ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വീശിയടിച്ച മാറ്റത്തിന്റെ കാറ്റില്‍ ആടിയുലയുകയാണ് കേന്ദ്രഭരണത്തിന് നേതൃത്വം നല്കുന്ന പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന പ്രധാന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിനെ കാത്തിരുന്ന തിരിച്ചടി അപ്രതീക്ഷിതമായിരുന്നില്ല.
രാജ്യത്ത് ഭരണവിരുദ്ധ വികാരം ശക്തമായെന്ന് എല്ലാ തിരഞ്ഞെടുപ്പ് സര്‍വേകളും വ്യക്തമാക്കുമ്പോഴും ഇതിനോട് മുഖംതിരിച്ച് നിഷേധാത്മക സമീപനം പുലര്‍ത്തുകയായിരുന്നു പാര്‍ട്ടിനേതൃത്വം. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് നിലംപരിശായി. രാജ്യതലസ്ഥാനത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു.
രാജ്യത്തിന്റെ പരിച്ഛേദമെന്ന വിശേഷണമുള്ള ഡല്‍ഹിയില്‍ പോരാട്ടം ബി.ജെ.പി.യും രൂപവത്കരിച്ച് ഒരു വര്‍ഷം പോലും തികയാത്ത ആം ആദ്മി പാര്‍ട്ടിയും തമ്മിലായി. കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് ഇത്‌വ്യക്തമായ അപകടസന്ദേശമാണ് നല്കുന്നത്. ഡല്‍ഹിയില്‍ മുഖ്യ പ്രതിപക്ഷം പോലുമായി മാറാന്‍ കഴിഞ്ഞില്ല എന്നത് ഒന്നേകാല്‍ നൂറ്റാണ്ടു പിന്നിട്ട ഈ ദേശീയ പാര്‍ട്ടിയുടെ നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കും.
അവസാനനിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയും കോണ്‍ഗ്രസ് വലിയ പ്രതീക്ഷ പുലര്‍ത്തുകയും ചെയ്ത ഛത്തീസ്ഗഢിലും രമണ്‍സിങ്ങിന്റെ നേതൃത്വത്തില്‍ ബി.ജെ.പി. ഭരണം നിലനിര്‍ത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ദൃശ്യമായ പ്രവണതകള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കണമെന്നില്ല. പക്ഷേ, അത് നല്കുന്ന വ്യക്തമായ സൂചന, ഭരണവിരുദ്ധ വികാരം, പ്രത്യേകിച്ച് കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായിട്ടുണ്ടെന്നതുതന്നെയാണത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് അഞ്ച് മാസങ്ങള്‍ ശേഷിക്കേ, നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനവിധി നല്കുന്ന ആപത്‌സൂചന കോണ്‍ഗ്രസ്സിന് തള്ളാനാവില്ല. ഇവ പരിഹരിക്കാന്‍ ഇനി അധികസമയമില്ലെന്നതാണ് പാര്‍ട്ടിക്ക് വലിയ തലവേദനയാവുക.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാറിന്റെ മുഖം മിനുക്കലിനും പ്രതിച്ഛായ മെച്ചപ്പെടുത്തലിനും കോണ്‍ഗ്രസ് ഉടനടി എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്ന ചോദ്യമാണ് ഇനിയുള്ളത്. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ചുരുക്കം മാസങ്ങള്‍ മാത്രം അവശേഷിക്കേ, പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് ഡോ. മന്‍മോഹന്‍സിങ്ങിനെ മാറ്റാനിടയില്ല. ഇക്കാര്യം പാര്‍ട്ടി നേതൃത്വം വക്തമാക്കിയിട്ടുമുണ്ട്. സര്‍ക്കാറിന്റെ സാമൂഹികക്ഷേമ പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാക്കുക, വിലക്കയറ്റം തടയാന്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയ്ക്കായി കേന്ദ്ര സര്‍ക്കാറില്‍ പാര്‍ട്ടി സമ്മര്‍ദം ചെലുത്തിയേക്കും.
പാര്‍ട്ടി ആത്മപരിശോധന നടത്തുമെന്നും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.
രാജസ്ഥാനില്‍ നേരിട്ട തിരിച്ചടിയെ ഭരണവിരുദ്ധ വികാരം എന്ന അക്കൗണ്ടില്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ സമ്പൂര്‍ണ തകര്‍ച്ചയ്ക്കുപിന്നില്‍ ഷീലാ ദീക്ഷിത് സര്‍ക്കാറിനെതിരായ വികാരം മാത്രമാണെന്ന് പറഞ്ഞൊഴിയാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാറിനെതിരായ വികാരമാണ് പ്രധാനമായും ഡല്‍ഹിയില്‍ പ്രകടമായതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു. എല്ലായിടത്തും പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം യു.പി.എ. സര്‍ക്കാറിനെതിരായ വികാരവും പാര്‍ട്ടിയുടെ രാഷ്ട്രീയ എതിരാളികളായ ബി.ജെ.പി.ക്ക് മുതലാക്കാനായി എന്നതാണ് യാഥാര്‍ഥ്യം. പൊതു തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ചില ജനപ്രിയ പദ്ധതികള്‍ നടപ്പാക്കി രാഷ്ട്രീയമായ നേട്ടം കൊയ്യാമെന്ന കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടലും പാളുകയാണ്. ആനുകൂല്യങ്ങള്‍ നേരിട്ട് പണമായി എത്തിക്കുന്ന പദ്ധതിയും ഭക്ഷ്യസുരക്ഷാ പദ്ധതിയുമുള്‍പ്പെടെ കൊട്ടിഗ്‌ഘോഷിക്കപ്പെട്ട കേന്ദ്രപദ്ധതികളൊന്നും പാര്‍ട്ടിക്ക് വോട്ട് നേടിക്കൊടുത്തില്ല.
നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വന്‍ തിരിച്ചടി നേരിട്ടെങ്കിലും പാര്‍ലമെന്റ് തിരഞ്ഞടുപ്പില്‍ ഇതാവര്‍ത്തിക്കില്ല എന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്. 2003 ഡിസംബറില്‍ ഇതേ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തോല്‍വിയുണ്ടായതും എന്നാല്‍ ആറുമാസങ്ങള്‍ക്കുശേഷം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.പി.എ. അധികാരത്തില്‍ വന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 2003-ലെയും 2013 -14-ലെയും സ്ഥിതിഗതികള്‍ തികച്ചും വ്യത്യസ്തമാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.