ഡല്‍ഹി ത്രിശങ്കുവില്‍

Posted on: 09 Dec 2013

്യൂഡല്‍ഹി: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹി രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുമോ? സര്‍ക്കാറുണ്ടാക്കാനുള്ള സാഹചര്യം ഒറ്റനോട്ടത്തില്‍ ഇല്ലാത്ത സാഹചര്യത്തില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. ഇതോടെ, എല്ലാ കണ്ണുകളും ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ നജീബ് യുങ്ങിലേക്ക് നീങ്ങുകയാണ്.

അരങ്ങേറ്റ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികളെ അമ്പരപ്പിച്ച് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി 28 സീറ്റ് നേടിയപ്പോള്‍ 15 വര്‍ഷമായി ഡല്‍ഹി ഭരിക്കുന്ന കോണ്‍ഗ്രസിന് എട്ട് സീറ്റ് മാത്രമേ ലഭിച്ചുള്ളു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി ഷീല ദിക്ഷിത് കെജ്‌രിവളിനോട് 25864 വോട്ടിന് തോറ്റത് കോണ്‍ഗ്രസ്സിന് ഇരട്ട പ്രഹരമായി.
ശക്തമായ ത്രികോണമത്സരത്തില്‍ ബി.ജെ.പി.ക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത് തടയാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു. ആകെയുള്ള 70 സീറ്റില്‍ ഭൂരിപക്ഷത്തിന് ആവശ്യമായ 36 സീറ്റില്‍ 32 സീറ്റാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി.ക്ക്. ആം ആദ്മി പാര്‍ട്ടിക്ക് എട്ട് സീറ്റുള്ള കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ വേണമെങ്കില്‍ ഡല്‍ഹിയില്‍ സര്‍ക്കാറുണ്ടാക്കാം. എന്നാല്‍, ആരുടെയും പിന്തുണ തേടില്ലെന്നും ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. കെജ്‌രിവാളിന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും സൂചിപ്പിച്ചിട്ടുണ്ട്.

ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ ഒരു സീറ്റുകൂടി ചേര്‍ത്ത് ബി.ജെ. പി.ക്ക് 33 സീറ്റാണുള്ളത്്. പഴയ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡും ഒരു സീറ്റില്‍ വിജയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമേ, ഒരു സീറ്റില്‍ സ്വതന്ത്രനും ജയിച്ചു. സ്വതന്ത്രന്റെ പിന്തുണ ബി.ജെ.പി.ക്ക് ലഭിച്ചാലും ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകൂടി വേണം. ജനതാദള്‍ യുണൈറ്റഡ് മോദി വിരുദ്ധപക്ഷമാണ്. അവരുടെ
പിന്തുണ പ്രതീക്ഷിക്കേണ്ടതില്ല.

ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബി.ജെ. പി.യെ സര്‍ക്കാറുണ്ടാക്കാന്‍ ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ക്ക് ക്ഷണിക്കാം. എന്നാല്‍, നിയമസഭയില്‍ പിന്തുണ തെളിയിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ രണ്ടാമത്തെ കക്ഷിയെ ക്ഷണിക്കാം. എന്നാല്‍. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തങ്ങളുടെ താത്പര്യമെന്നും കെജ്‌രിവാള്‍ പറഞ്ഞിട്ടുണ്ട്. ആ സാഹചര്യത്തില്‍ സഭ പിരിച്ചുവിടുകയാണ് വഴി. അതിനിടയില്‍, സര്‍ക്കാറുണ്ടാക്കാനുള്ള സാഹചര്യം പരിശോധിക്കുന്നതിന് സഭ മരവിപ്പിച്ചുനിര്‍ത്തി കുറച്ചുകാലത്തേക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താം.
സര്‍ക്കാറിന്റെ ഭൂരിപക്ഷം തെളിയിക്കുന്നത് സഭയിലായിരിക്കണം എന്ന് എസ്.ആര്‍. ബൊമ്മെ കേസില്‍ സുപ്രീംകോടതി ഉത്തരവിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടായിരുന്നു ആ വിധിയെങ്കിലും ഇപ്പോഴും കണക്കിലെടുക്കുന്നത് ഇത്തരം സാഹചര്യങ്ങളില്‍ ആ വിധിയാണ്.

എന്തായാലും ഉടനടി തിരഞ്ഞെടുപ്പിനുള്ള സാഹചര്യമില്ല. അടുത്ത പൊതുതിരഞ്ഞെടുപ്പിനൊപ്പമായിരിക്കാം തിരഞ്ഞെടുപ്പ് നടക്കുക. അപ്പോള്‍, നിലവിലെ സാഹചര്യമാകണമെന്നില്ല. ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച പിന്തുണ അന്ന് കിട്ടണമെന്നുമില്ല. മോദി തരംഗമുണ്ടെങ്കില്‍ അത് ബി.ജെ.പി.ക്ക് നിയമസഭയിലേക്ക് ഗുണം ചെയ്‌തേക്കാം.



 

ga