ഹൃദയത്തില്‍ പതിഞ്ഞ ചിന്മുദ്ര
സ്വാമി വിവിക്താനന്ദ സരസ്വതി (ചിന്മയമിഷന്‍ കേരള ഘടകം മേധാവി)
Posted on: 06 May 2015

ഉപനിഷത്തുക്കളിലും ഭഗവദ്ഗീതയിലും മറ്റു വേദാന്ത ഗ്രന്ഥങ്ങളിലും നിഗൂഢതയുടെ പരിവേഷമണിഞ്ഞ്, സാധാരണക്കാര്‍ക്ക് അപ്രാപ്യമായി അകന്നുകിടന്ന വേദാന്ത തത്ത്വങ്ങള്‍ പുറത്തുകൊണ്ടുവന്ന് സുന്ദരമായ ആധുനിക ഭാഷാശൈലിയില്‍ ലോകത്തിന് കാഴ്ചവെയ്ക്കുകയായിരുന്നു ചിന്മയാനന്ദ സ്വാമിജി. ഉപനിഷത്തുക്കളിലും ഭഗവദ്ഗീതയിലുമുള്ള സന്ദേശം ചില പ്രത്യേക ജാതി വിഭാഗങ്ങള്‍ക്കോ സന്ന്യാസിമാര്‍ക്കോ മാത്രമുള്ളതല്ലെന്നും എല്ലാവര്‍ക്കുമുള്ളതാണെന്നും തെളിയിക്കാന്‍ ചിന്മയാനന്ദ സ്വാമിജിക്ക് കഴിഞ്ഞു.
ലോകം കണ്ട ആത്മീയ പ്രഭാവ സ്രോതസ്സായ സ്വാമി ചിന്മയാന്ദന്റെ ജനനം 1916 മെയ് എട്ടിന് എറണാകുളം നഗരഹൃദയത്തില്‍ പ്രശസ്തമായ പൂതംപള്ളി തറവാട്ടിലാണ്. ശൈശവത്തില്‍ത്തന്നെ, വീട്ടിലെ പതിവു സന്ദര്‍ശകനായിരുന്ന പരമഭട്ടാരകന്‍ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളില്‍ നിന്ന് രഹസ്യദീക്ഷ വാങ്ങി. പിന്നീട് കൗമാരത്തിന്റെയും യൗവനത്തിന്റെയും സാധാരണ വികൃതികളിലൂടെയും ചപലതകളിലൂടെയും കടന്ന് ഉന്നത വിദ്യാഭ്യാസം നേടി, സ്വാതന്ത്ര്യ സമരത്തിലും പങ്കാളിയായി. ജയില്‍വാസം അനുഭവിച്ച് രോഗപീഡിതനായി മരണത്തെ മുഖാമുഖം കണ്ട്, വലിയൊരു പരിവര്‍ത്തനത്തിലേക്ക് നീങ്ങി, ആദ്ധ്യാത്മികതയിലേക്ക് തിരിയുകയായിരുന്നു പൂര്‍വാശ്രമത്തിലെ ബാലകൃഷ്ണ മേനോന്‍.
സ്വാമിജിയുടെ ജീവിത പരിണാമത്തില്‍ അഞ്ച് സുപ്രധാന ഘട്ടങ്ങളാണുള്ളത്:
മതഈശ്വരആദ്ധ്യാത്മികതാ നിഷേധിയും അവിശ്വാസിയും. എന്നാല്‍ സുഖലോലുപതയില്‍ മുങ്ങിയവനുമായ യുവാവ്.
രാജ്യസ്‌നേഹ തീവ്രതയില്‍ സ്വാതന്ത്ര്യസമര തീച്ചൂളയിലേക്ക് എടുത്തുചാടിയ ഉല്‍പതിഷ്ണു.
അന്വേഷകന്‍ ജീവിത പ്രഹേളികയെന്തെന്ന് ചിന്തിച്ചറിയാന്‍ വെമ്പല്‍കൊണ്ടവന്‍.
സത്യസന്ധനും ആത്മാര്‍ത്ഥശ്രമം നടത്തുന്നവനുമായ ആത്മീയ സാധകന്‍.
ഭാരതീയ സംസ്‌കൃതിയുടെയും ആദ്ധ്യാത്മികതയുടെയും അതിശക്തനായ വക്താവും പ്രയോക്താവുമായ സന്യാസിവര്യന്‍.
'സില്‍ക്ക് ബാലന്‍' എന്നറിയപ്പെട്ടിരുന്ന നിഷേധിയായ യുവാവ് ഘട്ടംഘട്ടമായി പരിണമിച്ച് ആദ്ധ്യാത്മിക തേജസ്സായി ലോകാരാധ്യനായിത്തീര്‍ന്നതില്‍ മേല്‍ സൂചിപ്പിച്ച ഒരോ ഘട്ടത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്.
തന്റെ നിശ്ചയദാര്‍ഢ്യവും ആത്മാര്‍ത്ഥതയും സ്ഥിരോത്സാഹവും സാധനയിലുള്ള തീവ്രതയും ആ യുവ തപസ്വിയുടെ മുഖമുദ്രകളായിരുന്നു. നേരിട്ട പ്രതിബന്ധങ്ങളെയെല്ലാം അദ്ദേഹം അതിജീവിച്ചു.