'നോട്ട'യ്ക്ക് ഡല്‍ഹിയില്‍ കോട്ടം; മറ്റിടങ്ങളില്‍ നേട്ടം

Posted on: 09 Dec 2013

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ നിഷേധവോട്ടിന് (നോട്ട) ഡല്‍ഹിയില്‍ കാര്യമായ പ്രതികരണമുണ്ടായില്ല. ആകെ പോള്‍ചെയ്ത വോട്ടില്‍ 0.5 ശതമാനമേ 'നോട്ട'യുണ്ടായിരുന്നുള്ളൂ. ആദ്യ കണക്കനുസരിച്ച് രാജസ്ഥാനില്‍ 5 ശതമാനവും മധ്യപ്രദേശില്‍ 2 ശതമാനവും പേര്‍ 'നോട്ട' പ്രയോഗിച്ചിട്ടുണ്ട്.

തിരഞ്ഞടുപ്പ് കമ്മീഷന്റെ അന്തിമകണക്കുകള്‍ വന്നിട്ടില്ലെങ്കിലും ഈ കണക്കനുസരിച്ച് ഡല്‍ഹിയില്‍ 'നോട്ട'യുടെ ശതമാനത്തില്‍ കുറവുണ്ടാവാന്‍ കാരണം ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. തിരഞ്ഞടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി., കോണ്‍ഗ്രസ് പാര്‍ട്ടികളല്ലാതെ ശക്തമായ മൂന്നാംകക്ഷിയില്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഈ സാഹചര്യം കണക്കിലെടുത്തുവേണം ഡല്‍ഹിയിലെ 'നോട്ട'യുടെ കുറവ് വിലയിരുത്താന്‍. ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ നോട്ട രേഖപ്പെടുത്തിയ മണ്ഡലം ഗോഗുല്‍പുര്‍ ആണ് -1338. രണ്ടാം സ്ഥാനം വികാസ്പുരി മണ്ഡലത്തിനാണ്. 1318 'നോട്ട'യാണ് ഇവിടെ രേഖപ്പെടുത്തിയത്. 129 'നോട്ട' വോട്ടുകളുമായി ലക്ഷ്മിനഗര്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നു. തിരഞ്ഞടുപ്പില്‍ വോട്ടര്‍പട്ടികയിലെ ഒരു സ്ഥാനാര്‍ഥിക്കും വോട്ടു ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച 'നോട്ട' രേഖപ്പെടുത്താന്‍ അവസരം ലഭിച്ച ആദ്യ തിരഞ്ഞെടുപ്പാണിത്.




 

ga