1951ഡിസംബര്‍ 31ന് പുണെയില്‍ ആദ്യ ജ്ഞാനയജ്ഞത്തിന് കളമൊരുങ്ങി. ആദ്യ ദിവസം കേവലം നാലുപേരടങ്ങിയതായിരുന്നു സദസ്സ്. എന്നാല്‍ ദിവസങ്ങള്‍ ചെല്ലുന്തോറും ആളെണ്ണം പെരുകി. എണ്ണമറ്റ പ്രതിബന്ധങ്ങളെ നേരിടേണ്ടിവന്നിട്ടും കടുത്ത എതിര്‍പ്പ് ചില യാഥാസ്ഥിതിക വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടും തന്റെ ദൗത്യത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ സ്വാമികള്‍ മുന്നോട്ട് നീങ്ങി.
എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആധ്യാത്മികതയുടെ പ്രയോജനം ലഭിക്കുന്ന വിധത്തില്‍ സ്വാമിജി ബാലവിഹാര്‍, ജൂനിയര്‍ യുവകേന്ദ്ര (13 18 വയസ്സ്), സീനിയര്‍ യുവകേന്ദ്ര (19 28 വയസ്സ്), സ്റ്റഡി ഗ്രൂപ്പ്, ദേവീഗ്രൂപ്പ്, വാനപ്രസ്ഥ എന്നീ വിഭാഗങ്ങള്‍ ആക്കി ഓരോ വിഭാഗത്തിനും അനുയോജ്യമായ സാധനാക്രമങ്ങള്‍ ആവിഷ്‌കരിച്ചു.
ഭാരതീയമായ ഋഷി സംസ്‌കൃതിയുടെ ആഴവും പരപ്പും അതുല്യ മഹത്വവും ഒക്കെ സ്വാമിജി തന്റെ പ്രഭാഷണങ്ങളിലൂടെ 'ഗീതാജ്ഞാന യജ്ഞ' ങ്ങളിലൂടെ ലോകത്തിന് വിളംബരം ചെയ്തു. പ്രാരംഭ ഘട്ടങ്ങളില്‍ സംശയാലുക്കളായി നിന്നവരൊക്കെ ക്രമേണ സ്വാമികളുടെ ശിഷ്യന്മാരും അനുയായികളുമായി. അവരുടെ ശ്രമഫലമായി 1953ല്‍ 'ചിന്മയ മിഷന്‍' രൂപംകൊണ്ടു.
ക്രമേണ ചിന്മയ മിഷന്‍ ഒരാഗോള സംഘടനയായി വളര്‍ന്നു. അതിന്റെ ശാഖകള്‍ ഇന്ത്യയിലും വിദേശത്തും പടര്‍ന്നു. സ്വാമികളുടെ വിദേശ സന്ദര്‍ശനങ്ങള്‍ അവിടുത്തെ ജനങ്ങള്‍ക്ക് ആര്‍ഷ സംസ്‌കാരത്തിന്റെ ആദ്യ പാഠങ്ങള്‍ പരിചയപ്പെടുത്തിക്കൊടുത്തു. അവിടുത്തെ ഇന്ത്യന്‍ പ്രവാസികളും സ്വദേശികളുമായി ആയിരക്കണക്കിന് അനുയായികള്‍ ഉണ്ടായി.
1964ല്‍ സ്വാമിജി ബോംബെ നഗരത്തിലുള്ള പവായിയില്‍ 'സന്ദീപനി സാധനാലയം' ആരംഭിച്ചു. ആദ്ധ്യാത്മിക തൃഷ്ണയുള്ള ബിരുദധാരികളായ യുവാക്കള്‍ക്ക് മിഷന്റെ പൂര്‍ണസമയ പ്രവര്‍ത്തകരാകാന്‍ വേണ്ടിയുള്ള ഈ പരിശീലന കേന്ദ്ര സ്ഥാപനത്തിലൂടെ സ്വാമിജി ഭാവി ഭാരതത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.
അറുപതുകളില്‍, വീണ്ടും സ്വാമികള്‍ മറ്റൊരു സംരംഭത്തിനു തുടക്കമിട്ടു. കുട്ടികള്‍ക്ക് ഭൗതികമായ വിദ്യാഭ്യാസം മികവോടും തികവോടും കൂടി പ്രദാനം ചെയ്യുന്നതോടൊപ്പം അവരുടെ ഭാവി ഭാസുരമാക്കാന്‍, ജീവിതം ധന്യമാക്കാന്‍ ചിന്മയ വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയായിരുന്നു അത്. ഇന്ന് അക്കാദമിക നിലവാരത്തിലും ആദ്ധ്യാത്മികമൂല്യ ബോധന തലത്തിലും പ്രശസ്തമായി പ്രവര്‍ത്തിക്കുന്ന 80ലധികം വിദ്യാലയങ്ങളും 10ഓളം കലാശാലകളും മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ, ആതുര ശുശ്രൂഷാരംഗത്തും ചിന്മയ മിഷന്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്.
ഡയഗ്‌നോസ്റ്റിക് സെന്ററുകളും റൂറല്‍ മെഡിക്കല്‍ കേന്ദ്രങ്ങളും ബെംഗളൂരുവിലുള്ള പ്രശസ്തമായ ചിന്മയ മിഷന്‍ ഹോസ്പിറ്റലും ഒക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്.
ഗ്രാമജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി CORD (ചിന്മയ ഓര്‍ഗനൈസേഷന്‍ ഫോര്‍ റൂറല്‍ ഡവലപ്‌മെന്റ്) പ്രവര്‍ത്തിക്കുന്നു. ദരിദ്രരായ ആയിരക്കണക്കിന് സ്ത്രീകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.
ലോക നന്മയ്ക്കായി സ്വജീവിതം ഉഴിഞ്ഞുവച്ച ആ മഹാനുഭാവന്‍ 1993 ആഗസ്ത് മൂന്നിനാണ് സമാധിയായത്.