായിപ്പോലും കടുത്ത വൈരുധ്യമുണ്ടാക്കുന്നു. ആത്യന്തികമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള മദ്യമാഫിയ സാമ്പത്തികജീവകംകൊണ്ടും പെണ്‍വാണിഭക്കാര്‍ സുസ്ഥിരതാ ജീവകംകൊണ്ടും പോഷിപ്പിക്കുന്ന അതേ വിപുലമായ പാര്‍ട്ടിശരീരത്തെയാണ് സുകുമാര്‍ അഴീക്കോടും സുഗതകുമാരിയും എം.എന്‍. വിജയനും എം.ടിയും എന്‍.എസ്. മാധവനും ബി. രാജീവനും ഒക്കെ സാംസ്‌കാരികജീവകം കൊടുത്ത് പോഷിപ്പിക്കുന്നത്.
നമ്മുടെ പൊതുസമൂഹത്തെ വിശ്ലഥമാക്കിയ രാഷ്ട്രീയാധീശസമൂഹത്തെ പരിശോധിക്കുമ്പോള്‍ ആദ്യമായി നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത് ഈ സമൂഹാംഗങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന കുല്‍സിതമായ ഒരു രാഷ്ട്രീയ സമവായമാണ്. ഒരു സംഘാംഗത്തിനെതിരായുള്ള അഴിമതിയാരോപണമോ രാജ്യദ്രോഹക്കുറ്റമോ സദാചാരലംഘനമോ തിരഞ്ഞെടുപ്പുകാലത്തെ വോട്ട് സമ്പാദിക്കാനും അടിയന്തരാവശ്യങ്ങള്‍ വരുമ്പോള്‍ ബ്ലാക്‌മെയില്‍ ചെയ്യാനും ഉപയോഗിച്ചേക്കാമെങ്കിലും അതുകൊണ്ട് കുറ്റവാളിക്ക് സ്ഥായിയായ ഒരു ഹാനിയും സംഭവിക്കുന്നില്ല. പൊതുമുതല്‍ കൊള്ളയടിക്കാനും മാഫിയകള്‍ക്ക് തേര്‍വാഴ്ച നടത്താനും തങ്ങള്‍ക്കോ പുത്രന്മാര്‍ക്കോ സ്ത്രീശരീരങ്ങളില്‍ മേയാനുമുള്ള പ്രത്യേകാവകാശങ്ങളുടെ മേഖല പൊതുചര്‍ച്ചയുടെ മണ്ഡലത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്ക്കുന്നു.
കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടിഭേദമോ മതഭേദമോ ആദര്‍ശഭേദമോ ഇല്ല. ജെയിന്‍ഡയറിയിലും രമേശ് ശര്‍മഡയറിയിലുമെന്നതുപോലെ ഒരു സര്‍വകക്ഷി പാനലാണല്ലോ പെണ്‍വാണിഭഡയറിയിലും മദ്യമാഫിയ ഡയറികളിലും ഉള്ളത്. കേരളത്തിലെ പെണ്‍വാണിഭക്കേസിലെ ഇരകള്‍ മിക്കവാറും അടിസ്ഥാനവര്‍ഗത്തില്‍നിന്നുള്ളവരായിരുന്നു. മലബാറിലെ പ്രധാനപ്പെട്ട പ്രതിപക്ഷപാര്‍ട്ടിയായ മുസ്‌ലിം ലീഗിനെ നിര്‍വീര്യമാക്കാന്‍ അടിസ്ഥാനവര്‍ഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ ശരീരം ഉപയോഗിക്കാമെന്ന വിപ്ലവതന്ത്രം സുദീര്‍ഘമായ കമ്യൂണിസ്റ്റ് ചരിത്രത്തില്‍ ഒരുപക്ഷേ, ആദ്യമായിട്ടാവാം ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ഒരു രാഷ്ട്രീയനേതാവിന്റെ ഇക്കിളിയെ ബഹുമാനിക്കാന്‍ ലോക്കല്‍ പോലീസ് സ്റ്റേഷന്‍മുതല്‍ രാജ്യത്തെ സര്‍വോന്നത നീതിപീഠംവരെയുള്ള സംവിധാനങ്ങളെ അപമാനിച്ചതിലുള്ള നിര്‍ലജ്ജത രാഷ്ട്രീയാധീശവര്‍ഗത്തിന്റെ കേരളത്തിലെ വളര്‍ച്ചയെ സൂചിപ്പിക്കുന്ന ഒരു നാഴികക്കല്ലാണ്.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ആദ്യത്തെ അന്വേഷകയെ മാറ്റി, പകരം എന്ത് അന്വേഷിക്കരുത് എന്ന് നന്നായി പഠിച്ചിട്ടുള്ള ഉദ്യോഗസ്ഥന്മാര്‍ നിയമിക്കപ്പെട്ടു. കേസ് അന്വേഷിക്കാന്‍ നിയുക്തമായ നിയമസഭാ കമ്മിറ്റിക്ക് വാദിയായ സര്‍ക്കാര്‍തന്നെ മര്‍മപ്രധാനമായ സര്‍ക്കീട്ട് രേഖകള്‍ നിഷേധിച്ചു. രേഖകള്‍ കിട്ടിയിട്ടെന്തു കാര്യം? ലഭിച്ച തെളിവുകള്‍തന്നെ തങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നതിനും അങ്ങനെ ഉദ്ഭാസിതരാകുന്നതിനും നിയമസഭാ കമ്മിറ്റി ക്ഷോഭപൂര്‍വം വിസമ്മതിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടാതെ സ്വയം അസ്ഥിരമാകാന്‍ അനുവദിച്ചു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ തൊട്ടുകാണിക്കുന്ന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പരാതിക്കാരനായ സര്‍ക്കാര്‍തന്നെ പരിഗണിക്കാന്‍ വിസമ്മതിച്ചു. തൊണ്ടിരേഖകള്‍ തിരുത്തി അലങ്കോലമാക്കി. എന്തിന്, സുപ്രീംകോടതിയുടെ മുന്‍പിലും സര്‍ക്കാര്‍ അസത്യങ്ങള്‍ നിറഞ്ഞ സത്യവാങ്മൂലം നല്കി. ഒരു വര്‍ഗത്തിന്റെ ആത്മരക്ഷോപായങ്ങള്‍ എത്ര വികൃതമായാണ് ഇങ്ങനെ വെളിവാകുന്നത്!
ഈ രാഷ്ട്രീയസമൂഹത്തിലെ അംഗങ്ങളായ എതിര്‍കക്ഷിനേതാവിനും മദ്യമാഫിയയ്ക്കും വനംകൈയേറ്റക്കാര്‍ക്കും കുടിയേറ്റലോബിക്കുംവേണ്ടി വളരെ സത്വരമായും എന്നാല്‍ ഇരകള്‍ക്കുവേണ്ടിയോ പൊതുതാത്പര്യങ്ങള്‍ക്കുവേണ്ടിയോ വളരെ ജഡതയോടെയും ആണ് ഭരണയന്ത്രം പ്രവര്‍ത്തിക്കുക. തൃശൂരിലും പത്തനംതിട്ടയിലും വ്യാജമദ്യക്കേസിലും നെല്ലിയാമ്പതി വനംകൈയേറ്റക്കേസിലും സ്ഥലം മാറ്റി ശിക്ഷിക്കപ്പെട്ടത് അന്വേഷണോദ്യോഗസ്ഥരായിരുന്നു.
നിയമം നടത്തല്‍ അക്ഷരാര്‍ഥത്തിലെടുക്കുകമാത്രം ചെയ്ത തൃശൂര്‍ കലക്ടറെ പുതിയ ജോലിസ്ഥലത്തെത്തിയ ഉടനെ 'കൃത്യവിലോപം' കണ്ടെത്തി പ്രതികാരബുദ്ധിയോടെ സസ്‌പെന്‍ഡ് ചെയ്യുകകൂടി ചെയ്തു. കഴിഞ്ഞ ഒരു ദശകത്തില്‍ ഒരു സര്‍വകക്ഷിസംഘം കേന്ദ്രഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്താന്‍ പോയത് റേഷന്‍ ലഭ്യതയ്‌ക്കോ റെയില്‍ വികസനത്തിനോ നാണ്യവിള വിലവര്‍ധനവിനോ വേണ്ടി അല്ല. ആദിവാസികളെ അവരുടെ ജന്മഭൂമിയില്‍നിന്ന് പിഴുതെറിയുന്ന കുടിയേറ്റ ലോബിക്കുവേണ്ടിയുള്ള ആദിവാസി ഭൂനിയമഭേദഗതി ബില്‍ രാഷ്ട്രപതിയെക്കൊണ്ട് അംഗീകരിപ്പിക്കാനാണ്.
എപ്പോള്‍ കാര്യക്ഷമമാകണം എന്നുള്ള രാഷ്ട്രീയാധീശവര്‍ഗത്തിന്റെ തെറ്റുപറ്റാത്ത വിവേചനശക്തിയാണ് അതിന്റെ സ്വഭാവവിശേഷങ്ങളെ പുറത്തുകൊണ്ടുവരുന്നത്. ആലപ്പുഴയില്‍ തങ്ങള്‍കുഞ്ഞ് കൊല്ലപ്പെടുകയും കോഴിക്കോട്ട് ബാബുരാജ് മര്‍ദിക്കപ്പെടുകയും ചെയ്തപ്പോള്‍ ഭരണകക്ഷിനേതാക്കളുടെ ആദ്യത്തെ പ്രതികരണം പോലീസ്പീഡനത്തിന്റെ ഇരകള്‍ക്കെതിരായിട്ടായിരുന്നു. ആ അന്വേഷണങ്ങള്‍ ഇഴഞ്ഞുനീങ്ങുമ്പോള്‍, അതേ മാസത്തില്‍ത്തന്നെയാണ് കരുണാകരന്റെ 'കളവുമുതല്‍' കണ്ടുപിടിക്കാന്‍ നായനാര്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുന്നത്. 'പെണ്ണുങ്ങളുള്ളിടത്തൊക്കെ പെണ്‍വാണിഭമുണ്ടാകും' എന്ന കാര്യക്ഷമതയുള്ള ഭരണാധികാരിയുടെ പ്രശസ്തമായ നയപ്രഖ്യാപനത്തിന്റെ ഭയപ്പെടുത്തല്‍മൂല്യംകൊണ്ടാണ് വിതുര കേസിലെ ഒരു കൂട്ടിക്കൊടുപ്പുകാരന്‍ ജാമ്യത്തിലിരിക്കുമ്പോള്‍ത്തന്നെ മറ്റു രണ്ടു കേസുകളില്‍ക്കൂടി പിടിക്കപ്പെട്ടത്.
വിപ്ലവപാര്‍ട്ടികളുടെ ഗണനയില്‍ അടിസ്ഥാനവര്‍ഗതാത്പര്യങ്ങള്‍ എങ്ങനെ ഉപരിവര്‍ഗതാത്പര്യങ്ങള്‍ക്കു വിധേയമാകുന്നുവോ, അതുപോലെത്തന്നെയാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ തങ്ങളുടെ അനുയായികളെ വെടിഞ്ഞ് സമ്പന്നലോബിക്കുവേണ്ടി വിടുവേല ചെയ്യുന്നത്. മാവൂരിലെ ഗ്രാസിം ഫാക്ടറിയില്‍നിന്നുള്ള ജലമലിനീകരണത്താലും വിഷപ്പുകയാലും വലയുന്ന, തൊണ്ണൂറു ശതമാനവും മുസ്‌ലിം ജനസംഖ്യയുള്ള വാഴക്കാട് പഞ്ചായത്തിലെ ജനങ്ങള്‍ ബിര്‍ളയുമായി ഒരു ജീവന്‍മരണസമരത്തിലാണല്ലോ. എന്നാല്‍, തദ്ദേശവാസിയായ മുന്‍മന്ത്രി അടക്കമുള്ള മുസ്‌ലിംലീഗ് നേതാക്കള്‍ മറ്റ് ഇടതുവലത് കക്ഷിനേതാക്കളെപ്പോലെതന്നെ പരസ്യമായി പിന്തുണയ്ക്കുന്നത് ബിര്‍ളയെയാണ്. നിക്ഷിപ്ത താത്പര്യങ്ങളുടെ കാര്യം വരുമ്പോള്‍ മതാധിഷ്ഠിത സംഘടനകളുടെ തനിനിറം പുറത്തുവരുന്നു. ചേകന്നൂര്‍ മൗലവിയെ കൊന്നത് മാപ്പാക്കാമെങ്കില്‍ ബാബറി മസ്ജിദ് തകര്‍ത്തത് പൊറുക്കാം എന്ന മട്ടിലാണ് ശരിഅത്ത് വിശ്വാസിയും സനാതനധര്‍മക്കാരനും തമ്മില്‍ ഒത്തുതീര്‍പ്പിലാകുന്നത്.
രാഷ്ട്രീയാധീശവര്‍ഗത്തിന്റെ ധാര്‍ഷ്ട്യം അഴിമതിയെക്കുറിച്ചോ ഹിംസയെക്കുറിച്ചോ പറയുമ്പോള്‍ സ്വാഭാവികമായും ദേശീയതാത്പര്യത്തിനോ ജനതാത്പര്യങ്ങള്‍ക്കോ ഒരു പ്രാധാന്യവും കല്പിക്കുന്നില്ല. തങ്ങളുടെ രാഷ്ട്രീയസമൂഹത്തിനു പുറത്ത് ഒരു ലോകമേ ഇല്ല എന്ന മട്ടില്‍ അഴിമതിക്കുറ്റങ്ങളും മറ്റും ഒരുതരം പരസ്പരം റദ്ദാക്കല്‍ തത്ത്വത്തിലൂടെ പൊതുചര്‍ച്ചയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നു. വലതുപക്ഷക്കാരുടെ അഴിമതിയും ഹിംസയും ഇടതുപക്ഷക്കാരുടെ അഴിമതിയേയും ഹിംസയേയും ന്യായീകരിക്കുന്നതിനുള്ള കാരണങ്ങളാകുന്നു. ഇപ്പോഴത്തെ എക്‌സൈസ് അഴിമതിയെക്കുറിച്ച് ചോദ്യമുന്നയിക്കപ്പെട്ടാല്‍ ആരോപണം നിഷേധിക്കുന്നതിലുമുപരിയായി 'നിങ്ങളുടെ കാലത്തെ എക്‌സൈസ് അഴിമതിയെക്കുറിച്ച് ഇപ്പോള്‍ പറയുമേ' എന്നാണ് ഭീഷണിപ്പെടുത്തുക.
മനുഷ്യാവകാശങ്ങളുടെ കാര്യങ്ങള്‍ വരുമ്പോള്‍പ്പോലും അധികാരകേന്ദ്രത്തിനടുത്തുള്ള ഭരണപ്രതിപക്ഷകക്ഷികള്‍ക്കു മാത്രമേ ഇവയ്‌ക്കെല്ലാമുള്ള അര്‍ഹതയുള്ളൂ എന്നു തോന്നും. പി.എം. ആന്റണിയുടേത് നക്‌സലൈറ്റ് എഴുതിയ നാടകമായതിനാല്‍ നിരോധിക്കപ്പെടാം. പന്തളത്ത് കൊല്ലപ്പെട്ടത് ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന അച്ഛനമ്മമാരുടെ രക്തവും മാംസവുമായ കുട്ടികളല്ല. എതിരാളികളായ ബി.ജെ.പിയുടെ വക സ്വത്തുക്കളാണ്. 'കൊല്ലപ്പെട്ടത് ബി.ജെ.പി. കുട്ടികളല്ലേ? നിങ്ങള്‍ക്കെന്താ?' എന്നാണ് പ്രതിഷേധിച്ച കോണ്‍ഗ്രസ്സുകാരോട് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ചോദ്യം.
പെണ്‍വാണിഭക്കേസുകളിലെന്നതുപോലെ ജീവിച്ചിരിക്കുന്ന ശരീരങ്ങളെ മാത്രമല്ല, മൃതശരീരങ്ങളെയും തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കായി ഈ രാഷ്ട്രീയസമൂഹം ഉപയോഗിക്കുന്നു. വര്‍ഗീസിന്റെയും രാജന്റെയും വിജയന്‍നായരുടെയും മൃതദേഹങ്ങള്‍ മാര്‍ക്‌സിസ്റ്റുകാര്‍ കോണ്‍ഗ്രസ്സിനെതിരായി തിരഞ്ഞെടുപ്പുകളില്‍ എങ്ങനെ ഉപയോഗിച്ചു എന്നത് പഴയ കഥകളാണ്. പോലീസ് വെടിവെപ്പില്‍ മരിച്ച പതിമൂന്നുവയസ്സുകാരി 'മുസ്‌ലിം തീവ്രവാദി' സിറാജുന്നീസയുടെയും പോലീസ് പീഡനത്തില്‍ മരിച്ച മരുതൂര്‍വട്ടം ഗോപിയുടെയും സിസ്റ്റര്‍ അഭയയുടെയും ആത്മാക്കളെ യാതൊരു നീതിയും കൊടുക്കാതെ ഇടതുവലതു കക്ഷികള്‍ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വര്‍ഷങ്ങളോളമായി തട്ടിക്കളിച്ചുകൊണ്ടിരിക്കുന്നു.
സോഷ്യല്‍ ഫാസിസ്റ്റ്-വര്‍ഗീയ ഫാസിസ്റ്റ് സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്ന അടിസ്ഥാനവര്‍ഗത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങളുടെ വരവിനും ഒരു കുറവുമില്ല. മറ്റൊരു രാഷ്ട്രീയകക്ഷിക്കും നിലനില്ക്കാന്‍ അവകാശമില്ലാത്ത കമ്യൂണിസ്റ്റ്-ആര്‍.എസ്.എസ്.-എന്‍.ഡി.എഫ്. 'പാര്‍ട്ടി ഗ്രാമങ്ങള്‍'നിലവില്‍ വന്നിരിക്കുന്നു. തെരുവുഭീകരത സൃഷ്ടിച്ച് എതിര്‍പക്ഷ വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ അനുവദിക്കാതെ സോഷ്യല്‍ ഫാസിസ്റ്റുകള്‍ വിജയം നേടിയ സംഭവങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തുകണ്ടു. ജനാധിപത്യവത്കരണത്തിനുള്ള ഈ നൂറ്റാണ്ടിലെ രാഷ്ട്രീയത്യാഗങ്ങള്‍ വ്യര്‍ഥമായിപ്പോയി എന്നു നിസ്സംശയം പറയാം.
പൊതുസമൂഹത്തിനുണ്ടായ അപചയം സമൂഹത്തെ മുഴുവനും ഇടതുപക്ഷവും വലതുപക്ഷവും ആയി നെടുകെ പിളര്‍ത്തിയിരിക്കുന്നു. വര്‍ഗീയ ഫാസിസത്തിനെതിരേ സംസാരിച്ചാല്‍ കപട മതേതരത്വക്കാരനായും സോഷ്യല്‍ ഫാസിസത്തിനെതിരേ പ്രസംഗിച്ചാല്‍ വര്‍ഗീയവാദിയായും മുദ്രകുത്തപ്പെടുമോ എന്ന ഭയം ബുദ്ധിജീവികളെക്കൂടി പിടികൂടിയിരിക്കുന്നു. ഇത്തരം ഒരു തിരഞ്ഞെടുപ്പ് തങ്ങള്‍ക്കുമേല്‍ അടിച്ചേല്പിക്കപ്പെട്ടിരിക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ അധികാരകേന്ദ്രവുമായി അടുപ്പം ആഗ്രഹിക്കുന്ന ബുദ്ധിജീവികള്‍ക്കാവുന്നില്ല. 'മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നൊരു വാക്യത്തിന്റെ ആര്‍ജവം ഇന്ന് ഈ പതിതര്‍ക്ക് വളരെ അകലെ ആയിരിക്കുന്നു.
സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും നീതിന്യായ വ്യവസ്ഥയെക്കുറിച്ചും, ഇതിലൊന്നിലും ഒരു വിശ്വാസവും ഇല്ലാത്ത, പല നിറത്തിലുമുള്ള ഫാസിസ്റ്റുകള്‍ ഉറക്കെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്‍വീടായിരിക്കുന്നു കേരളം എന്നതാണ് ഇന്ന് ജനാധിപത്യമൂല്യങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും വാക്കുകളിലെ ഋജുത്വം ശരിയായ കാര്യങ്ങള്‍ ശരിയായ ആളുകള്‍ പറയുകവഴി ഉണ്ടായതാണ്. ശരിയായ കാര്യങ്ങള്‍ തെറ്റായ ആളുകള്‍ പറയുമ്പോള്‍ ഉണ്ടാകുന്നത് ധാര്‍മികമായ കലക്കവും മൂല്യച്യുതിയുമാണ്. സ്റ്റെയിന്‍സിനെയും കുട്ടികളെയും ചുട്ടുകൊന്നവര്‍ പാമ്പുകളെ ചുട്ടുകൊന്നതിനെ അധിക്ഷേപിക്കുമ്പോഴും പാമ്പുകളെ ചുട്ടുകൊന്നവര്‍ മിഷണറി കുടുംബത്തെ ചുട്ടുകൊന്നതിനെ അധിക്ഷേപിക്കുമ്പോഴും സംഭവിക്കുന്നതിതാണ്. രണ്ടു കൂട്ടരും കാര്യലാഭത്തിനായി സമസ്തമൂല്യങ്ങളെയും ചുട്ടുകൊല്ലാന്‍ കെല്പുള്ളവരാണ് എന്ന സമഗ്രമായ തിരിച്ചറിവാണ് ആവശ്യം. പാര്‍ട്ടി മാറുന്ന ആള്‍ നിശ്ചയമായും ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമെന്ന് ഉറപ്പിക്കാവുന്ന, മറ്റു പാര്‍ട്ടിവിശ്വാസമുള്ള കുടുംബങ്ങളെ കുളംതോണ്ടുന്ന പാര്‍ട്ടിഗ്രാമങ്ങളുള്ള സാക്ഷരകേരളത്തിലിരുന്ന് ബജ്‌റംഗ്ദളിന്റെ പ്രാകൃതത്വത്തെ എങ്ങനെ അപലപിക്കാനാവും? എം. സുകുമാരന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തീവെക്കുമെന്ന് പണ്ട് ഭീഷണിപ്പെടുത്തിയവര്‍ക്ക് എങ്ങനെ ബാല്‍താക്കറെയില്‍നിന്ന് ഫയറിനെ രക്ഷിക്കാനാവും.
കേരളത്തിലെ മതനിരപേക്ഷതയുടെ സുശക്തമായ അടിത്തറയെ വര്‍ഗീയതയ്ക്ക് മാന്യത നല്കുകവഴി തകര്‍ത്തതില്‍ വലിയൊരു പങ്ക് ഇ.എം.എസ്സിനും സുഹൃത്തുക്കള്‍ക്കുമാണുള്ളത്. കലങ്ങിയ വെള്ളത്തിലുള്ള ഈ മീന്‍പിടിത്തം ഇപ്പോഴും തുടരുന്നു. വര്‍ഗീയതയെക്കുറിച്ച് അത് രഹസ്യഭക്ഷണമാക്കിയവര്‍ സംസാരിക്കുന്നതിലെ കപടനാട്യം തുറന്നുകാട്ടുകവഴിയാണ് യഥാര്‍ഥ മതനിരപേക്ഷത സംരക്ഷിക്കുവാന്‍ നമുക്കു കഴിയുക.
പൊതുസമൂഹത്തിന്മേലും ജനാധിപത്യസ്ഥാപനങ്ങളിന്മേലുമുള്ള രാഷ്ട്രീയസമൂഹത്തിന്റെ കൈയേറ്റങ്ങള്‍ എല്ലായ്‌പോഴും ശിക്ഷിക്കപ്പെടാതെ പോകുന്നു. നിയമവിരുദ്ധനടപടികള്‍ ചെയ്യുമ്പോള്‍ എപ്പോഴും വന്നുപെടാവുന്ന പിഴവുകള്‍കൊണ്ടോ സത്യത്തിന്റെ സ്വയംപ്രഭാസ്വഭാവംകൊണ്ടോ രാഷ്ട്രീയകുറ്റവാളിയുടെ കള്ളി വെളിച്ചത്തായാല്‍ ആദ്യത്തെ മാധ്യമപ്രകമ്പനങ്ങള്‍ക്കുശേഷം അയാളെ സഹായിക്കാന്‍ നിയമനിര്‍മാണസഭയും എക്‌സിക്യൂട്ടീവും ഉടനെ ജാഗ്രത്താകുന്നു. രോഗാതുരമായ ജനതയുടെ അവസാനത്തെ ആശുപത്രിയായ ജുഡീഷ്യറിയെക്കൂടി ഇവര്‍ നൂറുനൂറു സാങ്കേതികത്വങ്ങള്‍കൊണ്ടു തളര്‍ത്തുന്നു. 'ഞങ്ങളെ കുറ്റവാളികളാണെന്നു തെളിയിക്കുക' എന്ന വീരവാദത്തോടെ അവര്‍ ആകാവുന്നത്ര വിളംബങ്ങളും തടസ്സങ്ങളും സൃഷ്ടിക്കുന്നു. എന്നിട്ടും കോടതിനടപടികള്‍ തങ്ങള്‍ക്ക് എതിരാണെങ്കില്‍ 'ഞങ്ങള്‍ക്ക് ജനങ്ങളുടെ കോടതിയിലാണ് വിശ്വാസം' എന്നു പറയുന്നു.
ജനങ്ങളുടെ കോടതി. കൊള്ളമുതലിന്റെ ഒരംശം എടുത്ത് ഒരുവിധം പോഷിപ്പിക്കപ്പെട്ടിട്ടുള്ള വെപ്പാട്ടിയെപ്പോലുള്ള നിയോജകമണ്ഡലവും അതിലെ സുരക്ഷിതമായ വോട്ട്ബാങ്കും അയാളെ തിരഞ്ഞെടുപ്പില്‍ നിസ്സംശയം ജയിപ്പിക്കുന്നു. ഇതിനിടെ കൂടുതല്‍ വലിയ അഴിമതി നടത്തിയ എതിരാളിയെ ഹ്രസ്വമായ ഓര്‍മശക്തിയുള്ള ജനങ്ങള്‍ പുറത്താക്കിയിരിക്കും. ഇനി തന്റെ ഊഴം. ഇപ്പോള്‍ വാദിയും പ്രതിയും ഒരാള്‍തന്നെ. പിന്നെ എന്തു കോടതി? എന്തു ശിക്ഷ? സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള അന്‍പതു വര്‍ഷങ്ങളില്‍ രാഷ്ട്രീയാധികാരിസമൂഹത്തില്‍നിന്ന് ഒരാളെങ്കിലും ശിക്ഷ അനുഭവിച്ചതായി നമുക്ക് ഓര്‍മയില്ല.
'ജനങ്ങളുടെ കോടതി'-തിരിഞ്ഞും മറിഞ്ഞും നാം വീണ്ടും ഉദാസീനമായ സിവില്‍സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേരുന്നു. ഒരു രാഷ്ട്രീയകുറ്റവാളിയെ ജനങ്ങള്‍ രോഷത്തോടെ അധികാരത്തില്‍നിന്ന് നിഷ്‌കാസനം ചെയ്യുന്നത് മറ്റൊരു കുറ്റവാളിയെ തങ്ങളുടെ കഴുത്തില്‍ പിടിമുറുക്കാന്‍ അനുവദിച്ചുകൊണ്ടാണെന്നതിലെ വിധിവൈപരീത്യം പരിഹൃതമാകുക ആത്മബോധമുള്ള ഒരു സിവില്‍സമൂഹത്തില്‍ മാത്രമാണ്. കടുത്ത ദാരിദ്ര്യത്തിലും വറുതിയിലും കഴിഞ്ഞിരുന്ന കേരളജനതയ്ക്കു മുന്‍പില്‍ സുഖഭോഗങ്ങളുടെ വൈവിധ്യം ആവിര്‍ഭവിച്ചിട്ട് രണ്ടുമൂന്നു ദശകങ്ങളേ ആകുന്നുള്ളൂ. പെട്ടെന്ന് ലഭിച്ച തീനിന്റെ താത്കാലികസുഖത്തില്‍ കഴിയുമ്പോള്‍ അവര്‍ക്കു മുന്നില്‍ മനുഷ്യാവകാശങ്ങളോ മൂല്യബോധമോ ഇല്ല.
ആര്‍ക്കെങ്കിലുമെതിരായ സദാചാരബോധനവും തദനുബന്ധിയായ സ്വയം-ശരിഭാവവും ഈ സമൂഹത്തില്‍ നിലനില്ക്കത്തക്കതല്ല. കാരണം, നാമെല്ലാം കുടിക്കുന്നത് ഏറിയും കുറഞ്ഞും ഒരേ മദ്യമാണ്. മദ്യത്തിനും ശരീരങ്ങള്‍ക്കും വേണ്ടിയുള്ളതല്ലാതെ നമ്മുടെ ജീവിതത്തിലോ രാഷ്ട്രീയത്തിലോ ബന്ധങ്ങളിലോ കവിതയിലോ ഒരു ഉത്കടവികാരവും അവശേഷിക്കുന്നില്ല. പെണ്‍വാണിഭങ്ങളിലെ വിക്രയവസ്തുക്കള്‍ നമ്മുടെ രാഷ്ട്രീയക്രമത്തിന്റെ ഒത്താശയില്‍ വളരുന്ന ഉപഭോക്തൃമൂല്യങ്ങളുടെ വിഭ്രാമകതയില്‍പ്പെട്ട മനസ്സുകളാണ്. ആ സാധുവര്‍ഗത്തിന്റെ ഉത്പാദനബന്ധങ്ങളുമായി ഒരു സാമ്യവുമില്ലാത്തതാണ് അവരെ ചൂഴുന്ന പരസ്യസൃഷ്ടമായ മായികലോകം.
ഈയിടെ ജനാധിപത്യവാദികള്‍ എന്നു പറയപ്പെടുന്ന നമ്മുടെ രാഷ്ട്രീയാധീശസമൂഹത്തിന്റെ തിരഞ്ഞെടുപ്പ് അടിസ്ഥാനവര്‍ഗത്തില്‍പ്പെട്ട, പിച്ചിച്ചീന്തപ്പെട്ട ഈ പെണ്‍കുട്ടികള്‍ക്കും അവരെ ഉല്ലംഘിച്ച വിടസുഹൃത്തിനും ഇടയ്ക്കായിരുന്നു. രണ്ടാമത്തെയാളെയാണ് തങ്ങളുടേതായി അവര്‍ തിരഞ്ഞെടുത്തത്. ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ ഒരുപാട് മാനങ്ങളുള്ള ഈ സാമൂഹികവിരുദ്ധതയ്ക്ക് രക്ഷകരായവര്‍ ആരെന്ന് നാം ഒന്ന് അടുത്തുനിന്ന് കാണുക: ഇവിടെ സ്ഥിതിസമത്വം കൊണ്ടുവരാന്‍ പണ്ട് ഇടിയും തൊഴിയും കൊണ്ടിട്ടുള്ള ഇന്നത്തെ ഭരണാധികാരികളായ വിപ്ലവപിതാമഹന്മാര്‍; ഈയൊരൊറ്റ നിലപാടുകൊണ്ടുമാത്രം ത്യാഗനിര്‍ഭരമായ തന്റെ ജീവിതം പാഴാക്കിയ കെ.ആര്‍. ഗൗരിയമ്മ; ആ പെണ്‍കുട്ടികളുടെ അമ്മമാരും മുത്തശ്ശിമാരും ആകാന്‍ പ്രായമുള്ള വനിതാസാമാജികര്‍; ഉറക്കമിളച്ച് സാങ്കേതികത്വത്തിന്റെ വലകള്‍ നെയ്തുകൊടുത്ത തലനരച്ച ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥന്മാര്‍; കുറ്റവാളികള്‍ക്കെതിരായ വാര്‍ത്തകള്‍ തമസ്‌കരിക്കുകയും വികലീകരിക്കുകയും ചെയ്ത മുഖ്യധാരാപത്രങ്ങളിലുള്ള സ്വദേശാഭിമാനിയുടെ പിന്‍മുറക്കാര്‍; ഇക്കാര്യങ്ങളെക്കുറിച്ച് ധാര്‍മികമോ സൗന്ദര്യശാസ്ത്രപരമോ സാംസ്‌കാരികമോ ആയ ഒരു ഞെട്ടലും അനുഭവിക്കാതെ സന്തോഷപൂര്‍വം ഈ രാഷ്ട്രീയാധീശവര്‍ഗത്തോടു സഹവസിക്കുന്ന എഴുത്തുകാര്‍. നമ്മുടേത് നാശോന്മുഖമായ ഒരു സൊദോം സമൂഹമാണെന്ന് എങ്ങനെ പറയാതിരിക്കും?
സ്വാത്മപ്രചോദിതരായ ഡോ. നല്ലതമ്പി തേര, അജിത, തന്റെ മേല്‍ വന്നുപതിച്ച അനീതിക്കെതിരേ നിഷ്‌ക്രിയനായിരിക്കാന്‍ വിസമ്മതിച്ച പ്രൊഫ. ഈച്ചരവാരിയര്‍, ലോക്കപ്പ് മര്‍ദനത്തില്‍ മരിച്ച മകന്റെ മൃതദേഹം ഫോര്‍മാലിനില്‍ പത്തുവര്‍ഷക്കാലം സൂക്ഷിച്ച് ബധിരമായ ഭരണകൂടത്തോട് അങ്കംവെട്ടിയ ചേര്‍ത്തലക്കാരന്‍ തങ്കപ്പനാചാരി, വര്‍ഗീസിനെ മേലധികാരികളുടെ നിയോഗമനുസരിച്ച് വെടിവെച്ചു കൊന്നത് താനാണെന്ന് കുറ്റസമ്മതം നടത്തിയ രാമചന്ദ്രന്‍നായര്‍, മന്ദമായ നിയമവ്യവസ്ഥയെ ആകാവുന്നത്ര ഫലപ്രദമായി ഉപയോഗിക്കുന്ന കുറെ പരിസ്ഥിതിപ്രവര്‍ത്തകര്‍, മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചില ക്രിസ്തീയസംഘടനകള്‍ ഇവര്‍ മാത്രമാണ് നമ്മുടെ സമൂഹത്തില്‍ ഇന്നുള്ള നുറുങ്ങുവെട്ടങ്ങള്‍. അടുത്ത ദശകത്തില്‍ വിദേശപ്പണത്തിന്റെ ഒഴുക്ക് ഏറക്കുറെ നിലയ്ക്കുമ്പോള്‍ നമ്മുടേത് ക്രിമിനലുകളുടെതും വേശ്യകളുടേതുമായ ഒരു സമൂഹമാകും. അന്ന് ഈ വെളിച്ചങ്ങളും അണഞ്ഞുപോകും.
(മാര്‍ച്ച് 1999)
(മൗനത്തിന്റെ ശമ്പളം മരണം എന്ന പുസ്തകത്തില്‍ നിന്ന്)
പുസ്തകം വാങ്ങാം