നന്മയുടെ മിഷന്‍ ചിന്മയ

കെ.പി. പ്രവിത Posted on: 07 May 2015

സ്ത്രീശാക്തീകരണമെന്ന ലക്ഷ്യവുമായി ദേവീഗ്രൂപ്പുകള്‍
ചിന്മയമിഷന്റെകീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനുപുറമെ അശരണരായ സ്ത്രീകളെ
പുനരധിവസിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ട്



ഇന്ത്യയിലും വിദേശത്തും ശാഖകള്‍, മികവുറ്റ ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആതുരാലയവും സാമൂഹികസേവനകേന്ദ്രങ്ങളും, മുഴുവന്‍സമയ സേവനസന്നദ്ധരായ സംന്യാസസമൂഹം, അതിരുകളില്ലാതെ പടര്‍ന്നുകിടക്കുന്ന വിശ്വാസിശൃംഖല... ഇങ്ങനെ ലോകംമുഴുവന്‍ വളര്‍ന്ന് സേവനവഴിയില്‍ അറുപതാണ്ട് പിന്നിടുകയാണ് ചിന്മയമിഷന്‍.

ലോകനന്മയ്ക്കായി സ്വജീവിതമുഴിഞ്ഞുവെച്ച ചിന്മയാനന്ദസ്വാമികള്‍ തുടക്കമിട്ട മഹാപ്രസ്ഥാനത്തിന് പകരംെവയ്ക്കാന്‍ മാതൃകകളില്ല. ഗുരുവര്യന്റെ ജന്മശതാബ്ദിയാഘോഷവേളയില്‍ സേവനത്തിന്റെ പുതിയ മാതൃകകളാണ് ചിന്മയമിഷന്‍ ലോകത്തിനുമുന്നിലവതരിപ്പിക്കുന്നത്.

സ്വാമികളുടെ ജന്മദേശമായ എറണാകുളമാണ് ശതാബ്ദിയാഘോഷങ്ങള്‍ക്കു വേദിയാകുന്നത്. 2015 െമയ് ആറിനു തുടങ്ങി 2016 െമയ് എട്ടിനവസാനിക്കുന്നരീതിയിലാണ് ആഘോഷം ആസൂത്രണംചെയ്തിരിക്കുന്നത്. ഒരുവര്‍ഷംനീളുന്ന പരിപാടികളില്‍ പ്രാമുഖ്യം സാമൂഹികക്ഷേമപദ്ധതികള്‍ക്കുതന്നെ. വീടില്ലാത്തവര്‍ക്കു വീട്, സ്ത്രീശാക്തീകരണം, മൂല്യബോധമുള്ള സമൂഹനിര്‍മാണം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ സമൂഹത്തിനുള്ള ശതാബ്ദിസമ്മാനമായി ചിന്മയമിഷന്‍ ആസൂത്രണംചെയ്യുന്നുണ്ട്.

ചിന്മയമിഷന്‍: തുടക്കം ഇങ്ങനെ


ആര്‍ഷസംസ്‌കാരത്തിന്റെ നന്മയുടെ പാഠങ്ങള്‍ ജനഹൃദയങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യമാണ് ചിന്മയമിഷന്‍ എന്ന ആശയത്തിനു വിത്തുപാകിയത്. ജ്ഞാനയജ്ഞങ്ങളിലുടെ വളര്‍ന്നുവന്ന ആരാധകരുടെ പ്രേരണയും മിഷന്‍ സ്ഥാപിക്കാന്‍ സ്വാമി ചിന്മയാനന്ദന് പ്രേരണയായി.

1953ലാണ് ചിന്മയമിഷന്റെ തുടക്കം. ഇത് പതിയെ ഒരാഗോളസംഘടനയായി വളര്‍ന്നു. ഇന്നിപ്പോള്‍ ചിന്മയമിഷന് ലോകമെമ്പാടുമായി 350ലേറെ ശാഖകളുണ്ട്. ഇന്ത്യക്കകത്തെ ശാഖകളുടെ എണ്ണംമാത്രം 275വരും. വിദേശത്ത് 75 ശാഖകളും പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഫ്രാന്‍സിലുമെല്ലാം ശാഖകളുണ്ട്. മിഷനുകീഴില്‍ 33 സ്‌കൂളുകളും ഏഴു കോളേജുകളും കേരളത്തിലുണ്ട്.

സ്വാമി തേജോമയാനന്ദയാണ് മിഷന്റെ ഇപ്പോഴത്തെ ആഗോളമേധാവി. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാമി വിവിക്താനന്ദസരസ്വതിയും നേതൃത്വംവഹിക്കുന്നു.

വീടില്ലാത്തവര്‍ക്ക് വീടൊരുങ്ങും


വീടില്ലാത്ത 100 പേര്‍ക്ക് വീടു നിര്‍മിച്ചുനല്‍കലാണ് 'ചിന്മയം' എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യം. ജന്മശതാബ്ദിയാഘോഷം ഉദ്ഘാടനംചെയ്തുകൊണ്ട് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം ചിന്മയം പദ്ധതിക്കു തുടക്കംകുറിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്ന് ഗുണഭോക്താക്കളെ കണ്ടെത്താമെന്നാണ് കണക്കുകൂട്ടല്‍. ഒരുവീടിന് അഞ്ചുലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ ഒട്ടേറെപ്പേര്‍ സഹായസന്നദ്ധതയറിയിച്ചിട്ടുണ്ടെന്ന് സ്വാമി വിവിക്താനന്ദ പറഞ്ഞു. കാസര്‍കോട്ടെ ചിന്മയ സ്‌കൂള്‍ 10 വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്നറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ചിന്മയ സ്‌കൂള്‍ അഞ്ചു വീടുകള്‍ നിര്‍മിക്കും. ഇതിനുപുറമെ മറ്റു ജില്ലകളിലെ സ്‌കൂളുകളും താത്പര്യമറിയിച്ചിട്ടുണ്ട്.

ശാഖകള്‍ ശാക്തീകരിക്കും


ചിന്മയമിഷനു കീഴില്‍ വിവിധ സ്ഥലങ്ങളിലെ ശാഖകള്‍ ശാക്തീകരിക്കുന്നതിനും ജന്മശതാബ്ദിയോടനുബന്ധിച്ച് തുടക്കമായി. സാമൂഹികക്ഷേമത്തിനായി ക്രിയാത്മകമായ ഇടപെടലുകള്‍ക്കു വഴിയൊരുക്കുകയാണ് ശാക്തീകരണംവഴി ഉദ്ദേശിക്കുന്നത്.

മിഷനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ശാഖകളെ ശക്തമെന്നും ദുര്‍ബലമെന്നും രണ്ടായിത്തിരിച്ചിട്ടുണ്ട്. ശക്തമായ ശാഖകളുടെ മാതൃക പിന്തുടര്‍ന്നായിരിക്കും ദുര്‍ബലമായവയുടെ ശാക്തീകരണം. അടിസ്ഥാനസൗകര്യവികസനംമുതല്‍ ആവശ്യമായ സഹായങ്ങളെല്ലാം ഈ ശാഖകള്‍ക്ക് മിഷന്റെ നേതൃത്വത്തില്‍ നല്‍കും.

സ്ത്രീശാക്തീകരണവും യുവവീറും


സ്ത്രീശാക്തീകരണമെന്ന ലക്ഷ്യവുമായി ദേവീഗ്രൂപ്പുകള്‍ ചിന്മയമിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമെ അശരണരായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. ഉത്തരേന്ത്യയിലടക്കം വിവിധ സ്ഥലങ്ങളില്‍ ചിന്മയമിഷന്റെ നേതൃത്വത്തില്‍ ഈ പുനരധിവാസം കാര്യക്ഷമമായി നടക്കുന്നു.

സ്ത്രീകളെ സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക, മൂല്യബോധമുള്ള തലമുറയെ വളര്‍ത്തിക്കൊണ്ടുവരുക എന്നീ ലക്ഷ്യങ്ങളാണ് പദ്ധതിയെ മുന്നോട്ടുനയിക്കുന്നത്.

യുവതയെ ഉദ്ദേശിച്ചുള്ളതാണ് യുവവീര്‍. സേവനത്തിന്റെ ബാലപാഠങ്ങള്‍ യുവജനങ്ങളിലേക്കു പകരാനുദ്ദേശിച്ചുള്ള പരിശീലനത്തില്‍ 21വയസ്സുവരെയുള്ള യുവതീയുവാക്കളെയാണുദ്ദേശിക്കുന്നത്. പഠനത്തില്‍നിന്ന് താത്കാലികമായി അവധിയെടുത്ത് സാമൂഹികസേവനം പഠിക്കാനെത്തുന്നവരുടെ എണ്ണം ഏറെയാണ്. സമൂഹത്തിനു ഗുണകരമായ മാറ്റങ്ങളുണ്ടാക്കാന്‍ യുവവീര്‍സംഘത്തിനു കഴിയുമെന്ന തിരിച്ചറിവാണ് പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാന്‍ പ്രേരണയാകുന്നത്.

ഗ്രാമങ്ങളുടെ ഉന്നമനത്തിനായുള്ള ചിന്മയ ഓര്‍ഗനൈസേഷന്‍ ഫോര്‍ റൂറല്‍ ഡെവലപ്‌മെന്റ്, നവസമൂഹനിര്‍മിതിക്കായുള്ള ചിന്മയ വിഷന്‍ പ്രോഗ്രാം, വേദാന്തപരിശീലനത്തിനുള്ള സാന്ദീപനി സാധനാലയം, പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായുള്ള ബാലാശ്രമം, ബെംഗളൂരുവിലെ ചിന്മയമിഷന്‍ ഹോസ്പിറ്റലടക്കം വിവിധ സ്ഥലങ്ങളിലെ ആരോഗ്യപരിരക്ഷാകേന്ദ്രങ്ങള്‍... ഇങ്ങനെ ഒട്ടേറെ സംരംഭങ്ങള്‍ ചിന്മയമിഷനു കീഴില്‍ നന്മയുടെ പ്രകാശം ചൊരിയുന്നു.



 

ga