1949 ഫിബ്രവരി 26, മഹാശിവരാത്രിദിനം. അന്നാണ് സ്വാമി ശിവാനന്ദ ബാലകൃഷ്ണമേനോന് സംന്യാസദീക്ഷ നല്‍കി ചിന്മയാനന്ദനാക്കിയത്. ആ സവിശേഷസുദിനത്തെക്കുറിച്ച് പിന്നീട് സ്വാമി ചിന്മയാനന്ദന്‍ പറഞ്ഞതിപ്രകാരമാണ്: ''ആ ശിവരാത്രിനാളില്‍ ഞാന്‍ ജനിച്ചു. അതിനുമുമ്പ് എന്റെ ശരീരത്തിനും മനസ്സിനുമുണ്ടായിരുന്ന ഭൂതകാലവുമായി എനിക്ക് ഒരുബന്ധവുമില്ല''
പെരിയാറിന്റെ തീരത്തുപിറന്ന ശ്രീശങ്കരന്‍ അദ്വൈതദര്‍ശനം പുനഃസ്ഥാപിച്ച് അമലചരിതനായിത്തീര്‍ന്നു. ശ്രീശങ്കരന്റെ പാതപിന്തുടര്‍ന്ന് ആഗോളതലത്തില്‍ പ്രശസ്തരായ രണ്ടു സംന്യാസിശ്രേഷ്ഠന്മാര്‍ പൂര്‍വാശ്രമത്തില്‍ മലയാളികളായിരുന്നു സ്വാമി രംഗനാഥാനന്ദനും സ്വാമി ചിന്മയാനന്ദനും.
സംസാരസാഗരത്തിന്റെ മറുകരയിലേക്കു നയിക്കുന്ന വേദാന്തവിജ്ഞാനം. ആ വിജ്ഞാനത്തിന്റെ പ്രചാരണോപാധികള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കിയ സംന്യാസിശ്രേഷ്ഠനായിരുന്നു സ്വാമി ചിന്മയാനന്ദന്‍.
ഇരുപതുവര്‍ഷത്തെ വിദേശവാസത്തിനുശേഷം ഗാന്ധിജി ഭാരതത്തിലേക്കു തിരിച്ചുവന്നതിനുശേഷം ഒമ്പതുമാസം കഴിഞ്ഞ ദിനം 1916 മെയ് എട്ട്. തൃശ്ശൂര്‍ വടക്കെ കുറുപ്പത്ത് കുട്ടന്‍ മേനോനും എറണാകുളം പൂതാമ്പള്ളി പാറുക്കുട്ടിയമ്മയ്ക്കും അന്ന് ഒരു ആണ്‍കുട്ടി പിറന്നു. ബാലകൃഷ്ണന്‍ എന്നായിരുന്നു ആ കുട്ടിക്ക് മാതാപിതാക്കള്‍ നല്‍കിയ നാമം.
ബാലകൃഷ്ണന്റെ പിതാവിന്റെ കുടുംബമായ വടക്കെ കുറുപ്പത്ത് പിറന്ന വി.കെ. കൃഷ്ണമേനോന്‍ കേരളത്തിലെ ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന് പ്രാരംഭംകുറിച്ചവരില്‍ പ്രഥമഗണനീയനാണ്. ത്യാഗീശാനന്ദ എന്ന നാമത്തില്‍ സംന്യാസദീക്ഷ സ്വീകരിച്ച ഇദ്ദേഹമാണ് തൃശ്ശൂരിലെ വിവേകോദയം സമാജത്തിന്റെയും പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണമഠത്തിന്റെയും സ്ഥാപകന്‍.
ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം പാസായ ബാലകൃഷ്ണന് ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കാനായിരുന്നു ആഗ്രഹം. എന്നാല്‍, മകന്‍ നിയമബിരുദംനേടി തന്റെ പിന്‍ഗാമിയായിത്തീരണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. അങ്ങനെയിരിക്കുമ്പോഴാണ് ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലെ എം.എ. ബി.എല്‍. കോഴ്‌സിനെപ്പറ്റി കേള്‍ക്കുന്നത്. മൂന്നുകൊല്ലംകൊണ്ട് രണ്ടു ബിരുദങ്ങള്‍; പിതാവിന്റെയും പുത്രന്റെയും ആഗ്രഹങ്ങള്‍ സഫലമാകും. ബാലകൃഷ്ണന്റെ തുടര്‍വിദ്യാഭ്യാസം അന്യദേശത്താക്കാന്‍ മറ്റൊരു കാരണവുംകൂടിയുണ്ടായിരുന്നു. ഇതിനകം കവിയും കാമുകനുമായിത്തീര്‍ന്നിരുന്നു കഥാപുരുഷന്‍.
സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ആവേശം നാടുമുഴുവനുമലയടിച്ചുകൊണ്ടിരുന്നു. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ സ്വാതന്ത്ര്യസമരത്തില്‍ പോരാളികളായിച്ചേര്‍ന്നു; അതിലൊരാളായി ബാലകൃഷ്ണനും.
ഒടുവില്‍ പഞ്ചാബില്‍വെച്ച് മേനോന്‍ അറസ്റ്റുചെയ്യപ്പെട്ടു. ജയില്‍ജീവിതം മേനോനെ ഏറെ ചിന്തിപ്പിച്ചു. വെളിച്ചത്തില്‍ കാണുമ്പോള്‍ ജീവനുള്ള പലരും ഇരുളുമ്പോള്‍ ജീവനില്ലാത്തവരാകുന്നു. തന്റെ ജീവന്റെ തെളിച്ചവും എപ്പോള്‍വേണമെങ്കിലും ഇല്ലാതാകാമെന്ന് മേനോന്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. ജയിലില്‍വെച്ച് ന്യുമോണിയ ബാധിച്ച് അവശനായിത്തീര്‍ന്ന മേനോനെ പോലീസുകാര്‍ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി വഴിയരികിലുപേക്ഷിച്ചു. അതുവഴി കാറില്‍ വരാനിടയായ ഒരു മാന്യസ്ത്രീ അദ്ദേഹത്തെ സ്വന്തം വാഹനത്തില്‍ ആസ്പത്രിയിലെത്തിച്ചു.
രോഗമുക്തനായ ബാലകൃഷ്ണമേനോന്‍ വക്കീലോ ജഡ്ജിയോ ആകുന്നതിനുപകരം പത്രപ്രവര്‍ത്തകനാവുകയാണു ചെയ്തത്. ദേശഭക്തിയാല്‍ പ്രചോദിതനായ അദ്ദേഹം പി.ബി.കെ. മേനോന്‍ എന്നപേരില്‍ ലേഖനങ്ങളെഴുതിത്തുടങ്ങി. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു 'നാഷണല്‍ ഹെറാള്‍ഡ്' എന്ന പേരിലൊരു പത്രം സ്ഥാപിച്ചിരുന്നു. ആ പത്രത്തിന്റെ ഡല്‍ഹി പതിപ്പിന്റെ സഹപത്രാധിപരായിച്ചേര്‍ന്ന മേനോന്‍ നാട് നിരവധിപ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ അതിനെയെല്ലാം അവഗണിച്ച് സ്വാര്‍ഥമായ ജീവിതംനയിക്കുന്ന ഹിമാലയത്തിലെ സംന്യാസിസമൂഹത്തിന്റെ പൊള്ളത്തരങ്ങളെ വെളിച്ചത്തുകൊണ്ടുവരികയെന്ന ഉദ്ദേശ്യത്തോടെ ഒരു ഹിമാലയയാത്ര നടത്തി.
പക്ഷേ, ഹൃഷികേശിലെ സ്വാമി ശിവാനന്ദയെ സശ്രദ്ധം നിരീക്ഷിച്ചപ്പോള്‍ ബാലകൃഷ്ണമേനോന് സംന്യാസിമാരെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ക്രമേണ മാറാന്‍തുടങ്ങി. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ളവരുമായി കത്തിടപാടുകള്‍ നടത്തുക, ലേഖനങ്ങളും പുസ്തകങ്ങളും തയ്യാറാക്കുക, ആതുരസേവനങ്ങള്‍ക്കായി നടത്തുന്ന ആസ്പത്രിയുടെ കാര്യങ്ങള്‍ നോക്കുക, ആധ്യാത്മികക്ലാസ്സുകള്‍ നടത്തുക തുടങ്ങിയവയില്‍ മുഴുകി സദാ പ്രവര്‍ത്തനനിരതനായിരുന്നു ശിവാനന്ദസ്വാമികള്‍.
ഇതിനിടെ, തന്റെ ചിരകാലസുഹൃത്തായിരുന്ന ഷ്‌റോഫിന്റെ മരണം മേനോനെ ചിന്താധീനനാക്കി. ഏകമകന്റെ അകാലനിര്യാണത്തില്‍ ദുഃഖിതനായ ഷ്‌റോഫിന്റെ പിതാവ്, മകന്റെ ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ ബാലകൃഷ്ണമേനോനോടഭ്യര്‍ഥിച്ചു. ചിതാഭസ്മകലശവുമായി ഡല്‍ഹിയില്‍നിന്ന് ഹൃഷികേശിലേക്കുള്ള ആ യാത്ര ആത്മസംഘര്‍ഷത്തിന്റെ നിമിഷങ്ങളാണ് മേനോനു സമ്മാനിച്ചത്.
ഷ്‌റോഫുമായി എത്രയോവട്ടം ഡല്‍ഹിയില്‍നിന്ന് ലഖ്‌നൗ സര്‍വകലാശാലയിലേക്കും തിരിച്ചും തീവണ്ടിയില്‍ യാത്രചെയ്തിരിക്കുന്നു. ഇപ്പോള്‍ തന്റെ പ്രിയസുഹൃത്തിന്റെ ചിതാഭസ്മവുമായി താന്‍മാത്രം. ജീവനുള്ള യാത്രകളുടെ ഭൂതകാലവും ജീവനില്ലാത്ത യാത്രയുടെ വര്‍ത്തമാനകാലവും. മരണമെന്ന സമസ്യ മേനോന്റെ മനസ്സിനെ ആത്മീയഭാവത്തിലാഴ്ത്തി.
ഹിമാലയയാത്ര പൂര്‍ത്തിയാക്കി തിരിച്ചുവന്നയുടനെ ബാലകൃഷ്ണമേനോന്‍, ശിവാനന്ദസ്വാമികളെ സമീപിച്ച് തനിക്ക് സംന്യാസദീക്ഷ നല്‍കണമെന്നഭ്യര്‍ഥിച്ചു.
1949 ഫിബ്രവരി 26, മഹാശിവരാത്രിദിനം. അന്നാണ് സ്വാമി ശിവാനന്ദ, ബാലകൃഷ്ണമേനോന് സംന്യാസദീക്ഷ നല്‍കി ചിന്മയാനന്ദനാക്കിയത്. ആ സവിശേഷസുദിനത്തെക്കുറിച്ച് പിന്നീട് സ്വാമി ചിന്മയാനന്ദന്‍ പറഞ്ഞതിപ്രകാരമാണ്: ''ആ ശിവരാത്രിനാളില്‍ ഞാന്‍ ജനിച്ചു. അതിനുമുമ്പ് എന്റെ ശരീരത്തിനും മനസ്സിനുമുണ്ടായിരുന്ന ഭൂതകാലവുമായി എനിക്ക് ഒരുബന്ധവുമില്ല.''
പി.ബി.കെ. മേനോന്‍ എന്ന ആജ്ഞേയവാദിയായ പത്രപ്രവര്‍ത്തകന്‍ അങ്ങനെ മുണ്ഡിതശിരസ്‌കനും കാഷായവസ്ത്രധാരിയുമായ സംന്യാസിയായിത്തീര്‍ന്നു. സ്വതന്ത്രഭാരതത്തിന്റെ പുനര്‍നിര്‍മാണത്തിനു വിഘാതമാണെന്നു താന്‍കരുതിയ സംന്യാസിസമൂഹത്തെ തുറന്നുകാട്ടുന്നതിനായി ഹിമാലയസാനുവിലെത്തിയ പരിഷ്‌കാരിയായ പത്രപ്രവര്‍ത്തകന്‍ ഭാരതത്തിന്റെ അതിമഹത്തായ അധ്യാത്മവിദ്യയുടെ ഗിരിശൃംഗം കണ്ട് അദ്ഭുതപ്പെട്ടു.
ശിവാനന്ദാശ്രമത്തിലെ അന്തേവാസിയായിക്കഴിയുമ്പോഴും വേദാന്തശാസ്ത്രത്തിലെ ഉപരിഗ്രന്ഥങ്ങള്‍ പഠിക്കാനായിരുന്നു സ്വാമി ചിന്മയാനന്ദന്റെ ആഗ്രഹം.
''സ്വാമി തപോവനം ജ്ഞാനിയാണ്. പൂര്‍വാശ്രമത്തില്‍ മലയാളിയുമാണ്. ആ മഹാത്മാവിനെ പോയി കാണുക'' ചിന്മയന്റെ അന്തഃരംഗമറിഞ്ഞ സ്വാമി ശിവാനന്ദ പറഞ്ഞു. സ്വാമി ചിന്മയാനന്ദന്‍ ഒട്ടും സമയംകളഞ്ഞില്ല. ഹൃഷികേശില്‍നിന്ന് ഉത്തരകാശിയിലേക്കു പുറപ്പെട്ടു. ഉത്തരകാശിയിലെ ജീവിതം കഠിനം. ബ്രാഹ്മമുഹൂര്‍ത്തത്തിലുണരണം. ഹിമസദൃശമായ ഗംഗയില്‍ മുങ്ങിക്കുളിക്കണം. ധര്‍മശാലകളില്‍നിന്ന് രണ്ടുനേരം കിട്ടുന്ന ഉണങ്ങിയ ചപ്പാത്തിയും പരിപ്പും മാത്രമായിരുന്നു ഭക്ഷണം. തപോവനസ്വാമികളുടെ ശിക്ഷണമോ അതിലേറെ കഠിനം. സംസ്‌കൃതമാണല്ലോ വേദാന്തഭാഷ. അതിലാണെങ്കില്‍ ചിന്മയന്റെ അറിവ് അപര്യാപ്തവും. 'അമരകോശ'വും 'സിദ്ധരൂപ'വും അറിയാത്ത പഠിതാവ്. ആത്മജ്ഞാനത്തിലേക്കുള്ള പാത സുഗമമല്ലെന്നുള്ള തിരിച്ചറിവ്. എങ്കിലും ചിന്മയന്‍ പിന്മാറിയില്ല. സംസ്‌കൃതഭാഷാജ്ഞാനം ആര്‍ജിക്കുന്നതിന് കഠിനമായി പ്രയത്‌നിച്ചുകൊണ്ടിരുന്നു.
ഗംഗോത്രിയില്‍ക്കഴിയുന്ന കാലത്താണ് സ്വാമി ചിന്മയാനന്ദനില്‍ ജ്ഞാനയജ്ഞസങ്കല്പം ആദ്യമായുദിച്ചത്. പില്‍ക്കാലത്ത് സ്വാമി തന്റെ കര്‍മപരിപാടിക്ക്, 'ഗംഗോത്രിപദ്ധതി'യെന്നു പേരിട്ടതും അതുകൊണ്ടുതന്നെ. ?
സ്വാമി ചിന്മയാനന്ദന്‍ തന്റെ മനസ്സില്‍ പൂവിട്ട ധര്‍മപ്രചാരണത്തെക്കുറിച്ച് സ്വാമി തപോവനത്തോടു സൂചിപ്പിച്ചു. അദ്ദേഹമൊട്ടും പ്രോത്സാഹിപ്പിച്ചില്ല. എല്ലാവര്‍ക്കും പരക്കെ വിളമ്പാനുള്ള ഒരു വിഭവമല്ല വേദാന്തശാസ്ത്രം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. യോഗ്യരായ ശിഷ്യര്‍ അര്‍ഹരായ ഗുരുക്കന്മാരെ കണ്ടെത്തുകതന്നെ ചെയ്യും. ഗുരു, ശിഷ്യരെത്തേടിയിറങ്ങുന്നതില്‍ തപോവനത്തിനു യോജിപ്പുണ്ടായില്ല.
ശിഷ്യന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ തപോവനം ഒരു നിര്‍ദേശംവെച്ചു. ആദ്യം ഒരു പരിവ്രാജകനായി ഭാരതമെമ്പാടും സഞ്ചരിക്കുക. അങ്ങനെ 1951 മെയ് ഒന്നാം തീയതി ഭാരതപര്യടനത്തിനായി അദ്ദേഹം ഇറങ്ങിത്തിരിച്ചു. ?ചിന്മയനന്ന് വെറും 35 വയസ്സു മാത്രം.
ഉത്തരകാശിയില്‍നിന്ന് പുണെയിലേക്കുള്ള യാത്രയ്ക്കിടയില്‍ ചിന്മയന്‍ ഹൃഷികേശിലിറങ്ങി തന്റെ സംന്യാസദീക്ഷാഗുരുവായ സ്വാമി ശിവാനന്ദയുടെ അനുഗ്രഹാശംസകള്‍ തേടി. സ്വാമി ശിവാനന്ദ, പൂര്‍ണമനസ്സോടെ പുതിയ സംരംഭത്തിന് ആശംസകള്‍നേര്‍ന്ന് പറഞ്ഞു: ''വിവേകാനന്ദനെപ്പോലെ ഗര്‍ജിക്കുക, വിജയിക്കും.''
വിജ്ഞാനവിശുദ്ധിയിലേക്കുള്ള സരണിയാണ് സംന്യാസം. ഈ ആദര്‍ശം പ്രായോഗികമാക്കാനായി സ്വാമി ചിന്മയാനന്ദന്‍ പല നൂതനപരിപാടികളും സമാരംഭിച്ചു. അതിലേറെ ശ്രദ്ധേയം സാന്ദീപനി സാധനാലയമായിരുന്നു. സ്വാമി ചിന്മയാനന്ദന്‍ തന്റെ പ്രഥമവിദേശയാത്രയ്ക്ക്, 1965 മാര്‍ച്ച് 6ന് പുറപ്പെട്ടു. വിദേശത്തുനടന്ന ആദ്യയജ്ഞം അമേരിക്കയിലായിരുന്നു. തുടര്‍ന്ന് റഷ്യ, ചൈന തുടങ്ങിയ കമ്യൂണിസ്റ്റ് രാജ്യങ്ങളുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സ്വാമിജി പര്യടനംനടത്തി. ഐക്യരാഷ്ട്രസഭയിലും സ്വാമിജിയുടെ ശബ്ദം മുഴങ്ങി. 1992 ഡിസംബര്‍ രണ്ടിനാണ് സ്വാമിജി അവിടെ ആഗോളജനത നേരിടുന്ന പ്രതിസന്ധികളെപ്പറ്റി പ്രഭാഷണം നടത്തിയത്. മൂന്നു പതിറ്റാണ്ടോളം എല്ലാ ഭൂഖണ്ഡങ്ങളിലൂടെയും സഞ്ചരിച്ച് സ്വാമിജി സനാതനധര്‍മസന്ദേശം പ്രചരിപ്പിച്ചു.
സ്വാമി ചിന്മയാനന്ദന്‍ ആരംഭിച്ച ആത്മീയസംരംഭങ്ങളിലെ ഒടുവിലത്തേതാണ് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ (സിഫ്). സ്വാമിജിയുടെ ജന്മനാടായ എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് വെളിയനാട്ടിലാണ് സിഫ് സ്ഥിതിചെയ്യുന്നത്. ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ സ്വാമിജി പ്രത്യേകതാത്പര്യം കാണിച്ചിരുന്നു. 2015 സിഫിന്റെ രജതജയന്തിവര്‍ഷമാണ്.
പൗരസ്ത്യപാശ്ചാത്യ ദേശങ്ങള്‍, ഭൂതവര്‍ത്തമാന കാലങ്ങള്‍, ഭൗതികആധ്യാത്മിക ശാസ്ത്രങ്ങള്‍, പണ്ഡിതര്‍പൊതുജനങ്ങള്‍ ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാകണമെന്നതായിരുന്നു സ്വാമി ചിന്മയാനന്ദന്റെ ദര്‍ശനം. അദ്വൈതാചാര്യനായ ആദിശങ്കരാചാര്യരുടെ മാതൃഗൃഹമായ മേല്‍പ്പാഴൂര്‍മന 1990 ഫിബ്രവരിയില്‍ വിലയ്ക്കുവാങ്ങി, സ്വാമികള്‍ സിഫിന്റെ കേന്ദ്രം ഇവിടെയാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സാധകരും ജിജ്ഞാസുക്കളും ഇവിടെയെത്തി സാധനകളോടൊപ്പം വിവിധ ഭാരതീയശാസ്ത്രങ്ങളും പഠിച്ചുവരുന്നു.
സ്വാമിജിക്ക് ആദ്യമായി ഹൃദയാഘാതമുണ്ടായത് 1969ലാണ്. ബെംഗളൂരുവില്‍ ആയിടെമാത്രം തുടങ്ങിയ ചിന്മയമിഷന്‍ ആസ്പത്രിയിലേക്ക് അദ്ദേഹത്തെ മൈസൂരുവില്‍നിന്ന് കൊണ്ടുവന്നു. ചിന്മയമിഷന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആദ്യത്തെ രോഗി താനാണെന്നുപറഞ്ഞ് സ്വാമിജി പൊട്ടിച്ചിരിച്ചു.
ആസ്പത്രിയിലെത്തിയ സത്യസായിബാബ സ്വാമിജിയുടെ രോഗശമനത്തിനായി ഭസ്മം നല്‍കി. സ്വാമിജി ഭസ്മം സ്‌നേഹപൂര്‍വം നിരസിച്ചുകൊണ്ട് പറഞ്ഞു: ''ശരീരം, ജനനം, വളര്‍ച്ച, തളര്‍ച്ച, മരണം എന്നീ പ്രകൃതിനിയമങ്ങളിലൂടെ കടന്നുപോകുന്നു. രോഗവും വേദനയും ശരീരത്തിന്റെ സ്വഭാവങ്ങളാണ്. അര്‍ഹതപ്പെട്ടവ മാത്രമാണ് ഒരാള്‍ക്കു ലഭിക്കുന്നത്. അനര്‍ഹമായ ഒന്നും ഈശ്വരന്‍ ആര്‍ക്കും നല്‍കുന്നില്ല. സ്വാഭാവികമായും സംഭവിക്കേണ്ടവയ്ക്ക് വലിയ വിശദീകരണങ്ങളുടെ ആവശ്യമില്ല. ശാന്തമായി അവയെ അഭിമുഖീകരിക്കാനുള്ള ധൈര്യമാണുണ്ടാകേണ്ടത്.'' 1993 ആഗസ്ത് 3ാം തീയതി വൈകുന്നേരം 5.45ന് ചിന്മയാനന്ദസ്വാമികള്‍ മഹാസമാധി പ്രാപിച്ചു.
ഏതെങ്കിലും തരത്തിലുള്ള അദ്ഭുതസിദ്ധികള്‍ തനിക്കുണ്ടെന്ന് സ്വാമി ചിന്മയാനന്ദന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എക്കാലത്തും കേവലമൊരു വേദാന്തവിദ്യാര്‍ഥിയായിരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്; അറിഞ്ഞത് പകരുന്നതിലും. അദ്ദേഹം സദാ ജാഗരൂകനായൊരു സത്യാന്വേഷകനായിരുന്നു. സ്വന്തം ജീവിതത്തെക്കുറിച്ച് സ്വാമി ചിന്മയാനന്ദന്‍ സംഗ്രഹിച്ചതിപ്രകാരമാണ്. ''കേരളത്തില്‍ ജനിച്ചു. ഉത്തരേന്ത്യയില്‍ ജീവിച്ചു. ഉത്തരകാശിയില്‍ പുനര്‍ജനിച്ചു. എല്ലായിടത്തും വിമര്‍ശിക്കപ്പെട്ടു. ചില സ്ഥലങ്ങളില്‍ അഭിനന്ദിക്കപ്പെട്ടു. ഒടുവില്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ടു. എനിക്കുതന്നെ ഞാനൊരു കടങ്കഥയാണ്
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കാന്‍ പോകുന്ന സ്വാമി ചിന്മയാനന്ദന്റെ ജീവചരിത്രത്തില്‍നിന്ന്)