ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 'ആം ആദ്മി പാര്‍ട്ടി'യുടെ മികച്ച പ്രകടനത്തില്‍ അണ്ണ ഹസാരെക്ക് മനം നിറഞ്ഞ സന്തോഷം. 'കെജ് രിവാള്‍ ഒരിക്കല്‍ മുഖ്യമന്ത്രിയാകും' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കരുതെന്ന് അദ്ദേഹം തന്റെ പഴയ ശിഷ്യന് മുന്നറിയിപ്പും നല്‍കി. 'കിച്ചടി സര്‍ക്കാറു കൊണ്ട് ഒരു കാര്യവുമില്ല. അഴിമതിയുടെ കൂടായിരിക്കും അത്. സര്‍ക്കാര്‍ രൂപവത്കരിക്കാനായില്ലെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം'. രാജ്യത്തിന്റെ അധികാര കേന്ദ്രമായ ഡല്‍ഹിയില്‍ കൈയില്‍ വെറും ചൂലുമായി അധികാരത്തിലെത്താനായത് വലിയ കാര്യമാണെന്ന് അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ആചാര്യന്‍ പറഞ്ഞു.
രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിക്കാനുള്ള തീരുമാനത്തോട് വിയോജിപ്പുള്ള ഹസാരെ കുറച്ച് നാളുകളായി കെജ്‌രിവാളുമായി അകല്‍ച്ചയിലായിരുന്നു. ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്താനുള്ള ക്ഷണവും അദ്ദേഹം നിരസിച്ചിരുന്നു.
ഫലമറിഞ്ഞ് തുടങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ഹസാരെ കോണ്‍ഗ്രസ്സിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. '50 വര്‍ഷത്തോളമായി കോണ്‍ഗ്രസ് അധികാരത്തിലുണ്ട്. അവര്‍ക്ക് എന്താണ് അസാധ്യമായിരുന്നത്. ലോക്പാലും ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശവും ഉള്‍പ്പെടെയുള്ള നല്ല നിയമങ്ങള്‍ എന്താണ് അവര്‍ കൊണ്ടുവരാതിരുന്നത്?'- അദ്ദേഹം ചോദിച്ചു.