
ഡല്‍ഹിയില്‍ വീശിയ കൊടുങ്കാറ്റാണ് രാജസ്ഥാനിലും കോണ്‍ഗ്രസ്സിനെ തൂത്തെറിഞ്ഞത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിയ കാറ്റ് രാജസ്ഥാനില്‍ ബി.ജെ.പിക്കും തുണയായി എന്നു പറയണം.
ബി.ജെ.പി.ക്ക് ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണ് രാജസ്ഥാന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും തമ്മിലുള്ള വോട്ടുവ്യത്യാസം വെറും രണ്ടര ശതമാനത്തില്‍ത്താഴെയാണ്. കൂടാതെ ഭരണവിരുദ്ധ വികാരം വോട്ടിങ്ങില്‍ പ്രകടിപ്പിക്കുന്നതില്‍ യാതൊരു മടിയും കാട്ടാത്ത വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതൊക്കെ കണക്കിലെടുത്താല്‍പ്പോലും കോണ്‍ഗ്രസ്സിന് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിന് വഴിയൊരുക്കിയത് മറ്റുചില കാരണങ്ങള്‍കൂടിയാണ്.
ഉള്ളിയുടെയും പച്ചക്കറിയുടെയും വില ഈ തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിച്ചുവെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍ കാലത്തിനനുസരിച്ച് മാറാന്‍ കഴിയാത്ത നേതൃത്വമാണ് കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന മറ്റൊരു പ്രതിസന്ധി.
പാവപ്പെട്ട ജനങ്ങള്‍ക്ക് കുറേ ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ വോട്ടര്‍മാര്‍ താനെ വന്ന് തങ്ങളെ ജയിപ്പിച്ചോളും എന്ന പഴഞ്ചന്‍സങ്കല്പത്തിലാണ് കോണ്‍ഗ്രസ് ഇപ്പോഴും. സോഷ്യല്‍മീഡിയയെയും ഇലക്‌ട്രോണിക് മാധ്യമങ്ങളെയും ബി.ജെ.പി. പ്രചാരണത്തിന് ഫലപ്രദമായി ഉപയോഗിച്ചപ്പോള്‍ കോണ്‍ഗ്രസ് ഇന്നും പഴയ യുഗത്തിലാണ്. നരേന്ദ്രമോദിയുടെയും വസുന്ധര രാജെസിന്ധ്യയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന ഹൈവോള്‍ട്ടേജ് പ്രചാരണത്തിന് പകരംവെക്കാന്‍ കോണ്‍ഗ്രസ്സിന്റെ മുന്നില്‍ ഒന്നുമുണ്ടായിരുന്നില്ല. സോണിയാഗാന്ധിയുടെ യോഗത്തിനു മാത്രമായിരുന്നു കോണ്‍ഗ്രസ്സിന് ആളെ സംഘടിപ്പിക്കാനെങ്കിലും കഴിഞ്ഞത്.
ആറുമാസം മുമ്പേ വസുന്ധര രാജെയുടെ നേതൃത്വത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പുപ്രചാരണം ആരംഭിച്ചിരുന്നു. സംസ്ഥാനത്തുടനീളം നടത്തിയ പര്യടനത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അവര്‍ അതിശക്തമായി ആക്രമിച്ചു. അശോക് ഗെഹ്‌ലോട്ട് സര്‍ക്കാറിന്റെ ജനക്ഷേമപരിപാടികള്‍ തിരഞ്ഞെടുപ്പില്‍ വിഷയമായേക്കാമെന്ന് മനസ്സിലാക്കി അവര്‍ ആ പദ്ധതികളെതന്നെ ലക്ഷ്യമിട്ടു. നാലരവര്‍ഷം ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന ബി.ജെ. പി.യുടെ ആക്ഷേപങ്ങള്‍ രാജസ്ഥാന്റെ മുക്കിലും മൂലയിലും പ്രതിധ്വനിച്ചു.
വസ്തുത മറിച്ചാണെങ്കിലും ഈ ആരോപണങ്ങളെ ഖണ്ഡിക്കാനോ ഇതിനെ നേരിടാനോ കോണ്‍ഗ്രസ്സിന്റെ ഭാഗത്തു നിന്ന് ഒരു ശ്രമവും ഉണ്ടായില്ല. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ വാങ്ങുന്നവര്‍പോലും ബി.ജെ.പിയുടെ വായ്ത്താരി ഏറ്റുപാടാന്‍ മടിച്ചില്ല. അഭിപ്രായസര്‍വേകള്‍ വന്നപ്പോഴാണ് കോണ്‍ഗ്രസ് ഉറക്കത്തില്‍നിന്ന് ഉണര്‍ന്നതുതന്നെ. പക്ഷേ, തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ആ ഘട്ടത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ഒരു നേതൃത്വത്തെയാണ് പിന്നീട് കണ്ടത്.
സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ രാഹുല്‍ഗാന്ധിയുടെ ഫോര്‍മുല അട്ടിമറിക്കപ്പെട്ടു. പതിവുപോലെ സ്ഥാനാര്‍ഥിനിര്‍ണയം നേതാക്കള്‍തമ്മിലുള്ള വീതംവെക്കലായപ്പോള്‍ അര്‍ഹതയ്ക്കുപകരം മറ്റുപല ഘടകങ്ങളും മാനദണ്ഡമായി. കറപുരണ്ട നേതാക്കളെ മാറ്റിനിര്‍ത്താന്‍ പകരമായി അവരുടെ ബന്ധുക്കള്‍ക്ക് സീറ്റ് നല്‍കി. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ ഭിന്നതകള്‍ പറഞ്ഞുതീര്‍ത്തെങ്കിലും താഴെത്തട്ടിലുള്ള വിഭാഗീയത നീക്കാനായില്ല. ജാതി രാഷ്ട്രീയത്തിനുമുമ്പില്‍ ഒരിക്കല്‍കൂടി കോണ്‍ഗ്രസ് വഴങ്ങിയപ്പോള്‍ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഒരു പുതുമയും അവകാശപ്പെടാനുണ്ടായിരുന്നില്ല. കടലാസ്സില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായിരുന്ന ജാതിസമവാക്യങ്ങള്‍ പക്ഷേ, തിരഞ്ഞെടുപ്പുഫലത്തില്‍ ദൃശ്യമായിട്ടുമില്ല.
സംസ്ഥാനത്ത് 20 ശതമാനത്തോളം വരുന്ന പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്യാതിരുന്നപ്പോള്‍ ബി.ജെ.പി. ശില്പശാലകളുംമറ്റും നടത്തി അവരെ നേരത്തേ പാട്ടിലാക്കി. മുന്‍ ബി.ജെ.പി. സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളും നിലവിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കോട്ടങ്ങളുമായിരുന്നു ഈ ശില്പശാലകളിലെ വിഷയങ്ങള്‍. വോട്ടില്ലാത്ത സ്‌കൂള്‍ കുട്ടികള്‍പോലും ബി.ജെ.പിക്കുവേണ്ടി രംഗത്തിറങ്ങിയത് ഈ ശ്രമത്തിന്റെ ഫലമായാണ്.
നരേന്ദ്രമോദിയെക്കാട്ടി മുസ്‌ലിങ്ങളെ പേടിപ്പിക്കാനാവില്ലെന്ന പാഠംകൂടി ഈ തിരഞ്ഞെടുപ്പില്‍നിന്ന് കോണ്‍ഗ്രസ് പഠിക്കേണ്ടതുണ്ട്. മോദി അപ്പുറത്തുള്ളതുകൊണ്ട് ന്യൂനപക്ഷങ്ങള്‍ തങ്ങളോടൊപ്പം വരുമെന്ന കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടലാണ് തെറ്റിയത്.