
ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പി. നേടിയ വിജയം പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ ജനപ്രീതിക്കുള്ള കൈയൊപ്പുചാര്‍ത്തലായി. തിരഞ്ഞെടുപ്പ് നടന്ന നാലില്‍ മൂന്നിടത്തും വ്യക്തമായ ഭൂരിപക്ഷവും ഡല്‍ഹിയില്‍ ഏറ്റവും വലിയകക്ഷിയെന്ന സ്ഥാനവും നേടാനായതിന്റെ 'ഖ്യാതി'നരേന്ദ്ര മോദിക്ക് സമ്മാനിക്കുകയാണ് ബി.ജെ.പി. നേതൃത്വം.
നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത അദ്വാനി അടക്കമുള്ളവര്‍ക്കുള്ള കൃത്യമായ മറുപടിയാണ് വിജയം. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് മോദിയായിരുന്നു. മോദിയുടെ അപ്രമാദിത്വത്തില്‍ അദ്വാനിയും സുഷമാ സ്വരാജുമടക്കമുള്ള പ്രമുഖനിരകളെല്ലാം നിഷ്പ്രഭരായി. മോദിയെ കേന്ദ്രീകരിച്ചുള്ള അധികാരവലയത്തിന് മാത്രമേ പാര്‍ട്ടിയില്‍ നിലനില്പുള്ളൂ എന്ന നിലയിലും കാര്യങ്ങള്‍ എത്തി. ഇതിന് പാര്‍ട്ടിയുട ഔദ്യോഗിക തുല്യംചാര്‍ത്തലായി യഥാര്‍ഥത്തില്‍ തിരഞ്ഞെടുപ്പ ഫലങ്ങള്‍. ഇതോടെചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി മോദി മാറുകയാണ്.
ഇതിന് ബദലായി കോണ്‍ഗ്രസ് കണ്ടുവെച്ച നേതാവ് രാഹുല്‍ ഗാന്ധിക്കാകട്ടെ മോദിയെ പ്രതിരോധിക്കാനുമായില്ല. ആളില്ലാത്തതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടിയിരുന്ന പലറാലികളും മാറ്റിവെക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായപ്പോള്‍ കൃത്യതയോടെ പ്രചാരണം മുന്നോട്ട് കൊണ്ടു പോകാന്‍ മോദിക്കായി.
എന്നാല്‍, ഛത്തീസ്ഗഢിലും, മധ്യപ്രദേശിലും പാര്‍ട്ടിയുടെ വിജയത്തിന് പിന്നില്‍ ഭരണ മികവാണെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. രാജസ്ഥാനിലും ഡല്‍ഹിയിലും കോണ്‍ഗ്രസ്സിനെ തൂത്തെറിഞ്ഞ ഭരണവിരുദ്ധക്കൊടുങ്കാറ്റ് തടയാന്‍ ശിവരാജ് സിങ് ചൗഹാനും രമണ്‍സിങ്ങിനുമായി.
മോദിയെപ്പോലെ തന്നെ ചൗഹാനും മുന്നാം തവണയാണ് ജനവിധി തേടിയത്. ഒരു സമയത്ത് അദ്വാനിയടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ചൗഹാനെ മുന്നോട്ടു വെച്ചിരുന്നു. 'മോദിസ്വാധീന'ത്തേക്കാളുപരി ചൗഹാന്റെ ഭരണമികവും ജനപ്രിയതയുമാണ് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതെന്ന് ഇവര്‍ പറയുന്നു. ഛത്തീസ്ഗഢില്‍ രമണ്‍സിങ്ങിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ലെങ്കിലും ബസ്തര്‍ മേഖലയിലെ കോണ്‍ഗ്രസ് അനുകൂല തരംഗത്തിന് തടയിടാന്‍ മോദിയുടെ പ്രചാരണത്തിനായി എന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞുവീശാന്‍ ഇടയുള്ള ഭരണ വിരുദ്ധ വികാരം മുതലെടുത്ത് 2014-ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മാന്ത്രിക സംഖ്യയായ 272- ലേക്ക് ജയിച്ച് കയറാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ശരത്‌യാദവിന്റെ ജനതാദള്‍ യുവുമായി 17 വര്‍ഷം നീണ്ട ബാന്ധവം കഴിഞ്ഞ ജൂണില്‍ അവസാനിപ്പിച്ചതോടെ പാര്‍ട്ടിക്ക് ബിഹാറില്‍ ഭരണം നഷ്ടമായെങ്കിലും സംസ്ഥാനത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ദക്ഷിണേന്ത്യയിലെ കര്‍ണാടകത്തിലും തമിഴ് നാട്ടിലും കടന്നുകയറാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. ഇതിന്റെഭാഗമായി കര്‍ണാടക മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പയെ തിരിച്ചെടുക്കാനുള്ള അവസാനവട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. തമിഴ്‌നാട്ടിലും സഖ്യശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഇപ്പോഴത്തെ ഫലങ്ങള്‍ ബി.ജെ.പി. ക്ക് പുതിയ സുഹൃത്തുക്കളെ സമ്മാനിച്ചേക്കാം.