സ്വാമി ചിന്മയാനന്ദന്റെ അന്ത്യദിനങ്ങള്‍

രാജീവ് ഇരിഞ്ഞാലക്കുട Posted on: 06 May 2015


സ്വാമി ചിന്മയാനന്ദനെ സംബന്ധിച്ച് വിശ്രമമെന്നാല്‍ വിശേഷാലുളള ശ്രമങ്ങളായിരുന്നു. വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ സ്വാമിജിയെ മാരകമായ മൂന്നു മഹാരോഗങ്ങളുടെ- പ്രമേഹം, ഹൃദ്രോഗം, മഹോദരം - ഉടമയാക്കിത്തീര്‍ത്തു.
ശ്രീരാമകൃഷ്ണ-വിവേകാനന്ദന്മാരും രമണമഹര്‍ഷിയും ശ്രീനാരായണഗുരുദേവനുമെല്ലാം രോഗബാധിതരായിരുന്നു. രോഗങ്ങള്‍ അവരുടെ ശരീരത്തെയല്ലാതെ മനസ്സിനെ തളര്‍ത്തിയില്ല. രാഗാദി രോഗങ്ങളില്‍നിന്നും എല്ലാ മഹാപുരുഷന്മാരും മുക്തരാണല്ലോ.
കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസിയുടെ സ്ഥാപകന്‍ ആര്യവൈദ്യന്‍ പി.വി.രാമവാര്യര്‍ സ്വാമിജിയെ 1972 മുതല്‍ ചികിത്സിച്ചിരുന്ന വൈദ്യനും സുഹൃത്തും ആയിരുന്നു. സ്വാമിജിയുടെ ആഗോളപര്യടനത്തിനിടയില്‍ അദ്ദേഹത്തിനു വേണ്ട ആയുര്‍വേദ മരുന്നുകള്‍ അതാത് സ്ഥലങ്ങളില്‍ എത്തിച്ചുകൊടുത്തിരുന്നതും ആര്യവൈദ്യഫാര്‍മസിയാണ്.
സ്വാമിജിക്ക് ആദ്യമായി ഹൃദയാഘാതമുണ്ടായത് 1969ലാണ്. ബാംഗ്ലൂരില്‍ ആയിടെ മാത്രം തുടങ്ങിയ ചിന്മയമിഷന്‍ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മൈസൂരില്‍നിന്നു കൊണ്ടുവന്നു. ചിന്മയമിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആദ്യത്തെ രോഗി താനാണെന്നു പറഞ്ഞ് സ്വാമിജി പൊട്ടിച്ചിരിച്ചു.
ബാംഗ്ലൂരിലെ ചിന്മയമിഷന്‍ ആശുപത്രിയില്‍ എത്തിയ സത്യസായി ബാബ സ്വാമിജിയുടെ രോഗശമനത്തിനായി ഭസ്മം നല്കി. സ്വാമിജി ഭസ്മം സ്‌നേഹപൂര്‍വം നിരസിച്ചുകൊണ്ട് പറഞ്ഞു: 'ശരീരം, ജനനം, വളര്‍ച്ച, തളര്‍ച്ച, മരണം എന്നീ പ്രകൃതിനിയമങ്ങളിലൂടെ കടന്നുപോകുന്നു. രോഗവും വേദനയും ശരീരത്തിന്റെ സ്വഭാവങ്ങളാണ്. അര്‍ഹതപ്പെട്ടവ മാത്രമാണ് ഒരാള്‍ക്കു ലഭിക്കുന്നത്. അനര്‍ഹമായ ഒന്നും ഈശ്വരന്‍ ആര്‍ക്കും നല്കുന്നില്ല. സ്വാഭാവികമായും സംഭവിക്കേണ്ടവയ്ക്ക് വലിയ വിശദീകരണങ്ങളുടെ ആവശ്യമില്ല. ശാന്തമായി അവയെ അഭിമുഖീകരിക്കാനുളള ധൈര്യമാണ് ഉണ്ടാകേണ്ടത്.'
സ്വാമിജിക്ക് ശക്തമായ ഹൃദയാഘാതമുണ്ടായത് 1980 ലാണ്. ബോധരഹിതനായ അദ്ദേഹം വൈദ്യശാസ്ത്രപ്രകാരം മരിച്ചു (രഹശിശരമഹഹ്യ റലമറ) എന്നുതന്നെ പ്രഖ്യാപിച്ചു. വിദഗ്ധ ചികിത്സയ്ക്കായി സ്വാമിജിയെ ഉടനടി അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് അദ്ദേഹം ലോകപ്രശസ്തനായ ഡോക്ടര്‍ കൂലൈയുടെ നേതൃത്വത്തില്‍ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായി. ആശ്ചര്യകരമായി സ്വാമിജി രോഗവിമുക്തനായി. ആശുപത്രിയില്‍നിന്ന് വിടപറയുമ്പോള്‍ ഡോ. കൂലൈയ്ക്ക് തന്റെ ഭഗവദ്ഗീതാവ്യാഖ്യാനം സ്വാമിജി സമ്മാനിച്ചു. ആ ഗ്രന്ഥത്തില്‍ സ്വാമിജി ഇങ്ങനെ എഴുതിയിരുന്നു: 'അങ്ങ് എനിക്ക് ജീവന്‍ തന്നു. ഈ ഗ്രന്ഥം അങ്ങേക്കും ജീവന്‍ നല്കും.'
1991-ല്‍ ചിന്മയാനന്ദസ്വാമികളുടെ 75-ാം ജന്മദിനത്തോട് അനുബന്ധിച്ച് ബോംബെയിലെ മിഷന്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വര്‍ണംകൊണ്ട് തുലാഭാരം നടത്തി. ചടങ്ങില്‍ എണ്ണൂറു വിദേശികള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേര്‍ സന്നിഹിതരായിരുന്നു.
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചുളള പരിപാടിയില്‍ പങ്കെടുക്കുവാനായി സ്വാമിജി നേരത്തെതന്നെ അമേരിക്കയിലെത്തി. ലോക മത മഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍, 1963 -ല്‍ കന്യാകുമാരിയില്‍ ഒരു ശിലാസ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചു. അതിലേക്കായി ആദ്യമായി സംഭാവന നല്കിയത് സ്വാമി ചിന്മയാനന്ദനായിരുന്നു. ശിലാസ്മാരകത്തിന്റെ ഉദ്ഘാടനചടങ്ങിലും, 1972-ല്‍ സ്വാമിജിയുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. 1993 ആഗസ്തിലെ ആദ്യ ദിനങ്ങളില്‍ ഗ്ലോബല്‍ വിഷന്‍ 2000 എന്ന പുരസ്‌കാരം അദ്ദേഹത്തിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു. 1993 ജൂലായ് 23,24,25 തീയതികളില്‍ അദ്ദേഹം വാഷിങ്ടണ്‍ ഡി.സിയില്‍ ഗീതാജ്ഞാനയജ്ഞം നടത്തി. ആ യജ്ഞത്തിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി.
വാഷിങ്ടണ്‍ ഡി.സിയില്‍ സ്വാമിജി ആധ്യാത്മിക ശിബിരം നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ തന്റെ ഭക്തന്മാരില്‍ ഒരാളോട് അദ്ദേഹം പറഞ്ഞു: 'കുറച്ചുനാളായി ഈശ്വരന്‍ എന്നെ വിളിച്ചുക്കൊണ്ടിരിക്കുന്നു. പക്ഷേ ഇവരാരും എന്നെ പോകാന്‍ അനുവദിക്കുന്നില്ല.' ശിബിരം അവസാനിക്കാറായ സമയം. സ്വാമിജിക്ക് ശ്വാസോച്ഛ്വാസത്തിന് തടസ്സമനുഭവപ്പെട്ടു. എന്നാല്‍ അതു കാര്യമാക്കാതെ സ്വാമിജി വേദിയില്‍ ത്തന്നെ ഇരുന്നു. അവസാനത്തെ പ്രാര്‍ഥനായോഗത്തില്‍ പങ്കെടുത്തു. അനുഗ്രഹപ്രഭാഷണവും നടത്തി. പരിപാടികളൊന്നും മുടക്കിയില്ല. അടുത്ത ദിവസം നേരത്തെ നിശ്ചയിച്ചതുപ്രകാരം സാന്‍ഡിയാഗോവിലേക്കു പറന്നു. അവിടെ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ സ്ഥിതി നന്നേ മോശമായിരുന്നു. ഉടനെതന്നെ സ്‌ക്രിപ്‌സ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമാന്യചികിത്സകൊണ്ടൊന്നും അദ്ദേഹത്തിന് ആശ്വാസം ലഭിച്ചില്ല. പ്രധാന രക്തധമനികളെല്ലാം അടഞ്ഞിരുന്നു. ഷാര്‍പ്പ് മെമ്മോറിയല്‍ ആശുപത്രിയില്‍വെച്ച് അദ്ദേഹം അടിയന്തിര ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായി.
അന്നുച്ചയ്ക്ക്, ആശുപത്രിയുടെ ഇടനാഴിയില്‍ ഭക്തന്മാര്‍ താത്കാലികമായൊരുക്കിയ പീഠത്തില്‍ വെച്ചിരുന്ന ശ്രീകൃഷ്ണവിഗ്രഹം പെട്ടെന്ന് താഴേക്കുവീണ് തകര്‍ന്നു. അഞ്ച് ബൈപാസ് ശസ്ത്രക്രിയകള്‍ തുടര്‍ച്ചയായി നടത്തേണ്ടി വന്നു. ഒപ്പംതന്നെ ഹിമോഡയാലിസിസും. സ്വാമിജിയുടെ ഗുരുഭായിയും ദിവ്യ ജീവന സംഘത്തിന്റെ (ഉശ്ശില ഘശളല ടീരലശ്യേ) പരമാചാര്യനുമായ ചിദാനന്ദസരസ്വതി സ്വാമികള്‍ ആഗസ്ത്് 1 ന് ആശുപത്രിയിലെത്തി.
അടുത്ത ദിവസം സ്വാമിജിയുടെ ആരോഗ്യനില കൂടുതല്‍ നിരാശാജനകമായി. ആരാധകസഹസ്രങ്ങളുടെ മനമുരുകിയ പ്രാര്‍ഥനകള്‍ക്കും നാമജപത്തിനുമിടയില്‍ 1993 ആഗസ്ത് 3-ാം തീയതി വൈകുന്നേരം 5.45 ന് ചിന്മയാനന്ദസ്വാമികള്‍ മഹാസമാധി പ്രാപിച്ചു.
സ്വാമിജിയുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത പേടകം, ഭൂസമാധി ചടങ്ങുകള്‍ക്കായി ഭാരതത്തിലേക്ക് കൊണ്ടുവന്നു. ദില്ലിയിലെ ലോധിറോഡിലുള്ള മിഷന്‍കേന്ദ്രത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചശേഷം സിദ്ധബാഡിയിലേക്ക് കൊണ്ടുപോയി. ഭക്തജനങ്ങളുടെ പഞ്ചാക്ഷരമന്ത്രജപത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ 1993 ആഗസ്ത്് 9-ാം തീയതി പ്രഭാതത്തില്‍ ശ്രീമദ് ചിന്മയാനന്ദസ്വാമികളെ സമാധിയിരുത്തി. സ്വാമി തേജോമയാനന്ദ ചിന്മയമിഷന്റെ ആഗോള പരമാചാര്യനായി നിയുക്തനായതിനു ശേഷം നടത്തിയ പ്രഥമ പ്രഭാഷണത്തില്‍ പറഞ്ഞു: 'മറ്റൊരു ഗുരുദേവന്‍ ഇനിയൊരിക്കലുമുണ്ടാവില്ല. ആ സ്ഥാനമേറ്റെടുക്കുവാന്‍ വേറൊരാള്‍ക്കു സാധിക്കുകയുമില്ല. ഒന്നേ നമുക്ക് ചെയ്യാനാവൂ. ദാസന്മാരായി നിന്നുകൊണ്ട് അവിടത്തെ സേവിക്കാം..... ശ്രീരാമചന്ദ്രന്റെ സേവകനായ ഹനുമാന്‍ജിയെപ്പോലെ.'

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ശ്രീമദ് ചിന്മയാനന്ദസ്വാമികള്‍ എന്ന പുസ്തകത്തില്‍ നിന്ന്)



 

ga