തപോവനസന്നിധിയില്‍

രാജീവ് ഇരിഞ്ഞാലക്കുട Posted on: 06 May 2015


ശിവാനന്ദാശ്രമത്തിലെ അന്തേവാസിയായി കഴിയുമ്പോഴും വേദാന്തശാസ്ത്രത്തിലെ ഉപരിഗ്രന്ഥങ്ങള്‍ പഠിക്കാനായിരുന്നു സ്വാമി ചിന്മയാനന്ദന്റെ ആഗ്രഹം. അങ്ങനെയിരിക്കെയാണ് സ്വാമി തപോവനം തൊട്ടടുത്തുള്ള ബ്രഹ്മാനന്ദാശ്രമത്തില്‍ കഴിയുന്നതായി കേള്‍ക്കുന്നത്. ആരാണ് സ്വാമി തപോവനം ?
(1889 - 1957)
മാര്‍ഗശീര്‍ഷമാസത്തിലെ ശുക്ലപക്ഷ ഏകാദശി ദിനത്തിലാണ് സ്വാമി തപോവനം ജനിച്ചത്. ഭഗവാന്‍ ശ്രീകൃഷ്ണപരമാത്മാവ് അര്‍ജുനന് ഭഗവദ്ഗീത ഉപദേശിച്ചത് ഈ സുദിനത്തിലാണെന്നു വിശ്വസിച്ചുപോരുന്നു.
1889 ലായിരുന്നു ജനനം. പിതാവ് അച്യുതന്‍ നായരുടെ ജന്മസ്ഥലം പാലക്കാട് ജില്ലയിലെ കൊടുവായൂരിലായിരുന്നു. ആലത്തൂരിന്നടുത്തുള്ള മുടപ്പല്ലൂരായിരുന്നു മാതാവായ ബാലാംബയുടെ ജന്മസ്ഥലം. മാതാപിതാക്കള്‍ ബാലന് സുബ്രഹ്മണ്യം എന്ന പേരാണ് നല്കിയതെങ്കിലും ചിപ്പുക്കുട്ടി എന്ന ചെല്ലപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ആധുനിക വിദ്യാഭ്യാസമാണ് അനിവാര്യം എന്ന ചിന്തയോടെ പിതാവ് പുത്രനെ ഇംഗ്ലീഷ് വിദ്യാലയത്തില്‍ ചേര്‍ത്തു. എന്നാല്‍ ഹൈസ്‌കൂളിലെത്തിയപ്പോഴേക്കും ചിപ്പുക്കുട്ടി ഇംഗ്ലീഷ് പഠനം ഉപേക്ഷിച്ചു. 'വിദ്യാലയത്തെയാണ് ഉപേക്ഷിച്ചത്, അല്ലാതെ വിദ്യയെയല്ല' എന്നായിരുന്നു ചിപ്പുക്കുട്ടിയുടെ ന്യായീകരണം. അധ്യാത്മവിദ്യയുടെ ആഴങ്ങളിലേക്കെത്തുവാന്‍ സംസ്‌കൃതം സഹായകമാകുമെന്ന തിരിച്ചറിവ് ആ ഭാഷ നിഷ്‌കര്‍ഷയോടെ പഠിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

സ്‌നേഹനിധിയായ പിതാവ് വീട്ടില്‍ സംസ്‌കൃതവിദ്വാന്മാരെ വരുത്തി ചിപ്പുക്കുട്ടിയെ പഠിപ്പിച്ചു. കാവ്യം, നാടകം, വ്യാകരണം, തര്‍ക്കം തുടങ്ങിയ വിഷയങ്ങളിലെല്ലാം അദ്ദേഹം അഗാധമായ അറിവു നേടി. പതിനെട്ടാം വയസ്സില്‍ അദ്ദേഹം എഴുതിയ, 'വിഭാകര' എന്ന കാവ്യം സഹൃദയ ലോകത്തിന്റെ പ്രശംസ നേടിക്കൊടുത്തു. ദ്വാരക ശങ്കരാചാര്യര്‍ അദ്ദേഹത്തിന് 'ചിദ്വിലാസ' എന്ന നാമം നല്കുകയുണ്ടായി.

യൗവനാരംഭത്തില്‍ത്തന്നെ ചിപ്പുക്കുട്ടി നല്ലൊരു കവിയായും സാഹിത്യ - സാംസ്‌കാരിക പ്രവര്‍ത്തകനായും തിളങ്ങി. കുറച്ചു കാലം പത്രപ്രവര്‍ത്തനത്തിലും അദ്ദേഹം വിളങ്ങി. ചിപ്പുക്കുട്ടിയുടെ കൗമാരദശയില്‍ ത്തന്നെ മാതാവ് ദിവംഗതയായി. ഇരുപത്തൊന്നാമത്തെ വയസ്സില്‍ പിതാവും ചരമമടഞ്ഞു. ആ സമയത്ത് അദ്ദേഹത്തിന്റെ ഒരേയൊരു സഹോദരന്‍ കോളേജില്‍ പഠിക്കുകയായിരുന്നു. സഹോദരന്റെയും കുടുംബത്തിന്റെയും മേല്‍നോട്ടം അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിന് ഒരു പരിധിവരെ വിഘാതം സൃഷ്ടിച്ചു. പിതൃവിയോഗം അദ്ദേഹത്തെ ലൗകികജീവിതത്തിന്റെ നിരര്‍ഥകത ബോധ്യപ്പെടുത്തി.
അക്കാലത്ത് അദ്ദേഹം സൗരാഷ്ട്രയിലെ ഭവനഗറില്‍ പോയി ദ്വാരക ശ്രീശങ്കരപീഠം മഠാധിപതിയായിരുന്ന സ്വാമി ശാന്ത്യാനന്ദ സരസ്വതിയുടെ കീഴില്‍ വേദാന്തശാസ്ത്രം അഭ്യസിക്കുകയുണ്ടായി. സര്‍വജ്ഞാത്മ മുനിയുടെ സംക്ഷേപശാരീരികം എന്ന വേദാന്തകൃതിയില്‍ പ്രത്യേകിച്ച് ആ അവസരത്തില്‍ അദ്ദേഹം വ്യുത്പത്തി നേടി.

പാലക്കാട്ട് തിരിച്ചെത്തിയ ചിപ്പുക്കുട്ടി, ഗോപാലകൃഷ്ണ എന്ന പേരിലൊരു മാസിക തുടങ്ങി. ഇക്കാലത്ത് അദ്ദേഹം ഒരു പ്രഭാഷകനായും തെക്കന്‍ കേരളത്തില്‍ സഞ്ചരിച്ചിരുന്നു. ക്രമേണ അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നും വിരമിച്ച് സാധനാനുഷ്ഠാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വല്ലപ്പോഴും നടത്താറുള്ള തീര്‍ഥയാത്രകള്‍ക്കിടയില്‍ മഹാത്മാക്കളെ സന്ദര്‍ശിച്ച് സംവദിച്ചു. ചെന്നൈയില്‍വെച്ച് മൈലാപ്പൂര്‍ ശ്രീരാമകൃഷ്ണമഠത്തിന്റെ അധ്യക്ഷനും പ്രഖ്യാത വേദാന്തപണ്ഡിതനുമായ ശര്‍വാനന്ദസ്വാമികളുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി.

ആ സന്ദര്‍ഭത്തിലാണ് സ്വാമി ശാന്ത്യാനന്ദജിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം കൊല്‍ക്കത്തയിലേക്കു പോയത്. ബംഗാളിലെത്തിയ ചിപ്പുക്കുട്ടി സ്വാമികളോടൊത്തുള്ള സത്‌സംഗങ്ങളില്‍ വ്യാപൃതനായി. സമയം കിട്ടുമ്പോള്‍ ബേലൂരിലെ ശ്രീരാമകൃഷ്ണമഠം സന്ദര്‍ശിച്ച് ശ്രീരാമകൃഷ്ണ പരമഹംസരുടെ അന്തഃരംഗശിഷ്യന്മാരുടെ അനുഗ്രഹാശംസകളും ഏറ്റുവാങ്ങി. ബംഗാളില്‍നിന്ന് ദില്ലി വഴി മഥുര, കാശി, വൃന്ദാവനം തുടങ്ങിയ തീര്‍ഥസ്ഥലികള്‍ സന്ദര്‍ശിച്ച് ജന്മനാട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് തപോസ്വാധ്യായം തീവ്രമാക്കി.

ഇതിനിടയില്‍ പഠനം പൂര്‍ത്തിയാക്കി സഹോദരന്‍ തിരിച്ചെത്തി. ചിപ്പുക്കുട്ടി കുടുംബാംഗങ്ങളെ എല്ലാവരെയും വിളിച്ചുവരുത്തി അവരുടെ സമക്ഷത്തില്‍ കുടുംബഭാരം സഹോദരനെ ഏല്പിച്ചുകൊടുത്തു. തുടര്‍ന്ന് ഏവരുടെയും സമ്മതത്തോടെ തീര്‍ഥയാത്രയ്ക്കു തയ്യാറായി. ചിപ്പുക്കുട്ടിയെ യാത്ര അയയ്ക്കാനായി റെയില്‍വേ സ്റ്റേഷനിലെത്തിയ സഹോദരന്‍ പറഞ്ഞു: 'അധികം കാലം എടുക്കാതെ പെട്ടെന്നു മടങ്ങിവരണേ'. ചിപ്പുക്കുട്ടി മൗനം ദീക്ഷിച്ചതേയുള്ളൂ. പിന്നീടൊരിക്കലും ചിപ്പുക്കുട്ടി ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയില്ല. 1928-ാമാണ്ടിലെ ജന്മാഷ്ടമി ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ ആ യാത്രാരംഭം.
ആ യാത്രയ്ക്കിടയില്‍ തുംഗഭദ്രാനദിയുടെ തീരത്തുവെച്ച് ചിപ്പുക്കുട്ടി ആത്മസന്ന്യാസം സ്വീകരിച്ചു. ഋഷികേശിലെത്തിയപ്പോള്‍, പ്രശസ്തമായ കൈലാസാശ്രമത്തിലെ ജനാര്‍ദനഗിരി സ്വാമികളില്‍നിന്നും സമ്പ്രദായപ്രകാരമുള്ള സന്ന്യാസം സ്വീകരിച്ച് സ്വാമി തപോവനമായി.

ഋഷികേശിലെ ഒരു പുല്‍ക്കുടിലില്‍ അഞ്ചു വര്‍ഷക്കാലത്തോളം അദ്ദേഹം തപസ്സ്വാധ്യായ നിരതനായി കഴിഞ്ഞു. ഇതിനിടയില്‍ ഏകാന്തയാത്രകളും നടത്തിയിരുന്നു. രണ്ടു തവണ അദ്ദേഹം കൈലാസവും മാനസസരോവരവും സന്ദര്‍ശിച്ചു. ക്രമേണ സ്വാമിജിയുടെ സ്ഥിരവാസം ഉത്തരകാശിയിലായി. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഗംഗോത്രിയിലും ഗോമുഖിലും പോയി ഏകാന്തശാന്തമായി കഴിയുക സ്വാമിജി പതിവാക്കിയിരുന്നു. സ്വാമിജിയുടെ മാഹാത്മ്യം നാനാദിക്കുകളിലേക്ക് പടര്‍ന്നുകൊണ്ടിരുന്നു. തന്റെ അടുത്തെത്തുന്ന യഥാര്‍ഥ ജിജ്ഞാസുക്കള്‍ക്ക് മാത്രം അദ്ദേഹം ആത്മവിദ്യ പകര്‍ന്നുകൊടുത്തു.
ഇതിനിടയില്‍ സ്വാമിജി സാഹിത്യരചന തുടര്‍ന്നുകൊണ്ടിരുന്നു. ഈശ്വരദര്‍ശനം എന്ന ആത്മകഥയും കൈലാസയാത്ര, ഹിമഗിരിവിഹാരം തുടങ്ങിയ യാത്രാവിവരണഗ്രന്ഥങ്ങളും സൗമ്യകാശീശസ്‌തോത്രം തുടങ്ങിയ കാവ്യകൃതികളും രചിക്കുകയുണ്ടായി. സ്വാമി തപോവനം 1957 ജനവരി 16 ന്, ഉത്തരായണത്തിലെ മേഘമാസപൗര്‍ണമിയിലെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ബ്രഹ്മവിലീനനായി.
സ്വാമി തപോവനത്തെക്കുറിച്ച് സ്വാമി ചിന്മയാനന്ദന്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: 'ഇന്നത്തെ ഈ ഞാന്‍, ഞാനിതുവരെ ചെയ്ത കാര്യങ്ങള്‍ എല്ലാം എന്റെ ഗുരുനാഥനായ അഭിവന്ദ്യസ്വാമി തപോവന്‍ മഹാരാജിന്റെ അനുഗ്രഹം ഒന്നുമാത്രമാണ്. ഭഗവദ്‌സ്വരൂപത്തെ എപ്പോഴും തന്നിലും പ്രപഞ്ചദൃശ്യങ്ങളിലും എല്ലാ സ്ഥലത്തും അനുഭവിച്ചുകൊണ്ടുനടന്ന ഒരു മഹാത്മാവായിരുന്നു അദ്ദേഹം. ബ്രഹ്മനിഷ്ഠനായി സദാ വിഹരിച്ചിരുന്നതായ തപോവന്‍ മഹാരാജിന്റെ അനുഭൂതിയെക്കുറിച്ച് എനിക്കറിയാമായിരുന്നു. ആ ശുഷകാന്തിയുടെയും പ്രശാന്തിയുടെയും പ്രഹര്‍ഷത്തിന്റെയും ഊഷ്മളത എനിക്കനുഭവമായിരുന്നു. പ്രകൃതിയുടെ ദിവ്യമായ മേളത്തില്‍ അദ്ദേഹം അലിഞ്ഞുചേര്‍ന്നങ്ങനെ നില്ക്കുന്നത് ഞാന്‍ പലപ്പോഴും നോക്കിനിന്നിട്ടുണ്ട്. അത്തരം ദിവ്യ ആവേശങ്ങളുടെ നിമിഷങ്ങളില്‍ അഭൗമമായ ഒരു പ്രശാന്തി അദ്ദേഹത്തെ വലയംചെയ്യുന്നതായി കാണാം. കഴിഞ്ഞുപോയ ആ അനര്‍ഘനിമിഷങ്ങളില്‍ ഞാന്‍ വീണ്ടും ജീവിക്കുന്നതുപോലെ തോന്നുന്നു.

അദ്ദേഹത്തിന്റെ ജീവിതംതന്നെ ആധികാരികമായ വൈദികഗ്രന്ഥങ്ങളുടെ പ്രത്യക്ഷരൂപമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ വൈദികമന്ത്രങ്ങളും, അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ ലോകാനുഗ്രഹപ്രദവുമാണ്. സ്വാമി തപോവനം പൂര്‍ണതയുടെ പര്യായമാണ്. അങ്ങനെയുളള ഒരു മഹദ്‌വ്യക്തിയില്‍ നാം ഈശ്വരനെയും, ഈശ്വരവിലാസത്തെയും ദര്‍ശിക്കുന്നു.'
ഗുരുവും ശിഷ്യനും
'സ്വാമി തപോവനം ജ്ഞാനിയാണ്. പൂര്‍വാശ്രമത്തില്‍ മലയാളിയുമാണ്. ആ മഹാത്മാവിനെ പോയി കാണുക.' ചിന്മയന്റെ അന്തഃരംഗം അറിഞ്ഞ സ്വാമി ശിവാനന്ദ പറഞ്ഞു.
സ്വാമി ചിന്മയാനന്ദന്‍ ഒട്ടും സമയം കളഞ്ഞില്ല. ഋഷികേശില്‍നിന്നും ഉത്തരകാശിയിലേക്കു പുറപ്പെട്ടു. ഉത്തരകാശി നഗരത്തിനും ശ്രീസൗമ്യകാശീശ്വരക്ഷേത്രത്തിനും വടക്കുമാറി വാരാണാവത പര്‍വതസാനുവിലായിരുന്നു തപോവന സ്വാമികളുടെ ആശ്രമം.
തന്റെ മുന്നിലെത്തിയ സ്വാമി ചിന്മയാനന്ദനോട് തപോവനസ്വാമികള്‍ ചോദിച്ചു: 'എന്താണ് ലക്ഷ്യം?' 'വേദാന്തശാസ്ത്രം പഠിക്കണം.' അതായിരുന്നു ഉത്തരം. 'അതിന് മലയാളത്തില്‍നിന്ന് ഇവിടെ വരണമോ? അവിടെ വാഴൂര്‍ തീര്‍ഥപാദാശ്രമം ഉണ്ടല്ലോ?' സ്വാമികള്‍ പറഞ്ഞു.

ചിന്മയന്‍ പിന്തിരിഞ്ഞില്ല. ഉത്തരകാശിയിലെ ജീവിതം കഠിനം. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരണം. ഹിമസദൃശമായ ഗംഗയില്‍ മുങ്ങിക്കുളിക്കണം. ധര്‍മശാലകളില്‍നിന്നും രണ്ടുനേരം കിട്ടുന്ന ഉണങ്ങിയ ചപ്പാത്തിയും പരിപ്പും മാത്രമായിരുന്നു ഭക്ഷണം. തപോവനസ്വാമികളുടെ ശിക്ഷണമോ അതിലേറെ കഠിനം. സംസ്‌കൃതമാണല്ലോ വേദാന്തഭാഷ. അതിലാണെങ്കില്‍ ചിന്മയന്റെ അറിവ് അപര്യാപ്തവും. അമരകോശവും സിദ്ധരൂപവും അറിയാത്ത പഠിതാവ്. ആത്മജ്ഞാനത്തിലേക്കുള്ള പാത സുഗമമല്ലെന്നുള്ള തിരിച്ചറിവ.് എങ്കിലും ചിന്മയന്‍ പിന്‍മാറിയില്ല. സംസ്‌കൃതഭാഷാജ്ഞാനം ആര്‍ജിക്കുന്നതില്‍ കഠിനമായി പ്രയത്‌നിച്ചുകൊണ്ടിരുന്നു.
സ്വാമി ഗോവിന്ദാനന്ദഗിരി ആ ഗുരു-ശിഷ്യ ബന്ധത്തിന്റെ സവിശേഷതയെക്കുറിച്ച് അനുസ്മരിക്കുന്നത് ഇപ്രകാരമാണ്: സ്വാമി ചിന്മയാനന്ദന്‍ വേദാന്തക്ലാസുകള്‍ അത്യന്തം ശ്രവിക്കുകയും അവ മനനം ചെയ്യുമ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി ഉടനടി ഗുരുവിനെ സമീപിക്കുകയും ചെയ്യും. സ്വാമി തപോവനം വേദാന്തക്ലാസുകളുടെ സമാപനത്തില്‍ 'ഇത്രയും സമയം സംസാരിച്ചതെല്ലാം നിയമങ്ങളും വ്യവസ്ഥകളുമാണെന്നും അവയെല്ലാം മറികടന്ന് സ്വയം അറിയുക എന്ന ലക്ഷ്യത്തിലെത്തുക' എന്നു പറയുക പതിവായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ ഗുരു ഈ വാചകം ആവര്‍ത്തിച്ചപ്പോള്‍ ശിഷ്യന്‍ ചോദിച്ചു: 'നിയമങ്ങളും വ്യവസ്ഥകളും മറികടന്ന് നിത്യസത്യമായ ബ്രഹ്മത്തെക്കുറിച്ച് എന്തുകൊണ്ട് വിശദീകരിക്കുന്നില്ല?'
ഗുരു ഉത്തരമൊന്നും പറഞ്ഞില്ല. അതിനു പകരം ശിഷ്യനോടു പറഞ്ഞു. 'കുടിക്കാന്‍ കുറച്ച് വെളളം കൊണ്ടു വരൂ.' ഒരു കുടത്തില്‍ വെള്ളം കൊണ്ടുവന്ന ശിഷ്യനോട് ഗുരു ചോദിച്ചു: 'ഞാന്‍ ആവശ്യപ്പെട്ടത് വെള്ളമാണ്. കുടമല്ല. കുടം മാറ്റിവെച്ച് വെളളം മാത്രം കൊണ്ടു വരൂ.'

ഉത്തരം മുട്ടിയ ശിഷ്യനോട് ഗുരു പറഞ്ഞു: 'അതേ, പാത്രമില്ലാതെ ആര്‍ക്കും വെളളം കൊണ്ടു വരാന്‍ കഴിയില്ല. അതുപോലെ വാക്കുകളെ കൊണ്ട് വിശദീകരിക്കാനാകാത്ത ബ്രഹ്മത്തെപ്പറ്റി പറയുമ്പോള്‍ ആമുഖങ്ങളും വ്യവസ്ഥകളും പറയേണ്ടിവരും.'
സ്വാമി തപോവനത്തിന്റെ കീഴില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് സ്വാമി ചിന്മയാനന്ദന്‍ താമസിച്ചിരുന്നത് സ്വാമി ഗോവിന്ദാനന്ദഗിരിയുടെ ദേവഗിരി ആശ്രമത്തിലായിരുന്നു. ഇരുവരും ഒരേ സമയം ഗുരുവില്‍നിന്നും വേദാന്താധ്യയനം അഭ്യസിച്ചവരായിരുന്നു. ശൃംഗേരിമഠത്തിന്റെ പതിനെട്ടാമത്തെ പീഠാധിപതിയായിരുന്ന വിദ്യാരണ്യസ്വാമികളുടെ പഞ്ചദശിയോടായിരുന്നു സ്വാമി തപോവനത്തിന്റെ പ്രഥമപാഠം ആരംഭിച്ചത്. ഓരോ വര്‍ഷവും ജൂലായ് മുതല്‍ ഒക്‌ടോബര്‍ വരെയുളള കാലം ഗംഗോത്രിയിലാകും സ്വാമി തപോവനത്തിന്റെ വാസം. പഠനം അവിടെയും തുടരും.

ഗംഗോത്രിയില്‍ കഴിയുന്ന കാലത്താണ് സ്വാമി ചിന്മയാനന്ദനില്‍ ജ്ഞാനയജ്ഞ സങ്കല്പം ആദ്യമായി ഉദിച്ചത്. പില്ക്കാലത്ത് സ്വാമി തന്റെ കര്‍മപരിപാടിക്ക്, ഗംഗോത്രി പദ്ധതിയെന്ന് പേരിട്ടതും അതുകൊണ്ടുതന്നെ. മനസ്സില്‍ സന്ദേഹങ്ങള്‍ ഉടലെടുക്കുമ്പോഴെല്ലാം ചിന്മയന്‍ ഗംഗാതീരത്ത് പോയിരിക്കുക പതിവായിരുന്നു. അപ്പോഴെല്ലാം ഗംഗാമാതാവ് തന്നോട് ഇപ്രകാരം പറയുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു: 'ചിന്മയാ, എന്നെ നോക്കൂ ഹിമാലയശിരസ്സില്‍നിന്നും പ്രവഹിക്കുന്ന ഞാന്‍ ഒഴുകുന്ന വഴിയെല്ലാം എന്തെന്ത് പ്രതിബന്ധങ്ങളെ നേരിട്ടു. ചിലപ്പോള്‍ അവയെല്ലാം തട്ടിത്തെറിപ്പിച്ച് കുതിച്ചുപായുന്നു. മറ്റു ചിലപ്പോള്‍ അവയെ അവഗണിച്ച് വളഞ്ഞുപുളഞ്ഞു ഒഴുകുന്നു. ലക്ഷ്യസ്ഥാനമായ സമുദ്രത്തില്‍ സ്‌നാനം ചെയ്യുന്നതിനു മുന്‍പ് ഞാന്‍ എന്റെതെല്ലാം പങ്കുവെക്കുന്നു. ഓര്‍ക്കുക, സമ്പത്ത് ആര്‍ജിക്കുമ്പോഴല്ല, പങ്കുവെക്കുമ്പോഴാണ് ആനന്ദം ഉണ്ടാകുന്നത്.
വേദാന്തം വെറും പുസ്തകവിദ്യയല്ല; ജീവിതത്തില്‍ പ്രായോഗികമാക്കേണ്ട ബ്രഹ്മവിദ്യയാണെന്ന് ക്രമേണ അദ്ദേഹത്തിന് വ്യക്തമായിത്തുടങ്ങി. ശാസ്ത്രപഠനം മനുഷ്യനെ അര്‍ഥപൂര്‍ണമായ ജീവിതം നയിച്ച് ശാശ്വതശാന്തി നേടുവാന്‍ പ്രാപ്തനാക്കുമെന്നതില്‍ സംശയമില്ലാതായി...

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ശ്രീമദ് ചിന്മയാനന്ദസ്വാമികള്‍ എന്ന പുസ്തകത്തില്‍ നിന്ന്)




 

ga