മൂന്നാംവട്ടവും ചൗഹാന്‍

Posted on: 09 Dec 2013


ന്യൂഡല്‍ഹി: ''കഴിഞ്ഞ പത്തുകൊല്ലമായി ഞാന്‍ ഈ സംസ്ഥാനം ഭരിക്കുന്നത് മുഖ്യമന്ത്രിയായിട്ടല്ല. മറിച്ച് നിങ്ങളുടെ സഹോദരനും മകനും മാമനുമായിട്ടാണ്.''- ചമ്പലിലെ ഊടുവഴികളിലും ഭോപ്പാലിലെയും ഇന്‍ഡോറിലെയും പാതയോരങ്ങളിലും തടിച്ചുകൂടിയ ജനങ്ങളോട് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ശിവരാജ്‌സിങ് ചൗഹാന്‍ ആവര്‍ത്തിച്ചിരുന്ന കാര്യമിതാണ്.

മധ്യപ്രദേശിലെ സഹോര്‍ ജില്ലയിലെ ജൈത് ഗ്രാമത്തില്‍ കര്‍ഷകകുടുംബത്തില്‍ ജനിച്ച്, വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് മുഖ്യമന്ത്രിപദമേറിയതാണ് ചൗഹാന്‍. അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ച പ്രതിച്ഛായ ലാളിത്യത്തിന്റേതായിരുന്നു. ബി.ജെ.പി.ക്ക് ഹാട്രിക്‌വിജയം സമ്മാനിച്ച് അധികാരം നിലനിര്‍ത്താന്‍ ചൗഹാന് സഹായകമായതും അതുതന്നെ.

മധ്യപ്രദേശിലെ രാഷ്ട്രീയത്തിലായിരുന്നു ചൗഹാന്റെ ശ്രദ്ധ എപ്പോഴും. ഗുജറാത്തില്‍നിന്ന് ബി.ജെ.പി.യുടെ പ്രധാനമന്ത്രിപദത്തിലേക്ക് വളര്‍ന്ന നരേന്ദ്ര മോദിയെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ വിവാദം പുകഞ്ഞപ്പോഴെല്ലാം സമവായസ്ഥാനാര്‍ഥിയായി ഉയര്‍ന്നുവന്ന പേര് ചൗഹാന്റേതായിരുന്നു. പക്ഷേ, അദ്ദേഹം അതിനോട് അത്ര പ്രതിപത്തി കാണിച്ചില്ല.

1975-ല്‍ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിസംഘടനാ പ്രസിഡന്റായാണ് ചൗഹാന്‍ തന്നിലെ നേതാവിനെക്കുറിച്ച് ആദ്യസൂചന നല്‍കിയത്. അടിയന്തരാവസ്ഥയ്‌ക്കെതിരായ സമരത്തില്‍ പങ്കെടുത്ത് ഒളിവില്‍പ്പോയ ചരിത്രമുണ്ട് അദ്ദേഹത്തിന്. 1976-'77 കാലത്ത് തടവിലാക്കപ്പെട്ടു. '77 മുതല്‍ ആര്‍.എസ്.എസ്സില്‍. ഇതിനിടെ ഭോപ്പാലിലെ ബര്‍കത്തുള്ള സര്‍വകലാശാലയില്‍നിന്ന് തത്ത്വശാസ്ത്രത്തില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തരബിരുദം നേടി.

2004-ല്‍ ഉമാഭാരതി മുഖ്യമന്ത്രിപദവും പാര്‍ട്ടി അംഗത്വവും വിട്ടുപോയപ്പോള്‍ പകരം മുഖ്യമന്ത്രിയായി വന്ന ബാബുലാല്‍ ഗൗറിന്റെ പിന്‍ഗാമിയായി 2005 നവംബര്‍ ഇരുപതിനാണ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായത്. അന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്ന ചൗഹാനോട് മുഖ്യമന്ത്രിയാകാന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു. ബുദ്‌നി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ 36,000 വോട്ടുനേടി ചൗഹാന്‍ വിജയിച്ചു. അന്നുമുതല്‍ പത്തുകൊല്ലമായി ചൗഹാന്‍ മധ്യപ്രദേശ് ഭരിക്കുന്നു.

മുഖ്യമന്ത്രിയാവുംമുമ്പ് ബി.ജെ.പി.യുടെ ഉറച്ച കോട്ടയായ വിധിഷ ലോക്‌സഭാമണ്ഡലത്തില്‍നിന്ന് അഞ്ചുതവണ ജയിച്ചിട്ടുണ്ട്. അഞ്ചാംതവണ 2,60,000 വോട്ടായിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം. 1990-ല്‍ ബുദ്‌നിയില്‍ മത്സരിച്ച് നിയമസഭാംഗവുമായി. എം.പി.യായിരിക്കെ, നഗരവികസനം, ഗ്രാമവികസനം, മാനവശേഷിവികസനം തുടങ്ങി വിവിധകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതികളില്‍ അംഗമായിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിസ്ഥാനവും വഹിച്ചിട്ടുണ്ട്. യുവമോര്‍ച്ചയുടെ ദേശീയഅധ്യക്ഷനും ബി.ജെ.പി.യുടെ ദേശീയസെക്രട്ടറിയുമായിരുന്നു.

സജീവരാഷ്ട്രീയത്തിലില്ലെങ്കിലും ഭര്‍ത്താവിന്റെ പല തീരുമാനങ്ങള്‍ക്കുപിന്നിലും ഭാര്യ സൗധന സിങ്ങിന്റെ ബുദ്ധിയുണ്ടെന്ന് പറയപ്പെടുന്നു. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്ക്.



 

ga