വര്‍ഷം 1985. എറണാകുളം ദര്‍ബാര്‍ഹാള്‍ മൈതാനത്ത് ചിന്മയാനന്ദ സ്വാമിയുടെ ഗീതാപ്രഭാഷണ പരമ്പരയുടെ സമാപനദിനം. രാവിലെ മുതലേ മൈതാനത്തേക്ക് ജനപ്രവാഹമാണ്. പ്രശസ്തരായ അഭിഭാഷകര്‍, ജഡ്ജിമാര്‍, വ്യവസായ പ്രമുഖര്‍, ഡോക്ടര്‍മാര്‍ എന്നിവരെല്ലാം പ്രഭാഷണം കേള്‍ക്കാനുണ്ട്. കൂട്ടത്തില്‍ വിധുബാല അടക്കമുള്ള സിനിമാ താരങ്ങളും. എല്ലാ വി.ഐ.പി.കളും ഭേദങ്ങളൊന്നുമില്ലാതെ സാധാരണ ശ്രോതാക്കളായി പുല്‍പ്പായകളില്‍ ചമ്രംപടിഞ്ഞിരിക്കുകയാണ്. കായിക വിനോദങ്ങള്‍ക്കും രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും മാത്രം കണ്ടിരുന്ന ഇത്രയും വലിയൊരു പുരുഷാരം ആത്മീയ പ്രഭാഷണം കേള്‍ക്കാനെത്തിയതിന്റെ അമ്പരപ്പിലാണ് കൊച്ചി.
നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പ്രഭാഷണ പരമ്പര വൈകീട്ട് സമാപനത്തോടടുക്കുന്നു. നാല് മണിയോടെ കുങ്കുമ നിറത്തിലുള്ള പട്ട് പുതച്ച് സ്വാമി വേദിയിലേക്കെത്തി. ഒരു നിമിഷം സദസ്സിനെ ഒന്നടങ്കം വീക്ഷിച്ചു. പിന്നെ, മാസ്മരികതയുള്ള ഗീതാപ്രവാഹമായിരുന്നു. പ്രൗഢമായ ആംഗലത്തില്‍ 'ഭഗവദ്ഗീത'യുടെ മഹത്വം സദസ്സിന് മുമ്പില്‍ ഇതള്‍വിരിയുകയായി. മണിക്കൂറുകള്‍ അടര്‍ന്നു വീഴുമ്പോഴേക്കും സദസ്സിലും പന്തലിനു പുറത്തും തിങ്ങിനിറഞ്ഞിരിക്കുന്ന തിരക്കില്‍ സൂചി വീണാല്‍പ്പോലും കേള്‍ക്കുന്നത്ര നിശ്ശബ്ദതയായി. പ്രഭാഷണം സമാപിച്ചപ്പോഴേക്കും നേരം സന്ധ്യയായി. സ്വാമിജി പ്ലാറ്റ്‌ഫോമില്‍ നിന്ന് ഇറങ്ങുന്നതിനിടെ പ്രഭാഷണം കേട്ടിരുന്ന താടിക്കാരനായ ഒരു യുവാവ് തിക്കിത്തിരക്കി അടുത്തേക്ക് ഓടിയെത്തി. ഒപ്പം സ്വാമിയോട് ഒരു ചോദ്യവും:
''ഒന്നു ചോദിച്ചുകൊള്ളട്ടെ സ്വാമിജീ, ഈ നാട്ടിലാകെ കഷ്ടപ്പാടും ദുരിതവും വര്‍ദ്ധിക്കുമ്പോള്‍ അങ്ങെന്തിനാണ് ഗീതാപ്രഭാഷണത്തിനായി ഇങ്ങനെ ഇത്രയധികം സമയവും ഊര്‍ജവും ചെലവാക്കുന്നത് ?''
സ്വാമിജി ആ യുവാവിനെ ഒന്നു സൂക്ഷിച്ചുനോക്കി. സ്വാമി ക്ഷോഭിക്കുമോ എന്നായിരുന്നു ചുറ്റുമുള്ളവരുടെ സംശയം. എന്നാല്‍ സ്വാമിയുടെ കണ്ണുകളില്‍ വിടര്‍ന്നത് മന്ദസ്മിതമാണ്. അദ്ദേഹം യുവാവിനോട് പറഞ്ഞു: ''ഈ ചോദ്യം ഞാന്‍ തന്നെ എന്നോട് പലതവണ ചോദിച്ചു കഴിഞ്ഞിട്ടുള്ളതാണ്. എനിക്ക് അതിനുള്ള ഉത്തരം ലഭിച്ചതാകട്ടെ ഈ 'ഗീത' യില്‍ നിന്നുതന്നെ. അനേകം ഇതളുകളുള്ള സഹസ്രാര പുഷ്പമാണ് 'ഗീത'. ഗീതയെടുത്ത് ഒന്നിലേറെ തവണ വായിച്ചു നോക്കൂ... ഈ ചോദ്യത്തിനുള്ള മറുപടിയും ലഭിച്ചുകൊള്ളും''.
സ്വാതന്ത്ര്യസമര സേനാനിയായും യുക്തിവാദിയായുമൊക്കെ പൂര്‍വാശ്രമങ്ങള്‍ പിന്നിട്ടു വന്ന സ്വാമിജിയുടെ മറുപടി കൊച്ചിയില്‍ അന്ന് പ്രഭാഷണം കേള്‍ക്കാനെത്തിയവരുടെ ഓര്‍മയില്‍ ഇന്നുമുണ്ട്.