അരങ്ങേറ്റം അതിശയിപ്പിച്ച് ആം ആദ്മി പാര്‍ട്ടി

ഷൈന്‍ മോഹന്‍ Posted on: 09 Dec 2013


ന്യൂഡല്‍ഹി: അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധ സമരങ്ങളുടെ 'ഉപോത്പന്നം' മാത്രമല്ലെന്ന് തെളിയിച്ച് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ വന്‍ മുന്നേറ്റം. ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത പാര്‍ട്ടിയെ ഒരു വര്‍ഷം കൊണ്ട് ജനങ്ങളും ഏറ്റെടുത്തപ്പോള്‍ ഡല്‍ഹിയുടെ രാഷ്ട്രീയചരിത്രം മാറി.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അഴിമതിയും വിലക്കയറ്റവുമാണ് അവര്‍ മുഖ്യവിഷയമാക്കിയത്. പ്രവര്‍ത്തനത്തില്‍ മാത്രമല്ല പ്രചാരണത്തിലും പ്രകടന പത്രികയിലുമെല്ലാം ആം ആദ്മി പാര്‍ട്ടി വ്യത്യസ്തത പുലര്‍ത്തി. ഡല്‍ഹിയിലെ 70 മണ്ഡലങ്ങള്‍ക്കും പ്രത്യേകം പ്രകടനപത്രികയുണ്ടാക്കി. വൈദ്യുതിനിരക്ക് പകുതിയാക്കി കുറയ്ക്കുമെന്നും പ്രതിദിനം 700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്തു. സ്ഥാനാര്‍ഥി നിര്‍ണയവും വ്യത്യസ്തമായിരുന്നു. ജനങ്ങളില്‍ നിന്നുതന്നെ അഭിപ്രായം ശേഖരിച്ച് സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടികയുണ്ടാക്കുകയും അതില്‍നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. സമൂഹത്തിന്റെ താഴെത്തട്ട് മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയുമുള്ള സമ്പന്നരെ വരെ ആകര്‍ഷിക്കുന്നതായിരുന്നു ആം ആദ്മിയുടെ പ്രചാരണ തന്ത്രങ്ങള്‍. 'ചൂല്' എന്ന ചിഹ്നംപോലും വലിയൊരു പ്രതീകമായി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 20 കോടി രൂപ സംഭാവന പിരിക്കുമെന്ന് ആം ആദ്മി പറഞ്ഞു. സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മുന്‍നിശ്ചയിച്ച പ്രകാരം 20 കോടിയായപ്പോള്‍ ഇനി സംഭാവന ആവശ്യമില്ലെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലായപ്പോഴേക്കും ആം ആദ്മി പാര്‍ട്ടിക്കെതിരെ വിവിധ ആരോപണങ്ങള്‍ മറ്റ് പാര്‍ട്ടികള്‍ ഉന്നയിച്ചു. പാര്‍ട്ടിയുടെ ഫണ്ട് സംബന്ധിച്ചും ആരോപണം ഉയര്‍ന്നു. എന്നാല്‍, ഇതെല്ലാം പാര്‍ട്ടിക്ക് അനുകൂല ഘടകമായി മാറിയെന്ന് തിരഞ്ഞെടുപ്പില്‍ തെളിഞ്ഞു. ഇതിനെല്ലാം പുറമേ തിരഞ്ഞെടുപ്പിന്റെ തലേന്ന് ചേരിപ്രദേശങ്ങളില്‍ മദ്യവും പണവും നല്‍കി വോട്ട് പിടിക്കുന്നത് തടയാനും ആം ആദ്മി പാര്‍ട്ടി രംഗത്തിറങ്ങി. ഇത്തരം വോട്ടുകച്ചവടത്തിന് സാധ്യതയുള്ള മേഖലകളിലും ചേരിപ്രദേശങ്ങളിലുമായി 2000-ഓളം ഒളിക്യാമറകള്‍ സ്ഥാപിച്ചു. ഇവ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചവരെ നിയോഗിക്കുകയും ചെയ്തു.

ആരോപണവിധേയനായ രജൗരി ഗാര്‍ഡന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ആം ആദ്മി മാതൃക കാട്ടി. പിന്‍വലിക്കപ്പെട്ട ഈ സ്ഥാനാര്‍ഥിക്കുപോലും ഏതാണ്ട് ഷീലാദീക്ഷിതിനോളം വോട്ട് ലഭിച്ചു.

പതിനഞ്ചുവര്‍ഷമായി ഡല്‍ഹി ഭരിക്കുന്ന മുഖ്യമന്ത്രി ഷീലാദീക്ഷിതിനെ വെല്ലുവിളിച്ചാണ് അവരുടെ മണ്ഡലത്തില്‍തന്നെ കെജ്‌രിവാള്‍ മത്സരിച്ചത്. ജയസാധ്യതയുള്ള കെജ്‌രിവാള്‍ ഷീലയ്‌ക്കെതിരെ മത്സരിച്ച് ഒരു സീറ്റ് കളഞ്ഞുകുളിക്കുകയാണെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാല്‍ രാജ്യം ശ്രദ്ധിച്ച പോരാട്ടത്തില്‍ കന്നിയങ്കക്കാരനായ കെജ്‌രിവാളിനോട് ഷീലാദീക്ഷിത് 25,864 വോട്ടുകള്‍ക്ക് തോറ്റു. ഷീലാ ദീക്ഷിതിന് ലഭിച്ചത് 18,405 വോട്ടുകളാണ്.

ആം ആദ്മിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വളണ്ടിയര്‍മാരെത്തിയിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ ശാന്തിഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍, മാധ്യമപ്രവര്‍ത്തകരായിരുന്ന മനീഷ് സിസോദിയ, ഷാസിയ ഇല്‍മി, കവിയും ഗായകനുമായ കുമാര്‍ വിശ്വാസ് തുടങ്ങിയവരെല്ലാം അരവിന്ദ് കെജ്‌രിവാളിനൊപ്പം അണിചേര്‍ന്നു.





 

ga