
ശിവരാജ് സിങ് ചൗഹാന് ഹാട്രിക് നേരത്തെതന്നെ ഉറപ്പായിരുന്നു. രാജ്യത്തിന്റെ ഹൃദയഭാഗത്ത് രാഷ്ട്രീയ കാലാവസ്ഥ അങ്ങനെയായിരുന്നു. ഫലം അത് തെളിയിക്കുകയും ചെയ്തു. രാഷ്ട്രീയമായും സംഘടനാപരമായും മധ്യപ്രദേശില്‍ തകര്‍ന്നുതരിപ്പണമായിക്കിടന്ന കോണ്‍ഗ്രസ്സിനെ കരകയറ്റുവാന്‍ യുവനേതാവും ഗ്വാളിയോര്‍ രാജകുമാരനുമായ ജ്യോതിരാദിത്യ സിന്ധ്യക്കായില്ല. സ്വന്തം പ്രവര്‍ത്തനമികവില്‍ ശിവരാജ് സിങ് ചൗഹാന്‍ മധ്യപ്രദേശില്‍ വീണ്ടും അധികാരത്തിലെത്തുമ്പോള്‍ മോദി തരംഗം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനത്ത് വീശിയില്ലെന്നും തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു.
മധ്യപ്രദേശില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ആവര്‍ത്തിച്ച വിജയം ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തേക്കാള്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനു സ്വന്തം. കഴിഞ്ഞ പത്തുവര്‍ഷം സംസ്ഥാനത്തിന്റെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അത് പരിഹരിക്കാനായി കഠിനാധ്വാനം ചെയ്തതിന്റെയും ഫലം. തന്റെ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ഒട്ടും രാഷ്ട്രീയ ധാര്‍ഷ്ട്യമില്ലാതെ ജനങ്ങള്‍ക്കുമുന്‍പില്‍ വിനയപൂര്‍വം വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. അത് ജനങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.
ഇതോടൊപ്പം പത്തുവര്‍ഷമായി ബി.ജെ.പി. സംസ്ഥാനത്ത് പരീക്ഷിച്ചു വിജയിച്ച ജാതി സമവാക്യത്തിന്റെ വിന്യാസം ഇക്കുറിയും തുണച്ചു ബ്രാഹ്മണബനിയ, ഒ.ബി.സി. കൂട്ടുകെട്ടാണിത്. ചൗഹാന്‍ ഒ.ബി.സി. വിഭാഗക്കാരന്‍. ബ്രാഹ്മണരും ബനിയകളും പഴയ ജനസംഘകാലം മുതല്‍ സംഘപരിവാറിന്റെ വിശ്വസ്തര്‍. ഉമാഭാരതി പാര്‍ട്ടിയിലേക്ക് മടങ്ങിയത് നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചുപിടിക്കാനും സഹായകമായി. 2008-ല്‍ സീറ്റുകുറയാന്‍ കാരണം ഉമാഭാരതിയുടെ ഭാരതീയ ജനശക്തി പാര്‍ട്ടിയുടെ സാന്നിധ്യമായിരുന്നു
മുന്‍പും ഇപ്പോഴുമുള്ള പതിമ്മൂന്നു മന്ത്രിമാര്‍ക്കെതിരേയുള്ള അഴിമതിയാരോപണം സര്‍ക്കാര്‍ നേരിട്ടിരുന്നു. കോണ്‍ഗ്രസ്സിന്റെ പ്രധാന പ്രചാരണായുധവും ഇതായിരുന്നു. കര്‍ഷകരെ തഴയുന്നുവെന്നും ജ്യോതിരാദിത്യ സിന്ധ്യ ആരോപിച്ചിരുന്നു. എന്നാല്‍ അതൊക്കെ ജനങ്ങള്‍ കണക്കിലെടുത്തില്ലെന്ന് കരുതേണ്ടിവരും. കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിക്കാനായില്ലെങ്കിലും തിരഞ്ഞെടുപ്പിന് രണ്ടുമാസം മുന്‍പുമാത്രം പ്രചാരണച്ചുമതലയേറ്റ ഈ സിന്ധ്യക്ക് പാര്‍ട്ടിയെ രാജസ്ഥാനിലോ ഡല്‍ഹിയിലോ സംഭവിച്ചതുപോലെയുള്ള വലിയത്തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധിക്കേണ്ടതാണ്.
230 മണ്ഡലങ്ങളിലും മത്സരിച്ച ബി.എസ്.പി. എല്ലായിടത്തും ശരാശരി 3500 വോട്ട് പിടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ അടിത്തറയായിരുന്ന പട്ടികജാതി വിഭാഗവോട്ടുകളാണ് ഇതിലേറെയും. മുസ്‌ലിം മേഖലകളില്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയും വോട്ടുനേടി. മധ്യപ്രദേശില്‍ ബി.ജെ.പി. വിജയം ആവര്‍ത്തിക്കുന്നതിന്റെ ഒരുഘടകവും ഇതാണ്. 29 ലോക്‌സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത് ഇതില്‍ 16 ബി.ജെ.പിയുടേതാണ്. 12 കോണ്‍ഗ്രസ്സിന്റേതും ബാക്കി ഒന്ന് ബി.എസ്.പിയുടേതുമാണ്.
എന്നാല്‍, മധ്യപ്രദേശില്‍ നരേന്ദ്ര മോദി തരംഗം വീശുകയുണ്ടായില്ല. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ മാത്രം അടിസ്ഥാനമാക്കി നടന്ന തിരഞ്ഞെടുപ്പാണിതെന്ന് ഫലത്തില്‍നിന്നുതന്നെ വ്യക്തം. മോദി തരംഗം വീശിയിരുന്നെങ്കില്‍ സര്‍ക്കാറിന്റെ നേട്ടത്തില്‍നിന്ന് ലഭിക്കുന്ന സീറ്റുകള്‍ക്കുപുറമേ അധിക സീറ്റുകളില്‍കൂടി ജയിക്കേണ്ടിയിരുന്നുവെന്ന് പേരുവെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ മധ്യപ്രദേശിലെ ഒരു ഉന്നത ബി.ജെ.പി. നേതാവ് ചൂണ്ടിക്കാട്ടി.