
ശരിയായ മതവിശ്വാസം മറ്റുള്ളവരെ സഹായിക്കാന്‍ നമ്മെ സന്നദ്ധരാക്കുന്നു'' സ്വാമി ചിന്മയാനന്ദന്‍ നാടിനെ ഓര്‍മിപ്പിച്ചു. സമൂഹത്തില്‍ പരസ്പരവിശ്വാസമില്ലായ്മയും സ്വാര്‍ഥതയും മുന്നിട്ടുനില്‍ക്കുന്ന കാലമാണിത്. ഭഗവദ്ഗീതയുടെ സന്ദേശത്തിലൂടെ ലോകമെമ്പാടും മാനവികതയുടെ വെളിച്ചം തെളിച്ച ആ ആത്മീയാചാര്യന്റെ സ്‌നേഹസന്ദേശങ്ങള്‍ ഊട്ടിയുറപ്പിക്കേണ്ട സമയം. സ്വാമി ചിന്മയാനന്ദന്‍ കാലയവനികയ്ക്കുപിന്നില്‍ മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശിഷ്യപരമ്പരയും ചിന്മയപ്രസ്ഥാനവും ആ ദൗത്യം പുനരര്‍പ്പണപ്രതിജ്ഞയോടെ ഏറ്റെടുത്തുകഴിഞ്ഞു. ചിന്മയജ്യോതിപ്രയാണത്തിലൂടെ ചിന്മയസന്ദേശം നാടെങ്ങുമെത്തിക്കുകയാണവര്‍. അതോടൊപ്പം പാവപ്പെട്ടവര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ചുകൊടുക്കുകയും ചെയ്യുന്നു. നന്മയുടെയും കര്‍മോത്സുകതയുടെയും ഗീതാസന്ദേശം സാധാരണക്കാര്‍ക്കു മനസ്സിലാവുംവിധം ലളിതമായ ഭാഷയില്‍ സരസമായി പറയുന്നതാണ് ചിന്മയാനന്ദന്‍ സ്വീകരിച്ച രീതി. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, വിദേശരാജ്യങ്ങളിലും അത് വളരെയേറെ സ്വീകാര്യതനേടി. മനുഷ്യസ്‌നേഹത്തിലൂന്നി മുന്നോട്ടുനീങ്ങാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നതായി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍.
ജീവിതമെന്ന സമസ്യയെക്കുറിച്ച് ആഴത്തിലന്വേഷിച്ച് ആത്മീയതയില്‍ അതിനുത്തരം കണ്ടെത്തിയ ആളാണ് ചിന്മയാനന്ദന്‍. 1916ല്‍ എറണാകുളത്ത് ജനിച്ച ബാലകൃഷ്ണന്‍ യുവാവായിരിക്കെ തന്നിഷ്ടക്കാരനും അവിശ്വാസിയുമായിരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം എറണാകുളത്തും തൃശ്ശൂരുമായിരുന്നു. പിന്നീട് ലഖ്‌നൗ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യം പഠിച്ചു. 1942ല്‍ 'ക്വിറ്റ് ഇന്ത്യാ' പ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി, ജയില്‍വാസം വരിച്ചു. ജയില്‍വിമോചിതനായശേഷം ഡല്‍ഹിയില്‍ 'നാഷണല്‍ ഹെറാള്‍ഡി'ല്‍ പത്രപ്രവര്‍ത്തകനായി. സംന്യാസിമാരുടെപേരില്‍ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് ലേഖനങ്ങളെഴുതാനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഹൃഷികേശില്‍ സ്വാമി ശിവാനന്ദയുടെ ആശ്രമത്തിലെത്തുന്നത്. അവിടെ അദ്ദേഹം ആത്മീയചൈതന്യത്തിന്റെ മഹത്ത്വം കണ്ടെത്തി. പിന്നീട് ഡല്‍ഹിയില്‍നിന്ന് പലതവണ അവിടെയെത്തി. 1949ല്‍ സ്വാമി ശിവാനന്ദയില്‍നിന്ന് സംന്യാസദീക്ഷ സ്വീകരിച്ചു. 'അറിവിലൂടെ ആനന്ദം' എന്നര്‍ഥം വരുന്ന ചിന്മയാനന്ദ എന്ന പേരു സ്വീകരിച്ചത് അന്നായിരുന്നു. ഉത്തരകാശിയില്‍ തപോവനസ്വാമിയുടെ കീഴിലെ പഠനത്തിനുശേഷമാണ് അദ്ദേഹം ഭഗവദ്ഗീതാ സന്ദേശവാഹകനാവുന്നത്. ഉത്തരകാശിയില്‍ തപോവനസ്വാമിയോടൊപ്പം താമസിച്ച് ഭഗവദ്ഗീത, ഉപനിഷത്ത്, ബ്രഹ്മസൂത്രം എന്നിവയില്‍ കൂടുതല്‍ ആഴത്തില്‍ അറിവുനേടുകയായിരുന്നു. 1951ല്‍ തപോവനസ്വാമിയുടെ അനുമതിയോടെ പുണെയില്‍ ആദ്യത്തെ ഗീതാജ്ഞാനയജ്ഞം നടത്തി. ? അതോടൊപ്പം വിദ്യാഭ്യാസത്തിന്റെയും ഗ്രാമപ്രദേശങ്ങളില്‍ ആതുരശുശ്രൂഷയുടെയും ദൗത്യംകൂടി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചിന്മയ മിഷന്‍ ഏറ്റെടുത്തു.
'നന്മയുള്ളവനാവുക, നന്മചെയ്യുക', അതാണ് ചിന്മയാനന്ദസ്വാമിയുടെ ദീക്ഷാഗുരുവായ സ്വാമി ശിവാനന്ദ അദ്ദേഹത്തിനു നല്‍കിയ അടിസ്ഥാനപാഠം. ഗീതാജ്ഞാനയജ്ഞങ്ങളിലൂടെ സ്വാമി ചിന്മയാനന്ദന്‍ ആ സന്ദേശം ലോകമെമ്പാടും യുവതലമുറയ്ക്ക് പകര്‍ന്നുനല്‍കി. തന്റെ മാര്‍ഗത്തിലൂടെ സ്ഥിരോത്സാഹവും ദൃഢനിശ്ചയവും കൈമുതലാക്കി മുന്നോട്ടുനീങ്ങിയ അദ്ദേഹം ജനമനസ്സിലിടംപിടിച്ചു. 1993ല്‍ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യപരമ്പര ഗീതാസന്ദേശവുമായി രാജ്യത്തും വിദേശത്തും നന്മയുടെ വിത്തുകള്‍ പാകുന്നു. മതവിശ്വാസത്തിലുപരി മനുഷ്യന്റെ നന്മയെ സമൂഹം തിരിച്ചറിയുന്നത് ഏതു നാടിനും സന്തുഷ്ടിയേകും. പക്ഷേ, മതസ്പര്‍ധയും ജാതിചിന്തകളും മനുഷ്യമനസ്സുകളില്‍ കൂടുതലായിടംപിടിക്കുന്നുവെന്ന് ലോകമെമ്പാടുമുള്ള സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു. അത് നിശ്ചയമായും ആശങ്കാജനകമായ അവസ്ഥയാണ്. വിദ്വേഷത്തെ മാറ്റിനിര്‍ത്താനും മാനവസൗഹാര്‍ദത്തിന്റെ ഇഴയടുപ്പം സൃഷ്ടിക്കാനും യുവജനതയാണു മുന്നില്‍ നില്‍ക്കേണ്ടത്. ''അജ്ഞാനത്തിന്റെ അന്ധകാരത്തില്‍ നാം ചപലമായ ലോകത്തിന്റെ മായകളില്‍ മയങ്ങുന്നു; അതേസമയം ജ്ഞാനത്തിലൂടെ യഥാര്‍ഥവും ശാശ്വതവുമായ സത്യത്തെ അറിയാനാവും'' ചിന്മയാനന്ദന്റെ ഈ സന്ദേശത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍പേര്‍ തയ്യാറാകട്ടെ.