
ന്യൂഡല്‍ഹി അസംബ്ലി മണ്ഡലത്തില്‍ ഷീലാ ദിക്ഷിതിന്റെ അതിദയനീയമായ പരാജയം 1977-ല്‍ അടിയന്തരാവസ്ഥയ്ക്ക് അവസാനമിട്ടുകൊണ്ട് റായ്ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ ഇന്ദിരാഗാന്ധി നേരിട്ട തോല്‍വിയോട് സാമ്യമുള്ളതാണ്. ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത് വളരെ ജനപ്രിയയായിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ ഭരണത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ അവര്‍ ഡല്‍ഹിക്കുവേണ്ടി ചെയ്തിട്ടുണ്ട്. ഒരുവിധത്തില്‍ പറഞ്ഞാല്‍ അവര്‍ക്ക് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ജനസമ്മതിയുണ്ടായിരുന്നു. ഷീലാദീക്ഷിതിന്റെ തോല്‍വി തന്നെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍വചിക്കുന്നത്.
കടുത്ത കോണ്‍ഗ്രസ് വിരുദ്ധവികാരമാണ് ഉണ്ടായിരിക്കുന്നത്. നരേന്ദ്രമോദി ഇതിനെ മോദി തരംഗമായി അവകാശപ്പെട്ടാല്‍ അത് നിഷേധിക്കാനും പ്രയാസമുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും മൂന്നില്‍ രണ്ടിനപ്പുറമാണ് ബി.ജെ.പി.യുടെ ഭൂരിപക്ഷം. ചത്തീസ്ഗഢില്‍ ഭരണവിരുദ്ധ വികാരത്തെ ഒരളവോളം മറികടക്കാനുമായി. രണ്ട് ടേമിന്റെ ഭരണവികാരത്തെയും മറികടന്നാണ് മധ്യപ്രദേശില്‍ മൂന്നില്‍ രണ്ടിന്നപ്പുറം ഭൂരിപക്ഷം ബി.ജെ.പി. നേടിയത്. ഡല്‍ഹിയിലും ഒന്നാംസ്ഥാനത്ത് ബി.ജെ.പി. ആണ്.
ആം ആദ്മി പാര്‍ട്ടി (എ.എ.പി.) ഭരണവിരുദ്ധ വികാരങ്ങളില്‍ പിടിച്ച് കത്തിക്കയറിയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, ഡല്‍ഹിയിലും ബി.ജെ.പി.ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചേനെ. ബി.ജെ.പി.ക്കും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുമ്പില്‍ നിന്ന നരേന്ദ്രമോദിക്കും ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണ് തിരഞ്ഞെടുപ്പ്ഫലം.
2014 മെയില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനലായാണ് അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് വിശേഷിപ്പിക്കപ്പെട്ടത്. ബി.ജെ.പി.യും കോണ്‍ഗ്രസ്സും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന നാല് സംസ്ഥാനങ്ങള്‍ ഇതിലുണ്ട് എന്നതുകൊണ്ടും പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന തിരഞ്ഞെടുപ്പായതുകൊണ്ടും ആവാം ഇങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്. വാസ്തവത്തില്‍ ഈ അഞ്ചുസംസ്ഥാനങ്ങളിലും കൂടി 73 പാര്‍ലമെന്റ് മണ്ഡലങ്ങളേയുള്ളൂ. 470 മണ്ഡലങ്ങള്‍
പുറത്താണ്. ആ നിലയ്ക്ക് ഈ 73 മണ്ഡലങ്ങള്‍ക്കകത്തെ ഫലമാണ് 543 മണ്ഡലങ്ങളുള്ള പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നിര്‍ണയിക്കാന്‍ പോകുന്നത് എന്ന് കരുതാന്‍ വയ്യ. ഈ 543-ല്‍ 165 മണ്ഡലങ്ങളില്‍ ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനും സ്ഥാനമില്ല. 115 മണ്ഡലങ്ങള്‍ക്കകത്താണ് കോണ്‍ഗ്രസ്സും ബി.ജെ.പി.യും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ബാക്കിയൊക്കെ സംസ്ഥാന പാര്‍ട്ടികളാണ്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഇടതുപാര്‍ട്ടികളും ഉണ്ട്.
അതുപോലെ സംസ്ഥാനതിരഞ്ഞെടുപ്പുകളിലെ ഫലം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കണമെന്നില്ല. കഴിഞ്ഞ 15 വര്‍ഷക്കാലത്ത് ഇതേ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അതേപടി ആവര്‍ത്തിക്കുകയുണ്ടായിട്ടില്ല. എതിര്‍ഫലങ്ങളാണ് ഏറെയും ഉണ്ടായത്. 1998-ല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് രണ്ടാംതവണയും അധികാരത്തില്‍ വന്നു. ഡല്‍ഹി പുതുതായി പിടിച്ചെടുക്കുകയും ചെയ്തു. ആദ്യത്തെ ഷീലാദീക്ഷിത് മന്ത്രിസഭ വന്നത് അപ്പോഴാണ്. പക്ഷേ, തുടര്‍ന്നുനടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നേറിയത് ബി.ജെ.പി.യും. കേന്ദ്രത്തില്‍ രണ്ടാമത്തെ ബി.ജെ.പി. ഗവണ്‍മെന്റ് അപ്പോഴാണുണ്ടായത്. 2003-ല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി.യാണ് ജയിച്ചത്. എന്നാല്‍, തുടര്‍ന്നു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലാകട്ടെ കേന്ദ്രത്തില്‍ ഗവണ്‍മെന്റുണ്ടാക്കിയത് കോണ്‍ഗ്രസ്സാണ്. ആദ്യത്തെ മന്‍മോഹന്‍സിങ് ഗവണ്‍മെന്റ്.
ഇപ്പോള്‍ ഡല്‍ഹിയിലും രാജസ്ഥാനിലും കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ക്കുണ്ടായ ദയനീയ പരാജയം സംസ്ഥാന ഭരണത്തിനെതിരായ വികാരം എന്നതിനേക്കാളേറെ കേന്ദ്ര ഗവണ്‍മെന്റിനെതിരായ വികാരം കൂടി പ്രതിഫലിപ്പിക്കുന്നതാണ്. ചുരുങ്ങിയത് ഡല്‍ഹിയിലെങ്കിലും കേന്ദ്രഗവണ്‍മെന്റിനെ അഴിമതി വിവാദങ്ങളും ഭരണമില്ലാത്ത അവസ്ഥയും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. ഹസാരെയും കെജ്‌രിവാളും നടത്തിയ അഴിമതിവിരുദ്ധ പ്രചാരണം ജനങ്ങളിലേക്ക് ആഴത്തിലിറങ്ങിയിരിക്കുന്നു. അതൊരു പ്രസ്ഥാനമായിമറ്റിടങ്ങളിലും സ്വാധീനം ചെലുത്തി.
മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് കഴിഞ്ഞ 10 വര്‍ഷക്കാലത്ത് പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി, വിവരാകാശ നിയമം, വിദ്യാഭ്യാസത്തിനുള്ള അവകാശം, സ്ത്രീസുരക്ഷാ നിയമം, ഭക്ഷ്യസുരക്ഷ എന്നിവ അതിലുള്‍പ്പെടുന്നു. ഈ അവകാശനിയമങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിലപ്പോയില്ല എന്നാണിപ്പോള്‍ വ്യക്തമാകുന്നത്. അഴിമതി,വിലക്കയറ്റം എന്നീ വിരുദ്ധവികാരങ്ങള്‍ ആണ് എതിര്‍ വോട്ടുകളായത്. ഇതിനൊപ്പം മോദി, ഹൈന്ദവ രാഷ്ട്രീയത്തിന്റെ അടിത്തറയില്‍ കോണ്‍ഗ്രസ്സിനെതിരെ വെല്ലുവിളിയുമായി ഇറങ്ങുകയും ചെയ്തു. രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയും വികസനവും കാര്യക്ഷമമായ ഭരണവുമാണ് മോദി മുന്നോട്ടുവെച്ചത്. മധ്യവര്‍ഗത്തെയും യുവാക്കളെയും അദ്ദേഹം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. മതേതര രാഷ്ട്രീയത്തെ ബലഹീനമാക്കാനുള്ള മോദിയുടെ തന്ത്രം ഫലിക്കുന്നുണ്ടോ എന്ന് സംശയമുണര്‍ത്തുന്നതാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പുഫലം.
ഈ സാഹചര്യങ്ങള്‍ മൊത്തത്തില്‍ കോണ്‍ഗ്രസ്സിനും യു.പി.എ.യ്ക്കും വെല്ലുവിളിയാണ്. അവകാശനിയമങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ നേട്ടങ്ങളായി പ്രചരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പരാജയപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തേത് ഒരു ഷോക്ക് ട്രീറ്റ്‌മെന്റായി ഏറ്റെടുക്കുമെങ്കില്‍ അവര്‍ക്ക് നല്ലത്.
ഒരു നേതാവെന്ന നിലയില്‍ രാഹുല്‍ഗാന്ധി പരാജയപ്പെട്ടിരിക്കുന്നു എന്നും പരാതിയുണ്ട്. പക്ഷേ, അദ്ദേഹത്തെ നേതൃസ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന പ്രവചനങ്ങളില്‍ കഴമ്പില്ല. രാഹുല്‍തന്നെ കോണ്‍ഗ്രസ്സിന്റെ നേതാവ്. പക്ഷേ, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനേക്കാള്‍ കോണ്‍ഗ്രസ്സിന്റെ മുഖമായി നില്‍ക്കുക സോണിയാഗാന്ധിതന്നെയായിരിക്കും. അവരായിരിക്കും രാഹുലിനേക്കാള്‍ പാര്‍ട്ടികാര്യങ്ങള്‍ തീരുമാനിക്കുന്നതും.