
1949 ഫിബ്രവരി 25ന് ശിവരാത്രി നാളില്‍ സ്വാമി ശിവാനന്ദ സ്വാമികളില്‍നിന്നാണ് സ്വാമി സന്ന്യാസ ദീക്ഷ സ്വീകരിച്ചത്. യുവ സന്യാസിയുടെ സത്യാന്വേഷണ പാതയിലുള്ള തീവ്രവാഞ്ഛ അറിഞ്ഞ ദീക്ഷാഗുരു അദ്ദേഹത്തെ, അന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെട്ടിരുന്ന മഹാജ്ഞാനിയും തപസ്വിയുമായിരുന്ന തപോവന സ്വാമികളുടെ അടുത്തേക്ക് പറഞ്ഞയച്ചു. തപോവന പ്രഭാവം ആ ശിഷ്യനില്‍ വലിയ സ്വാധീനം ചെലുത്തി. പഠനത്തിന്റെയും അച്ചടക്കത്തിന്റെയും കാര്യത്തില്‍ കണിശക്കാരനായിരുന്ന ആ മഹാഗുരു യുവാവായ അരുമശിഷ്യനെ ജ്ഞാനത്തിന്റെ മൂശയില്‍ യഥോചിതമായി രൂപപ്പെടുത്തി.
ആര്‍ഷഭാരത സംസ്‌കാരത്തിന്റെ കാലികമായ അപചയം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. എന്തുകൊണ്ട്, തന്റെ ജീവിതത്തെ ധന്യമാക്കിയ ഈ ആര്‍ഷജ്ഞാനം നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കഷ്ടപ്പെടുന്ന ലൗകിക ബുദ്ധികള്‍ക്ക് പകര്‍ന്നുകൊടുത്ത് അവരെയും ധന്യതയിലേക്ക് എത്താന്‍ സഹായിച്ചുകൂടാ ? എന്ന ചിന്ത മാസങ്ങളോളം സ്വാമികളുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. തന്റെ ഗുരുവുമായി ഈ വിഷയം ചര്‍ച്ച ചെയ്തു.
എന്നാല്‍ തുടക്കത്തില്‍ ഗുരു നിരുത്സാഹപ്പെടുത്തി. വേദാന്തം സാധാരണക്കാര്‍ക്ക് അഗ്രാഹ്യമാണെന്നും അവര്‍ ഒരു താല്‍പ്പര്യവും അതില്‍ കാണിക്കുകയില്ലെന്നും പറഞ്ഞു. എന്നാല്‍ യുവ സന്ന്യാസിയുടെ മനസ്സില്‍ വേദാന്ത ശാസ്ത്രത്തിന്റെ യുക്തിയുക്തതയും ശാസ്ത്രീയതയും അത് സാധാരണക്കാരിലേക്ക് സംക്രമിപ്പിക്കാനുള്ള തന്റെ കഴിവില്‍ തികഞ്ഞ വിശ്വാസവും ഉണ്ടായിരുന്നു.
ഗംഗോത്രിയില്‍ ഒരു ദിവസം ഗംഗാനദിയുടെ തീരത്തിരുന്ന് ധ്യാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ തന്റെ ഭാവി പദ്ധതി തെളിഞ്ഞുവന്നു. ഗംഗാ മാതാവ്, തന്റെ പ്രവാഹ ഗതിയിലുള്ള തടസ്സങ്ങളെ എങ്ങനെ തരണം ചെയ്യുന്നു എന്നും അതുപോലെ തനിക്കും തന്റെ പദ്ധതിയില്‍ വിജയം കൈവരിക്കാമെന്നും ആ യോഗിവര്യന്‍ തന്റെ ജ്ഞാനദൃഷ്ടിയില്‍ കണ്ടു. വീണ്ടും തന്റെ ഗുരുവിനെ സമീപിച്ചു. ശിഷ്യന്റെ ഈ അദമ്യമായ ജ്ഞാന സേവേച്ഛയും ധര്‍മ സംരക്ഷണ തല്‍പ്പരതയും ഗുരുവിന്റെ മനസ്സിനെ മാറ്റി. അദ്ദേഹം തന്റെ അനുഗ്രഹം ശിഷ്യനില്‍ ചൊരിഞ്ഞു. ലോക സേവയ്ക്കുള്ള അനുമതി നല്‍കി.