(ശ്രീ)രാമ-ശ്രീകൃഷ്ണ സമാരംഭം
വ്യാസ-ശങ്കര മദ്ധ്യമാം
ചിന്മയാനന്ദ പര്യന്താം
വന്ദേഗുരു പരമ്പരാം

സ്വാമി ചിന്മയാനന്ദജിയുടെ പ്രഭാഷണം ശ്രവിക്കുവന്‍ പൂണെ നഗരത്തിലെ ന്യൂ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ചത്വരത്തില്‍ 1965 ഡിസംബര്‍ മാസത്തിലെ ഒരു തണുത്ത സായാഹ്നത്തില്‍ ജാതിമത ഭാഷാ ഭേദമന്യേ ജനങ്ങള്‍ സംഗമിച്ചിരിക്കുന്നു. ആദായ നികുതി വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച ഞാനും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. നിശ്ശബ്ദമായി സ്വാമിജിയുടെ ഭാഷണം ശ്രവിച്ച ശ്രോതാക്കള്‍ മടങ്ങുമ്പോള്‍ അവരുടെ ചുണ്ടുകളില്‍ നിന്ന് ഹരി ഓം മന്ത്രം സ്പന്ദിച്ചിരുന്നു. അന്വേഷിച്ചു നടന്ന ഗുരുവിനെ ദര്‍ശിച്ച സന്തോഷത്താല്‍ ഞാന്‍ ഭക്തിയാദരപൂര്‍വം സ്വാമീപാദങ്ങളില്‍ പ്രണമിച്ചു. ബാലവിഹാര്‍ കുട്ടികള്‍ക്കായി ഗീതാ പഠന ക്ലാസ് നടത്തുവാന്‍ പത്തൊന്‍പത് വയസ്സുകാരനായ എന്നോട് സ്വാമിജി നിര്‍ദേശിച്ചു. പൂണെയിലെ വിവിധ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് സ്വാമിജിയുടെ ഉപദേശപ്രകാരം ഞാന്‍ ഗീതാ പ്രഭാഷണങ്ങള്‍ നടത്തി.
ക്ഷേത്ര സംസ്‌കാരത്തെപ്പറ്റി 1968ല്‍ അങ്ങാടിപ്പുറത്തുള്ള തളി ശിവക്ഷേത്രത്തില്‍ സ്വാമിജി നടത്തിയ ഉജ്ജ്വല പ്രഭാഷണം ക്ഷേത്ര സംസ്‌കാരത്തെക്കുറിച്ചും ക്ഷേത്രാരാധനയെപ്പറ്റിയും ഗവേഷണം നടത്തുവാനും ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാനും എന്നെ പ്രേരിപ്പിച്ചു. ജീര്‍ണ്ണാവസ്ഥയിലായിരുന്ന അങ്ങാടിപ്പുറത്തെ തളി ക്ഷേത്രാവശിഷ്ടങ്ങളും അവ നിലനിന്നിരുന്ന സ്ഥലവും പുരാവസ്തു വകുപ്പിന് കൈമാറാനുള്ള അന്നത്തെ സര്‍ക്കാര്‍ തീരുമാനത്തിന് എതിരായി കേളപ്പജി നിരാഹാര സത്യാഗ്രഹ സമരം അവിടെ നടത്തുകയായിരുന്നു. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വാമി ചിന്മയാനന്ദജി നടത്തിയ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രഭാഷണം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് കേളപ്പജിയായിരുന്നു.

1969ല്‍ സ്വാമിജിയുടെ ഗീതാജ്ഞാന യജ്ഞത്തിന്റെ സംഘാടക സമിതി സെക്രട്ടറിയായി ഞാന്‍ പാലക്കാട്ട് സേവനം ചെയ്യുകയായിരുന്നു. അങ്ങാടിപ്പുറത്തേയ്ക്ക് പുറപ്പെട്ട സ്വാമിജിയെ ഞാനും അനുഗമിച്ചിരുന്നു. ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ക്ഷേത്രവിശ്വാസികളുടെ മാത്രം കാര്യമല്ലെന്നും സനാതന ധര്‍മ വിശ്വാസികളുടെയെല്ലാം ഉത്തരവാദിത്തമാണെന്നും സ്വാമിജി യാത്രാവേളയില്‍ എന്നോട് ഉപദേശിച്ചത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു.
സ്വാമിജിയുടെ സമയനിഷ്ഠ അദ്ഭുതാവഹമാണ്. പതിവായി വൈകുന്നേരം 6.30 മണി മുതല്‍ എട്ട് മണി വരെയാണ് ഗീതാപ്രഭാഷണ സമയം. സമയത്തിന് ഒരു മിനുട്ട് മുമ്പെങ്കിലും സ്വാമിജി വേദിയിലെത്തിയിരിക്കും. അതുപോലെ തന്നെ കൃത്യം 8 മണിക്ക് പ്രഭാഷണം നിര്‍ത്തി വേദിയില്‍ നിന്ന് ഇറങ്ങിയിരുന്നു. ശ്രോതാക്കളുടെയിടയില്‍ നിന്ന് വരുന്ന ചെറിയ ശബ്ദം പോലും സ്വാമിജിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പ്രഭാഷണത്തിനിടയില്‍ സംസാരിച്ചുകൊണ്ട് തടസ്സം സൃഷ്ടിക്കുന്നവരെ മുഖം നോക്കാതെ സ്വാമിജി നല്ല ഭാഷയില്‍ തന്നെ ശകാരിച്ചിരുന്നു. ഈ കാര്യത്തില്‍ സംഘാടക സമിതി അംഗങ്ങളേയും സ്വാമിജി ഒഴിവാക്കാറില്ല.
സ്വാമിജിയുടെ പ്രഭാഷണത്തിന്റെ പ്രത്യേകത സാഹചര്യമനുസരിച്ച് ശ്രോതാക്കള്‍ക്കു ചിരപരിചിതമായ സാങ്കതിക വാക്കുകള്‍ തന്നെ പ്രയോഗിക്കുക എന്നതാണ് ഡോക്ടര്‍മാരോടും എന്‍ജിനീയര്‍മാരോടും അഭിഭാഷകന്മാരോടും സായുധസേനാംഗങ്ങളോടും ശാസ്ത്രജ്ഞരോടും പ്രസംഗിക്കുമ്പോള്‍ അവരുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ അവര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തന്നെ സ്വാമിജി അനായാസേന ഉപയോഗിക്കുന്നത് കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നും.
ഗുരുനാഥന്റെ ജന്മശതാബ്ദി വേളയില്‍ ശിഷ്യന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലി.