ന്യൂഡല്‍ഹി:നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുണ്ടായ വന്‍ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ തിരുത്തല്‍ നടപടികളുണ്ടാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പറഞ്ഞു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആവശ്യമായ മാറ്റങ്ങള്‍ ഉണ്ടാകും.
2014-ലെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉചിതമായ സമയത്ത് പ്രഖ്യാപിക്കും -സോണിയ പറഞ്ഞു. നിയസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് അവര്‍ അവകാശപ്പെട്ടു.
തിരഞ്ഞടുപ്പുകളിലുണ്ടായ തോല്‍വി വിനയത്തോടെ അംഗീകരിക്കുന്നു. പാര്‍ട്ടിയുടെ പ്രകടനം മോശമായതില്‍ വളരെ നിരാശയുണ്ട്. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് ആഴത്തിലുള്ള ആത്മപരിശോധന ആവശ്യമാണ്. ജനങ്ങള്‍ തീര്‍ച്ചയായും നിരാശരാണ്. അല്ലെങ്കില്‍ ഇത്തരത്തിലുള്ള ജനവിധി ഉണ്ടാകില്ലായിരുന്നു- രാഹുല്‍ ഗാന്ധിക്കൊപ്പം മാധ്യമപ്രവര്‍ത്തകരെ കാണവേ അവര്‍ പറഞ്ഞു. വിലക്കയറ്റമുള്‍പ്പെടെ പല കാര്യങ്ങളും കോണ്‍ഗ്രസ്സിന്റെ തോല്‍വിക്ക് കാരണമായി.
നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ആരെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്ന ചോദ്യത്തിന് ഉചിതമായ സമയത്ത് പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു സോണിയയുടെ മറുപടി.
തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ ജനങ്ങള്‍ കോണ്‍ഗ്രസ്സിന് വ്യക്തമായ സന്ദേശമാണ് നല്‍കിയത്. അത് ഞങ്ങള്‍ മനസ്സിലാക്കി- അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയെ പുതുക്കിപ്പണിയേണ്ടതുണ്ടെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങള്‍ക്ക് കുടുതല്‍ അവസരം നല്‍കുന്ന തരത്തില്‍ പാര്‍ട്ടി മാറണമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസ്സും ബി.ജെ.പിയും രാഷ്ട്രീയത്തെക്കുറിച്ച് പരമ്പരാഗതമായ ധാരണകളാണ് വെച്ചുപുലര്‍ത്തുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളും. ജനങ്ങളെ വലിയതോതില്‍ ഉള്‍ക്കൊള്ളുകയും ജനങ്ങളുമായി സഹകരിക്കുകയും ചെയ്യുന്ന തരത്തില്‍ കോണ്‍ഗ്രസ്സിനെ മാറ്റാന്‍ ശ്രമിക്കും. ഇക്കാര്യം പാര്‍ട്ടിയുടെ പ്രധാന വിഷയമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.