കേരളത്തിലെ ഒരു മുന്‍മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വിമാന യാത്രയ്ക്കിടയില്‍ കണ്ടൊരു സംഭവത്തെക്കുറിച്ച് പില്ക്കാലത്ത് എഴുതുകയുണ്ടായി. അദ്ദേഹം രണ്ടു സന്ന്യാസിമാരെ കണ്ടു. ഒരാള്‍ ഒരു പട്ടാളമേധാവിയെപ്പോലെ. പരിവാരങ്ങളും ആരവങ്ങളുമായി വന്നു. പോകുമ്പോഴും അതാവര്‍ത്തിച്ചു. മറ്റേ സന്ന്യാസി ഏകനായി, നിശ്ശബ്ദനായി വന്നു, പോയി.
രണ്ടുപേരും പൂര്‍വാശ്രമത്തില്‍ മലയാളികളായിരുന്നു. സന്ന്യാസത്തിന്റെ തികച്ചും വ്യത്യസ്തമായ ഈ രണ്ടു മുഖങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ മുന്‍മുഖ്യമന്ത്രിക്ക് ഒരെത്തും പിടിയും കിട്ടിയില്ലത്രേ!
പെരിയാറിന്റെ തീരത്ത് പിറന്ന ശ്രീശങ്കരന്‍ അദൈ്വതദര്‍ശനം പുനഃസ്ഥാപിച്ച് അമലചരിതനായിത്തീര്‍ന്നു. ശ്രീശങ്കരന്റെ പാത പിന്തുടര്‍ന്ന് ആഗോളതലത്തില്‍ പ്രശസ്തരായ രണ്ടു സന്ന്യാസിശ്രേഷ്ഠന്മാര്‍ പൂര്‍വാശ്രമത്തില്‍ മലയാളികളായിരുന്നു- സ്വാമി രംഗനാഥാനന്ദനും സ്വാമി ചിന്മയാനന്ദനും.
സംസാരസാഗരത്തിന്റെ മറുകരയിലേക്ക് നയിക്കുന്ന വേദാന്തവിജ്ഞാനം. ആ വിജ്ഞാനത്തിന്റെ പ്രചരണോപാധികള്‍ക്ക് പുതിയ രൂപവും ഭാവവും നല്കിയ സന്ന്യാസിശ്രേഷ്ഠനായിരുന്നു സ്വാമി ചിന്മയാനന്ദന്‍.
ശ്രീശങ്കരന്‍ തന്റെ ജന്മംകൊണ്ട് ഏത് ദേശത്തെയാണോ ലോകപ്രശസ്തമാക്കിയത്, ആ കേരളദേശത്തില്‍ ശങ്കരദര്‍ശനത്തിന് എന്ത് പ്രചാരവും പ്രാധാന്യവുമാണ് ലഭിച്ചതെന്ന് ചിന്തിക്കുമ്പോഴേ സ്വാമി ചിന്മയാനന്ദന്റെ പരിവര്‍ത്തനങ്ങളുടെ പ്രസക്തി മനസ്സിലാക്കാനാകൂ. ശ്രീശങ്കരദര്‍ശനം അല്പമാത്രമെങ്കിലും സമകാലീന മലയാളത്തില്‍ പ്രചരിക്കുന്നുവെങ്കില്‍ അതിനു പിന്നില്‍ സ്വാമി ചിന്മയാനന്ദന്‍ എന്ന വേദാന്ത വനസഞ്ചാരിയുടെ പ്രഭാവമുണ്ട്.
സനാതന ധര്‍മപ്രകാരമുളള സന്ന്യാസസമ്പ്രദായത്തെ ദശാനാമി സമ്പ്രദായത്തിലൂടെ സുസജ്ജമാക്കിയ മഹാത്മാവാണ് ശങ്കരാചാര്യസ്വാമികള്‍. ശ്രീശങ്കര ശിഷ്യന്മാരാല്‍ സ്ഥാപിതമായതെന്നു കരുതുന്ന സ്വാമിയാര്‍ മഠങ്ങളുടെ കേന്ദ്രം തൃശൂരാണെങ്കിലും അവയുടെ ശാഖകള്‍ കേരളത്തിലങ്ങോളമിങ്ങോളം ഉണ്ട്. 'തത്ത്വത്തില്‍ നാം ശ്രീശങ്കരനെ പിന്തുടരുന്നു' എന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരുവും അദൈ്വതദര്‍ശനത്തിന്റെ പ്രയോക്താവായിരുന്നു. ശ്രീശങ്കരന്‍ മുതല്‍ ശ്രീനാരായണഗുരുവരെ നിരവധി സന്ന്യാസീശ്രേഷ്ഠന്മാര്‍ക്ക് ജന്മം നല്കിയ നമ്മുടെ നാട് 'ദൈവത്തിന്റെ സ്വന്തം നാട്' എന്നു വിശേഷിപ്പിക്കുവാന്‍ വിധം അര്‍ഹമായിട്ടുണ്ടോ?
മറ്റെല്ലാ ദര്‍ശനങ്ങളെയുംപോലെ അദൈ്വതദര്‍ശനവും ആധുനിക കേരളത്തില്‍ ശങ്കിക്കപ്പെട്ടു. പ്രത്യേകിച്ചും വിദ്യാസമ്പന്നരെന്ന് സ്വയം കരുതുന്നവരാല്‍. ഇത്തരക്കാരുടെ സംശയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സ്വാമി ചിന്മയാനന്ദന്‍ പരിശ്രമിച്ചു. അതില്‍ ഒരു പരിധിവരെ അദ്ദേഹം വിജയിക്കുകയും ചെയ്തു. സ്വാമി ചിന്മയാനന്ദന്‍ തന്നെ ഒരിക്കല്‍ പറയുകയുണ്ടായി: 'ഭാരതത്തിന്റെ ഇതര ഭാഗങ്ങളില്‍ സന്ന്യാസിയെ ആദ്യം വിശ്വസിക്കും. പിന്നീടോ, സംശയിക്കും. എന്നാല്‍ കേരളത്തില്‍ സന്ന്യാസിയെ ആദ്യം സംശയിക്കും. പിന്നീട് പരീക്ഷിക്കും. അതില്‍ വിജയിച്ചാലേ വിശ്വസിക്കൂ.'
സന്ന്യാസം ആത്മീയവും സാംസ്‌കാരികവും എന്നതിനുപരി സാമുദായികവും ഭൗതികവുമായി രൂപാന്തരപ്പെട്ടുകൊണ്ടിരുന്ന കാലത്ത് സന്ന്യാസത്തെ കാലോചിതമാക്കാന്‍ ശ്രമിച്ചപ്പോഴും സന്ന്യാസ സമ്പ്രദായത്തെ അവഗണിക്കാത്ത മനീഷിയായിരുന്നു സ്വാമി ചിന്മയാനന്ദന്‍. അദ്ദേഹം, ചട്ടമ്പിസ്വാമികളും രമണമഹര്‍ഷിയും ശിവാനന്ദസ്വാമികളും സ്വാമി തപോവനവും എല്ലാം പിന്തുടര്‍ന്ന ശ്രീശങ്കര പാതയില്‍നിന്നും സ്വാംശീകരിച്ച് തന്റേതായ ഒരു പുതിയ പന്ഥാവ് വെട്ടിതുറക്കുകയാണ് ചെയ്തത്.
ആധുനികഭാരതത്തിലെ ആത്മീയാചാര്യന്മാരില്‍ സ്വാമി വിവേകാനന്ദനു ശേഷം സ്വാമി ചിന്മയാനന്ദനെപ്പോലെ ആകര്‍ഷകവും ആക്ലിഷ്ടസുന്ദരവുമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്തവര്‍ വളരെ വിരളമാണ്. ചിന്മയാനന്ദന്റെ കൗതുകകരമായ ഇംഗ്ലീഷ് ഭാഷ കേട്ട് അദ്ദേഹത്തിന്റെ ആരാധകരായവരുണ്ട്. ശബ്ദത്തിന്റെ താളമേളഭംഗിക്ക് അനുസൃതമായ ഭാവവും അവയോടിണങ്ങുന്ന അദ്ദേഹത്തിന്റെ അഭിനയപാടവും ആരെയും വിസ്മയിപ്പിക്കുമായിരുന്നു.
ഏതെങ്കിലും തരത്തിലുളള അദ്ഭുതസിദ്ധികള്‍ തനിക്കുണ്ടെന്ന് സ്വാമി ചിന്മയാനന്ദന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എക്കാലത്തും കേവലമൊരു വേദാന്തവിദ്യാര്‍ഥി ആയിരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. അറിഞ്ഞത് പകരുന്നതിലും അദ്ദേഹം സദാ ജാഗരൂകനായ ഒരു സത്യാന്വേഷകനായിരുന്നു. ചിലര്‍ അദ്ദേഹത്തെ സ്തുതിച്ചു. മറ്റു ചിലര്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. നിന്ദാസ്തുതികളെ സമാനമായി കണ്ട സ്വാമിജി ചിലപ്പോഴൊക്കെ മൗനംഭജിച്ചു. അദ്ദേഹം പറഞ്ഞു: 'ജയ പരാജയങ്ങള്‍ എന്നെ സ്പര്‍ശിക്കുന്നില്ല. ലക്ഷ്യമാണ് എനിക്ക് പ്രധാനം.' സഹോദര സന്ന്യാസിയായ ഗോവിന്ദാനന്ദഗിരി സ്വാമി ചിന്മയാനന്ദനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: 'ഓരോ ശ്രോതാവിനെയും സത്യാന്വേഷകനാക്കുവാന്‍ കഴിയുന്ന, ആത്മസമര്‍പ്പണം. സ്വാമി ചിന്മയാനന്ദന് സമശീര്‍ഷനില്ല.' സ്വാമി ചിദാനന്ദ സരസ്വതി പറയുന്നു: 'പത്ത് യോഗിവര്യന്മാരുടെ ജീവിതമാണ് സ്വാമി ചിന്മയാനന്ദ ഒരു ജന്മംകൊണ്ട് ജീവിച്ചുതീര്‍ത്തത്.' സ്വന്തം ജീവിതത്തെക്കുറിച്ച് സ്വാമി ചിന്മയാനന്ദന്‍ സംഗ്രഹിച്ചത് ഇപ്രകാരമാണ്. 'കേരളത്തില്‍ ജനിച്ചു. ഉത്തരേന്ത്യയില്‍ ജീവിച്ചു. ഉത്തരകാശിയില്‍ പുനര്‍ജനിച്ചു. എല്ലായിടത്തും വിമര്‍ശിക്കപ്പെട്ടു. ചില സ്ഥലങ്ങളില്‍ അഭിനന്ദിക്കപ്പെട്ടു. ഒടുവില്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ടു. എനിക്കുതന്നെ ഞാനൊരു കടങ്കഥയാണ്.'
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ശ്രീമദ് ചിന്മയാനന്ദസ്വാമികള്‍ എന്ന പുസ്തകത്തില്‍ നിന്ന്)