രമണ്‍സിങ്ങിന്റെ പ്രഭാവം

ടി.എസ്. കാര്‍ത്തികേയന്‍ Posted on: 09 Dec 2013


ജനങ്ങളെ വല്ലാതെ കുറച്ചുകാണുന്നതും അമിതമായ ആത്മവിശ്വാസവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് നല്‍കി കൊണ്ടുതന്നെ ഛത്തീസ്ഗഢിലെ വോട്ടര്‍മാര്‍ ഭരണകക്ഷിയായ ബി.ജെ.പി.യെ വീണ്ടും തുണച്ചു. കോണ്‍ഗ്രസ്സിനാകട്ടെ ഒരുമയോടെ മുന്നേറിയാല്‍ ഛത്തീസ്ഗഢില്‍ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന സൂചനയും നല്‍കി. ഏതെങ്കിലും ഒരു കക്ഷിക്ക് മൃഗീയഭൂരിപക്ഷം നല്‍കുന്ന തികച്ചും ഏകപക്ഷീയമായുള്ള വിധിയെഴുത്ത് ഛത്തീസ്ഗഢിന്റെ പത്തുവര്‍ഷത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുണ്ടായിട്ടില്ല.

സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പാളിച്ചകള്‍ ബി.ജെ.പി.ക്ക് തിരിച്ചടിയാകുമെന്ന് നേരത്തേത്തന്നെ വിലയിരുത്തപ്പെട്ടിരുന്നു. മോശം പ്രകടനം കൊണ്ട് ജനങ്ങളുടെയും മാധ്യമങ്ങളുടെയും കരിമ്പട്ടികയില്‍ ഇടം പിടിച്ച പല മന്ത്രിമാരെയും എം.എല്‍.എ.മാരെയും സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ഇതിനാല്‍ത്തന്നെ കുറഞ്ഞത് മൂന്ന് സീറ്റുകളെങ്കിലും ബി.ജെ.പി.ക്ക് നഷ്ടപ്പെടുമെന്നും രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ഏറെക്കുറെ അങ്ങനെയാണ് സംഭവിച്ചിരിക്കുന്നതും. ബസ്തര്‍ മേഖലയിലെ കോണ്ടഗാവില്‍ മന്ത്രി ലതാ ഉസെന്‍ഡി തോറ്റത് ഉദാഹരണം. സര്‍ക്കാറിനെതിരെ മൊത്തത്തില്‍ ഭരണവിരുദ്ധവികാരമുണ്ടാകില്ലെന്നും എന്നാല്‍, ചില എം.എല്‍.എ.മാര്‍ക്കെതിരെ വിരുദ്ധമായ വിധിയെഴുത്ത് ഉണ്ടാകാറുണ്ടെന്നും അങ്ങനെ വന്നാല്‍ത്തന്നെ പുതുതായി ചില സീറ്റുകള്‍ കിട്ടുകയും ചെയ്യുമെന്നുമായിരുന്നു ബി.ജെ.പി. നേതൃത്വത്തിലെ സുഭാഷ് റാവു ഇതുസംബന്ധിച്ച് നല്‍കിയ വിശദീകരണം. 2008-ല്‍ നിലവിലുള്ള 20 സീറ്റുകള്‍ നഷ്ടമായപ്പോള്‍ പുതുതായി 21 സീറ്റുകളില്‍ ജയിച്ചതിന്റെ ഉദാഹരണവും അദ്ദേഹം നിരത്തിയിരുന്നു.
കഴിഞ്ഞതവണ തികച്ചും ഏകപക്ഷീയമായ വിധിയെഴുത്തുണ്ടായ ബസ്തര്‍ മേഖലയില്‍ ഇക്കുറി നാല് സീറ്റുകളില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞതാണ് അവരുടെ നില മെച്ചപ്പെടുത്തിയത്. ജീരാം ഘാട്ടിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടക്കൊല സഹതാപതരംഗമുണ്ടാക്കുകയില്ലെന്ന് പരസ്യമായി പറയുമ്പോഴും അതുണ്ടായേക്കാമെന്ന ആശങ്ക രഹസ്യമായി ബി.ജെ.പി. നേതൃത്വം വെച്ചുപുലര്‍ത്തിയിരുന്നു. അത് സത്യമായെന്നാണ് ഫലം തെളിയിക്കുന്നതും. ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാക്കളില്‍ നാലുപേരുടെ ഉറ്റ ബന്ധുക്കള്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റുനല്‍കിയിരുന്നു. ഇത് ഗുണം ചെയ്തു. മഹേന്ദ്രകര്‍മയുടെ ഭാര്യ ദേവ്തി കര്‍മയ്ക്ക് മികച്ച ഭൂരിപക്ഷവും ലഭിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പ്രതികൂലമായ ഘടകമായിരുന്നു അജിത് ജോഗിയുടെ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന കളികള്‍. ഏഴ് സീറ്റുകളില്‍ പാര്‍ട്ടി 18 മുതല്‍ രണ്ടായിരം വരെയുള്ള വോട്ടുകളുടെ വ്യത്യാസത്തില്‍ തോറ്റത് ഇതുമൂലമാണെന്ന ജോഗിവിരുദ്ധരുടെ ആരോപണം കഴമ്പുള്ളതുമായിരുന്നു. മഹേന്ദ്രകര്‍മയും മോത്തിലാല്‍ വോറയുടെ മകന്‍ അരുണ്‍ വോറയുമെല്ലാം ഇത്തരത്തില്‍ ജോഗിയുടെ പകിടകളിയില്‍ വീണുപോയിരുന്നു. പക്ഷേ, ഇക്കുറി അത്തരത്തില്‍ വള്ളം മുക്കുന്ന സമീപനം ജോഗി സ്വീകരിച്ചിട്ടില്ലെന്നത് വ്യക്തമാണ്. തന്റെ ഭാര്യയ്ക്കും മകനും കോണ്‍ഗ്രസ് സീറ്റു നല്‍കിയതും തന്നെ പ്രചാരണസമിതിയുടെ കണ്‍വീനറായി വെച്ചതുമെല്ലാം ജോഗിയെ തത്കാലം സന്തോഷിപ്പിച്ചിരുന്നു. ഭാര്യ രേണു ജോഗിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു ഘട്ടത്തില്‍ പരിഗണിക്കപ്പെട്ടുവെന്നതും ജോഗിയെ കൂടെ നിര്‍ത്താന്‍ നേതൃത്വം സ്വീകരിച്ച തന്ത്രമായിരുന്നു.
ഭരണം നേടാനായില്ലെങ്കിലും ബി.ജെ.പി.യെ വിറപ്പിക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം നടത്താനാവുമെന്ന പ്രതീക്ഷ നല്‍കാനും തങ്ങളെ സഹായിച്ചത് സഹതാപതരംഗത്തോടൊപ്പം തന്നെ പരസ്പരം കുഴി തോണ്ടാതിരുന്നതുകൂടിയാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നത് അവര്‍ക്ക് ഗുണം ചെയ്യും. 11 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തും തോറ്റ കഴിഞ്ഞ തവണത്തെ ദയനീയ പ്രകടനത്തില്‍ നിന്ന് മെച്ചപ്പെടാനുള്ള സാധ്യതകളാണ് കോണ്‍ഗ്രസ്സിന് മുന്നിലുള്ളത്.
സാമൂഹ്യക്ഷേമപദ്ധതികള്‍ കൊണ്ടുണ്ടായ നേട്ടങ്ങള്‍ എടുത്തു പറഞ്ഞും ഭരണകര്‍ത്താവെന്ന നിലയില്‍ രമണ്‍സിങ്ങിന്റെ പ്രതിച്ഛായയിലൂന്നിയുമാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിട്ടത്. അരിയും മറ്റ് ധാന്യങ്ങളും തുച്ഛമായ വിലയ്ക്ക് നല്‍കുന്നതിലൂടെ വോട്ടര്‍മാരുടെ ഭക്ഷണം എന്ന പ്രധാന ആവശ്യത്തിന് തടസ്സമില്ലാതെ നോക്കിയാല്‍ മറ്റ് പ്രശ്‌നങ്ങളിലേക്ക് അവര്‍ വലുതായി ശ്രദ്ധിക്കില്ലെന്ന വിദഗ്ധമായ പ്രായോഗിക രാഷ്ട്രീയം ബി.ജെ.പി. പരീക്ഷിച്ച് വിജയിച്ച സംസ്ഥാനമാണ് ഛത്തീസ്ഗഢ്. എന്നാല്‍, വികസന പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ ജനങ്ങളേക്കാള്‍ ഇടനിലക്കാരായി നില്‍ക്കാറുള്ള ചില പ്രാദേശിക നേതാക്കന്മാരും ഗ്രാമസഭാത്തലവന്മാരും (സര്‍പഞ്ച്) ആണെന്നത് സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും കേട്ട പരാതിയാണ്. ഝോലാ ലേക്കെ ആത്താ ഹെ, ഭോരാ ലേക്കെ ജാത്താ ഹെ (സഞ്ചിയുമായി വരുന്നവര്‍ ചാക്കുമായി പോകുന്നു) എന്നൊരു പരിഹാസവും ഇത്തരക്കാരെക്കുറിച്ച് കേട്ടിരുന്നു. ഇത്തരത്തിലുള്ള പാളിച്ചകളെ പൊതുവിതരണസമ്പ്രദായത്തിന്റെ മേന്മകള്‍ ആവര്‍ത്തിച്ച് ഉരുക്കഴിച്ചുകൊണ്ട് മറികടക്കാന്‍ ബി.ജെ.പി.ക്ക് സാധിച്ചിരിക്കുന്നു. അതോടൊപ്പം തങ്ങളുടെ വോട്ട് ബാങ്കായിരുന്ന ബസ്തര്‍ മേഖലയില്‍ സംഭവിച്ചിട്ടുള്ള നഷ്ടങ്ങളെ പരിഹരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും പാര്‍ട്ടിക്ക് ആലോചിക്കേണ്ടി വരും.
തികച്ചും പ്രാദേശികപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി നടന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ഒരു ഘടകമായില്ലെന്നതാണ് വാസ്തവം. മോദിയേക്കാള്‍ സംസ്ഥാനത്ത് പ്രഭാവമുള്ള നേതാവ് രമണ്‍സിങ് തന്നെയാണ്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ബി.ജെ.പി.ക്ക് പുത്തന്‍ കാര്‍ഡുകള്‍ ഇറക്കി കളിക്കേണ്ടിവരും.



 

ga