തനിക്കാരോടെങ്കിലും പകയുണ്ടോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ലെന്ന് പറഞ്ഞ ശേഷം ആ മനുഷ്യന്‍ എഴുതിവെച്ചിട്ടുള്ളത് ഇതാണ്: ''പക്ഷേ, ലോകത്തിനോട് എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. മരിച്ചുകഴിഞ്ഞിട്ടും നിങ്ങളെന്തിനാണ് എന്റെ നിഷ്‌ക്കളങ്കനായ കുട്ടിയെ ഈ മഴയത്തു നിര്‍ത്തിയിട്ടുള്ളത്?''-ഈച്ചരവാര്യരെക്കുറിച്ചുള്ള ഓര്‍മകളിലൂടെ....
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2006 ഏപ്രില്‍ 23 - 29-ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം.

രണ്ടുവര്‍ഷം മുന്‍പ് മഴ കോരിച്ചൊരിയുന്ന ഒരു വെളുപ്പാന്‍കാലത്താണ്, ഈച്ചരവാരിയരുടെ ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍ ഞാന്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തുതീര്‍ത്തത്. പുസ്തകത്തിന്റെ അവസാനത്തിലുള്ള ഈ വരികളില്‍ മനസ്സ് കുടുങ്ങിപ്പോയി.... ഒരു ബഷീറിയന്‍ നോവുണ്ട് ഈ വരികളില്‍. നേരം വെളുത്ത് പാത്തുമ്മയുടെ ആട് ചാമ്പമരത്തിന് കീഴിലെത്തുമ്പോഴേക്കും ഉമ്മ ചാമ്പക്കയെല്ലാം പെറുക്കിയെടുത്തിരിക്കും. ആട് രണ്ട് പിന്‍കാലുകളില്‍ ഉയര്‍ന്നുനിന്ന് താഴ്ന്ന കൊമ്പത്തുള്ള ചാമ്പക്ക തിന്നാന്‍ നോക്കും. എത്തുന്നില്ല.... ''ആരാണീ ചാമ്പമരത്തിന്റെ താഴ്ന്ന കൊമ്പുകള്‍ മുകളിലേക്ക് വലിച്ചുകെട്ടിയത്?'' വായിച്ച നിമിഷം മുതല്‍ അന്‍പതു വര്‍ഷത്തിനിപ്പുറവും നോവിന്റെ ഈ ചോദ്യം മനസ്സുവിട്ടുപോയിട്ടില്ല. അടുത്തുള്ളതെല്ലാം പെട്ടെന്ന് അകലത്താവുകയും അറിയാതെ എവിടെയൊക്കെയോ, അമ്മയുടെ അടുത്തുപോലും, അന്യനാവുകയും ചെയ്യുമ്പോഴൊക്കെ മനസ്സ് ആവര്‍ത്തിക്കും, ആരാണീ താഴ്ന്ന കൊമ്പുകള്‍ ഇത്ര മുകളിലേക്ക് വലിച്ചുകെട്ടിയത്? മരിച്ച ശേഷവും മഴയത്തു നില്‍ക്കുന്ന കുട്ടി അതുപോലെ, ഇപ്പോഴും മനസ്സില്‍ ബാക്കിയാവുന്നു.
വാരിയര്‍മാഷ്‌ക്ക് തീരെ വിശ്വാസമില്ലായിരുന്നു, എന്റെ ഇംഗ്ലീഷിലോ സമയത്ത് പണിതീര്‍ക്കാനുള്ള എന്റെ കഴിവിലോ. എനിക്കും ഇല്ലായിരുന്നു ഈ രണ്ടു കാര്യത്തിലും വിശ്വാസം. വിശ്വാസമുള്ള ഒരാള്‍ ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് അന്ന് ആ തര്‍ജമ സാധിച്ചത് -കെ.ജി. ശങ്കരപ്പിള്ള. തൃശ്ശൂര്‍ പടിഞ്ഞാറെ ചിറയുടെ കരയ്ക്ക് നല്ലൊരു വീടുണ്ട്. കെ.ജി.എസ്. കുറേക്കാലം അവിടെ വാടകപ്പാര്‍പ്പുകാരനായിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ ചിറയില്‍ കുളിയുടെ തിരക്കൊഴിയും. തുണി നനച്ച് കല്ലിലടിക്കുന്ന താളത്തിലുള്ള ശബ്ദം നിലയ്ക്കും. ഓളങ്ങള്‍ അടങ്ങും. ചിറക്കരയിലുള്ള തെക്കേ മഠത്തില്‍നിന്ന് ചിറക്കടവില്‍ വീഴുന്ന പതിഞ്ഞ വെളിച്ചം കടവിറങ്ങിവന്ന് വെള്ളത്തില്‍ നീന്തിത്തുടിക്കാന്‍ തുടങ്ങും. കുറേക്കൂടി ഇരുണ്ടാല്‍ തോര്‍ത്തുടുത്ത് ഒറ്റയ്‌ക്കൊരു നമ്പൂതിരി പടവിറങ്ങിവരികയായി. അയാള്‍ വെള്ളത്തില്‍ ഇറങ്ങിയാല്‍ ഓളങ്ങളും വെളിച്ചവും ആ കറുത്ത രൂപവും ചേര്‍ന്ന് വല്ലാത്തൊരു ദൃശ്യമേളം തുടങ്ങും. പല രാത്രികളിലും കെ.ജി.എസ്സുമൊന്നിച്ച് ചിറയ്ക്കഭിമുഖമായ ആ ജനലിനപ്പുറം ഇരുന്നിട്ടുണ്ട്, നടക്കാതെപോയ ചില ചലച്ചിത്രസ്വപ്നങ്ങള്‍ പറഞ്ഞ്. വാരിയര്‍ മാഷുടെ സഹോദരി, കൊച്ചമ്മിണി വാരസ്യാരുടെ വീടായിരുന്നു അത്. എറണാകുളത്തുനിന്ന് താമസം മാറ്റുന്നതിന്റെ ഭാഗമായി ആ വീട് വാരിയര്‍ മാഷ് വാങ്ങി... കെ.ജി.എസ്സ് വീടൊഴിഞ്ഞു, വാരിയര്‍മാഷ് അവിടെ താമസമാക്കി. തന്നെ ഞാന്‍ കുടിയിറക്കി എന്നു പിന്നീട് പലപ്പോഴും മാഷ് കെ.ജി.എസ്സിനോടു പറയാറുണ്ടത്രേ. സന്ധ്യകളില്‍, ചിറയ്ക്കഭിമുഖമായ ആ ജനലിനപ്പുറത്ത് മാഷ് ഇരിക്കാറുണ്ടായിരുന്നു, ഇരുളുംതോറും തെളിയുന്ന, ചിറയുടെ ദൃശ്യവിസ്മയവും കാത്ത്. ആ ജനല്‍പ്പടിയില്‍നിന്ന് ഇയാള്‍ എന്നെ കുടിയിറക്കിയല്ലോ എന്നു ഞാന്‍ ആ ഇരിപ്പുകാണുമ്പോള്‍ സ്വകാര്യമായി അസൂയകൊള്ളാറുമുണ്ട്. അതുകൊണ്ടുതന്നെ, ഒരു സന്ധ്യയ്ക്ക് നടക്കാനിറങ്ങിയപ്പോള്‍, ഒട്ടും പ്രതീക്ഷിക്കാതെ, ''നമുക്ക് മാഷെ ഒന്നു കാണാം'' എന്നു കെ.ജി.എസ്. എന്നേയും കൂട്ടി ആ വീട്ടിലേക്കുള്ള പടികള്‍ കയറിയപ്പോള്‍ ഞാനോര്‍ത്തുപോയത് കര്‍മബന്ധങ്ങളുടെ വിചിത്രമായ പടവുകളെക്കുറിച്ചാണ്.
മാഷെ അടുത്തുകാണുന്നത് ആദ്യമാണ്. മാഷ് കൂടുതല്‍ വൃദ്ധനും അവശനുമായിക്കഴിഞ്ഞിരുന്നു. ജനല്‍പ്പടിക്കലെ ഇരിപ്പ് ഉപേക്ഷിച്ച് അകത്ത് കൂടുതല്‍ ഇരുണ്ട മുറിയിലേക്ക് ഇരിപ്പ് മാറ്റിയിരുന്നു. ഷേവ് ചെയ്യാത്ത മുഖത്ത്, നരച്ച കുറ്റിരോമങ്ങള്‍ എഴുന്നുനിന്നു. വെളുത്ത പുരികങ്ങള്‍ക്കു കീഴെ, കണ്ണുകള്‍ പ്രകാശമറ്റ്, കൂടുതല്‍ ഇരുണ്ടിരുന്നു. കഫക്കെട്ടും വലിവും കാരണം സംസാരിക്കാന്‍ മാഷ് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. തന്റെ പുസ്തകം ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യാമെന്നാരോ ഏറ്റ കാര്യവും അതുവഴി പുസ്തകം ഇന്ത്യയിലെമ്പാടും വായിക്കപ്പെടുമെന്ന പ്രത്യാശയുമാണ് അന്ന് മാഷ് പറഞ്ഞത്. മാഷെ അധികം സംസാരിപ്പിച്ച് വിഷമിപ്പിക്കേണ്ട എന്നു കരുതി ഞങ്ങള്‍ പെട്ടെന്നു പുറത്തിറങ്ങി. ''താനൊരു കാര്യം ചെയ്യണം. ആ പുസ്തകം ഇന്നുതന്നെ വാങ്ങിക്കണം. അത് ഇംഗ്ലീഷിലാക്കണം.'' പുറത്തിറങ്ങിയപ്പോള്‍ കെ.ജി.എസ്. പറഞ്ഞു.
|
|
അച്യുതമേനോനും കരുണാകരനും |
വായന പറന്നുയര്‍ന്ന് ശിഖരത്തിലെത്തലാണ്. പറന്നുയരുന്ന പക്ഷിക്ക് താഴത്തെ ആഴത്തെക്കുറിച്ചോ മറികടക്കേണ്ട ഉയരത്തെക്കുറിച്ചോ വേവലാതിയില്ല. വിവര്‍ത്തനം ഇഴഞ്ഞിഴഞ്ഞ് കയറലാണ്. താഴത്തെ ആഴവും ബാക്കിയുള്ള ഉയരവും ഭയപ്പെടുത്തും. ഒരു വാക്കില്‍, ഒരു വാചകത്തില്‍, ഭാവത്തില്‍, വികാരത്തില്‍, വഴുക്കിപ്പോകാം. നിന്നിടത്തുനിന്ന് കിതച്ചേക്കാം. മാഷുടെ പുസ്തകത്തിന്റെ വിവര്‍ത്തനാനുഭവം, വല്ലാത്തൊരു യാത്രാനുഭവമായിരുന്നു. ഇരുണ്ട കാട്ടിലൂടെ ഒരു യാത്ര. അങ്ങിങ്ങ് ചെറിയ വെളിച്ചവും പ്രത്യാശയും തെളിയും. വീണ്ടും ഇരുളും. ഇഴജന്തുക്കളും വിഷജന്തുക്കളും കാരുണ്യം തീണ്ടാത്ത കാട്ടുമൃഗങ്ങളും അവയുടെ വേട്ടയും നിലയ്ക്കാത്ത കിതപ്പും. രാജന്‍ എവിടെയെന്ന ചോദ്യത്തിനു മുന്‍പില്‍ ആദ്യം നിഷ്‌കരുണമായ നിസ്സഹായതയും പിന്നെ ക്ഷോഭവും പ്രകടിപ്പിച്ച, സി. അച്യുതമേനോനും കെ. കരുണാകരനും അടക്കമുള്ള നേതാക്കള്‍. ''തന്റെ മകനെ അന്വേഷിച്ച് ഞാന്‍ കേരളത്തിലെ പോലീസ്‌സ്റ്റേഷനുകള്‍ കയറിയിറങ്ങണോ'' എന്നാണ് ഒടുവില്‍ അച്യുതമേനോന്‍ ക്ഷുഭിതനായത്. ബഹുമാന്യനും മാന്യനും ഉന്നതനുമായ മേനോനെക്കുറിച്ചിങ്ങനെ എഴുതേണ്ടിവന്നതില്‍ ഈച്ചരവാരിയര്‍ മാപ്പുപറയുന്നുണ്ട്. പലരെയും ഇതു വേദനിപ്പിച്ചേക്കാം. പക്ഷേ, തനിക്ക് ചരിത്രത്തോട് നീതി പുലര്‍ത്താതെ വയ്യ എന്ന് മാഷ് വിശദീകരിക്കുന്നു. കക്കയം ക്യാമ്പിലെ കഴുകന്മാരായ പോലീസുദ്യോഗസ്ഥര്‍ ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുവന്ന് തോന്നിയപോലെ തൊഴിക്കുന്ന പുലിക്കോടന്‍ മുതല്‍, യുവാക്കളുടെ അടികൊണ്ടു വീര്‍ത്ത ശരീരത്തില്‍ കൂര്‍പ്പിച്ച പെന്‍സില്‍ കുത്തിയിറക്കി രസിച്ചിരുന്ന ജയറാം പടിക്കല്‍ വരെ. രാജന്‍ കേസ് അട്ടിമറിച്ച് ഈ പോലീസുദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിച്ച വക്കീലന്മാരും ചില മാദ്ധ്യമങ്ങളും.
അടിയന്തരാവസ്ഥയുടെ ഒരു കറുത്ത ചരിത്രരേഖയാണ് ഈച്ചരവാരിയരുടെ ഈ കൃതി. തീവണ്ടി സമയത്തിനോടുന്നുവെന്നും പച്ചക്കറിക്ക് അന്‍പതു പൈസ കുറഞ്ഞുവെന്നും പറഞ്ഞ് മലയാളി സ്വന്തം മൗഢ്യത്തിന്റെ അലസശാന്തതയില്‍ കഴിയുമ്പോള്‍ ഫാസിസ്റ്റ് ഭീകരത അപ്പുറത്ത് താണ്ഡവമാടുകയായിരുന്നു എന്ന് ഓര്‍മിപ്പിക്കുന്ന കൃതി. മകനെ തേടി കക്കയം ക്യാമ്പില്‍ ചെല്ലുന്നിടത്തു തുടങ്ങുന്ന ഈ അച്ഛന്റെ യാത്ര, സെക്രട്ടേറിയറ്റിലും, മന്ത്രിമന്ദിരങ്ങളിലും കോടതി വരാന്തകളിലുമായി നീളുന്നു. വര്‍ഷവും വേനലും മാറി മാറി കടന്നുപോയി. വിഷുവും ഓണവും പൂരവും വന്നു പോയി. അമര്‍ഷവും സങ്കടവും അടക്കിപ്പിടിച്ച് ആ അച്ഛന്‍ അപ്പോഴും അലഞ്ഞു. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ മകനെവിടെ എന്ന അമ്മയുടെയും അനുജനെവിടെയെന്ന ചേച്ചിമാരുടെയും ചോദ്യങ്ങള്‍ക്കു മുന്‍പില്‍ ഉത്തരം മുട്ടി, ശ്വാസം മുട്ടി വലഞ്ഞു. പ്രത്യാശ നഷ്ടപ്പെട്ട് രോഗിയായി മാറിയ അമ്മ മകനെ കാണാതെതന്നെ മരിച്ചു. അഡ്വക്കേറ്റ് ഈശ്വരയ്യരും അഡ്വക്കേറ്റ് രാംകുമാറും എ.കെ.ജി.യും കെ.പി. കേശവമേനോനും അപ്പുക്കുട്ടന്‍ വള്ളിക്കുന്നും അടക്കമുള്ള നിരവധി പേര്‍ നല്‍കിയ സഹായവും സാന്ത്വനവും മതിയായിരുന്നില്ല, ആ അച്ഛന് പിടിച്ചുനില്‍ക്കാന്‍. എന്നിട്ടും അയാള്‍ പിന്മാറിയില്ല. ഈ പിന്മാറാന്‍ കൂട്ടാക്കാതിരിക്കലാണ് ഈച്ചരവാരിയരുടെ സഹനസമരത്തെ ഉജ്ജ്വലമാക്കുന്നത്. ഇവിടെ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും വേണ്ടിയുള്ള, പുഴകളോടും ശുദ്ധവായുവിനോടുമൊപ്പം വറ്റിക്കൊണ്ടിരിക്കുന്ന, മനുഷ്യത്വം വീണ്ടെടുക്കാനുള്ള തീക്ഷ്ണ സഹനസമരം.
|
|
ഇന്ദിര ഗാന്ധി |
വിവര്‍ത്തനം തീരാന്‍ വൈകുന്തോറും ഈച്ചരവാരിയര്‍ മാഷ് അക്ഷമനായി. 'നിങ്ങളെന്നെ പറഞ്ഞുപറ്റിക്കുകയാണോ?' എന്നു കെ.ജി.എസ്സിനോട് ക്ഷുഭിതനായി. ഞാനാകട്ടെ ഈ വിവര്‍ത്തനയാത്രയ്ക്കിടയില്‍ പിറവിയെന്ന ചലച്ചിത്ര അനുഭവസ്മരണകളില്‍ ഇടയ്ക്കിടെ പെട്ടുപോയി... അനുഭവിച്ച അച്ഛനും അഭിനയിച്ച അച്ഛനും പലപ്പോഴും പകര്‍ന്നാടി. സത്യമേത് മിഥ്യയേതെന്നു ഞാന്‍ വലഞ്ഞു. ഒടുവില്‍ 2004 മെയില്‍ ഹോങ്കോങ്ങിലെ ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനും തൃശ്ശൂരിലെ ജനനീതിയും ചേര്‍ന്ന് പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഹോങ്കോങ്ങില്‍ നിന്ന് പുറത്തിറക്കി. ഈ പരിഭാഷയെ അവലംബിച്ച് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ചൈനീസ്, കൊറിയന്‍, തായ്, നീപ്പാളീസ്, സിംഹള ഭാഷകളില്‍ പുസ്തകത്തിന്റെ പതിപ്പുകള്‍ ഇറങ്ങി. പിന്നീട് കാണാന്‍ ചെന്നപ്പോള്‍ മാഷ് സന്തുഷ്ടനായിരുന്നു. തന്നെ കാണാന്‍ വരുന്നവരോടൊക്കെ പരിഭാഷയെക്കുറിച്ചും പുസ്തകത്തിന്റെ ബഹുഭാഷാപ്പെരുപ്പത്തെക്കുറിച്ചും സന്തോഷം പറഞ്ഞു. ശ്രീരാമന്‍വക്കീലെന്നു ഞങ്ങള്‍ വിളിക്കുന്ന പ്രശസ്ത ചെറുകഥാകൃത്തായ സി.വി. ശ്രീരാമന്‍ അടക്കമുള്ളവരില്‍ നിന്ന് ഈ സന്തോഷം പറഞ്ഞുകേട്ടപ്പോള്‍, വിറയ്ക്കുന്ന ഏതോ കൈകളുടെ കുളിര്‍സ്പര്‍ശം ഞാനെന്റെ നിറുകയില്‍ അനുഭവിച്ചു.
പക്ഷേ, മാഷ് അനുഭവിച്ച ആ കാളരാത്രി ഇനിയും പൂര്‍ണമായി പുലര്‍ന്നിട്ടില്ല. ലോക്കപ്പു മരണങ്ങളും ഐസ്‌ക്രീം കേസുകളും മനുഷ്യാവകാശ ലംഘനങ്ങളും തുടരുകയാണ്. കാക്കിവേഷക്കാരും രാഷ്ട്രീയവേഷക്കാരും അരങ്ങൊഴിഞ്ഞിട്ടില്ല. ഇരുട്ട് ഇപ്പോഴും ബാക്കിയാണ്. മഴ പെയ്തുതീര്‍ന്നിട്ടില്ല. അലഞ്ഞലഞ്ഞു തളര്‍ന്ന അച്ഛന്‍ തിരിച്ചുപോയിട്ടും നിഷ്‌ക്കളങ്കനായ കുട്ടി മഴയത്തുതന്നെ നില്‍ക്കുകയാണ്....
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2006 ഏപ്രില്‍ 23 - 29)