'ആം ആദ്മി'യുടെ വിജയം: ഇടതുപാര്‍ട്ടികള്‍ അങ്കലാപ്പില്‍

Posted on: 09 Dec 2013


ന്യൂഡല്‍ഹി: ഒരുവര്‍ഷം മുമ്പ് രാഷ്ട്രീയ നിറം സ്വീകരിച്ച 'ആം ആദ്മി' പാര്‍ട്ടി തലസ്ഥാനത്ത് അധികാരത്തോടടുത്തപ്പോള്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള സി.പി.എം. അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ അമ്പരപ്പിലായി. മുഖ്യധാരാ പാര്‍ട്ടികള്‍ ആറു പതിറ്റാണ്ടിലേറെ മാറിമാറി അധികാരം കൈയാളിയിട്ടും 35 ശതമാനം വരുന്ന ചേരി നിവാസികളിലേക്ക് ഇറങ്ങിച്ചെല്ലാനായിരുന്നില്ല.

അഴിമതിയും സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും കൈകോര്‍ത്തപ്പോള്‍ അവരുടെ പരാതികള്‍ ബധിര കര്‍ണങ്ങളില്‍ പതിച്ചു. ഈ ഇടമാണ് ആം ആദ്മി സ്വന്തമാക്കിയത്. ഇതാകട്ടെ, ഇടതുപാര്‍ട്ടികള്‍ക്ക് പാകപ്പെട്ട മണ്ണുമായിരുന്നു. എന്നാല്‍ അശരണരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പാര്‍ട്ടി തയ്യാറായില്ല. ഉത്തരേന്ത്യയില്‍ വ്യാപിച്ച് കിടക്കുന്ന വേരോട്ടമുള്ള ഈ മേഖല തന്നെയാണ് 'ആം ആദ്മി'യുടെ അടുത്ത ലക്ഷ്യവും.

മലയാളികളടക്കമുള്ള ആയിരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരായെത്തിയപ്പോള്‍ കെജ്‌രിവാള്‍ തന്നെ ഒരുവേള അമ്പരന്നു. ഉന്നത വിദ്യാഭ്യാസമുള്ള, ബഹുരാഷ്ട്രകമ്പനി ജീവനക്കാരടക്കം കൂലിവേലക്കാര്‍ വരെയുള്ള ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ഈ ചങ്ങലയില്‍ അണിചേര്‍ന്നു. സ്വന്തം പണം മുടക്കി വിവിധദേശങ്ങളില്‍ നിന്നുമെത്തിയവര്‍ പരസ്പരമറിയാതെ ഒരേ ലക്ഷ്യത്തോടെ മുന്നേറിയപ്പോള്‍ അത് വോട്ടായി മാറി. ഇതാണ് ഇടതുപാര്‍ട്ടികളെ അമ്പരിപ്പിച്ചത്.

തലസ്ഥാനനഗരിയില്‍ സി.പി.ഐ.ക്ക് ഒന്‍പത് സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. സി.പി.എമ്മിനാകട്ടെ ആകെ സ്ഥാനാര്‍ഥികള്‍ മൂന്നായിരുന്നു. ശാദ്ര, ഗ്വാരക, കരാവല്‍ നഗര്‍ എന്നിവിടങ്ങള്‍. സീതാറാം യെച്ചൂരി ഒരു ദിവസം പ്രചാരണത്തിനിറങ്ങി എന്നതൊഴിച്ചാല്‍ കാര്യമായ ഒന്നും നടന്നില്ല. രണ്ടിടത്ത് ആയിരവും ഒരിടത്ത് മുന്നൂറോളവും വോട്ടുകൊണ്ട് പാര്‍ട്ടിക്ക് തൃപ്തിപ്പെടേണ്ടി വന്നു. സി.പി.എം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വോട്ട് ചെയ്ത മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നില്ല.

കഴിഞ്ഞ തവണ മൂന്നുസീറ്റുകള്‍ നേടിയ രാജസ്ഥാനില്‍ ഇക്കുറി സി.പി.എം. 33 സീറ്റുകളിലാണ് മത്സരിച്ചത്. ദരിദ്രര്‍ ഏറെയുള്ള ഇവിടെ രണ്ടിടങ്ങളില്‍ രണ്ടാം സ്ഥാനവും മൂന്നിടങ്ങളില്‍ മൂന്നാം സ്ഥാനവും ലഭിച്ചതൊഴിച്ചാല്‍ കാര്യമായൊന്നും സംഭവിച്ചില്ല. ഛത്തീസ്ഗഢില്‍ കോണ്ട, ദന്തേവാദെ മണ്ഡലങ്ങളില്‍ സി. പി.ഐ. സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.



 

ga