ചിന്മയശതകം

ശ്രീകാന്ത് കോട്ടക്കല്‍ Posted on: 05 May 2015

പൂതാംപള്ളി ബാലകൃഷ്ണമേനോന്‍ സ്വാമി ചിന്മയാനന്ദനായി മാറിയ കഥ വിസ്മയഭരിതമാണ്. 2015 മെയ് എട്ടിന് അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തിന് തുടക്കം കുറിക്കുന്ന പശ്ചാത്തലത്തില്‍ സംഭവബഹുലമായ ആ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം




പൂതാംപള്ളി ബാലകൃഷ്ണമേനോന്‍ പൂര്‍വാശ്രമത്തില്‍ തീര്‍ത്തും മറ്റൊരാളായിരുന്നു; കാഴ്ചയിലും കാതലിലും, ആഹാരത്തിലും ആഹാര്യത്തിലും. ഇന്ത്യയാകെ ഖദറണിഞ്ഞിരുന്ന കാലത്തും ബാലന്റെ വേഷം എപ്പോഴും ഇളംമഞ്ഞ സില്‍ക്ക് ജുബ്ബ. വലത്തേ കീശയില്‍
എപ്പോഴും ഒഴിഞ്ഞും നിറഞ്ഞുമിരിക്കുന്ന ഗോള്‍ഡ് ഫ്ലേക്ക് സിഗററ്റിന്റെ പാക്കറ്റും തീപ്പെട്ടിയും. ഇടത്തേതില്‍ അലക്കിത്തേച്ച് മടക്കിയ ടവല്‍. കരതിളങ്ങുന്ന മസ്ലിന്‍ മുണ്ട്. എണ്ണയിട്ട് വൃത്തിയായി പിറകിലേക്ക് പറ്റിച്ചുചീകിയ മുടി, പൊടിമീശ. കഴുത്തിലും അരയിലും കൈത്തണ്ടയിലും സ്വര്‍ണച്ചെയിന്‍. അടുത്തുവരുമ്പോള്‍ യൂഡി കൊളോണിന്റെയും ക്യുട്ടിക്യൂറ പൗഡറിന്റെയും എരിഞ്ഞുതീര്‍ന്ന സിഗററ്റിന്റെയും സമ്മിശ്രഗന്ധം. കണ്ണാടിക്കുമുന്നില്‍നിന്ന് മുടി ചീകിച്ചീകി മിനുക്കുന്ന മകനോട് ജില്ലാ ജഡ്ജിയായ പിതാവ് അമര്‍ഷവും പരിഹാസവും കലര്‍ന്ന സ്വരത്തില്‍ പറയും: 'ഇങ്ങനെപോയാല്‍ നീ താമസിയാതെ കഷണ്ടിയാവും!' അതൊന്നും ശ്രദ്ധിക്കാതെ ആ യുവാവ് ജീവിതത്തെ ആഘോഷമാക്കി. കൊച്ചി രാജവംശവുമായി രക്തബന്ധമുള്ള പൂതാംപള്ളി കുടുംബത്തിലെ പാറുക്കുട്ടി(മങ്കു)മേനോന്റെയും തൃശ്ശൂരിലെ തലയെടുപ്പുള്ള വടക്കേ കുറുപ്പത്തെ കുട്ടന്‍മേനോന്റെയും മൂത്തമകന് ജീവിതത്തെ ആഘോഷമാക്കാനുള്ള എല്ലാ വിഭവങ്ങളും ചുറ്റിലുമുണ്ടായിരുന്നു.

എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ ഈ കോമളകുമാരന്‍ 'സില്‍ക്ക് ബാലന്‍' എന്ന്
വിളിക്കപ്പെട്ടു. തൃശ്ശൂരില്‍ സെന്റ് തോമസ് കോളേജില്‍ ബി.എ.യ്ക്ക് പഠിക്കുമ്പോള്‍ യുവതികള്‍ക്കിടയില്‍ അയാള്‍ 'ടൈഗര്‍' എന്നറിയപ്പെട്ടു. അമ്മാവന്റെ മോട്ടോര്‍ കാറുമോടിച്ച് ബാലന്‍ പൂരപ്പറമ്പുകളിലെ ആള്‍ക്കൂട്ടത്തെ വകഞ്ഞു. മതിലോരങ്ങളില്‍ അണിനിരന്നിരുന്ന മങ്കമാര്‍ കൊതികലര്‍ന്ന ഭയത്തോടെ അയാളെ കണ്ടുനിന്നു. വായിച്ചുതള്ളിയ വിശ്രുത റൊമാന്റിക് കാവ്യങ്ങള്‍ ടൈഗറിന്റെ കണ്ണുകളില്‍ തിളങ്ങി.



വലുതാവുമ്പോള്‍ എടുത്തണിയുന്ന പുറംമോടികള്‍ക്കപ്പുറം അതിനിഗൂഢമായ ചില ജന്മനിക്ഷേപങ്ങളുമായാണ് ഓരോ കുഞ്ഞും ഭൂമിയിലേക്ക് പിറക്കുന്നത്. പില്‍ക്കാലംെവച്ച് പഠിക്കുമ്പോള്‍ പൂതാംപള്ളി ബാലകൃഷ്ണമേനോനും അങ്ങനെത്തന്നെ. ഒരേസമയം രണ്ട് ജ്വാലകള്‍ ജന്മനിക്ഷേപമായി ബാലനില്‍ വീണിരുന്നു സമരകലാപത്തിന്റെയും സമര്‍പ്പിത കാഷായത്തിന്റെയും. 'ക്വിറ്റ്
ഇന്ത്യ'യുടെ പ്രക്ഷോഭകവാടത്തില്‍ നില്‍ക്കുന്ന രാജ്യത്ത് ജീവിക്കുന്ന ഒരു യുവാവില്‍ ആ തീപ്പൊരിക്ക് പാറിവീഴാതിരിക്കാന്‍ സാധിക്കില്ല. തൃശ്ശൂരിലെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്ന ചട്ടമ്പിസ്വാമികളുടെ മടിയിലിരുന്ന് കളിച്ചുവളര്‍ന്ന കുട്ടിയുടെ അബോധത്തില്‍ കാഷായവും ആരുമറിയാതെ കലര്‍ന്നിരുന്നു.

മധ്യവേനലവധിക്ക് ദക്ഷിണ റെയില്‍വേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സൗജന്യ യാത്രാപാസുപയോഗിച്ച് യാത്രാപ്രിയനായ ബാലന്‍ ഒരുനാള്‍ ചെന്നിറങ്ങിയത് തിരുവണ്ണാമലയില്‍ രമണമഹര്‍ഷിയുടെ ധ്യാനമുറിയില്‍. കത്തിരിവെയില്‍ച്ചൂടില്‍നിന്ന് കയറിയപ്പോള്‍ ആകെ ഇരുട്ട്. കറുപ്പില്‍ കണ്ണുപിടിച്ചുതുടങ്ങിയപ്പോള്‍ ദൂരെ മഹര്‍ഷി. അവിടെനിന്നുള്ള അദ്ദേഹത്തിന്റെ നോട്ടം ലേസര്‍ രശ്മിപോലെ ബാലന്റെ ഉള്ളിലേക്കിറങ്ങി. എവിടെയോ സന്ന്യാസത്തിന്റെ വിത്ത് വീണു; അത് മഴ കാത്തുകിടന്നു. ലഖ്‌നൗ സര്‍വകലാശാലയില്‍ ബാലന്‍ നിയമത്തിലും സാഹിത്യത്തിലും ഉപരിപഠനത്തിനായി എത്തുമ്പോഴേക്കും മഹാത്മാഗാന്ധി 'ക്വിറ്റ് ഇന്ത്യ' എന്ന ബോംബ്
ബ്രിട്ടീഷ് സാമ്രാജ്യത്തിനുമുകളില്‍ വര്‍ഷിച്ചിരുന്നു. ചീട്ടും ടെന്നീസും കളിച്ച് ജീവിതം ആഘോഷിക്കുമ്പോഴും ബാലനിലെ കലാപകാരി കത്തിപ്പിടിച്ചു. തീച്ചൂടുള്ള വാക്കുകളില്‍ അയാള്‍ ലഘുലേഖകളുണ്ടാക്കി രഹസ്യമായി വിതരണംചെയ്തു. മനസ്സിന് തീപിടിച്ച ആ കാലത്തും ചുടുകാറ്റടിക്കുന്ന ഒരു വേനല്‍ക്കാലരാത്രിയില്‍, കയറ്റുകട്ടിലില്‍ മലര്‍ന്നുകിടന്ന് ആലി എന്ന സുഹൃത്തിനോട് ബാലന്‍ പറഞ്ഞു: 'എടാ ആലീ, ഇതൊക്കെയാണെങ്കിലും ഒടുവിലെത്തുക സന്ന്യാസത്തിലാണെന്ന് തോന്നുന്നു!'



ചട്ടമ്പിസ്വാമികളും രമണരും അത് നേരത്തേ കണ്ടിരുന്നോ? ബ്രിട്ടീഷ് സര്‍ക്കാറിന്റെ നോട്ടപ്പുള്ളിയായപ്പോള്‍ ബാലന് ഒളിവിലേക്ക് മറയുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. പഞ്ചാബിലും കശ്മീരിലും അബോട്ടാബാദിലും അജ്ഞാതനായി അലഞ്ഞുനടന്ന നാളുകള്‍. പട്ടാള ഓഫീസില്‍ മെഷീന്‍ ഓഫീസറായി കുറച്ചുനാള്‍. ജീവിതത്തിന്റെ പിന്‍വഴികളിലൂടെയുള്ള ആ അലച്ചിലില്‍ സുഖലോലുപനായ ബാലന്‍ ഇന്ത്യ എന്ന യാഥാര്‍ഥ്യത്തെ നേര്‍ക്കുനേര്‍ കണ്ടു: അടിമത്തം, ദാരിദ്ര്യം, അന്ധവിശ്വാസം, പട്ടിണി, അറിവില്ലായ്മ... സില്‍ക്ക് ബാലന്റെയുള്ളിലെ ആഘോഷങ്ങളെല്ലാം അണഞ്ഞുതുടങ്ങുകയായിരുന്നു. മനസ്സിന്റെ സൂചികള്‍ സ്വന്തം ഉള്ളിലേക്ക് തിരിഞ്ഞുതുടങ്ങി നിരവധി ചോദ്യങ്ങളുടെ കൂര്‍മതകളുമായി. അലച്ചിലിന്റെ അവസാനം അയാള്‍ ചെന്നുവീണത് മാരകമായ ടൈഫോയ്ഡില്‍. തെരുവോരത്ത് ഉപേക്ഷിക്കപ്പെട്ട യുവാവിനെ എടുത്ത് ശുശ്രൂഷിച്ചത് ഒരമ്മ. ബാലന്റെ കിടപ്പുകണ്ടപ്പോള്‍ പട്ടാളത്തിലുള്ള മകനെ ഓര്‍മവന്നു അവര്‍ക്ക്. നടക്കാന്‍ ബലം വെച്ചപ്പോള്‍ ബാലന്‍ ബറോഡയിലെത്തി, ബന്ധു അച്യുതമേനോന്റെ വീട്ടില്‍. മേനോന്‍ മിക്കവാറും ഔദ്യോഗികയാത്രയിലാവും. അലസമായ ആ പകലുകളില്‍ ബാലന് വായനയില്‍ ആഴും. മേനോന്റെ ഭാര്യ വായിച്ചുപേക്ഷിച്ച ഒരു ഫാഷന്‍ മാസിക കൗതുകത്തിന് ചേര്‍ത്ത ഹിമാലയ യോഗികളെക്കുറിച്ചുള്ള ഒരു ലേഖനം ബാലനില്‍ ആദ്യമായി ഹിമഗിരിയുടെ ഉള്‍ത്തണുപ്പുകള്‍ നിറച്ചു.

പക്ഷേ, 'കലാപകാരി'ക്ക് കെടാനുള്ള സമയമായിരുന്നില്ല. ജവാഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച 'നാഷണല്‍ ഹെറാള്‍ഡി'ല്‍ സബ് എഡിറ്ററായി ചേര്‍ന്ന ബാലന്‍ എഴുതിയതെല്ലാം തെരുവിലെ ഉപേക്ഷിക്കപ്പെട്ട മനുഷ്യരുടെ ജീവിതത്തെക്കുറിച്ച്. ആര്‍.കെ. ലക്ഷ്മണ്‍
'കോമണ്‍ മാന്‍' സങ്കല്‍പ്പിക്കുംമുമ്പേ ബാലകൃഷ്ണമേനോന്‍ 'കോമണ്‍ വീല്‍' എന്ന കോളം എഴുതിത്തുടങ്ങി. ഒരു
രാത്രി ഡല്‍ഹി പാലസില്‍ പത്രപ്രവര്‍ത്തകന്‍ എന്നനിലയില്‍ ക്ഷണിക്കപ്പെട്ട ആഡംബര വിരുന്നില്‍നിന്ന് പെട്ടെന്ന് ബാലന്‍ ഇറങ്ങിപ്പോന്നു. (എത്രവേഗം മടുക്കുന്നു വിരുന്നിലെ വിഡ്ഢിച്ചിരികള്‍! മരിച്ച മത്സ്യംപോലെ വാക്കുകള്‍, പേരറിയാത്തവര്‍ തങ്ങളില്‍ ഹസ്തദാനങ്ങള്‍, ഉടുപ്പുലയാതുള്ള കെട്ടിപ്പിടുത്തം...) യഥാര്‍ഥ ഇന്ത്യയെത്തൊട്ട് പൊള്ളിയ ബാലന് സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്.



ഹിമാലയസന്ന്യാസിമാരിലെ പൊള്ളത്തരങ്ങള്‍ എഴുതി തുറന്നുകാട്ടാനാണ് ഒരുനാള്‍ ബാലകൃഷ്ണമേനോന്‍ പത്രപ്രവര്‍ത്തകന്റെ സൂക്ഷ്മമായ കണ്ണുകളുമായി ഋഷികേശിലെ ആനന്ദകുടീരാശ്രമത്തില്‍ എത്തിയത്. മലയയിലെ സുഖജീവിതം ഉപേക്ഷിച്ച് ഹിമാലയത്തില്‍ അഭയം പ്രാപിച്ച ശിവാനന്ദയായിരുന്നു ആശ്രമാധിപതി. പഠനവും പ്രാര്‍ഥനയും ആരതികളുമായി ആശ്രമം; ചുണ്ടില്‍ എപ്പോഴുമെരിയുന്ന സിഗററ്റുമായി ബാലന്‍. താഴെ ഒഴുകുന്ന ഗംഗയെപ്പോലും അയാള്‍ സംശയത്തോടെ കണ്ടു. വെള്ളിയാഴ്ചകളില്‍ ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച തിരിച്ചുവരുന്ന യാത്രകള്‍... ഒരുതവണ യാത്രയില്‍ മേനോന്റെ മടിയില്‍ ഒരു മണ്‍കുടമുണ്ടായിരുന്നു. അകാലത്തില്‍ വിടപറഞ്ഞ ആത്മസുഹൃത്ത് ഷ്‌റോഫിന്റെ ചിതാഭസ്മം. ഇന്നലെവരെ തനിക്കൊപ്പം കളിച്ചുല്ലസിച്ച സുഹൃത്ത് ഇന്ന് ഒരു കുടുക്ക ചാരമായി മടിയിലിരിക്കുന്നു: സര്‍വം ഭസ്മാന്തം! ബാലകൃഷ്ണമേനോനില്‍നിന്ന് മായകളുടെ ചുറ്റുകളഴിയുകയായിരുന്നു. ഗംഗയില്‍ ആ ചാരം ഒഴുക്കുമ്പോള്‍ അയാളുടെ ഉള്ളം ചിതറി. ഉള്ളിലെ കലാപകാരിയുടെ അവസാനകനലും അണഞ്ഞു. സില്‍ക്ക് മാറി കാഷായം ആ ശരീരത്തെപ്പൊതിഞ്ഞു. യൂഡികൊളോണിനും കുട്ടിക്യൂറയ്ക്കും പകരം വിരാഗവിഭൂതിയണിഞ്ഞു. ശിവാനന്ദയില്‍നിന്ന് മന്ത്രദീക്ഷവാങ്ങി പൂതാംപള്ളി ബാലകൃഷ്ണമേനോന്‍ ചിന്മയാനന്ദ സരസ്വതിയായി. മുണ്ഡിതശിരസ്‌കനായി മുന്നില്‍വന്ന മകനെക്കണ്ട് കുട്ടന്‍മേനോന്റെ ഉള്ളം ഉടഞ്ഞു. അതുകണ്ട് ചിന്മയന്‍ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു: 'ഇത് കഷണ്ടിയല്ല, മുണ്ഡനമാണ്‍' തുടര്‍ന്നുള്ള നാളുകള്‍ ഹിമഗിരിവിഹാരത്തിന്റേത്. ഋഷികേശില്‍നിന്ന് ചാര്‍ധാമിന്റെ ഉയരങ്ങളിലേക്ക്. അവിടെ ഉത്തരകാശിക്കും സൗമ്യകാശീക്ഷേത്രത്തിനും വടക്ക് വാരണാവത പര്‍വതത്തില്‍ സ്വാമി തപോവനത്തിന്റെ ഒറ്റമുറിക്കുടിലില്‍ അഭയം. പൂര്‍വാശ്രമത്തില്‍ പാലക്കാട്ടെ ചിപ്പുക്കുട്ടിനായരായിരുന്ന തപോവനവും ചിന്മയനും ആ ഹിമവനത്തില്‍ പരസ്?പരം മലയാളത്തില്‍ മൊഴിഞ്ഞു. തപോവനം ശ്രുതികളിലെ അഗാധമായ അറിവുകള്‍ പകര്‍ന്നു. അദ്ദേഹം പറഞ്ഞു: 'ചിന്മയാ, നീ ഗംഗയെ കേള്‍ക്കുക. എല്ലാം
അത് പറഞ്ഞുതരും. മനസ്സിലാക്കിത്തരും!' ചിന്മയന്‍ ത്യാഗത്തിന്റെയും സത്യത്തിന്റെയും പൊരുളറിഞ്ഞു; മനസ്സില്‍ എല്ലാ വാസനകളുമൊഴിഞ്ഞു. പൂതാംപള്ളി ബാലകൃഷ്ണമേനോന്‍ മരിച്ചു, ചിന്മയാനന്ദന്‍ പിറന്നുവീണ് ചിരിച്ചു. വിരാഗിയുടെ ചിരി.

എന്നാല്‍, ഏകാകിയായി ഹിമാലയത്തില്‍ ഒതുങ്ങാന്‍ ചിന്മയന്റെ പൂര്‍വജന്മത്തിലെ ബാലകൃഷ്ണമേനോന്‍ എന്നിട്ടും
സമ്മതിച്ചില്ല. അലച്ചിലുകളില്‍ അനുഭവിച്ച ഇന്ത്യ അയാളെ സമതലങ്ങളില്‍നിന്ന് കരഞ്ഞുവിളിച്ചു. സുഖങ്ങള്‍ക്ക് നടുവിലും മനുഷ്യന്‍ ദുഃഖിതനാവുന്നതിന്റെ വൈരുദ്ധ്യം; മഹത്തായ ഒരു സംസ്‌കാരം സ്വത്തായി ഉണ്ടായിട്ടും ആത്മീയ ദാരിദ്ര്യത്തിലലയുന്ന ജനത. ഹിമാലയവും തപോവനവും ഋഷിപരമ്പരയും നല്‍കിയ ജ്ഞാനം യാതനപ്പെടുന്നവര്‍ക്ക് പകരാന്‍ അയാള്‍ വെമ്പി. ഏകാകിയായ തപോവനത്തിന് അതില്‍ വലിയ താത്പര്യമില്ലാഞ്ഞിട്ടും ചിന്മയന്‍ കുതറി. അയാള്‍ ഹിമാലയത്തില്‍ നിന്ന് താഴേക്കൊഴുകിവിണ്ണില്‍
നിന്ന് മണ്ണിലേക്കൊഴുകിയ ഗംഗയെപ്പോലെ. നാല് മനുഷ്യര്‍ കൂടുന്നിടത്തെല്ലാം ഉപനിഷത്തിന്റെയും ഭഗവദ്ഗീതയുടെയും ഖനികള്‍ ചിന്മയാനന്ദന്‍ തുറന്നുവെച്ചു. വേദാന്തം എന്നാല്‍ എല്ലാം തീര്‍ന്ന് വാര്‍ധക്യത്തില്‍ വന്നടിയേണ്ട അഗതിമന്ദിരമല്ല എന്നും
ജീവിതത്തിന്റെ ശാസ്ത്രമാണ് എന്നും അദ്ദേഹം ആധുനികലോകത്തോട് പറഞ്ഞു. ആത്മീയത കെട്ടുകാഴ്ചകളിലല്ല, ആത്മാവിലെ സരസ്സുകളിലാണ് പുഷ്പിക്കുന്നത് എന്ന് പഠിപ്പിച്ചു. കുട്ടികള്‍ വിഭവങ്ങള്‍ നിറയ്ക്കാനുള്ള പാത്രങ്ങളല്ല, കൊളുത്താനുള്ള ദീപങ്ങളാണ് എന്ന് പറഞ്ഞു. യൗവനത്തിന് അവരുടെ മധുരഭാഷയില്‍പ്പൊതിഞ്ഞ് വേദാന്തം കൊടുത്തു. കന്യാകുമാരിമുതല്‍ കാശ്മീരംവരെ, നെപ്പോളിയന്റെ ഫ്രാന്‍സ് മുതല്‍ ഖലീല്‍ ജിബ്രാന്റെ ലെബനന്‍ വരെ, തായ്‌ലന്‍ഡ് മുതല്‍ ഇറ്റലി വരെ, അമേരിക്ക മുതല്‍ ഇംഗ്ലണ്ട് വരെ... പ്രാചീനഭാരതം ചിന്മായാനന്ദനിലൂടെ ഒരു പുതിയ വെളിച്ചത്തില്‍ പുനര്‍ജനിച്ചു. തളരുമ്പോഴെല്ലാം അദ്ദേഹം ഹിമാലയത്തിലേക്ക് തിരിച്ചുവന്നു. ഗുരുപരമ്പരകള്‍ നടന്ന വഴിയേ അലഞ്ഞു. കാറ്റിനോടും ഗംഗയോടും ഗുഹകളോടും ഭിക്ഷ ചോദിച്ചു. അവ നല്‍കിയതെല്ലാം സമതലങ്ങളിലെ ആധിപൂണ്ട മനുഷ്യര്‍ക്ക് പകര്‍ന്നു. അങ്ങനെ ഹിമാലയ സംസ്‌കൃതിക്കും ആധുനിക ലോകത്തിനുമിടയിലെ ഒരു പാലമായി സ്വാമി ചിന്മയാനന്ദന്‍.കേരളത്തില്‍പ്പിറന്ന ഈ യോഗി ഒടുവില്‍ വിലയംകൊണ്ടതും ഹിമാലയത്തില്‍. അദ്ദേഹത്തെ സമാധിയിരുത്തിയ സിദ്ധബാരിയിലെ കാറ്റും മഞ്ഞും മൗനവും ഇപ്പോഴും കാലത്തോട് പറയുന്നു : 'സ്വാമി ചിന്മയാനന്ദന്‍ മനുഷ്യനിലെ സാധ്യതകളുടെ പരമപ്രതീകമാണ്.' രത്‌നാകരന്‍ വാല്മീകിയായി എന്ന് വിശ്വസിക്കാന്‍ വിഷമമുണ്ടെങ്കില്‍ ചിന്മയാനന്ദനിലേക്ക് നോക്കാം. മനുഷ്യന്റെ ആന്തരപരിവര്‍ത്തനമാണ് യഥാര്‍ഥ ആത്മീയതയെന്ന് മനസ്സിലാക്കാന്‍ ഈ മനുഷ്യനെ പഠിക്കാം. താന്‍ അവതാരമോ ആള്‍ദൈവമോ അല്ല എന്നും സത്യം ദര്‍ശിച്ച ഋഷിപരമ്പരകള്‍ക്കും ആധുനിക കാലത്തിനുമിടയിലെ സന്ദേശവാഹകന്‍ മാത്രമാണ് എന്നും പറഞ്ഞ, 'അഹ'മലിഞ്ഞ ഒരു അപൂര്‍വ സന്ന്യാസിയെക്കാണാനും ചിന്മയനെ അറിയുക. ചിന്മയമായ ആനന്ദം ഏത് കാലത്തും ഏത് ദേശത്തും പ്രസക്തമാവുന്നതും അതുകൊണ്ടുതന്നെ.



 

ga