കൊച്ചി: ചിന്മയാനന്ദ സ്വാമിയുടെ ജന്മശതാബ്ദിയുടെ ഭാഗമായി ഒരു വര്‍ഷത്തെ ആഘോഷ പരിപാടികള്‍ക്ക് ബുധനാഴ്ച തുടക്കമാകും.
എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ തയ്യാറാക്കിയ വേദിയിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. ബുധനാഴ്ച രാവിലെ ലക്ഷ്മീനാരായണ പൂജയോടെ ചടങ്ങുകള്‍ ആരംഭിക്കും. 10 മണി മുതല്‍ നടക്കുന്ന പ്രഭാഷണങ്ങളില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍, മണിപ്പാല്‍ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി.എം. ഹെഗ്‌ഡേ, സ്വാമി മിത്രാനന്ദ എന്നിവര്‍ പങ്കെടുക്കും.
വൈകീട്ട് 6 ന് നടക്കുന്ന സമ്മേളനം മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്യും. ജന്മശതാബ്ദി വര്‍ഷത്തില്‍ നടപ്പാക്കുന്ന 'വീടില്ലാത്തവര്‍ക്ക് വീട്' പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ഗോപിക വര്‍മയും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം. മെയ് 7 ന് രാവിലെ 10 മണി മുതല്‍ നടക്കുന്ന സെഷനുകളില്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ്, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, പേജാവര്‍ മഠം സ്വാമി വിശ്വേശതീര്‍ത്ഥ, വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി ചമ്പത് റായി, മുന്‍ കേന്ദ്ര മന്ത്രി ഒ. രാജഗോപാല്‍ എന്നിവര്‍ സംസാരിക്കും.
ഉച്ചയ്ക്ക് മൂന്നിന് ആചാര്യ സംഗമം, 5 ന് 'ഓണ്‍ എ ക്വസ്റ്റ്' ഡോക്യുമെന്ററി പ്രദര്‍ശനം, രാത്രി 7.30 ന് പുണെ ചിന്മയ നാദബിന്ദു അവതരിപ്പിക്കുന്ന സംഗീതസന്ധ്യ എന്നിവയുണ്ടാകും. 8 ന് ഉച്ചയ്ക്ക് 3 ന് പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന ഗീതാ പാരായണവും നടക്കും.
6.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ചിന്മയ മിഷന്‍ ആഗോളാധ്യക്ഷന്‍ സ്വാമി തേജോമയാനന്ദ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ചിന്മയ ജ്യോതി തെളിക്കും. ചിന്മയ സന്ദേശ രഥയാത്രയ്ക്കും ചടങ്ങില്‍ തുടക്കമാകും. കൊച്ചിയില്‍ നിന്ന് ആരംഭിക്കുന്ന രഥയാത്ര ഭാരതം മുഴുവനും പര്യടനം നടത്തിയാണ് മടങ്ങിയെത്തുക.
ചിന്മയ ജന്മശതാബ്ദി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തല്‍ തയ്യാറായതായി കേരള ചിന്മയ മിഷന്‍ തലവന്‍ സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. ചിന്മയാനന്ദന്റെ ജീവിത രേഖകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള എക്‌സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. ചിന്മയാനന്ദന്റെ ജീവചരിത്രം ഉള്‍ക്കൊള്ളുന്ന ചിന്മയ ജീവന്‍ദര്‍ശന്‍ പുസ്തക പ്രദര്‍ശനം നടക്കും. ജന്മശതാബ്ദി സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആര്‍. സുരേഷ് മോഹന്‍, കെ.കെ. രാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.