ഫലം വന്നപ്പോള്‍ വിജയം എക്‌സിറ്റ് പോളിനും

Posted on: 09 Dec 2013

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ വിശ്വാസ്യതയേയും ആധികാരികതയെക്കുറിച്ചുമുള്ള വിവാദങ്ങള്‍ക്ക് തത്കാലം വിട. പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളോട് പൊതുവേ ഒത്തുപോവുന്നതായിരുന്നു നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.

വോട്ട് ചെയ്തിറങ്ങുന്ന നിശ്ചിതശതമാനം വോട്ടര്‍മാരില്‍ നിന്ന് വിവരം ശേഖരിച്ചാണ് എക്‌സിറ്റ് പോള്‍ സംഘടിപ്പിക്കുന്നത്. പ്രവചിക്കുന്ന ഫലങ്ങളില്‍ മൂന്ന് ശതമാനംവരെ ഏറ്റക്കുറച്ചിലിനുള്ള സാധ്യതയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

സീറ്റുകളുടെ എണ്ണത്തില്‍ കൃത്യമായ പ്രവചനം സാധ്യമായില്ലെങ്കിലും ജനവികാരം പ്രവചിക്കാന്‍ സര്‍വേ സ്ഥാപനങ്ങള്‍ക്കായി. ജനങ്ങളുമായി നിരന്തരബന്ധം പുലര്‍ത്തുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പോലും കഴിയാത്തതാണ് സര്‍വേ സ്ഥാപനങ്ങള്‍ കണ്ടത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്വാധീനം തങ്ങള്‍ക്ക് തിരിച്ചറിയാനായില്ലെന്ന ഷീലാദീക്ഷിതിന്റെ വിലാപം ഓര്‍ക്കുക.

മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും ബി.ജെ.പി. അധികാരത്തിലെത്തുമെന്നും ഡല്‍ഹിയില്‍ തൂക്കുസഭയെന്നുമാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. ഇത് ഏതാണ്ട് ശരിയായി. ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഷീലാദീക്ഷിതിനെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ തോല്‍പ്പിക്കുമെന്ന എ.ബി.പി.-നീല്‍സണ്‍ പ്രവചനം പുറത്തുവന്നപ്പോള്‍ ഡല്‍ഹിക്ക് പുറത്തെങ്കിലും അമ്പരപ്പോടെയാണ് അത് സ്വീകരിച്ചത്. എന്നാല്‍, ഫലപ്രഖ്യാപനം ആ അമ്പരപ്പ് അസ്ഥാനത്തായിരുന്നുവെന്ന് തെളിയിച്ചു.

എന്നാല്‍, സീറ്റുകളുടെ എണ്ണത്തില്‍ മിക്ക എക്‌സിറ്റ് ഫലങ്ങള്‍ക്കും കൃത്യത പാലിക്കാനായില്ല. ഡല്‍ഹിയില്‍ സി.എന്‍.എന്‍.-ഐ.ബി.എന്നും ചാണക്യ-ടുഡെയും ഒഴികെയുള്ള മറ്റ് സ്ഥാപനങ്ങളൊന്നും ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നിലെത്തുമെന്ന് പ്രവചിച്ചിരുന്നില്ല. ചാണക്യ, ആം ആദ്മി പാര്‍ട്ടിക്ക് 31 സീറ്റാണ് പ്രവചിച്ചത്. ബി.ജെ.പി.ക്ക് 29-ഉം കോണ്‍ഗ്രസ്സിന് 10-ഉം. എന്നാല്‍, ഫലം വന്നപ്പോള്‍ ബി.ജെ.പി.ക്ക് 32-ഉം ആംആദ്മി പാര്‍ട്ടിക്ക് 28-ഉം കോണ്‍ഗ്രസ്സിന് എട്ട് സീറ്റുമാണ് ലഭിച്ചത്.

രാജസ്ഥാനില്‍ പ്രവചനങ്ങളെ കവച്ചുവെക്കും വിധത്തിലായിരുന്നു ബി.ജെ.പി.യുടെ വിജയം. ഇവിടെയും ചാണക്യ-ടുഡെ എക്‌സിറ്റ് ഫലമാണ് ബി.ജെ.പി.യുടെ കനത്തവിജയം പ്രതിഫലിപ്പിച്ചത്. അവര്‍ 147 സീറ്റ് പ്രവചിച്ചു. കിട്ടിയത് 162 സീറ്റ്.

വോട്ടെണ്ണലിന്റെ അവസാന ഘട്ടംവരെ ഛത്തീസ്ഗഢില്‍ തൂക്ക് നിയമസഭയെന്ന് തോന്നലുണ്ടാക്കിയെങ്കിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചപോലെ ബി.ജെ.പി.ക്ക് അധികാരം നിലനിര്‍ത്താനായി. മധ്യപ്രദേശില്‍ ചാണക്യ-ടുഡെ എക്‌സിറ്റ് ഫലങ്ങളാണ് ബി.ജെ.പി.യുടെ മികവ് പ്രതിഫലിപ്പിച്ചത്. അവര്‍ 161 സീറ്റുകള്‍ പ്രവചിച്ചു, ബി.ജെ.പി.ക്ക് കിട്ടിയത് 165.



 

ga